20 April Saturday

തങ്കം പുതിയ ത്രില്ലർ കാഴ്‌ച‌; കെ എ നിധിൻ നാഥ് എഴുതുന്നു

കെ എ നിധിൻ നാഥ്Updated: Monday Jan 30, 2023

ത്രില്ലർ സിനിമകളുടെ സ്വഭാവം സിനിമയിലുടനീളം സൂക്ഷിക്കുകയും എന്നാൽ പതിവ്‌ ത്രില്ലറുകൾ പോലെ വലിയ രീതിയിൽ ട്വിസ്റ്റും സസ്‌പെൻസും തീർക്കുന്ന സ്ഥിരം ആഖ്യാനശൈലിയെ അപ്പാടെ ഉപേക്ഷിച്ച കഥപറച്ചിലാണ്‌ തങ്കത്തിന്റേത്‌. അത്‌ തന്നെയാണ്‌ സിനിമ പ്രേക്ഷകന്‌ നൽകുന്ന പുതുമയും. കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക ഇഴയടുപ്പത്തിന് കൂടുതൽ പ്രാമുഖ്യം നൽകി, അതേ സമയം ത്രില്ലർ പരിസരം നിലനിർത്തിയുള്ള കഥപറച്ചിലാണ് സിനിമ പിൻപ്പറ്റുന്നത്‌. റിയലിസ്റ്റ്‌ ആഖ്യാനപരിസരത്ത്‌ നിന്ന്‌ കൊണ്ടാണ് ഷഹീദ്‌ അറഫാത്ത് തങ്കം സൃഷ്‌ടിച്ചെടുത്തിരിക്കുന്നത്.



നവമലയാള സിനിമയിലെ ഏറ്റവും മുറുക്കമുള്ള എഴുത്തുകാരിൽ ഒരാളാണ്‌ ശ്യാം പുഷ്‌കരൻ. സിനിമ അതിന്റെ ദൃശ്യ-ശബ്‌ദ സാധ്യതകളെ ഉപയോഗപ്പെടുത്തി കാഴ്‌ചാതലം സൃഷ്‌ടിക്കുന്നതിന്‌ ശ്യാമിന്റെ തിരക്കഥയ്‌ക്ക്‌ വലിയ സംഭാവന നൽകാനായിട്ടുണ്ട്‌. ആ മുറുക്കമുള്ള എഴുത്തിന്റെ പിൻബലം തന്നെയാണ്‌ തങ്കത്തിന്റേയും മികവ്‌. ശ്യാമിന്റെ കഥാസങ്കേത നിർമിതിയും അതിലൂടെയുള്ള കഥാപാത്ര വികാസത്തിനും ഏറ്റവും മിഴിവോടെ ദ്യശ്യഭാഷ നൽകുകയാണ്‌ ഷഹീദ്‌ ചെയ്‌തത്‌.



റിയലിസ്റ്റിക്‌ സിനിമാ പരിചരണ രീതിയിൽ മുന്നോട്ട്‌ പോകുന്ന തങ്കം പ്രധാന കഥാപാത്രങ്ങളായ സ്വർണ പണിക്കാരൻ മുത്ത്‌ (ബിജു മേനോൻ), വിൽപനയ്‌ക്കായി വിവിധ സ്ഥലങ്ങളിലേക്ക്‌ കൊണ്ട്‌ പോകുന്ന കണ്ണൻ (വിനീത്‌ ശ്രീനിവാസൻ) എന്നിവരുടെ സൗഹൃദവും അതിനൊപ്പം അവരുടെ തൊഴിൽ പരിസരവുമെല്ലാം കൃത്യമായി അടയാളപ്പെടുത്തിയാണ്‌ വികസിക്കുന്നത്‌. തൃശൂരിൽ തുടങ്ങി മുംബൈ വരെ എത്തുന്ന വലിയ കഥാഭൂമികയാണ്‌ സിനിമയുടേത്‌. ദേശ, ഭാഷ വ്യത്യസ്ഥതകൾ സംഭാഷണങ്ങളിൽ മാത്രമായി ഒതുക്കി കഥാഗതിയെ പ്രധാന ട്രാക്കിൽ തന്നെ നിർത്തുന്ന രീതിയിലാണ്‌ പരിചരണം. വിവിധ അടരുകളുള്ള കഥാപാത്രങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ്‌ സിനിമ.

