30 November Thursday

കാഴ്‌ചക്കാരെ തൃപ്‌തിപ്പെടുത്തുക ലക്ഷ്യം, നിഷിദ്ധോയിൽ അതിഭാവുകത്വമില്ല: താര രാമാനുജൻ

അശ്വതി ജയശ്രീ aswathyjayasree55@gmail.comUpdated: Thursday Dec 1, 2022

തിരുവനന്തപുരം> ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ കാഴ്‌ചക്കാരുടെ കൈയടികൾ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ... താര രാമാനുജൻ സംവിധാനം ചെയ്‌ത്‌‌‌ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) നിർമ്മിച്ച "നിഷിദ്ധോ' തിയറ്ററുകളിലും കൈയടി നേടിയപ്പോൾ വിജയിച്ചത്‌ സംസ്ഥാന സർക്കാർകൂടിയാണ്‌.

വനിതാ സംവിധായകർക്ക്‌ പിന്തുണ നൽകുന്നതിന്‌ സംസ്ഥാന സർക്കാർ രൂപം നൽകിയ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതിയിലൂടെയാണ്‌ നിഷിദ്ധോയുടെ തിരക്കഥ സിനിമയായത്‌. നവംബർ 11ന് ചിത്രം റിലീസ് ചെയ്‌തു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെയടക്കം "ബിഗ്‌സ്‌ക്രീനിൽ' കൈയടി നേടിയ ആത്മവിശ്വാസത്തോടെയാണ്‌ സംസ്ഥാനത്തെ മുൻനിര തിയറ്ററുകളിലും കെഎസ്എഫ്‌ഡിസി തിയറ്ററുകളിലും സിനിമയെത്തിയത്‌.

താര രാമാനുജൻ

താര രാമാനുജൻ

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായികയ്‌ക്കുള്ള കെ ആർ മോഹനൻ പുരസ്‌കാരം നിഷിദ്ധോയിലൂടെ താര രാമാനുജൻ നേടിയിരുന്നു. 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു. 2022ലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു. 13-ാമത് ബെംഗളൂരു അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവലിലെ ഇന്ത്യൻ സിനിമാ മത്സരവിഭാഗത്തിലും 27-ാമത് കൊൽക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു.

കോവിഡ്‌ കാലത്തെ ദുഷ്‌കരമായ ഷൂട്ടിങ്‌ ദിനങ്ങളിലും തിരക്കഥയോട്‌ നീതി പുലർത്തി സിനിമ സാധ്യമാക്കാൻ സംവിധായകയ്‌ക്കായി. തന്റെ കൽക്കത്ത യാത്രകൾ നിഷിദ്ധോയുടെ കഥയ്‌ക്ക്‌ അടിസ്ഥാനമാണെന്ന്‌ സംവിധായക പറയുന്നു. കനി കുസൃതി മുഖ്യകഥാപാത്രമായ സിനിമയിൽ തൻമയ്‌ ധനാനിയ മറ്റൊരു കഥാപാത്രത്തെ അഭിനയിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്ന്‌ കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘർഷങ്ങളുമാണ് നിഷിദ്ധോയുടെ പ്രമേയം.


നിഷിദ്ധോയുടെ തിയറ്റർ പ്രതീക്ഷകൾ എന്തായിരുന്നു?

തിയറ്റർ ഹിറ്റ്‌ എന്ന പ്രതീക്ഷയിലല്ല ഈ സിനിമ ചെയ്‌തത്‌. ഹൗസ്‌ഫുള്ളായി മാസങ്ങളോളം തിയറ്ററിൽ ഓടണം എന്ന്‌ ആഗ്രഹിച്ചിട്ടുമില്ല. കാഴ്‌ചക്കാർ കുറവാണെങ്കിലും അവർക്കത് ഇഷ്‌ടപ്പെടണമെന്നായിരുന്നു ആഗ്രഹം. എനിക്ക്‌ പറയാനുള്ള കഥ മനസിലാക്കാനും ആസ്വദിക്കാനും കഴിയണം. അതിൽ വിജയിച്ചു എന്നാണ്‌ ഞാൻ കരുതുന്നത്‌. സ്‌ത്രീകളുടെ ശബ്‌ദം കേൾക്കപ്പെടുക, അവരുടെ ആശയങ്ങൾ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പിന്തുണയും ധനസഹായവും സംസ്ഥാന സർക്കാർ നൽകിയെന്നത്‌ മറ്റൊരു വലിയ കാര്യമാണ്‌.

തിരക്കഥ കെഎസ്‌എഫ്‌ഡിസി തെരഞ്ഞെടുത്തപ്പോൾ വലിയ ഉത്തരവാദിത്തമായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. സിനിമ ഹിറ്റാക്കണമെന്നത്‌ ലക്ഷ്യമേ ആയിരുന്നില്ല. ഫെസ്റ്റിവലിനെത്തുന്നവർക്ക്‌ പുറമെ സാധാരണ സിനിമാ കാഴ്‌ചക്കാരിലേക്ക്‌ നിഷിദ്ധോ എത്തി എന്നതാണ്‌ വലിയ സന്തോഷം.

ഫെസ്‌റ്റി‌‌വൽ കാഴ്‌ച്ചക്കാരെ തൃപ്‌തി‌പ്പെടുത്തിയ നിഷിദ്ധോ സാധാരണക്കാർ സ്വീകരിച്ചോ?

കഥയിലാണ്‌ സിനിമയുടെ ആത്മാവ്‌. നിഷിദ്ധോയുടെ കഥ സാധാരണക്കാരുടേതാണ്‌. അതിനെ അങ്ങനെതന്നെ ക്യാമറയിൽ പകർത്തിയ സിനിമായണിത്‌. ആ കഥ കാഴ്‌ചക്കാർക്ക്‌ മനസിലാകുന്നതാണ്‌. ഒരു വിഭാഗത്തിന്‌ മാത്രമെ സിനിമ മനസിലാക്കാനാകൂ എന്നൊന്നും പറയാനാകില്ല. നമ്മൾ പൊതുവെ കാണുന്നപോലെ പാട്ടും നൃത്തവും അതിഭാവുകത്വവും ഒന്നുമില്ലാത്ത സിനിമയാണല്ലോ നിഷിദ്ധോ.

പുതിയ തിരക്കഥകൾ ?

മൂന്ന്‌ തിരക്കഥകൾ കൈയിലുണ്ട്‌. അവയിൽ ചില മാറ്റങ്ങളൊക്കെ വരുത്തിക്കൊണ്ടിരിക്കുന്നു. പുതിയൊരു കഥയുടെ എഴുത്തിലാണ്‌. കഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്‌ എന്റെ രീതി. അത് പിന്നീട്‌ സിനിമയ്‌ക്ക്‌ ആവശ്യമായ രീതിയിലേക്ക്‌ മാറ്റും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top