08 June Thursday

‘റെക്കോഡാ’ണ്‌ തെരുവുഗായകന്റെ ആ ഗാനം

ലെനി ജോസഫ്‌ lenidesh@gmail.comUpdated: Sunday Feb 26, 2023

പി കെ രാഘവൻ

മലയാളസിനിമാ ചരിത്രത്തിൽ ആദ്യമായി റെക്കോഡ്‌ ചെയ്‌‌ത  ഗാനം ഒരു തെരുവുഗായകന്റേത്‌? മലയാള പിന്നണിഗാനത്തിന്‌ 75 വയസ്സു തികയുമ്പോൾപോലും ആ ശബ്‌ദം ആരുടേതെന്ന്‌  അധികമാരും തിരിച്ചറിയുന്നില്ല.  ഒരുനേരത്തെ വിശപ്പടക്കാൻ എറണാകുളം  ബോട്ടുജെട്ടിയിൽ വയറ്റത്തുകൊട്ടിപ്പാടിക്കൊണ്ടിരുന്ന, പി കെ രാഘവൻ എന്ന ആ പതിനഞ്ചുകാരൻ പിന്നീട്‌ മറ്റ്‌ സിനിമകളിലൊന്നും പാടിയില്ല. കഴിവുണ്ടായിട്ടും അവസരങ്ങളില്ലാതെ,  ആ കലാജീവിതം  തെരുവിലേക്കുതന്നെ മടങ്ങി. പിന്നീട്‌ അജ്ഞാതമായ ഇടവേള. ഒടുവിൽ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളോടു പടവെട്ടി ദരിദ്രനായിത്തന്നെ  ലോകത്തോടു വിടപറഞ്ഞു.  

മലയാളത്തിൽ പിന്നണിഗാനശാഖ പിറക്കുന്നത്‌ 1948 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘നിർമല’യിലാണ്‌. മലയാളത്തിലെ നാലാമത്തെ ചിത്രമായിരുന്നു ‘നിർമല’. അതിനുമുമ്പ്‌ സിനിമയിൽ അഭിനയിക്കാനുള്ള ഏകയോഗ്യത പാട്ടുപാടാനുള്ള പ്രാവീണ്യം  മാത്രമായിരുന്നു. അങ്ങനെയാണ്‌ എം എസ്‌ സുബ്ബുലക്ഷ്‌മിയും ത്യാഗരാജ ഭാഗവതരുമൊക്കെ ആദ്യകാല  സിനിമകളിൽ അഭിനയിച്ചത്‌. അന്ന്‌  സിനിമയിൽ പാട്ടിന്റെ രംഗം ഷൂട്ടുചെയ്യാൻ വാദ്യക്കാരെ ട്രോളിയിൽ ഇരുത്തും.  നടനോ നടിയോ പാട്ടുപാടി മുന്നോട്ടുപോകുന്നതിനൊപ്പം  ട്രോളിയും പുറകേ കൊണ്ടുപോകും. മലയാളത്തിൽ ആ രീതിക്ക്‌ അവസാനമിട്ട്‌ പുത്തൻ പന്ഥാവ്‌ വെട്ടിത്തുറന്നത്‌ ‘നിർമല’യായിരുന്നു.

പി കെ രാഘവൻ

പി കെ രാഘവൻ

രാഘവനെ കണ്ടെത്തുന്നു

ബോട്ടുജെട്ടിയിൽ  വിശപ്പടക്കാൻ പാടിക്കൊണ്ടിരുന്ന പി കെ രാഘവനെ സിനിമയുടെ നിർമാതാവ്‌ ആർട്ടിസ്‌റ്റ്‌ പി ജെ ചെറിയാൻ ദിവസവും കാണുമായിരുന്നു. അന്ന്‌ എറണാകുളം ബ്രോഡ്‌വേയ്‌ക്കടുത്ത്‌  പിജെ ചെറിയാന്റെ റോയൽ സ്‌റ്റുഡിയോയുണ്ട്‌.  ‘‘എറണാകുളത്തെ ഓഫീസിൽ പോയ അപ്പൻ ഒരുദിവസം രാത്രി ബോട്ടിൽ ഞങ്ങളുടെ ഞാറയ്‌ക്കലെ വീട്ടിലേക്ക്‌ രാഘവനെ കൊണ്ടുവരികയായിരുന്നു,’’ പി ജെ ചെറിയാന്റെ മകൻ 92 വയസ്സുള്ള അലക്സ്‌ ചെറിയാൻ ഓർക്കുന്നു.

