19 April Friday

"മോളേ... ചോറ്‌ മാത്രം അടുപ്പില്‌ വക്കണേ'; ഭാരതീയ അടുക്കളയിലെ അമ്മായിയച്ചൻ ഇവിടെയുണ്ട്‌

ഡി കെ അഭിജിത്ത്‌Updated: Monday Jan 18, 2021

"വാഷിങ്‌ മെഷീനിലിട്ടാൽ തുണി പൊടിഞ്ഞ്‌ പോവില്ലേ മോളേ..', "മോളേ... ചോറ്‌ മാത്രം അടുപ്പിൽത്തന്നെ വയ്‌ക്കണേ', "ബ്രഷ്‌ കിട്ടീട്ടില്ല മോളേ...

ജിയോ ബേബി സംവിധാനം ചെയ്‌ത "ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളിലും വീട്ടിലും നാട്ടിലുമെല്ലാം ചർച്ചകൾ നടക്കുകയാണ്‌. നിമിഷയുടെയും സുരാജിന്റെയും കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകർ ഏറ്റവും തിരയുന്നത്‌ ചിരിച്ചുകൊണ്ട്‌ കഴുത്തറുക്കുന്ന അമ്മായിയച്ചനെയാണ്‌. കഥാപാത്രത്തെയും അഭിനയത്തെയും അഭിനന്ദിക്കുന്നതിനൊപ്പം ആ നടന്‍ ആരാണെന്നും തിരയാത്തവരില്ല.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാണ് സിനിമയെ കുറിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്.

കേരളത്തിലെ പ്രശസ്‌ത നാടകക്കാരനും "നാടകഗ്രാമ' ത്തിന്റെ സ്ഥാപകനും ഡയറക്‌ടറുമായ കോഴിക്കോട് സ്വദേശി ടി സുരേഷ് ബാബുവാണ് അമ്മായിയച്ചന്‍ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്. വിശേഷങ്ങളിലേക്ക്‌...

മൂന്നാം ക്ലാസ്സിൽ തുടങ്ങിയ നാടക അഭിനയം

സ്‌കൂളിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസ്സിൽ പെൺവേഷം കെട്ടി അരങ്ങിൽ കയറി തുടങ്ങിയതാണ്‌. വളരുന്തോറും അഭിനയത്തോടുള്ള ഇഷ്‌ടം അതിനേക്കാൾ വേഗത്തിൽ മുന്നോട്ടുപോയി. 18 വയസ്സ്‌ മുതൽ മെഡിക്കൽ സ്‌റ്റോറിൽ ജോലി. പകൽ അവിടെ പണിയെടുത്ത്‌, ശേഷം രാത്രിയിൽ നാടകം. ദൂരസ്ഥലങ്ങളിലേക്ക്‌ സൈക്കിൾ ചവിട്ടി പോയിക്കൊണ്ടിരുന്നത്‌ അഭിനയത്തോടും നാടകത്തോടുമുള്ള ഭ്രാന്തുകൊണ്ടാണ്‌. രണ്ടായിരത്തിന്റെ തുടക്കത്തിൽ നാടക അഭിനേതാക്കൾ എല്ലാം സീരിയലിലേക്ക്‌ ചേക്കേറിയപ്പോഴും അഭിനയം വരുമാനത്തിനുള്ള മാർഗ്ഗം മാത്രമായി കാണാൻ മനസ്സ്‌ അനുവദിച്ചിട്ടില്ല.

പുണ്യ പുരാതന നാടകങ്ങളുമായി  മുനിശ്രേഷ്ഠന്‍റെയൊക്കെ വേഷമണിഞ്ഞ്‌ സഞ്ചരിച്ച ഗ്രാമങ്ങൾക്ക്‌ കണക്കില്ല. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ ചെത്ത്‌കടവ്‌ യു.പി സ്‌കൂളിലെ കുട്ടികളെക്കൊണ്ട്‌ നാടകം കളിപ്പിച്ച്‌ പുരസ്‌കാരം വാങ്ങിയ ചരിത്രവുമുണ്ട്‌. 23 വയസ്സായിരുന്നു അന്ന്‌.

ഗ്രാമ പ്രദേശങ്ങളിലും നാടകത്തിനുള്ള ശ്രദ്ധ കുറഞ്ഞുവന്നപ്പോൾ പലയിടങ്ങളിലും ഇടപെടേണ്ടതായി വന്നു. സംവിധായകനുമായി. എല്ലാ ഗ്രാമത്തിലും ഒരു നാടക ഭ്രാന്തനെങ്കിലും കാണും. അവരെ കൂട്ടിപ്പിടിച്ചാണ്‌ പിന്നീട്‌ മുന്നോട്ട്‌ പോകുന്നത്‌. 2000 ത്തിലാണ്‌ "നാടകഗ്രാമം' എന്ന സമിതി രൂപീകരിക്കുന്നത്‌. അതൊരു ഉപജീവനമായി മാറരുതെന്ന്‌ നിർബന്ധമുള്ളതുകൊണ്ട്‌ എൽഐസി ഏജൻസിയും ആരംഭിച്ചു.

