25 April Thursday

"അൽഫോൺസ് പുത്രൻ, ലജ്ജ തോന്നുന്നു താങ്കളെയോർത്ത്‌'; വി കെ പ്രകാശ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020

സംവിധായകൻ അൽഫോൻസ് പുത്രനെതിരെ സംവിധായകൻ വി കെ പ്രകാശ്. വി കെ പ്രകാശ്‐ -അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് സിനിമയുമായി ബന്ധപ്പെട്ട് അൽഫോൻസ് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ പ്രകാശിന്റെ പ്രതികരണം. അൽഫോൻസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വികെപി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് അൽഫോൺസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയത്. മലയാളത്തിലെ ന്യൂജനറേഷൻ സിനിമ 'അശ്ലീലം' നിറഞ്ഞതാണെന്ന വിമർശനത്തോട് പ്രതികരിക്കവെയാണ് അൽഫോൻസ് പുത്രൻ ട്രിവാൻഡ്രം ലോഡ്‍ജിനെക്കുറിച്ചും അനൂപ് മേനോൻറെ തിരക്കഥകളെക്കുറിച്ചും പരാമർശിച്ചത്. മലയാള സിനിമ മാറിയെന്നും എങ്കിലും അശ്ലീല ഡയലോഗുകൾ നിറഞ്ഞ ചില സിനിമകൾ മലയാളത്തിലുണ്ടെന്നും അത് കൂടുതലും ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ അനൂപ് മേനോൻ സിനിമകളിലാണ് കണ്ടിട്ടുള്ളതെന്നുമായിരുന്നു അൽഫോൺസിന്റെ പരാമർശം.

സമീർ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളിൽ അശ്ലീലം ഇതുവരെ കണ്ടിട്ടില്ലെന്നും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് നൽകിയതാണ് വിഷയമെന്നും അൽഫോൺസ് പറഞ്ഞിരുന്നു. ഇതിനോടാണ് വി കെ പ്രകാശിന്റെ പ്രതികരണം.

വി കെ പ്രകാശ് പങ്കുവച്ച കുറിപ്പ്

ഈ മഹാനായ മനുഷ്യന്റെ അഭിമുഖം കാണാനിടയായി. ഇത് എന്ന് വന്നതാണെന്ന് എനിക്കറിയില്ല. എനിക്ക് ഇതിനോട് പ്രതികരിക്കണമെന്ന് തോന്നി. സാധാരണ ഇത്തരം മണ്ടത്തരങ്ങൾക്ക് ഞാൻ മറുപടി പറയാൻ പോകാറില്ല. പക്ഷേ ഇക്കാര്യത്തിൽ അത് വേണമെന്ന് എനിക്ക് ആത്മാർഥമായി തോന്നി. സമൂഹമാധ്യമങ്ങളിൽ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകർക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുളള മറുപടിയാണ്.

ട്രിവാൻഡ്രം ലോഡ്‍ജ് ഒരു യു സർട്ടിഫിക്കറ്റ് ചിത്രമല്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അതിന് യുഎ സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയിരുന്നു. മറ്റു സംവിധായകരുടെ സിനിമകളെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്.

കാരണം എനിക്ക് ചൂണ്ടിക്കാണിക്കാനാവും. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ മേഖലയോടു തന്നെയുള്ള അനാദരവാണ്. അൽഫോൺസ് പുത്രൻ ലജ്ജ തോന്നുന്നു താങ്കളോട്.ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ല. എപ്പോഴായാലും അത് മോശമായിപ്പോയി’ -വി കെ പ്രകാശ് കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top