19 April Friday

‘അപ്പൻ’ എന്നെ ശരിക്കും അടയാളപ്പെടുത്തി; സണ്ണിവെയ്‌ൻ സംസാരിക്കുന്നു

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Dec 4, 2022

‘‘അലൻസിയറെക്കുറിച്ച്‌ എനിക്ക്‌ അത്ഭുതമുണ്ടായില്ല, പക്ഷേ താങ്കളിൽ നിന്നിത്തരം പ്രകടനം സ്വപ്‌നത്തിൽ വിചാരിച്ചിരുന്നില്ല. ശരിക്കും വിസ്‌മയിപ്പിച്ചു സണ്ണി, നുമ്മ ആഗ്രഹിച്ച നടനായി നിങ്ങൾ. അപ്പനെന്ന സിനിമയുടെ ഏറ്റവും വലിയ സംഭാവന താങ്കളിലെ നടനെ അടയാളപ്പെടുത്തിയെന്നതാണ്‌''. നടൻ സണ്ണിവെയ്‌ന്‌ ഇപ്പോൾ ഇത്തരം പല പല സന്ദേശങ്ങളാണ്‌ ലഭിക്കുന്നത്‌. പതിറ്റാണ്ട്‌ തികയുന്ന തന്റെ സിനിമാജീവിതം ചെറുതായെങ്കിലും അടയാളപ്പെടുത്തിയെന്ന സന്തോഷത്തിലാണ്‌ സണ്ണി വെയ്‌നും. ഇന്നലെകളുടെ നിഴലും ഭാവചേഷ്‌ടകളും പാടെ തിരസ്‌കരിച്ച ഒരു നടന്റെ അതുല്യപ്രകടനം.

അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു സണ്ണി വെയ്‌നെന്ന്‌  അപ്പൻ സിനിമ കണ്ടവരെല്ലാം സമ്മതിക്കുന്നു. ജീവിതാർത്തിയും  ആസക്തിയും പുരുഷാധികാരഗർവുമായി ‘‘പൂതി ’’തീരാത്ത ഇട്ടി എന്ന അപ്പനായി അലൻസിയർ തകർത്താടിയ സിനിമയിലാണ്‌  ‘‘സ്‌റ്റീരിയോ ടൈപ്പായി’’ മുദ്രകുത്തപ്പെട്ട നടന്റെ വേറിട്ട അഭിനയമെന്നത്‌  പ്രശംസനീയം. നിസ്സഹായനും നിരാശ്രയനും അധിക്ഷേപിതനുമായ മകൻ, ഞ്ഞൂഞ്ഞ്‌ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അതുല്യമായി അഭിനയിച്ച്‌ പ്രതിഫലിപ്പിച്ചു. ഓൺലൈനിൽമാത്രം പ്രദർശിപ്പിച്ചിട്ടും അപ്പനും അതിലെ താരങ്ങളും സൂപ്പർതാര സിനിമകളിലുമേറെ ചർച്ചയാകുന്നുവെന്നത്‌ മലയാള സിനിമയുടെ ഭാവപരിണാമത്തിലെ ശുഭസൂചനയാണ്‌. സണ്ണിവെയ്‌ൻ സംസാരിക്കുന്നു:

പിന്തുടരുന്ന  കഥാപാത്രം

ശരിക്കും വല്ലാത്ത ത്രില്ലിലാണ്‌ അപ്പനിൽ അഭിനയിച്ചത്‌. അതേസമയം ഇത്രയും അസ്വസ്ഥതയുണ്ടാക്കിയ സിനിമ ചെയ്‌തിട്ടുമില്ല. വേഷം അഴിച്ചുമാറ്റിയാൽ സാധാരണ നമ്മളത്‌ മറക്കും. എന്നാൽ, ചിത്രീകരണം തീർന്നിട്ടും മാസങ്ങൾ ഞ്ഞൂഞ്ഞും അപ്പനും ആ വീടും കഥയുമാകെ എന്നെ പിന്തുടരുകയായിരുന്നു. കഥ കേട്ടതുമുതൽ ഒരാധിയുണ്ടായിരുന്നു. പിഴയ്‌ക്കുമോ എനിക്കിത്‌ വിജയിപ്പിക്കാനാകുമോ എന്ന ഭീതിയും. സംവിധായകൻ മജു മുതൽ അലൻസിയർ ചേട്ടനടക്കം സിനിമയുടെ ക്രൂവാകെ  പിന്തുണ നൽകി. നല്ലൊരു ടീമായാൽ നല്ല സിനിമയും അഭിനേതാക്കളുമുണ്ടാകുമെന്നതിനുള്ള ഉദാഹരണമാണ്‌ അപ്പൻ.  ഇടുക്കിയിലായിരുന്നു ലൊക്കേഷൻ. അവിടെയെത്തി ആദ്യ ദിവസംതന്നെ എന്റെ മുടിവെട്ടി രൂപം മാറ്റി. മുണ്ടുടുത്തതോടെ ശരിക്കും മേക്ക്‌ ഓവർ ആയി. അടുത്തുള്ള ചേട്ടന്മാർ  റബർവെട്ടാൻ പഠിപ്പിച്ചു. 