കുടുംബവും നാടകവും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു രസം ഉണ്ട്‌. അതാണ്‌ ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതാണ്‌ ഇതിൽ മുന്നോട്ട്‌ കൊണ്ടുപോകുന്നതും. ഭാര്യ നാടകത്തിൽ അഭിനയിക്കുന്നുണ്ട്‌. മകൻ നാടക നടനും സംവിധായകനുമാണ്‌.

ആദ്യം വിചാരിച്ച സിനിമാ സങ്കൽപ്പമല്ല അതിലേക്ക്‌ എത്തിയപ്പോൾ ഉള്ളത്‌. ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്‌ പുതിയ തലമുറയെക്കുറിച്ച്‌. പലരും പറയും പിള്ളേര്‌ ശരിയല്ല എന്ന്‌, പിള്ളേരാണ്‌ ശരി.

ഇന്ത്യൻ കിച്ചനിലേക്ക്‌

"കപ്പേള' സിനിമയുടെ സംവിധായകനും നടനുമായ മുസ്‌തഫയുമായി അടുത്ത പരിചയമാണുള്ളത്‌. കപ്പേളയുടെ കാസ്‌റ്റിങ്ങിനായി ക്യാമ്പ്‌ നടക്കുമ്പോൾ കണ്ടിരുന്നു. എന്നെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. യോജിക്കുന്ന, പ്രാധാന്യമുള്ള കഥാപാത്രം ഇല്ല എന്നുള്ളതായിരുന്നു തടസ്സമായത്‌. നാടകത്തിലെ സീനിയോരിറ്റികൊണ്ടാണ്‌ മുസ്‌തഫയ്‌ക്ക്‌ അങ്ങനെ തോന്നിയത്‌.

അത്‌ കഴിഞ്ഞ്‌ പോയെങ്കിലും മുസ്‌തഫയുടെ മനസ്സിൽ എന്റെ മുഖം ഉണ്ടായിരുന്നു. ഇന്ത്യൻ കിച്ചനിലെ കഥാപാത്രത്തെക്കുറിച്ച്‌ കേട്ടപ്പോൾ സംവിധായകൻ ജിയോയ്‌ക്ക്‌ മുസ്‌തഫതന്നെ ഫോട്ടോ കാണിച്ചുകൊടുത്തു. കഥാപാത്രത്തിന്‌ ആവശ്യമുള്ള അതേ രൂപം. ജിയോയ്‌ക്ക്‌ നേരിട്ട്‌ കണ്ടപ്പോഴും ഡബിൾ ഓക്കേ ആയിരുന്നു. അങ്ങനെ ആദ്യമായി സിനിമയുടെ അന്തരീക്ഷത്തിലേക്ക്‌. 20 ദിവസത്തോളമാണ്‌ ഷൂട്ടിനായി വേണ്ടിയിരുന്നത്‌.

ചിരിച്ചുകൊണ്ട്‌ കഴുത്തറുക്കുന്ന അമ്മായിയച്ചൻ

ഈ കഥാപാത്രമായി അഭിനയിക്കുകയൊന്നും വേണ്ട എന്നാണ്‌ ജിയോ ആദ്യം പറഞ്ഞത്‌. ആദ്യ ഷോട്ട്‌ എടുക്കുമ്പോഴും അറിയില്ല ഇത്‌ ഇത്രയും ആളുകൾക്ക്‌ ദേഷ്യം തോന്നുന്ന കഥാപാത്രം ആയിരിക്കും എന്ന്‌. സുരാജും ഞാനും ഭക്ഷണം കഴിച്ച്‌ എഴുന്നേറ്റ്‌ പോകുന്ന സീനായിരുന്നു അത്‌. ശേഷം മരുമകളും ഭാര്യയും വൃത്തിയില്ലാത്ത മേശയിൽ വന്നിരുന്ന്‌ ഭക്ഷണം കഴിക്കുന്ന സീൻ. അപ്പോഴാണ്‌ സിനിമയുടെ മൊത്തം ആശയത്തെപ്പറ്റിയും അത്രത്തോളം ഗൗരവമായ വിഷയമാണ്‌ കൈകാര്യം ചെയ്യുന്നതെന്നും തിരിച്ചറിയുന്നത്‌.

എനിക്ക്‌ ഡയലോഗ്‌ ഇല്ല ഈ സിനിമയിൽ. തിരക്കഥയിൽ ഉള്ളതിനനുസരിച്ച്‌ യോജിച്ചത്‌ പറയുക എന്നേ ഒള്ളൂ. അത്‌ സംവിധായകൻതന്നെ കൃത്യമായി പറഞ്ഞിരുന്നു. മോളേ വിളിയും അത്തരത്തിൽ വന്നതാണ്‌. നിമിഷയോടും സുരാജിനോടുമടക്കം പല സീനിലും ഒന്നോ രണ്ടോ വാക്കുകളാണ്‌ പറയുന്നത്‌. സംസാരത്തിന്റെ ടോൺ അടക്കം പുതിയതായി ഒന്നും ചെയ്യേണ്ടിയും വന്നില്ല.

