പാരിസ് > നാൽപ്പത്തിനാലു വർഷത്തിന് ശേഷം സംവിധായകൻ ജി അരവിന്ദന്റെ "തമ്പ്' കാൻ ചലച്ചിത്രമേളയിലൂടെ ലോക സിനിമ ആസ്വാദകർക്ക് മുന്നിലേക്കെത്തി. സാലെ ബുനുവലിൽ 75ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ ഇന്നലെ ചിത്രം പ്രദർശിപ്പിച്ചു. 1978ൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഫിലിമിൽ തീർത്ത തമ്പിന്റെ നവീകരിച്ച 4കെ ഡിജിറ്റൽ പതിപ്പാണ് മേളയിലെ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിലെ നായിക ജലജ, മകൾ ദേവി, നിർമ്മാതാവ് രവീന്ദ്രൻനാഥൻ നായരുടെ മകൻ പ്രകാശ് നായർ, ശിവേന്ദ്ര സിംഗ് ദുംഗാർ തുടങ്ങിയവർ പ്രേക്ഷകരായി എത്തിയിരുന്നു. തമ്പിന്റെ പ്രദർശനത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർക്ക് റെഡ് കാർപ്പറ്റ് വെൽക്കമാണ് ലഭിച്ചത്. കാൻ ഫിലിം ഫെസ്റ്റിവൽ ഡയറക്‌ടർ തീയറി ഫെർമൗക്സ് ഏവരേയും സ്വാഗതം ചെയ്തു.

തമ്പ് നവീകരിക്കുന്നതിന് മുൻപും ശേഷവും
ജനറൽ പിക്ചേഴ്‌സിന്റെ ബാനറിൽ കെ രവീന്ദ്രനാഥൻ നായരാണ് സർക്കസ് ജീവിതം പറഞ്ഞ് ദേശീയ പുരസ്‌കാരം നേടിയ ചിത്രം നിർമ്മിച്ചത്. മുംബൈ ആസ്ഥാനമായ ഫിലിം ഹെറ്റിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ആധുനിക സാങ്കേതിക വിദ്യയോടെ ചിത്രം പുതുക്കി വീണ്ടെടുത്തത്. 4കെ യിൽ നവീകരിച്ച അരവിന്ദന്റെ കുമ്മാട്ടി (1979) ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചിരുന്നു. അരവിന്ദന്റെ എസ്‌തപ്പാനും (1980) പുതുക്കിയ പതിപ്പ് ഒരുങ്ങുന്നുണ്ട്.
എട്ടുമാസം നീണ്ട കഠിനശ്രമം
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയിലും വിദേശത്തുമായി എട്ടുമാസത്തോളമെടുത്ത് നടത്തിയ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പുതുക്കിയ പതിപ്പ് ഒരുങ്ങിയത്. പ്രസാദ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് , ഇറ്റലിയിലെ ദി ഫിലിം ഫൗണ്ടേഷൻസ് വേൾഡ് സിനിമ പ്രോജക്‌ട് എന്നിവരുമായി സഹകരിച്ചാണ് ഫിലിം ഹെറ്റിറ്റേജ് ഫൗണ്ടേഷൻ ഡയറക്‌ടർ ശിവേന്ദ്ര സിംഗ് ദുംഗാർപുരിന്റെ നേതൃത്വത്തിൽ ഡിജിറ്റലിൽ പുതിജീവൻ നൽകിയത്. ഒറിജിനൽ നെഗറ്റീവിന്റെ ഭാഗങ്ങളിൽ മികതും നഷ്‌ടമായിരുന്നതിനാൽ പൂനയിലെ നാഷണൽ ഫിലിം ആർക്കൈവിലുണ്ടായിരുന്ന 35 എംഎം ഡ്യൂപ്പ് നെഗറ്റീവാണ് ഉപയോഗിച്ചത്.
ജപ്പാനിലുമുണ്ട് തമ്പ് !
തമ്പിന്റെ കൂടുതൽ മെച്ചപ്പെട്ട പ്രിന്റ് തേടി ഇന്റർനാഷണൽ ഫിലിം ആർക്കൈവ്സിൽ അംഗങ്ങളായ ലോകത്തെ വിവിധയിടങ്ങളിലുള്ള 171 സ്ഥാപനങ്ങളെ ബന്ധപ്പെട്ടിരുന്നു. ജപ്പാനിലെ ഫുക്കോക്ക ആർക്കൈവ്സിൽ ഒരു പ്രിന്റ് ഉണ്ടായിരുന്നെങ്കിലും നവീകരണത്തിന് പറ്റാത്തതായിരുന്നു. മോശം ശബ്‌ദവും ഗ്രെയിൻസും മറ്റുമായി നാഷണൽ ആർക്കൈവ്സിലെ പ്രിന്റ് തന്നെ ദയനീയ അവസ്ഥയിലായിരുന്നു. ചെന്നൈയിലെ പ്രസാദ് ലാബിൽ ഡിജിറ്റൽ ക്ലീനിങ്ങ് നടത്തി. ശബ്‌ദം തിരിച്ചെടുത്തതും ഗ്രേഡിങ്ങും ഇറ്റലിയിലെ ലാബിൽ നിന്നാണ് ചെയ്‌തത്. സെല്ലുലോയ്‌ഡ് ഫീൽ നിലനിർത്തി, തമ്പിന്റെ യഥാർഥ സൗന്ദര്യം നഷ്‌ടപ്പെടാതെയാണ് നവീകരിച്ചതെന്ന് ശിവേന്ദ്ര സിംഗ് ദുംഗാർപുർ അറിയിച്ചു. അരവിന്ദന്റെ മകൻ രാമു അരവിന്ദനും, സിനിമയുടെ ഛായാഗ്രഹകൻ ഷാജി എൻ കരുണും നവീകരണശ്രമങ്ങൾക്കൊപ്പം നിന്നു.
വളരെയധികം സന്തോഷമുണ്ട്. ഇത് കാണാൻ അരവിന്ദനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് നിർമ്മാതാവ് കെ രവീന്ദ്രനാഥൻ നായർ പറഞ്ഞു. കായികതാരങ്ങൾക്ക് ഒളിമ്പിക്‌സിൽ പോകുന്നത് പോലെയാണ് ഒരു ഫിലിംമേക്കർക്ക് കാനിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. തമ്പ് വീണ്ടെടുത്തതും കാനിൽ പ്രദർശിപ്പിക്കുന്നതും അഭിമാനകരമാണെന്നും ഷാജി എൻ കരുൺ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..