29 March Friday

വ്യത്യസ്ത കാലങ്ങളിലെ ഭാരതീയ ജീര്‍ണതകളെ റായി ആവിഷ്‌കരിച്ചു: പി എഫ് മാത്യൂസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

സത്യജിത് റായിയുടെ സിനിമകളെപ്പറ്റി സി എസ് വെങ്കിടേശ്വരന്‍ രചിച്ച പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം ഐ ഷണ്മുഖദാസ് വി എം ഗിരിജക്കു നല്‍കി പ്രകാശിപ്പിക്കുന്നു.

കൊച്ചി> ഋത്വിക് ഘട്ടകിനേയും മൃണാള്‍സെന്നിനേയുമെല്ലാം പോലെ നേരിട്ട് രാഷ്ട്രീയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കിലും മുഗള്‍ കാലഘട്ടം മുതല്‍ ആധുനികകാലഘട്ടത്തിലെ വരെയുള്ള വ്യത്യസ്ത കാലങ്ങളിലെ ഭാരതീയ ജീവിതത്തിലെ ജീര്‍ണതകളെ സത്യജിത് റായിയുടെ സിനിമകള്‍ ആവിഷ്‌കരിച്ചുവെന്ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായി പി എഫ് മാത്യൂസ് പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ഒരു മാസത്തെ സത്യജിത് റായ് ജന്മശതാബ്ദി മഹോത്സവത്തിന്റെ ഭാഗമായി സത്യജിത് റായിയുടെ സിനിമകളെപ്പറ്റി സി എസ് വെങ്കിടേശ്വരന്‍ രചിച്ച പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം എന്ന പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു മാത്യൂസ്. ജീവിച്ചിരിക്കെ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ ആധുനികതയെ റായി അഭിമുഖീകരിച്ചു എന്ന് പിന്നീട് കാലം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത സിനിമാപഠനങ്ങളില്‍ നിന്ന വ്യത്യസ്തമായി റായി സിനിമകളിലെ ഇരുപതോളം രംഗങ്ങള്‍ വിശദമായെടുത്ത് വിലയിരുത്തുന്ന പുസ്തകമാണ് വെങ്കിടേശ്വരന്റേതെന്നും മാത്യൂസ് പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ഒളിഞ്ഞുനോട്ടക്കാരിയായ സ്ത്രീയായാണ് റായി ചാരുലതയെ അവതരിപ്പിച്ചതെന്ന് വെങ്കിടേശ്വരന്റെ നിരീക്ഷണവും മാത്യൂസ് എടുത്തു പറഞ്ഞു. ഒളിഞ്ഞുനോട്ടം സ്വാതന്ത്ര്യമാണ്. ദൂരദര്‍ശനു വേണ്ടി പ്രേംചന്ദിന്റെ സദ്ഗതി എന്ന കഥ റായി സിനിമയാക്കിയതും മാത്യൂസ് ഓര്‍മിപ്പിച്ചു. 50 മിനിറ്റ് ദൈര്‍ഘ്യമേ പാടുള്ളു എന്നായിരുന്നു ദൂര്‍ദര്‍ശന്റെ നിബന്ധന. ഫസ്റ്റ് കട്ടില്‍ത്തന്നെ റായി സമര്‍പ്പിച്ചത് കൃത്യം 50 മിനിറ്റുള്ള സിനിമയായിരുന്നു. ഹിച്ച്‌കോക്ക് തുടങ്ങിയ സാങ്കേതികമികവ് പുലര്‍ത്തിയ ചലച്ചിത്രകാരന്മാരുടെ നിരയിലാണ് ഇങ്ങനെ റായി ഇരിപ്പിടം നേടിയതെന്നും റായിയുടെ സിനിമകള്‍ വിലയിരുത്തുമ്പോള്‍ അവയുടെ ദര്‍ശനം, കലാമൂല്യം, ഭാരതീയത തുടങ്ങിയവ മാത്രമല്ല ആഗോളസ്വഭാവമുള്ളതും ഉദാത്തവുമായ ഇത്തരം സാങ്കേതികമികവുകള്‍ കൂടി കണക്കിലെടുക്കണമെന്നും മാത്യൂസ് കൂട്ടിച്ചേര്‍ത്തു. വെങ്കിടേശ്വരന്റെ പുസ്തകം അത്തരം നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ്.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിരൂപകന്‍ ഐ ഷണ്മുഖദാസ് കവയിത്രി വി എം ഗിരിജക്കു നല്‍കി പ്ുസ്തകം പ്രകാശിപ്പിച്ചു. കെ എന്‍ ഷാജി, പി എന്‍ ഗോപീകൃഷ്ണന്‍, രചയിതാവ് സി എസ് വെങ്കിടേശ്വരന്‍, അജി അടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top