കൊള്ളേണ്ടിടത്ത്‌ കൊണ്ട രാഷ്‌ട്രീയം

സംവിധായകന്‌ ഉണ്ടായിരുന്ന രാഷ്‌ട്രീയ വ്യക്തതയാണ്‌ സിനിമയുടെ ഏറ്റവും വലിയ വിജയം. സ്വയം വിമർശനമായല്ലാതെ ഞാനടക്കമുള്ള പുരുഷന്മാർക്ക്‌ ഈ സിനിമയിലെ പ്രശ്‌നത്തെക്കുറിച്ച്‌ സംസാരിക്കാൻ കഴിയില്ല. ചെറുപ്പത്തിൽ വീട്ടിൽ കണ്ടിരുന്ന പല കാഴ്‌ചകളുമാണ്‌ മഹത്തായ ആ അടുക്കളയിലും കാണുന്നത്‌. ഇപ്പോഴും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾതന്നെയാണ്‌ സിനിമയും ചർച്ച ചെയ്യുന്നത്‌.

ആർത്തവത്തെക്കുറിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളും സ്‌ത്രീകളോട്‌ ചെയ്യുന്ന വിവേചനങ്ങളും പലപ്പോഴും ചർച്ച ചെയ്യാതെ പോകുകയാണ്‌. വ്യക്തിപരമായി അത്തരം വിവേചനങ്ങൾക്കെതിയുള്ള അമർഷവും പ്രതിഷേധവും സമൂഹത്തിനെ അറിയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്‌.

മകൻ ഛന്ദസിന്റെ വിവാഹം കഴിഞ്ഞത്‌ ഡിസംബർ 27 നാണ്‌. ഞാനെപ്പോഴും മോളേ എന്നാണ്‌ മരുമകൾ അഞ്ജുവിനെ വിളിക്കുക. സിനിമ കണ്ടശേഷം നിമിഷയെ വിളിക്കുന്ന പോലെ "മോളേ' എന്ന്‌ വിളിക്കുമ്പോൾ അവൾ തമാശയ്‌ക്ക്‌ പറയും "ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു കാളൽ' ആണെന്ന്‌.

സിനിമ കണ്ട ശേഷം അച്ഛന്റെ പ്രകടനത്തെക്കുറിച്ച് അഞ്ജു ഫെയ്‌സ്‌ബുക്കിൽ എഴുതിയ വാക്കുകളും അത്‌ വ്യക്തമാക്കും.

‘ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു. സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ!’...

വിജയ്‌ സേതുപതിക്കൊപ്പം

ഇതിനിടയിൽ തമിഴകത്തെ മിന്നുംതാരമായ വിജയ്‌ സേതുപതിക്കൊപ്പവും അഭിനയിച്ച്‌ കഴിഞ്ഞു. വി എസ്‌ ഇന്ദു സംവിധാനം ചെയ്യുന്ന 19 (1) എ ആണ്‌ ചിത്രം. ചെറിയ വേഷം എങ്കിലും വലിയ സന്തോഷം തരുന്ന കാര്യമാണ്‌.

നിമിഷയും സുരാജും

നാടകത്തിൽ സീനിയർ ആണെങ്കിലും സിനിമയിൽ നിമിഷയും സുരാജും ഒരുപാട്‌ എക്‌സ്‌പീരിയൻസ്‌ ഉള്ളവരാണ്‌. ആദ്യം ഒന്ന്‌ കാണുന്നവരെയുള്ള അപരിചിതത്വമേ ഇരുവരുമായും ഉണ്ടായിട്ടുള്ളൂ. ഒറ്റ സംസാരത്തിൽ അടുപ്പത്തിലാകുന്ന താരപരിവേഷങ്ങളില്ലാത്ത രണ്ട്‌ മനുഷ്യർ. സുരാജും നിമിഷയും, ഞങ്ങൾ ഒരുവീട്ടിൽ കഴിയുന്ന ഫീലായിരുന്നു.

ഇരുവരും സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല. ആ വീട്ടിൽ നടക്കുന്നത്‌ നമുക്കെല്ലാം വളരെ അറിയുന്ന സാഹചര്യങ്ങളാണ്‌. ഞാൻ അഭിനയിച്ചതായി അവർക്കും തോന്നാൻ ഇടയില്ല. സുരാജുമായി അച്ഛനും മകനും തമ്മിലുള്ള സ്‌നേഹംതന്നെയായിരുന്നു യഥാർത്ഥത്തിൽ. ഷൂട്ട്‌ കഴിഞ്ഞ്‌ പോകുമ്പോൾ നിമിഷയുടെ വിഷമവും കണ്ണീരും അതേ അടുപ്പമാണ്‌ കാണിക്കുന്നത്‌. സെറ്റിന്റെ അന്തരീക്ഷം എല്ലാവരുടേയും പ്രകടനത്തിൽ സ്വാധീനിച്ചിട്ടുണ്ട്‌.

ഭാര്യ സായിജ. മകന്‍ ഛന്ദസ്, ധീരജ്‌. മരുമകള്‍ അഞ്ജു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top