‘‘രാത്രി ഏഴുമണിക്ക്‌  വീട്ടിൽ കൊണ്ടുവന്ന കുട്ടിയെക്കണ്ട്‌ ഞങ്ങൾ അത്‌ ആരാണെന്നു ചോദിച്ചു. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ  ഷർട്ടായിരുന്നു ധരിച്ചിരുന്നത്‌. കൈയിൽ  തുണിസഞ്ചി. അവൻ കുളിച്ച്‌ വസ്‌ത്രമൊക്കെ മാറിവരട്ടെ, എന്നിട്ട്‌ എല്ലാം പറയാം എന്ന്‌ അപ്പൻ.  വീട്ടിൽ രാഘവൻ രണ്ടുമൂന്നു ദിവസം താമസിച്ചു. പിന്നണി പാടാൻ  മറ്റു പല ഗായകരുടെയും പാട്ടുകേട്ടെങ്കിലും അപ്പന്‌ രാഘവന്റെ ശബ്‌ദമാണ് ഏറെ ഇഷ്‌ടപ്പെട്ടത്‌. രാഘവന്‌ അന്ന്‌ 15 വയസ്സുകാണും. എനിക്കും അത്രയേയുള്ളൂ പ്രായം. എന്റെ അളവിന്‌ രാഘവന്‌ പുതിയ ഷർട്ട്‌ തയ്‌പിക്കാൻ അപ്പൻ പറഞ്ഞു.’’

തുടർന്ന്‌ പി ജെ ചെറിയാൻ സേലത്തെ മോഡേൺ തിയറ്ററിലേക്ക്‌  രാഘവനെ കൊണ്ടുപോയി. അങ്ങനെ മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു പിന്നണിഗാനം റെക്കോഡ്‌  ചെയ്യപ്പെട്ടു:  ‘‘പച്ചരത്നത്തളികയിൽ മെച്ചമേറും പലപൂക്കൾ.’’

ആദ്യമായി റെക്കോഡ്‌ ചെയ്‌‌തത്‌  രാഘവന്റെ പാട്ടാകാനാണ്‌ സാധ്യതയെന്നാണ്‌ ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന  അലക്‌സ്‌ ചെറിയാന്റെ അഭിപ്രായം. ‘‘രാഘവനെ അപ്പൻ കൈയോടെ പിടിച്ചുകൊണ്ടുവന്നതല്ലേ?  മറ്റുള്ളവരെ അപ്പൻ പിന്നീട്‌ അന്വേഷിച്ചുകണ്ടെത്തിയതാണ്‌.  പുതിയ ഷർട്ടുമിടുവിച്ച്‌ രാഘവനെ സേലത്തേക്കുകൊണ്ടുപോകുന്നത്‌ എനിക്ക്‌ നല്ല ഓർമയുണ്ട്‌. എത്ര മനോഹരമായ ശബ്ദമായിരുന്നു അവന്റേത്‌. അവൻ ആരുടെയടുത്ത്‌ സംഗീതം പഠിച്ചുവെന്നറിയില്ല.’’

പ്രശസ്‌ത ചലച്ചിത്ര പത്രപ്രവർത്തകനായ ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണ‌ന്റെ പുസ്‌തകത്തിൽ പി കെ രാഘവനെപ്പറ്റി പരാമർശമുണ്ട്‌. അദ്ദേഹത്തിന്റെ മകനും പത്രപ്രവർത്തകനും ചരിത്രകാരനുമായ സാജു ചേലങ്ങാടും രാഘവന്റെ പാട്ടാണ്‌ ആദ്യം റെക്കോഡ്‌ ചെയ്‌തതെന്ന പക്ഷക്കാരനാണ്‌.

