25 April Thursday

തുറമുഖം: സുനിതയുടെ കാസ്റ്റിങ്‌ മികവ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

ഗോപൻ ചിദംബരൻ രചനയും രാജീവ് രവി ക്യാമറയും സംവിധാനവും ചെയ്യുന്ന തുറമുഖം സിനിമ തീയറ്ററിൽ കാണുമ്പോൾ മനസ്സിലാകും  അതിനു പിന്നിൽ പ്രവർത്തിച്ച ഒരു കൂട്ടം പ്രതിഭകളുടെ കൈയൊപ്പ്‌. പല സിനിമകളുടെയും വിവിധ  മേഖലകളിൽ കഴിവു തെളിയിച്ച അനുഭവ സമ്പന്നരുടെ ഒരു വലിയ കൂട്ടം തന്നെ തുറമുഖത്തിന്റെ അണിയറയിലുണ്ട്. വലിയ താര നിര അണിനിരക്കുന്നതുപോലെതന്നെ ഒരു വലിയ ജനസമൂഹം തന്നെ തുറമുഖത്തിലുണ്ട്.

നീണ്ട താരനിരയുള്ള തുറമുഖത്തിൽ കാസ്റ്റിംഗ് ഡയറക്‌ടർ ആയി പ്രവർത്തിച്ചയാളാണ് സി വി സുനിത. ഡോക്യുമെന്ററി സിനിമകളുടെ സാംവിധായിക, ടെലിവിഷൻ അവതാരക, ടെലിവിഷൻ ഷോകളുടെ പ്രൊഡ്യൂസർ, ചലച്ചിത്ര താരം എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച സുനിത ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നാണ് അഭിനയം പഠിച്ചത്. തുറമുഖത്തിനായി കാസ്റ്റിംഗ് കാൾ വിളിച്ചപ്പോൾ തന്നെ ഓരോ ദിവസവും ഓഡിഷന് ഒരുപാട്‌ പേർ വന്നിരുന്നു. ഒരു ദിവസം തന്നെ ഇരുന്നൂറിൽ പരം ഓഡിഷൻ വരെ എടുക്കേണ്ടതായി വന്നു സുനിതക്ക്. അതിൽ എല്ലാവർക്കും അഭിനയിക്കാൻ  അവസരം കിട്ടിയില്ലെങ്കിൽ പോലും അഭിനയിക്കാൻ ആഗ്രഹവും അതെ സമയം കോൺഫിഡൻസും ഇല്ലാതെ വന്ന പലർക്കും സുനിതയുടെ ഓഡിഷൻ മുൻപ് പോയ പല ഓഡിഷനെക്കാളും ഏറെ ഇഷ്‌ടമായി എന്ന് പരസ്‌പരം പറയുന്നത് കേട്ടു. കാരണം സിനിമയിൽ അഭിനയിക്കാൻ പലർക്കും ഒത്തിരി ആഗ്രഹം കാണും, പക്ഷെ ഒരു ഓഡിഷന് വിധേയമാവുകയും ക്യാമറയുടെ മുൻപിൽ കാസ്റ്റിംഗ് ഡയറക്‌ടർ പറയുന്ന കഥാപാത്രത്തെ അഭിനയിച്ചു കാണിക്കുകയും ചെയ്യുക എന്നത് കുറേപേർക്കു അത്ര എളുപ്പം സാധ്യമാകുന്ന കാര്യമല്ല. കാര്യം ധൈര്യക്കുറവ് തന്നെ. പക്ഷെ എത്ര ധൈര്യം കുറഞ്ഞവർക്കും സുനിത കൊടുക്കുന്ന ആത്മവിശ്വാസം ഒഡിഷനിൽ പങ്കെടുത്തവർക്കറിയാം.

ആളുകളുടെ സ്വഭാവം അനുസരിച്ചു അവർക്കു ധൈര്യം നൽകി അവരുടെ ഉള്ളിലെ അഭിനയ പ്രതിഭയെ കണ്ടെത്തുന്നതിൽ സുനിതക്കു അസാമാന്യ പാടവമുണ്ട്. അങ്ങനെ  കണ്ടെത്തിയ കുറേപേർ തുറമുഖം സിനിമയിലുണ്ട്. അതിൽ ചിലർ വളരെ പ്രധാന കഥാപാത്രങ്ങളുമാണ്.

തൊട്ടപ്പൻ എന്ന സിനിമയിലെ അമ്മ മേരി, പറവയിലെ ഉമ്മ, ഈടയിലെ സഖാവ് രാധിക തുടങ്ങിയ സുനിത ചെയ്‌ത കഥാപാത്രങ്ങൾ ചിലർക്കെങ്കിലും ഓർമ്മകാണും. തുറമുഖത്തിന് പുറമെ രാജീവ് രവി തന്നെ സംവിധാനം ചെയ്‌ത, കുറ്റവും ശിക്ഷയും, ക്രിസ്റ്റിയുടെ അടിയൊഴുക്ക്, ഈട തുടങ്ങിയ ചലച്ചിത്രങ്ങളുടെയും കാസ്റ്റിങ് ഡയറക്ടർ ആയി സുനിത സി വി പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top