 

പിന്നിട്ട വർഷത്തിൽ അഭിനയം കൊണ്ട്‌ ഞെട്ടിച്ച ഒരാളാണ്‌ വിനീത്‌ ശ്രീനിവാസൻ. നന്മ–പാവം കഥാപാത്രങ്ങളിൽ നിന്ന്‌ കുതറിയോടി നടൻ എന്ന നിലയിൽ വിനീത്‌ കൂടുതൽ അടയാളപ്പെടുത്തിയാണ്‌ 2022 കടന്ന്‌ പോയത്‌. വിവിധ അടരുകളുള്ള കഥാപാത്രത്തെ കൈയ്യടക്കത്തോടെ അവതരിപ്പിക്കാനുള്ള മികവ്‌ വിനീത്‌ കണ്ണനിലും തുടരുകയാണ്‌. കാഴ്‌ചയിൽ ശാന്തനായ എന്നാൽ മനസ്സിൽ അതിൽ നിന്ന്‌ വ്യത്യസ്ഥമായ അവസ്ഥയുള്ളയാളാണ്‌ മുത്ത്‌. കഥാപാത്ര വ്യാപ്‌തി പൂർണതയിലേക്ക്‌ എത്തിക്കുന്നതിൽ ബിജു മേനോൻ കൈയ്യടി അർഹിക്കുന്നുണ്ട്‌.

പ്രകടനങ്ങളിൽ ഏറ്റവും മികവ്‌ പുലർത്തിയത്‌ ഗീരിഷ്‌ കുൽകർണിയുടെ പൊലീസ്‌ ഉദ്യോഗസ്ഥനാണ്‌. അദ്ദേഹത്തിന്റെ പെരുമാറ്റരീതികളും ഭാവങ്ങളുമാണ്‌ സിനിമയുടെ മുന്നോട്ട്‌ പോക്കിൽ കാഴ്‌ചയുടെ താളം തന്നെ നിർണയിക്കുന്നത്‌. അത്തരത്തിൽ ഒരു ഘട്ടത്തിൽ സിനിമയുടെ രസച്ചരട്‌ സുരക്ഷിതമാക്കുന്നത്‌ ഗിരീഷ്‌ കുൽകർണിയുടെ പ്രകടനമാണ്‌. അപർണ ബാലമുരളി, വിനീത് തട്ടിൽ ഡേവിഡ്, കൊച്ചുപ്രേമൻ, ഇന്ദിര പ്രസാദ്‌ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌.  കൊച്ചുപ്രേമൻ അവസാനമായി അഭിനയിച്ച സിനിമയെന്ന നിലയിൽ അതൊരു നോവോർമയാണ്.

ത്രില്ലറുകൾക്ക്‌ പലപ്പോഴും സിനിമക്കാർ പിന്തുടരാറുള്ളത്‌ അതിഭാവുകത്വം നിറച്ച ഗിമ്മുകൾ ഉപയോഗിച്ചുള്ള ‘സേഫ്‌ പ്ലേ’യാണ്‌. എന്നാൽ അതിന്‌ തയ്യാറാകാതെ രണ്ട്‌ ഭിന്നദിശയിലുള്ള വൈകാരികതയും അന്വേഷണവും എന്ന ദ്വന്ദങ്ങളെ സംയോജിപ്പിച്ച്‌ യുക്തിസഹജമായാണ്‌ ഷഹീദ്‌ തന്റെ ആദ്യ സിനിമ ഒരുക്കിയത്‌. ജോജിയുടെ സഹസംവിധാകനായിരുന്നു ഷഹീദ്‌. സിനിമയുടെ പിന്നണിയിലെ സൗഹൃദത്തിൽ നിന്ന് കൂടിയാണ് തങ്കം സംഭവിക്കുന്നത്. ഇത് തങ്കത്തിന്‌ കൂടുതൽ തിളക്കം നൽകാൻ സഹായിച്ചിട്ടുണ്ട്‌. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

സ്വർണ്ണ കച്ചവടത്തിലെ തൊഴിലാളി ജീവിതം പശ്ചാത്തലമാക്കിയാണ്‌ തങ്കത്തിലെ കഥാപാത്രങ്ങളെ വികസിപ്പിച്ചിട്ടുള്ളത്‌. കഥാപാത്രങ്ങളുടെ ക്യാരക്‌ടർ ആർക്കിലടക്കം ഇതിൽ പുലർത്തുന്ന സത്യസന്ധത കാണാം. കഥാപാത്രത്തിന്റെ സ്വഭാവപഠനമെന്ന തലത്തിൽ കൂടിയുള്ള ഒരു വായന സാധ്യമാക്കുന്നുണ്ട്‌ സിനിമ. കഥാന്ത്യം സിനിമ എത്തിച്ചേരുന്ന തിരിച്ചറിവ്‌ പ്രേക്ഷകരുടെ സ്ഥിര പ്രതീക്ഷകളിൽ നിന്ന്‌ വ്യത്യസ്ഥമാണ്‌. അതുതന്നെയാണ്‌ തങ്കത്തിന്റെ മികവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top