മലയാള ചലച്ചിത്രഗാന ശാഖയിൽ പിന്നീട്‌ നിറഞ്ഞുനിന്ന പി ലീല  രംഗപ്രവേശം ചെയ്‌തത്‌ ഈ സിനിമയിലൂടെയാണ്‌. ടി കെ ഗോവിന്ദറാവു,  സരോജിനി മേനോൻ,  വിമല ബി വർമ, ചേർത്തല വാസുദേവക്കുറുപ്പ്‌ എന്നിവരായിരുന്നു മറ്റു ഗായകർ.  

എറണാകുളം  ബ്രോഡ്‌വേയിലെ  ഭാരത്‌ ഹോട്ടലിലെ ചാചകക്കാരനും സപ്ലയറും കാഷ്യറുമെല്ലാമായിരുന്നു ടി കെ  ഗോവിന്ദറാവു. അദ്ദേഹത്തിന്റെ അച്ഛന്റേതായിരുന്നു ഹോട്ടൽ. അവിടെ ചായ കുടിക്കാൻ ചെന്നിരുന്ന പി ജെ ചെറിയാൻ ഗോവിന്ദറാവുവിന്റെ സംഗീതവാസന തിരിച്ചറിഞ്ഞാണ്‌ സിനിമയിൽ പാടിച്ചത്‌. ശാസ്‌ത്രീയസംഗീതത്തിൽ തൽപ്പരനായ ഗോവിന്ദറാവു പിന്നീട്‌ ആ വഴിയേ സഞ്ചരിച്ചു.

‘നിർമല’ സിനിമയുമായി ബന്ധപ്പെട്ട്‌ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തി വിമല വർമയാണ്‌. മധുരിക്കും ഓർമകളുമായി അവർ തൃപ്പൂണിത്തുറയിൽ പാലസ്‌ നമ്പർ 13ൽ ഉണ്ട്‌. നിർമലയിൽ അവർ ആലപിച്ച ‘ഏട്ടൻ വരുന്ന ദിനമേ’ സോഷ്യൽ മീഡിയയിൽ വൈറലായതോടെ 87കാരിയായ  അവർ ഇപ്പോൾ സെലിബ്രിറ്റിയാണ്‌.  സംഗീതാധ്യാപികയും സിനിമയിലെ മറ്റൊരു ഗായികയുമായ  സരോജിനി മേനോന്റെ ശിഷ്യയാണ്‌ വിമല. 1956 ൽ ഓൾ ഇന്ത്യ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ വിമല 1962ൽ  സ്ഥിരജോലിക്കാരിയായി. 1993ൽ സ്വയം വിരമിച്ചു

അജ്ഞാതവാസം

നിർമല പരാജയപ്പെടുകയും സിനിമയിൽ അവസരങ്ങൾ കിട്ടാതെ വരികയും ചെയതതോടെ  രാഘവൻ തെരുവിലേക്കുതന്നെ പോയിരിക്കാം. കുറെക്കാലങ്ങൾക്കുശേഷം സ്വന്തം നാടായ കോട്ടയം പരിപ്പിൽ തിരിച്ചെത്തിയ അദ്ദേഹം നാട്ടിൽ സംഗീതാധ്യാപകനായി കഴിഞ്ഞുകൂടി. ഇടയ്‌ക്ക്‌ അമ്പലങ്ങളിൽ കച്ചേരി നടത്തി.  പിന്നീട്‌ അയർക്കുന്നത്തിനടുത്തുള്ള കൊങ്ങാണ്ടൂരിലെത്തി പാലക്കാട്‌ ഇടത്തൊട്ടിയിൽ വീട്ടിൽ താമസമാക്കി.  ഇതിനിടെ വിവാഹിതനായി. ഒമ്പത്‌ മക്കളുമുണ്ടായി. കച്ചേരിയും മറ്റും ഇല്ലാത്ത കാലത്ത്‌ അയർക്കുന്നം കവലയിലെ സ്വർണക്കടയിൽ കുലത്തൊഴിലായ സ്വർണപ്പണി ചെയ്‌തു. പക്ഷേ, 2006ൽ  മരണംവരെ അദ്ദേഹം എവിടെയാണെന്ന്‌ സമൂഹം അറിഞ്ഞില്ല.

