05 February Sunday

തൊട്ടപ്പനിലെ സാറ എന്റെ യഥാർഥ ജീവിതത്തിൽനിന്നും ഏറെ വ്യത്യസ‌്തയാണ‌്; കൊച്ചിക്കാരിയാണ‌്

മഞ്‌ജു കുട്ടികൃഷ്‌ണൻUpdated: Sunday Jun 2, 2019

പ്രമുഖ നർത്തകിയും കൊൽക്കൊത്ത സ്വദേശിനിയുമായ പല്ലവി കൃഷ‌്ണന്റെയും കലാവിമർശകനും ബാങ്കുദ്യോഗസ്ഥനുമായ കെ കെ ഗോപാലകൃഷ‌്ണ ന്റെയും മകളാണ‌് നർത്തകി കൂടിയായ പ്രിയംവദ. സിനിമയെക്കുറിച്ച‌്, അഭിനയത്തെക്കുറിച്ച‌് പ്രിയംവദ സംസാരിക്കുന്നു

തൊട്ടപ്പന്റെ ‘സാറ’യായി പ്രേക്ഷകരുടെ മനസ്സിലേക്ക‌് കയറുകയാണ‌് പ്രിയംവദ. ‘കിസ‌്മത്തി’നുശേഷം ഷാനവാസ‌് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ നായിക. പകുതി ബംഗാളി പകുതി മലയാളി. ജൂൺ നാലിന‌് പുറത്തിങ്ങുന്ന തൊട്ടപ്പന്റെ ടീസറും ‘മീനേ, ചെമ്പുള്ളി മീനേ’ എന്ന ഗാനവുമെല്ലാം ഹിറ്റാണ്‌.  ഫ്രാൻസിസ‌് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥയെ ആസ‌്പദമാക്കി നിർമിച്ച ചിത്രത്തിൽ തൊട്ടപ്പനെ അവതരിപ്പിക്കുന്നത‌് പ്ര‌മുഖ നടൻ വിനായകൻ.  സുഹൃത്തിന്റെ മകളെ സ്വന്തം മകളെപ്പോലെ വളർത്തുന്ന കള്ളനായി, തൊട്ടപ്പനായി വിനായകൻ ജീവിക്കുകയാണ‌്. സാറയായി പ്രിയംവദയും. 

പ്രമുഖ നർത്തകിയും കൊൽക്കൊത്ത സ്വദേശിനിയുമായ പല്ലവി കൃഷ‌്ണന്റെയും കലാവിമർശകനും ബാങ്കുദ്യോഗസ്ഥനുമായ കെ കെ ഗോപാലകൃഷ‌്ണന്റെയും മകളാണ‌് നർത്തകി കൂടിയായ പ്രിയംവദ. പ്രിയംവദ  സംസാരിക്കുന്നു.

സിനിമയിലേക്കുള്ള വഴി

അഭിനേത്രിയാകുകയെന്നത‌് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ‌്. എട്ടാം വയസ്സിൽ നാടകപരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതൊഴിച്ചാൽ അഭിനയവുമായി വലിയ ബന്ധമില്ല. അമ്മ നർത്തകിയായതിനാൽ കലയുടെ അന്തരീക്ഷത്തിലാണ‌് വളർന്നത‌്. അമ്മയാണ‌് നൃത്തം പഠിപ്പിച്ചത്‌. ഇന്ത്യയിലങ്ങോളമിങ്ങോളം നിരവധി വേദികളിൽ ഇതിനകം നൃത്തം അവതരിപ്പിച്ചു. അപ്പോഴും സിനിമ ഒരു ഇഷ്ടമായി മനസ്സിൽ കിടന്നു. ആ ഇഷ്ടം ഉള്ളിലുള്ളതുകൊണ്ടാണ‌് ബിരുദപഠനത്തിന‌് വിഷ്വൽ കമ്യൂണിക്കേഷൻ തെരഞ്ഞെടുത്ത‌് ചെന്നെ എസ‌്ആർഎം കോളേജിൽ ചേർന്നത‌്.

