18 April Thursday

ഒടുവില്‍ മാസ്റ്റര്‍ തിയറ്ററുകളിലെത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020

ചെന്നൈ > നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ജനുവരി 13നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കോവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‌യുടെ  64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.

പുതിയ ചിത്രം മാസ്റ്റര്‍ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയെ വിജയ് സന്ദര്‍ശിച്ചിരുന്നു. സിനിമാ തിയേറ്ററില്‍ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാന്‍ ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ സന്ദര്‍ശിച്ചത്. കൊവിഡിന് ശേഷം ആദ്യമായി തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് മാസ്റ്റര്‍. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടില്‍ തീയ്യറ്ററില്‍ അനുവദിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായിരുന്നു ഇത്.

എന്നാല്‍ തിയേറ്ററുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം സിനിമയുടെ ബോക്സ്‌ ഓഫീസ് കളക്ഷനെ ബാധിക്കുമെന്നും അതിനാല്‍ നിയന്ത്രണം മാറ്റി മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്നും വിജയ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം മാസ്റ്ററിന്റെ കേരളത്തിലെ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top