28 March Thursday

ബുദ്ധൻ എപ്പോഴും എന്റെ കൂടെയുണ്ട്; സലിംകുമാർ-വി കെ ജോബിഷ് അഭിമുഖം

സലിംകുമാർ/വി കെ ജോബിഷ്Updated: Wednesday Mar 1, 2023

സലിംകുമാർ-ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

മനുഷ്യൻ ചെയ്യുന്ന ഏത് പ്രവൃത്തിയും സന്തോഷമുണ്ടാക്കാൻ വേണ്ടിയാണ്. സന്തോഷിക്കുമ്പോൾ മാത്രമേ ചിരിക്കാൻ കഴിയൂ. നാളത്തെ ചിരിക്കുവേണ്ടിയാണ് ഇന്നത്തെ അധ്വാനംപോലും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ചിരി വേണമെന്നുതന്നെയാണ്‌ ഞാൻ ആഗ്രഹിക്കുന്നത്.

La Condition Humaine - അഥവാ ‘മനുഷ്യന്റെ വിധി' എന്ന വിശിഷ്ടമായ നോവൽ മഹാനായ ഫ്രഞ്ച് സാഹിത്യകാരൻ ആന്ദ്രെ മൽറോ എഴുതിത്തുടങ്ങുന്നത്, 'ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ഒമ്പതുമാസം വേണം. എന്നാൽ ഒരു ദിവസം മാത്രം മതി അവനെ നശിപ്പിക്കാൻ!’ എന്ന വരികളിലാണ്. എഴുതി അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട് മനുഷ്യനെ സൃഷ്ടിക്കാൻ ഒമ്പതുമാസം പോര അമ്പതുവർഷമെങ്കിലും വേണമെന്ന്.

ത്യാഗത്തിന്റെ അമ്പതുവർഷം, ദൃഢനിശ്ചയത്തിന്റെ അമ്പതുവർഷം, മറ്റുപലതിന്റെയും അമ്പതുവർഷം. ത്യാഗത്തിന്റെ അമ്പതുവർഷം കടന്ന്, ദൃഢനിശ്ചയത്തിന്റെ അമ്പതുവർഷം കടന്ന്, മറ്റു പലതിന്റെയും അമ്പതുവർഷം കടന്ന് ഒരു മനുഷ്യൻ ഇരിക്കുകയാണ്. അയാൾക്കൊപ്പം ഇരുന്നും, അയാൾക്കൊപ്പം നടന്നും, അയാളെ കേട്ടും നിർമിച്ചെടുക്കുന്ന ഭാവുകത്വത്തിന് ഇതുവരെയും അയാളെ നോക്കി ചിരിക്കുക മാത്രം ചെയ്ത നിസ്സാരതയ്ക്കപ്പുറത്ത് ചിലതുണ്ട്.

മലയാളത്തിന്റെ മഹാനടൻ സലിംകുമാർ അയാളിലേക്കുള്ള വാതിൽ തുറക്കുകയാണ്.

വി കെ ജോബിഷും സലിംകുമാറും അഭിമുഖത്തിനിടെ-ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

വി കെ ജോബിഷും സലിംകുമാറും അഭിമുഖത്തിനിടെ-ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

? ചുറ്റും ചിരിയുള്ള സ്ഥലത്ത്, സന്തോഷമുള്ള സ്ഥലത്ത് ജീവിക്കണമെന്നായിരിക്കും ഓരോ മനുഷ്യന്റെയും ആഗ്രഹം. പക്ഷേ മനുഷ്യനെപ്പോഴും ചിരിച്ചുകൊണ്ടുമാത്രം ജീവിക്കാൻ കഴിയില്ല. ചിരിയും സങ്കടവുമൊക്കെ കലർന്നതാണ് ജീവിതം. എന്നാൽ ആത്യന്തികമായി ചിരിയാണ് ബാക്കിയാകേണ്ടത് എന്ന്‌ കരുതുന്നതുകൊണ്ടാവാം സലിം കുമാർ ഈ ഇടത്തിന് ലാഫിങ് വില്ല എന്ന് പേരിട്ടത്.