‘പരിപ്പൻ’ എന്നാണ്‌  അദ്ദേഹം  അറിയപ്പെട്ടിരുന്നതെന്ന്‌  അയർക്കുന്നം കവലയിൽ സ്വർണക്കട നടത്തുന്ന ബി ഗോപാലകൃഷ്ണൻ ഓർക്കുന്നു. ഇടക്കാലത്ത്‌ പാറശാല തങ്കപ്പൻ എന്ന കാഥികന്റെ  പിന്നണിയിലുള്ളവരുടെ സംഗീതോപകരണങ്ങൾ ചുമന്നുകൊണ്ടുപോകുന്ന  സഹായിയായി. യേശുദാസിന്റെ അച്‌ഛൻ അഗസ്‌റ്റിൻ ജോസഫായിരുന്നു  പാറശാല തങ്കപ്പന്റെ ഹാർമോണിയം കൈകാര്യം ചെയ്‌തിരുന്നത്‌. രാഘവന്റെ അമ്മയുടെ ചേട്ടത്തിയുടെ മകൻ ദാമോദരനായിരുന്നു ഓടക്കുഴൽ വായിച്ചിരുന്നത്‌.

മറ്റക്കര സോമന്റെ നൂറോളം പാട്ടുകൾക്ക്‌  രാഘവൻ ഈണം പകർന്നു. കുറേക്കാലം എൻ എൻ പിള്ളയുടെ നാടകസമിതിയിൽ  പ്രവർത്തിച്ചു. കടയിൽ പണിക്കു വരുമ്പോഴുള്ള സംസാരത്തിൽ നിന്നാണ്‌ പി കെ രാഘവന്റെ ഭൂതകാലം ഗോപാലകൃഷ്ണൻ മനസ്സിലാക്കുന്നത്‌. ‘നിർമല’ യിൽ പി കെ രാഘവൻ അഭിനയിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‌ അറിയാം. മുതലാളിയുടെ, വിദേശത്തുനിന്നു വരുന്ന മകൻ കൊണ്ടുവരുന്ന സിഗരറ്റ്‌  വേലക്കാരൻ പയ്യനായ പി കെ രാഘവൻ എടുത്തു വലിക്കുന്നു. മുതിർന്ന വേലക്കാരൻ ‘ നീ സിഗരറ്റ്‌ വലിക്കുന്നോ’ എന്നു ശകാരിച്ച്‌ അത്‌ താഴെയിടീക്കുന്നു. തുടർന്ന്‌ അയാൾതന്നെ അതെടുത്തു വലിക്കുന്നു. ഇതായിരുന്നു രംഗമെന്നാണ്‌ പി കെ രാഘവൻ പറഞ്ഞുകേട്ടിട്ടുള്ളത്‌.

 അടുക്കും ചിട്ടയുമില്ലാത്ത രാഘവന്റെ ജീവിതം വീട്ടിലും പ്രശ്‌നങ്ങളുണ്ടാക്കി. അവസാനകാലത്ത്‌  അവശകലാകാരന്മാർക്കുള്ള പെൻഷൻ തേടി  അലഞ്ഞു. ഒരു ഘട്ടത്തിൽ  ക്രിസ്‌തുമത പരിവർത്തനം നടത്തി. ജീവിതത്തിൽ  ഉരുണ്ടുകൂടിയ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായായിരുന്നു മതംമാറൽ. മർക്കോസ്‌ എന്ന പേരു സ്വീകരിച്ച അദ്ദേഹത്തിന്റെയും ഭാര്യ ശാരദയുടെയും  അന്ത്യവിശ്രമം പുന്നത്ര പുതിയപള്ളി ശ്‌മശാനത്തിലാണ്‌.

സംഗീതസംവിധായകനും ദുർവിധി

മഹാകവി ജി ശങ്കരക്കുറുപ്പ്‌ രചിച്ച ‘നിർമല’യിലെ ഗാനങ്ങൾക്ക്‌  ഈണം പകർന്നത്‌  രണ്ടുപേരായിരുന്നു. ഇ ഐ വാര്യരും പി എസ് ദിവാകറും. പി എസ് ദിവാകർ പിന്നെയും  നൂറിലേറെ ചിത്രങ്ങൾക്ക്‌ സംഗീതം പകർന്നു.  പക്ഷേ, ഇ ഐ വാര്യരും രാഘവനെപ്പൊലെ  വിസ്‌മൃതനായി.

