29 March Friday

ഉടൽ അടയാളങ്ങൾ... സാധാരണക്കാരനായ കുട്ടിച്ചായൻ

ഡോ. ബി ആർ സുമേഷ്‌ sumeshbr@gmail.comUpdated: Sunday Jun 26, 2022
ഇരുട്ടുനിറഞ്ഞ മുറിയിൽ ബീഡിയും കത്തിച്ച്‌, കൈയിൽ ഇരുമ്പുവടിയുമായി, ഒരു കണ്ണിന്റെ മാത്രം കാഴ്‌ചയിൽ നരച്ച ബനിയൻ ധരിച്ച്‌ ഒരു നേർത്ത മനുഷ്യൻ നിൽക്കുന്നു; ആരുടെയൊക്കെയോ ഭാഗധേയം നിർണയിക്കാൻ. ഒരു സാധാരണക്കാരനായ കുട്ടിച്ചായൻ,  ഇന്ദ്രൻസ്‌ ഉടൽ എന്ന സിനിമയിൽ അവിസ്‌മരണീയമാക്കിയ കഥാപാത്രം.
 
രതിസൗന്ദര്യത്തിന്റെ വിഭവസമൃദ്ധിയോടെയുള്ള ഉടലുകളും നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദുർബലമായ ഉടലുകളുടെ പ്രതിനിധാനവും–-അതാണ്‌ ഉടൽ എന്ന സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌. അധ്വാനവർഗമെന്ന ഏകാത്മകതയ്‌ക്കു പകരം ആൺ ശരീരവും പെൺ ശരീരവും എന്ന വിഭജനത്തോടെ വ്യക്തിയെന്നത്‌ യാന്ത്രികമായ ഭൗതികവും യാന്ത്രികാത്മീയവുമെന്ന രണ്ട്‌ കളത്തിൽ ചേർത്തുവയ്‌ക്കുന്നു. വസ്‌തുവൽക്കരിക്കപ്പെടുന്ന ശരീരവും വിപണിവൽക്കരിക്കപ്പെടുന്ന ആത്മാവും കമ്പോളത്തിന്റെ ഉൽപ്പന്നമാണ്‌. സ്‌ത്രീപ്രകൃതിയും പുരുഷപ്രകൃതിയും വെവ്വേറെ നിർത്തി സാമൂഹ്യാടിത്തറയുടെ അടിവേര്‌ ചികയുമ്പോൾ യഥാർഥ സാമൂഹ്യജീവിതം അട്ടിമറിക്കപ്പെടുകയും മായികവും വൈകാരികവുമായ ഭ്രമകൽപ്പനകൾ ദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്യും. അങ്ങനെ വരുമ്പോൾ സ്വാഭാവികമായ ലൈംഗികബോധം കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്ന രതിവൈകൃതങ്ങളുമായും സമൂഹത്തിന്റെ അടിസ്ഥാനഘടകമായ വ്യക്തിബന്ധം ടൂറിസ്റ്റ്‌ സ്വഭാവത്തിലുള്ള സാമൂഹ്യബന്ധങ്ങളുമായും സംഘർഷത്തിലേർപ്പെടും.
 
ഇതിനെയാണ്‌ ജീവിതസമരമെന്ന്‌ വിളിക്കുന്നത്‌. യഥാർഥ സാമൂഹ്യജീവിതത്തെ നങ്കൂരമിട്ട്‌ നിർത്തുന്നതിനുള്ള സമരം. ഇവിടെ അധ്വാനപരമായ രക്ഷാകവചത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു എന്നുള്ളതുകൊണ്ടാണ്‌ കുട്ടിച്ചായൻ എന്ന ഇന്ദ്രൻസ്‌ കഥാപാത്രവും ഉടൽ എന്ന സിനിമയും ശ്രദ്ധേയമാകുന്നത്‌.
 
‘ഉടൽ’ കുട്ടിച്ചായന്റേതാണ്‌ (ഇന്ദ്രൻസ്‌) മരുമകളായ ഷൈനിയുടെ (ദുർഗ കൃഷ്‌ണ) രതിബന്ധങ്ങൾ കുടുംബബന്ധങ്ങളുടെ കടയ്‌ക്കൽ കത്തിവയ്‌ക്കുമ്പോൾ അതിനെതിരെയുള്ള കുട്ടിച്ചായന്റെ കനത്ത പ്രഹരമാണ്‌ സിനിമ. കുടുംബം പോറ്റാൻ നഗരത്തിൽ കച്ചവടം നടത്തുന്ന മകന്റെ ഭാര്യയുടെ ജീവനെടുക്കുന്നതുവരെ കൊണ്ടെത്തിക്കുന്നിടത്താണ്‌ കുട്ടിച്ചായൻ പ്രതികരിക്കുന്നത്‌. മങ്ങിയ കാഴ്‌ചയും ദുർബലമായ ശരീരവും ജീവിതസമരത്തിന്‌ പ്രതിബന്ധമാകുന്നില്ലെന്ന്‌ കുട്ടിച്ചായൻ തെളിയിക്കുന്നു.
കിരൺ (ധ്യാൻ ശ്രീനിവാസൻ) എന്ന യുവാവിന്‌ ഷൈനിയോട്‌ (ദുർഗ കൃഷ്‌ണ) പ്രണയമാണെങ്കിലും അവൾക്ക്‌ തിരിച്ച്‌ രതിമോഹം മാത്രമാണ്‌. അത്‌ തിരിച്ചറിയാതെ അവളുടെ രോഗിയായ അമ്മായിയമ്മയെ കൊലപ്പെടുത്താൻ അയാൾ കൂട്ടുനിൽക്കുന്നു. പിന്നീടൊരു ഘട്ടത്തിലാണ്‌ ഷൈനിക്ക്‌ മറ്റു പലരോടും ബന്ധമുണ്ടെന്ന്‌ തിരിച്ചറിയുന്നത്‌. അപ്പോഴേക്കും കുട്ടിച്ചായൻ തീർത്ത കുരുക്കിൽനിന്ന്‌ രക്ഷപ്പെടാൻ കഴിയാത്തവിധം അവൻ കുടുങ്ങിപ്പോയി.
 
കൊല്ലപ്പെട്ട സ്വന്തം ഭാര്യയെ പുതുവസ്‌ത്രം ധരിപ്പിച്ച്‌ കുട്ടിച്ചായൻ മകനുവേണ്ടി കാത്തിരുന്നു, നേരം പുലരുംവരെ. ആത്മാംശമില്ലാത്ത ഉടലുകൾ സൃഷ്ടിക്കുന്ന അരാജകത്വത്തിന്റെ  രാഷ്‌ട്രീയം ദൃശ്യങ്ങൾ തുറന്നുപറയുന്നു. കച്ചവട സിനിമയുടെ ചായക്കൂട്ടുകളാണെങ്കിലും ‘ഉടൽ’ ഒരു രാഷ്‌ട്രീയ സിനിമയാണ്‌. രതീഷ്‌ രഥുനന്ദന്റെ ആദ്യ സംവിധാന സംരംഭമാണ്‌ ഇത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top