= സത്യമാണ്. മനുഷ്യന് എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം ജീവിക്കാൻ കഴിയില്ല. സന്തോഷവും സങ്കടവുമൊക്കെ കലർന്നുള്ളതാണ് ജീവിതം. എന്നെ ഏറ്റവും ചിരിപ്പിച്ച കാലം ദുരിതകാലമാണ്. ആ ദുരിതകാലത്തെ ഞാൻ മറികടന്നത് ചിരിയിലൂടെയും കൂടിയാണ്. ഞാൻ മാത്രമല്ല ഏതൊരു മനുഷ്യനും അങ്ങനെയാവാം.

ജീവിതത്തിൽ എല്ലാവരും ലക്ഷ്യംവെക്കുന്നത് സന്തോഷം തന്നെയാണ്. അല്ലാതെ ഞാൻ മാത്രമല്ല. സന്തോഷിക്കാനാണ് നമുക്ക് ജീവിതം. അതുകൊണ്ട് മനുഷ്യൻ ചെയ്യുന്ന ഏത് പ്രവൃത്തിയും സന്തോഷമുണ്ടാക്കാൻ വേണ്ടിയാണ്. സന്തോഷിക്കുമ്പോൾമാത്രമേ ചിരിക്കാൻ കഴിയൂ. നാളത്തെ ചിരിക്കുവേണ്ടിയാണ് ഇന്നത്തെ അധ്വാനംപോലും.

ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ചിരി വേണമെന്നുതന്നെയാണ്‌ ഞാൻ ആഗ്രഹിക്കുന്നത്. മാത്രമല്ല മനുഷ്യരുടെ വീട് എപ്പോഴും ചിരിയുടേതായിരിക്കണം. വീട്ടിൽ എപ്പോഴും സന്തോഷം നിറഞ്ഞുനിൽക്കണം. ഇല്ലെങ്കിൽ നാടിനാണ് സങ്കടം. വീട്ടിൽ സന്തോഷമുണ്ടെങ്കിലേ നാട്ടിലും സന്തോഷമുണ്ടാകൂ. സന്തോഷം നമ്മൾ വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്.

സങ്കടങ്ങൾ അങ്ങനെയല്ല. അത് താനേ ജീവിതത്തിലേക്ക് കയറി വരികയാണ്. സന്തോഷം കിട്ടാനായി നമ്മളെന്തെങ്കിലും ചെയ്യണം. സങ്കടം വരാനായി നമ്മളൊന്നും ചെയ്യണ്ട.

= ചിരിയുടെ ആൾരൂപങ്ങളെക്കാണുമ്പോൾ ചാർലി ചാപ്ലിൻ

ചാർലി ചാപ്ലിൻ

ചാർലി ചാപ്ലിൻ

മുതലിങ്ങോട്ടേക്ക് കാഴ്ചക്കാരെ ചിരിപ്പിക്കാൻവേണ്ടി ജീവിതം മാറ്റിവച്ച മുഴുവൻ മനുഷ്യരെയും എനിക്കോർമവരും. ചാപ്ലിൻ തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് ‘ക്ലോസപ്പിൽ കാണുമ്പോൾ ജീവിതം ഒരു ദുരന്തമാണ്. പക്ഷേ ലോങ് ഷോട്ടിൽ ഒരു കോമഡിയും'. ലാഫിങ് വില്ലയിൽ സലിംകുമാർ ഇങ്ങനെ ജീവിക്കുന്ന സമയത്ത് മറ്റെവിടെയോനിന്ന് കാണികൾ നിങ്ങളെ അസൂയയോടെ നോക്കുന്നുണ്ടാവും. പക്ഷേ ഞാൻ താങ്കളെ അടുത്തുനിന്നിങ്ങനെ കാണുകയാണ്. നടക്കാനൊക്കെ ബുദ്ധിമുട്ടുള്ള... ശാരീരികമായ അസ്വസ്ഥതകൾ ഉള്ള...!