വീണവാദനത്തിൽ അസാമാന്യ പാടവമുള്ളയാളായിരുന്നു ഇ ഐ വാര്യർ. വീണവിദ്വാൻ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ശിഷ്യൻ. കലാവാസന കൂടുതൽ  മെച്ചപ്പെടുത്താൻ അദ്ദേഹം ബോംബെയ്‌ക്കുപോയി.  അനാർക്കലി അടക്കം ഒട്ടേറെ ഹിന്ദി സിനിമകൾക്ക്‌ സംഗീതം പകർന്ന  സി രാമചന്ദ്രയ്‌ക്ക് ഒപ്പം  പ്രവർത്തിക്കുന്നതിനിടെയാണ്‌ കേരളത്തിലെത്തി നിർമലയിലെ ഗാനങ്ങൾക്ക്‌ ഈണം നൽകിയത്‌.  

അറുപതുകളിൽ തിരികെ വീണ്ടും നാട്ടിലെത്തിയ അദ്ദേഹം പരസ്‌പരബന്ധമില്ലാതെ സംസാരിച്ചു. പിന്നീടെന്നോ മദിരാശിയിൽ എച്ച്എംവിയുടെ സരസ്വതി സ്റ്റോർസിൽ സ്റ്റാഫ് ആർട്ടിസ്‌റ്റായി. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിൽ വന്നശേഷം അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിച്ചിരുന്നു. പ്രതിഭയുടെ ഉത്തുംഗശൃംഗത്തിൽ നിന്നുള്ള വീഴ്‌ചയിൽ നിസ്സാര പ്രതിഫലം കൈപ്പറ്റി ചെറിയ പരിപാടികൾക്ക് പോകേണ്ടിവന്ന  വാര്യരുടെ ദുരവസ്ഥ അദ്ദേഹത്തിന്റെ സഹോദരിയുടെ

ചെറുമകളും കവിയും കഥാകൃത്തുമായ ഡോ. ഇ സന്ധ്യ എഴുതിയിട്ടുണ്ട്‌. വാര്യരുടെ വിവാഹജീവിതവും ദുരന്തപര്യവസായിയായി. കീരംകുളങ്ങര വാര്യത്ത് സരസ്വതി വാര്യസ്യാരായിരുന്നു ഭാര്യ. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ  അവർ അവരുടെ സഹോദരിക്കൊപ്പം ജീവനൊടുക്കി.  1979ൽ  സ്വാഭാവികമരണത്തിലൂടെ വാര്യരുടെ ജീവിതത്തിനും തിരശ്ശീല വീണു. കുട്ടികൾ ഇല്ല.

പുതുപാത തേടിയ ‘നിർമല’

തമിഴ്‌സിനിമയുടെയും സംഗീതനാടകങ്ങളുടെയും പിടിയിലകപ്പെട്ട മലയാളസിനിമയ്‌ക്ക്‌ മലയാളിത്തത്തിന്റെ  രൂപവും ഭാവവും പകർന്നുനൽകിയ ‘ നിർമല’ ഒരു നാഴികക്കല്ലായിരുന്നു. പിന്നണി ആലപിക്കപ്പെട്ട ആദ്യ സിനിമയെന്ന പരാമർശത്തിൽ ഒതുങ്ങുന്നതല്ല ‘നിർമല’യുടെ സ്ഥാനം. മലയാളി നിർമിച്ച്‌ മലയാളി സംവിധാനം ചെയ്‌ത ആദ്യ സിനിമയാണ്‌ ‘നിർമല’. എല്ലാ അർഥത്തിലും അതൊരു കുടുംബചിത്രമായിരുന്നു.