സാറയിലേക്ക‌ുള്ള വഴി മുൻകൂട്ടി തീരുമാനിച്ചതൊന്നുമല്ല. തീർത്തും യാദൃശ‌്ചികം. തൊട്ടപ്പനിലേക്കുള്ള കാസ്റ്റിങ‌് കോൾ കണ്ട് അച്ഛൻ ഗോപാലകൃഷ‌്ണനാണ‌്  വിവരമറിയിച്ചത‌്. പ്രൊഫൈൽ അയച്ചു. അമ്മയ‌്ക്കും അച്ഛനുമൊപ്പമാണ‌് കൊച്ചിയിൽ ഓഡിഷന‌് ചെന്നത‌്.  ‘കിസ‌്മത്ത‌്’ കണ്ടിരുന്നു. അത‌് അന്നേ വലിയ ഇഷ്ടമായിരുന്നു. ഷാനവാസാണ‌് സംവിധായകൻ എന്നറിഞ്ഞിട്ടുതന്നെയാണ‌് ഓഡിഷന‌് ചെന്നത്. സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു. അതു കഴിഞ്ഞപ്പോഴും കിട്ടുമെന്ന‌്  ഉറപ്പുണ്ടായിരുന്നില്ല.  നൃത്തം  അവതരിപ്പിക്കുന്നതുകൊണ്ടാകണം വലിയ സഭാകമ്പം ഒരു കാലത്തും ഉണ്ടായിട്ടില്ല. എന്നാലും അവസരം കിട്ടുമോ ഇല്ലയോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. ഏതായാലും ആഗ്രഹം പോലെ സിനിമയിലേക്ക‌് പ്രവേശിച്ചു. അതും പ്രധാന റോളിൽ. വലിയ  സന്തോഷം തോന്നി. പക്ഷേ ആശങ്ക മാറിയില്ല.  കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കണമല്ലോ.

തൊട്ടപ്പനിലെ വിശേഷങ്ങൾ

സെറ്റിൽ എത്തിയപ്പോൾ ആശങ്ക കൂടി. എല്ലാവരും കഴിവുതെളിയിച്ചവർ. വിനായകൻ, മനോജ‌് കെ ജയൻ, ദിലീഷ‌് പോത്തൻ, ലാൽ... അവർക്കൊപ്പം എത്താൻ കഴിയുമോ, കഥാപാത്രത്തെ സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തിൽ അഭിനയിച്ച‌് വിജയിപ്പിക്കാനാകുമോ എന്നൊക്കെയായിരുന്നു ആശങ്ക. ഷൂട്ടിങ‌് തുടങ്ങും മുമ്പ‌് എട്ടു ദിവസത്തെ ക്യാമ്പുണ്ടായിരുന്നു. ആ ക്യാമ്പിൽ എല്ലാവരെയും പരിചയപ്പെട്ടു. ഫ്രാൻസിസ‌് നൊറോണയും മറ്റും ക്യാമ്പിൽ വന്നിരുന്നു. അവരുമായി സംസാരിച്ചത‌്  പേടി മാറാൻ സഹായിച്ചു. വിനായകനും സംവിധായകനും നന്നായി സഹായിച്ചു.  വിനായകൻ  വളരെ സ‌്നേഹത്തോടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താൻ സഹായിച്ചു.