= ജീവിതവുമായി ബന്ധപ്പെട്ടാലോചിച്ചാൽ എനിക്ക് ചിരിക്കാൻ തോന്നില്ല. ആലോചിക്കുന്തോറും എപ്പോഴും ദുഃഖങ്ങൾ മാത്രം അടിഞ്ഞുകൂടും. ആത്യന്തികമായി സങ്കടങ്ങൾ മാത്രമേയുള്ളൂ. അതിനിടയിൽ വല്ലപ്പോഴും കിട്ടുന്ന ഒരു അനുഭവമാണ് ചിരി. എന്റെ അമ്മയെ ഓർക്കാതിരിക്കുന്ന ഒരു നിമിഷംപോലും എന്റെ ജീവിതത്തിലില്ല. അതിനിടയിൽ ചിരിക്കാൻ എനിക്കെവിടെയാണ് സമയം. കൂടെപ്പിറന്ന പലരും ഇപ്പോൾ ഒപ്പമില്ല. അതുപോലെ കൂടെ അഭിനയിച്ച പലരും ഇന്ന് എനിക്കൊപ്പമില്ല. ഈ ഇടവേളയിൽനിന്ന് ചിരിക്കാനുള്ള ഇടം കണ്ടെത്താനാണ് ലാഫിങ് വില്ല എന്ന പേര് പോലും.

? ചെയ്യാവുന്നതെല്ലാം സിനിമക്കുവേണ്ടി ചെയ്തുകഴിഞ്ഞു എന്ന തോന്നലിലേക്ക് ഒരു നടൻ എത്തിച്ചേരുന്ന സന്ദർഭങ്ങൾ ഉണ്ട്. വലിയ നടന്മാരൊക്കെ ഒരു ഘട്ടം കഴിഞ്ഞാൽ ഇടയ്ക്കൊക്കെ വന്ന് തങ്ങളുടെ സാന്നിധ്യമറിയിക്കുകയാണ് പതിവ്. ഇപ്പോൾ സലിംകുമാറും അതുപോലെതന്നെ. സിനിമയോടൊപ്പം അമ്പരപ്പിക്കുന്ന വേഗത്തിൽ ചുറ്റുമുള്ള ലോകവും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ‘സ്ഫടികം' പോലത്തെ പഴയ ജനറേഷൻ സിനിമകളൊക്കെ റീറിലീസ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്തുകൂടിയാണ് നാമിപ്പോൾ.

എന്നാൽ സിനിമയിൽ ഇരുപത്തേഴ് വർഷം പൂർത്തിയാക്കിയ സലിം കുമാറിന് പഴയ ജനറേഷൻ പുതിയ ജനറേഷൻ എന്ന പ്രശ്നം, അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മാറിയ സാങ്കേതിക വിദ്യകൾക്കും സലിം കുമാറിനെ ആവശ്യമുണ്ട്. നവമാധ്യമങ്ങൾ ട്രോളുകളിലൂടെയും മറ്റും താങ്കളെ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. സന്തോഷം തോന്നാറില്ലേ.

= തീർച്ചയായും. ട്രോളുകളെല്ലാം ഞാനും കാണാറുണ്ട്.

സോഷ്യൽ മീഡിയയിലെ ഈ ട്രോളുകൾ പഴയ കാർട്ടൂണിന്റെ ധർമമാണ് നിർവഹിക്കുന്നതെന്നാണ് എന്റെ തോന്നൽ. വിമർശനത്തിന്റെ പുതിയ രൂപം. മറ്റെല്ലാവരെയും പോലെ അതൊക്കെ ഞാനും ആസ്വദിക്കാറുണ്ട്.

? അതുപോലെ സലിംകുമാറിന്റെ പഴയ കോമഡികളിൽ പലതും യൂട്യൂബിലൊക്കെ ഇപ്പോഴും വൈറലാണ്...

= ചിലതെല്ലാം കണ്ട് ഞാനും ചിരിക്കാറുണ്ട്. കാരണം നടൻ എന്നതിലുപരി ഞാനും നിങ്ങളെപ്പോലെ ഒരു പ്രേക്ഷകനാണല്ലോ.

?സലിംകുമാറിനെപ്പോലെ ഒരാൾ ഇവിടുത്തെ സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചൊരു കാലം ‘ബോഡിഷെയിമിങ്ങി’ന്റേതായ വസന്തകാലമാണ്... എന്നാൽ ഇന്നിപ്പോൾ നമ്മളങ്ങനെയൊരു കാലത്തല്ല നിൽക്കുന്നത്. പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ചുള്ള ബോധം സിനിമയെയും അതിലെ ഹാസ്യസന്ദർഭങ്ങളെയും പല രീതിയിൽ മാറ്റുന്നുണ്ട്.