പി ജെ ചെറിയാനും മക്കളും മരുമക്കളും സ്വന്തം നാടകസംഘത്തിലെ നടീനടൻമാരുമെല്ലാം ചിത്രത്തിൽ വേഷമിട്ടു. സിനിമയിൽ പി ജെ ചെറിയാന്റെ  മകൻ ജോസഫ്‌ ചെറിയാൻ നായകനായപ്പോൾ ടൈറ്റിൽ റോളിൽ മരുമകൾ ബേബി ജോസഫ്‌ നായികയായി. രണ്ടു പ്രസവിച്ച ബേബി ജോസഫ്‌ മൂന്നാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുമ്പോഴാണ്‌ നായികയായത്‌. പി വി  കൃഷ്ണയ്യരിലൂടെ ശബ്ദസിനിമയിൽ മലയാളിയായ സംവിധായകന്റെ രംഗപ്രവേശം  ‘നിർമല’യിലൂടെ ചലച്ചിത്രലോകം കണ്ടു.

മഹാകവി ജി ശങ്കരക്കുറുപ്പ്‌ ആദ്യമായി സിനിമയ്‌ക്കുവേണ്ടി പാട്ടെഴുതുന്നത്‌ ‘നിർമല’യിലാണ്‌.  മലയാളത്തിൽ  ആദ്യ ഡബിൾ റോൾ അവതരിപ്പിക്കുന്നതും ഈ സിനിമയിൽത്തന്നെ. നിർമലയുടെ അനിയത്തിയായും ചിത്രത്തിന്റെ രണ്ടാം പകുതിയിൽ വരുന്ന ലളിത എന്ന കഥാപാത്രമായും   ഗായിക വിമല വർമ്മ അഭിനയിച്ചു. എം എസ്‌ ജേക്കബിന്റേതായിരുന്നു കഥ. തിരക്കഥ രചിച്ചത്‌ പുത്തേഴത്ത്‌ രാമൻ മേനോൻ.

കൊച്ചി രാജകുടുംബത്തിന്റെ ആർട്ടിസ്‌റ്റും ഫോട്ടോഗ്രാഫറും നാടകകാരനും അഭിനേതാവുമെല്ലാമായ പി ജെ ചെറിയാൻ തന്റെ സമ്പത്തുമുഴുവൻ നഷ്ടപ്പെടുത്തിയാണ്‌ ‘ നിർമല’ നിർമിച്ചത്‌. മിശിഹാ ചരിത്രം എന്ന പ്രശസ്‌ത നാടകത്തിൽ യേശുവിന്റെ വേഷം ചെയ്‌ത്‌ പ്രശസ്‌തിയിൽ നിൽക്കുന്ന കാലത്താണ്‌  സിനിമയിൽ കാലൂന്നുന്നത്‌. കേരള ടാക്കീസ്‌ ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ച സിനിമയ്‌ക്കുവേണ്ടി കൊച്ചി രാജാവടക്കമുള്ള രാജകുടുംബാംഗങ്ങളിൽ നിന്നും എറണാകുളം മെത്രാപ്പോലീത്തയിൽ നിന്നുമൊക്കെയായി ഒരു ലക്ഷം രൂപയുടെ ഓഹരി സമാഹരിച്ചു. 

ചിത്രം പരാജയപ്പെട്ടതോടെ ചെറിയാൻ വൻ കടത്തിലായി. തങ്ങൾക്ക്‌  ഈ അവസ്‌ഥയുണ്ടാക്കിയ ‘നിർമല’യുടെ  ഫിലിംറോൾ വീട്ടുമുറ്റത്തെ പ്രിയോർ മാവിന്റെ ശിഖരത്തിൽ കെട്ടിത്തൂക്കി മക്കൾ കത്തിച്ചുകളഞ്ഞു. അതു പഴയ കാര്യം. പക്ഷേ ഇന്ന്‌ അദ്ദേഹത്തിന്റെ അനന്തര തലമുറ ചെറിയാനെന്ന പ്രതിഭയുടെ കലയ്‌ക്കുവേണ്ടിയുള്ള ത്യാഗങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്‌.  മലയാളസിനിമ ചെറിയാൻ വെട്ടിത്തെളിച്ച പാതയിൽ ചരിക്കുമ്പോൾ  അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ ‘നിർമല’യുടെ കലാകാരൻമാർ വിസ്‌മൃതിയുടെ ആഴങ്ങളിലാണെന്നതാണ്‌ ദുര്യോഗം.

ആദ്യഗാനം കേൾക്കാൻ: https://malayalasangeetham.info/s.php?189943

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top