തൊട്ടപ്പനിലെ സാറ

സാറ എന്റെ യഥാർഥ ജീവിതത്തിൽനിന്നും ഏറെ വ്യത്യസ‌്തയാണ‌്.‌ ഓരോ ഷൂട്ടിങ‌് ദിവസവും ഓരോ അനുഭവങ്ങളായിരുന്നു.  സാറ കൊച്ചിക്കാരിയാണ‌്. തനി നാട്ടിൻപുറത്തുകാരി. സാറയിലേക്കെത്തുക അത്ര എളുപ്പമായിരുന്നില്ല. ആദ്യപ്രശ‌്നംകൊച്ചി ഭാഷ. സ്ലാങ്ങും ഉച്ചാരണത്തിലെ ഏറ്റക്കുറച്ചിലും ഉൾപ്പടെ പലതും പഠിക്കേണ്ടിവന്നു. കൂടെ അഭിനയിച്ച പള്ളുരുത്തിക്കാരി  അനിതയാണ‌്  സഹായിച്ചത‌്. ഒരുമാസത്തോളം ഫോർട്ടുകൊച്ചിയിൽ  താമസിച്ചാണ‌് തയ്യാറെടുത്തത‌്. കടമക്കുടിയിലും പൂച്ചാക്കലിലുമായിരുന്നു ഷൂട്ടിങ‌്. ശരീരത്തിന‌് ചേരുന്ന ശബ്ദമായാലേ കഥാപാത്രത്തിന‌് വിശ്വാസ്യത വരൂ. അതുകൊണ്ട‌് ഡബ്ബിങ‌് സ്വയം ചെയ‌്തു.  രക്തബന്ധമില്ലാതെയും അച്ഛന്റെ സ‌്നേഹം ഒരാൾക്ക‌് അതിനേക്കാൾ തീവ്രമായി മകൾക്ക‌് നൽകാൻ കഴിയുമെന്ന‌് സിനിമ പറയുകയാണ‌്, തൊട്ടപ്പനിലൂടെയും സാറയിലൂടെയും.

ബംഗാളും കേരളവും

അമ്മ ബംഗാളിയായതിനാൽ  ബംഗാളി ഭാഷ അറിയാം.  സംസാരിക്കാം. ബംഗാളും കേരളവും തമ്മിൽ ഒരുപാട‌്  സാമ്യമുണ്ട‌്. സാഹിത്യവും സംസ‌്കാരവും രാഷ‌്ട്രീയവുമൊക്കെ  രണ്ടിടത്തും സജീവമായ ചർച്ചയാണ‌്. ഇന്ത്യയിലേക്ക‌് ആദ്യ ഓസ‌്കർ കൊണ്ടുവന്ന  സത്യജിത‌്റേയുടെ  നാട്ടിൽ ധാരാളം നല്ല സിനിമകൾ ഇറങ്ങുന്നുണ്ട‌്. മലയാളത്തിലുമതേ.  രണ്ട‌് ഭാഷയും വളരെ സമ്പന്നം. സാഹിത്യം രണ്ടിടത്തും സിനിമയ‌്ക്ക‌് നൽകിയ സംഭാവന ചെറുതല്ല.
സിനിമയ‌്ക്കപ്പുറത്ത‌്

സിനിമ കൂടാതെ മോഡലിങ്ങും ഇഷ‌്ടം. 2019ലെ മിസ‌് റെയ‌്ന ഇന്റർ കോൺണ്ടിനന്റൽ ഇന്ത്യ മത്സരത്തിലെ വിജയിയാണ‌്.  ഈ മത്സരത്തിന്റെ ഫൈനൽ കോസ‌്റ്ററിക്കയിലാണ‌് നടക്കുന്നത‌്. സിനിമയുടെ തിരക്കിനിടയിലും മത്സരത്തിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നു. അഭിനയത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നതിനൊപ്പം കിട്ടുന്ന അവസരങ്ങൾ കളയരുതെന്നാണ‌് ആഗ്രഹം. വീട്ടിൽനിന്നുള്ള പിന്തുണ പറയാതെ വയ്യ. അമ്മയും അച്ഛനും കലാപ്രേമികളാണ‌്. അമ്മ പല്ലവി ഒന്നു രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട‌്. ഇപ്പോഴും അമ്മയ‌്ക്കൊപ്പം മോഹിനിയാട്ടപഠനം തുടരുന്നു. അച്ഛൻ  കെ കെ ഗോപാലകൃഷ‌്ണൻ സ്‌റ്റേറ്റ‌് ബാങ്ക‌് ജീവനക്കാരനായിരുന്നു. കഥകളിയെക്കുറിച്ച‌് ഒരു പുസ‌്തകം എഴുതിയിട്ടുണ്ട‌്. ഇപ്പോൾ തെയ്യത്തെക്കുറിച്ചുള്ള പുസ‌്തകത്തിന്റെ പണിപ്പുരയിലാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top