താങ്കൾതന്നെ സിനിമയിൽ പറഞ്ഞ ‘കാണാൻ ലുക്കില്ലെന്നേയുള്ളൂ. ഫയങ്കര ബുദ്ധിയാ ' എന്ന ഡയലോഗൊക്കെ ഇന്ന് പറഞ്ഞാൽ വലിയ വിമർശനം കേൾക്കേണ്ടിവരും. ഈയടുത്ത് ഇതിന് സമാനമായ രീതിയിൽ മലയാളത്തിലെ ഒരു സംവിധായകനെപ്പറ്റി നടൻ മമ്മൂട്ടി നിർദോഷമെന്നു കരുതിയിരുന്ന ഒരു ഫലിതം പറഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം ആ കമന്റുണ്ടായതിന് ക്ഷമ പറഞ്ഞുകൊണ്ട് അദ്ദേഹംതന്നെ അത് പിൻവലിക്കുകയുണ്ടായി. പൊളിറ്റിക്കലി നമ്മൾ കൂടുതൽ ശരിയാവുന്നതോടൊപ്പം ചിരി കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടോ.

= സത്യം പറഞ്ഞാൽ ഞാൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറേക്കാലമായി. പണ്ട് മാസത്തിൽ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിൽ ചിരിയില്ലേ. ഈ പൊളിറ്റിക്കൽ കറക്ട്നസിനിടയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണമെന്ന കൺഫ്യൂഷനിലാണ് നമ്മുടെ സംവിധായകർ. ജാതിവിമർശനം പാടില്ല. മതവിമർശനം പാടില്ല. രാഷ്ട്രീയവിമർശനം പാടില്ല. പിന്നെങ്ങനെ ചിരിയുണ്ടാക്കും. ഒരുപാട് വിലക്കുകൾക്കിടയിൽ നമ്മുടെ ചിരി പ്രതിസന്ധിയിൽപ്പെട്ടിട്ടുണ്ട്.

എന്തിനെയും എതിർക്കുന്ന ചിലർ രൂപപ്പെട്ടിട്ടുണ്ട്. മുമ്പുകാലത്ത് പ്രായത്തിലോ പദവിയിലോ ഒക്കെ മുതിർന്നവർ പറയുന്ന നിർദോഷമായ ഫലിതങ്ങൾ നമ്മൾ ആസ്വദിച്ചിരുന്നു. അതിലെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമ്മൾ ക്ഷമിച്ചിരുന്നു.

ഇന്നങ്ങനെയല്ല. ഒരാൾ വായ തുറന്നാൽ പറയുന്നതിൽ എന്തെങ്കിലും വിമർശിക്കാനുണ്ടോ എന്ന് നോക്കി നിൽക്കുന്നവരാണ് കൂടുതലും. ആർക്കാണ് യഥാർഥത്തിൽ ബോഡി ഷെയിമിങ്.

ബോഡി ഷെയിമിങ്ങിനെ ഞാൻ ന്യായീകരിക്കുകയല്ല. ചില സന്ദർഭങ്ങളിൽ ഒരാളെ തിരിച്ചറിയാൻവേണ്ടി ഒരു കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാൾ എന്നൊക്കെ പറഞ്ഞിരുന്നു.

ബോഡി ഷെയിമിങ്ങിനെ ഞാൻ ന്യായീകരിക്കുകയല്ല. ചില സന്ദർഭങ്ങളിൽ ഒരാളെ തിരിച്ചറിയാൻവേണ്ടി ഒരു കഷണ്ടിയുള്ള ആള്, കറുത്ത് തടിച്ച ഒരാൾ എന്നൊക്കെ പറഞ്ഞിരുന്നു.

ഒപ്പം അവരുടെ ചില പ്രത്യേകതകളെ സൂചിപ്പിക്കാൻ പല ഉപമകളും പറയാറുണ്ട്. ആ രസകരമായ ഉപമകൾ ഇന്ന് ബോഡി ഷെയിമിങ്ങായി മാറി! മാനസികമായി ദ്രോഹിക്കുന്നില്ലെങ്കിൽ തമാശയ്ക്കുവേണ്ടി ഒരാളെ തിരിച്ചറിയാൻവേണ്ടിയൊക്കെ പലതും പറയില്ലേ. അത് തെറ്റാണോ. എനിക്കറിയില്ല.