ഞ്ഞൂഞ്ഞ്‌ എന്ന പേര്‌

ഞ്ഞൂഞ്ഞ്‌–- കഥാപാത്രത്തിന്‌ ഇതെന്ത്‌ പേരാണെന്ന്‌ മജുവിനോട്‌ ചോദിച്ചു. അവൻ പറഞ്ഞത്‌ ഈ പേരിലല്ലാതെ ഈ മകനെ ഓർമിക്കാനാകില്ലെന്നാ. മജുവും ആർ ജയപ്രസാദുമായിരുന്നു തിരക്കഥ.  ഷൂട്ടിങ്‌ ദിവസങ്ങൾ നീങ്ങിയതോടെ മജു പറഞ്ഞത്‌ ബോധ്യമായി. നമുക്ക്‌ ചുറ്റും ഇട്ടിമാരും ഞ്ഞൂഞ്ഞുമാരുമുണ്ട്‌. അവരുടെ ലോകം, കഥകൾ നാം ശ്രദ്ധിക്കാറില്ലെന്നുമാത്രം. താനാണ്‌ ഞ്ഞൂഞ്ഞ്‌, തന്റെ കഥയാണിതെന്ന്‌ പറഞ്ഞ്‌ പലരും വിളിക്കുന്നു. കൊറിയയിലും ശ്രീലങ്കയിലുമുള്ളവർ  സിനിമ കണ്ടു. ശരിക്കും വെല്ലുവിളിയാണീ സിനിമയെന്ന്‌ മജു കഥ പറഞ്ഞപ്പോഴേ തോന്നി. ഏറെ ആഴവും തീവ്രതയുമുള്ള കഥാപാത്രമാണ്‌ ഞ്ഞൂഞ്ഞെന്ന്‌  തിരിച്ചറിഞ്ഞിരുന്നു. മകനായും അപ്പനായും (ആബേലിന്റെ അപ്പനായി) വ്യത്യസ്‌തമായ വിധത്തിലാകണം അഭിനയം.  ശരീരഭാഷയിൽ, ചലനത്തിൽ എല്ലാം ജാഗ്രത വേണമായിരുന്നു. വലിയ ആഗ്രഹമുള്ള വേഷമായിരുന്നു ഇത്‌. ഇത്തരം കഥാപാത്രങ്ങളായിരുന്നു എന്നും മോഹിച്ചത്‌. ഇപ്പോൾ സംതൃപ്‌തിയുണ്ട്‌. പ്രതിഭാശാലിയായ സംവിധായകൻ മജുവിനാണിതിന്റെ പ്രധാന ക്രഡിറ്റ്‌. കഥയിലും പാത്രസൃഷ്‌ടിയിലും അവതരണത്തിലും സൂക്ഷ്‌മതയും നിരീക്ഷണവും കാലബോധവുമുള്ള  മജു എന്ന സംവിധായകനെ മലയാളിക്ക്‌ കൂടുതൽ അറിയാൻ ഈ സിനിമ കാരണമായി. അപ്പൻ എന്നെ ശരിക്കും  അടയാളപ്പെടുത്തി.

പ്രൊഡക്‌ഷൻ കമ്പനി

എനിക്ക്‌ അപരിചിതമായ മേഖലയാണ്‌ സിനിമ. എന്റെ നാടായ വയനാട്ടിൽനിന്ന്‌ അധികമേറെപ്പേർ ഈ രംഗത്തില്ല. ആദ്യം അഭിനയിച്ച സെക്കൻഡ്‌ഷോയിലെ കുരുടി ശ്രദ്ധിക്കപ്പെട്ടിരുന്നു.  അന്നയും റസൂലിലെയും ആഷ്‌ലിയാണ്‌ മറ്റൊന്ന്‌. പടവെട്ടിലെ സൈക്കൊ സതീശൻ, അടിത്തട്ടിലെ മാർക്കോസ്‌ ഇവ ഈയടുത്ത്‌ കിട്ടിയ നല്ല വേഷങ്ങളായിരുന്നു. നല്ല സിനിമയ്‌ക്കും നാടകത്തിനുമായുണ്ടാക്കിയതാണ്‌ സണ്ണിവെയ്‌ൻ പ്രൊഡക്‌ഷൻസ്‌. മൊമന്റ്‌ ജസ്‌റ്റ്‌ ഫോർ ഡത്ത്‌ എന്ന നാടകമാണ്‌ ആദ്യം ചെയ്‌തത്‌. അപ്പന്റെ നിർമാണത്തിലും പങ്കാളിയായി.

പുതിയ സിനിമകൾ

പുതുമയുള്ള വ്യത്യസ്‌തമായ വേഷങ്ങളാണ്‌ ആഗ്രഹം. വേലയിൽ നല്ലൊരു കഥാപാത്രമാണ്‌. ടർക്കിഷ്‌ ലഹള, കാസർഗോൾഡ്‌ ഇവയാണ്‌ ഉടൻ വരാനുള്ള ചിത്രങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top