ഒരാളെ സൂചിപ്പിക്കാൻ എന്തുപറയണമെന്ന കാര്യത്തിൽ ഇന്ന് പേടിയാണ്. ശരിക്കും ഇപ്പോൾ തമാശ പറയാൻ പാടില്ലേ. എനിക്ക് സംശയമുണ്ട്. ഒരവസ്ഥയെ സൂചിപ്പിക്കാൻപോലും ഇന്ന് ഒന്നുംപറയാൻ കഴിയില്ല. ഇങ്ങനെ പോയാൽ ചിരിപ്പിക്കാൻവേണ്ടി ഈ നാട്ടിൽ ഇനി ഒന്നും മിണ്ടാൻ പറ്റില്ല. സംസാരിക്കാൻവരെ സെൻസർ ബോർഡ് അംഗീകാരം നൽകേണ്ടതായി വരും.

?ശരിയാണ്. എങ്കിലും ജാതി പറയുന്നിടത്തുനിന്നൊക്കെ നാം നടന്നെത്തിയ ദൂരം ഒരു സമൂഹമെന്ന നിലയിൽ നമ്മെ ഏറെ മുന്നോട്ടേക്കല്ലേ കൊണ്ടുപോയത്...

= ശരിയായിരിക്കാം. പണ്ട് കലാഭവനിലായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ വീടില്ലാത്ത ഒരാൾക്ക് വീടുവെക്കാൻവേണ്ടി ഞങ്ങൾ ഒരു പാരഡി കാസറ്റ് ചെയ്തു. ഞാനും കലാഭവൻ മണിയുമൊക്കെ ചേർന്നാണ് അത് ചെയ്തത്. ആ കാസറ്റിലൂടെ ധാരാളം പണവും ഉണ്ടാക്കി. അതിൽ കൃഷ്ണൻ നായർ ഏത് ജാതിയാണ് എന്ന് ചോദിക്കുന്ന ഒരു സന്ദർഭമുണ്ട്. അതിന് മറുപടിയായി ഞാൻ ഉള്ളാടൻ എന്ന് പറയുന്നുണ്ട്.

അസംബന്ധമായ ഒരു ചോദ്യത്തിന് അസംബന്ധമായ ഒരു ഉത്തരം. വർഷങ്ങൾക്കുശേഷം ആ സംഭാഷണത്തിന്റെ പേരിൽ ഉള്ളാടൻ സമുദായക്കാർ എനിക്കെതിരെ കേസ് കൊടുത്തു. പിന്നീട് ഞാൻ വർഷങ്ങളോളം കോടതി കയറി. അതിൽ പങ്കെടുത്ത കലാഭവൻ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു. അവർക്കെതിരെ കേസില്ല! ഒടുവിൽ ഞാൻ മാത്രം പ്രതിയായി! ദളിതനായ ഒരാളെ സഹായിക്കാൻ കാസറ്റ് ഇറക്കിയതിന്റെ പേരിലൊരു പ്രതി.

അവസാനം കോടതി വെറുതെ വിട്ടെങ്കിലും അതിന്റെ പേരിൽ എത്ര സമയ നഷ്ടമുണ്ടായെന്നറിയുമോ. മനസ്സിൽപ്പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാൻ. ആ എന്നെപ്പോലും ഒരു വാക്കിന്റെ പേരിൽ കോടതി കയറ്റിയ നാടാണിത്.

? സലിംകുമാർ എന്ന ഈ പേരുപോലും ഒരു വലിയ രാഷ്ട്രീയബോധ്യത്തിന്റെ ഫലമാണ്...

‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ' എന്ന ആദർശം മുന്നോട്ടുവച്ച നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പനോടുള്ള അച്ഛന്റെ ആദരവു കാരണമാണ് എനിക്ക് ഈ പേരുവരാൻ കാരണം. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരുകളും ഓരോ മതവിശ്വാസത്തെ വെളിവാക്കുന്നുണ്ട്. അതിനെതിരായുള്ള ഒരു സമരമായിരുന്നു, സലിം എന്ന എന്റെ പേര്.

= ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ' എന്ന ആദർശം മുന്നോട്ടുവച്ച നവോത്ഥാന നായകനായ സഹോദരൻ അയ്യപ്പനോടുള്ള അച്ഛന്റെ ആദരവു കാരണമാണ് എനിക്ക് ഈ പേരുവരാൻ കാരണം. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരുകളും ഓരോ മതവിശ്വാസത്തെ വെളിവാക്കുന്നുണ്ട്. അതിനെതിരായുള്ള ഒരു സമരമായിരുന്നു, സലിം എന്ന എന്റെ പേര്. സ്കൂളിലെത്തിയപ്പോൾ കുമാർ എന്ന് ടീച്ചർ കൂട്ടിച്ചേർക്കുകയായിരുന്നു.

ആദാമിന്റെ മകൻ അബു സിനിമയിൽ സലിംകുമാർ

ആദാമിന്റെ മകൻ അബു സിനിമയിൽ സലിംകുമാർ

അന്ന് ചുറ്റുവട്ടത്തിലുള്ള ഹിന്ദുമതത്തിൽപ്പെട്ട പലരും ഇതേ സ്വാധീനത്തിൽ മുസ്ലിം പേരുകളും മറ്റുമൊക്കെയാണ് കുട്ടികൾക്ക് ഇട്ടിരുന്നത്. ജാതിയോ മതമോ തിരിച്ചറിയരുത് എന്ന ഉദ്ദേശ്യമായിരുന്നു അതിനുപിന്നിൽ. അല്ലെങ്കിൽ എല്ലാറ്റിനെയും പരസ്പരം കലർത്തിക്കളയുക എന്ന ചിന്ത. ഈ ചിന്ത എന്നെയും സ്വാധീനിച്ചിട്ടുണ്ട്.

ഇന്ന് ആയുധം ഇല്ലാത്ത ആളിന്റെ അഭയമാണ് ജാതി. ഞാൻ ഒരു ജാതി സംഘടനയിലും അംഗമല്ല എന്റെ മക്കളെയും അങ്ങനെ ചേർത്തിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ പലരും എന്നെ ഇക്ക എന്നാണ് വിളിച്ചിരുന്നത്. അവരുടെയൊക്കെ ധാരണ ഞാൻ മുസ്ലിം ആയിരുന്നു എന്നാണ്. ഞാനത് ഒരിക്കലും തിരുത്തിയിട്ടുമില്ല.കുറേക്കാലം സിനിമക്കാരും അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു.

? എന്തൊക്കെയായാലും ഇങ്ങനെയുള്ള വിമർശനത്തിന്റെ ഭാഗമായി ബോഡി ഷെയിമിങ്ങൊക്കെ മാറി വരുന്നുണ്ട്. ഒരു കാലത്ത്

ഇന്ദ്രൻസ്‌

ഇന്ദ്രൻസ്‌

ഇന്ദ്രൻസിന്റെ മെലിഞ്ഞ ശരീരം ആളുകളെ ചിരിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. സലിംകുമാറിന്റെ കറുത്ത ശരീരം, മാമുക്കോയയുടെ പുറത്തേക്ക് അല്പമുന്തിനിൽക്കുന്ന പല്ല് തുടങ്ങിയവയൊക്കെ ചിരി ഉല്പാദിപ്പിക്കാൻ കാരണമായിരുന്നു.

ഒപ്പം ഇതിലൂടെ റെപ്രസന്റ് ചെയ്യപ്പെടുന്ന മനുഷ്യന്മാർക്കും ഇത് മാനസികമായി വലിയ മുറിവുകൾ ഉണ്ടാക്കിയിരുന്നു. ഇന്നതെല്ലാം മാറി. പോസിറ്റീവായി കാര്യങ്ങൾ മാറുകയല്ലേ...

= ഞാൻ ബോഡി ഷെയിമിങ്ങിനെ ന്യായീകരിക്കുകയല്ല.ബോഡി ഷെയിമിങ് മാത്രമല്ലല്ലോ ചിരി. മനുഷ്യരെ ആക്ഷേപിക്കരുതെന്നേയുള്ളൂ. നിത്യജീവിതത്തിൽ ചിരി ഉണ്ടാക്കുന്ന സ്വാഭാവികമായ സന്ദർഭങ്ങൾ ഉണ്ടാവില്ലേ. ഉദാഹരണത്തിന് ഒരാൾ സൈക്കിളിൽനിന്ന് വീണാൽ പണ്ട് വീണവനും ചിരിക്കും, കണ്ടുനിന്നവനും ചിരിക്കും.

പൊളിറ്റിക്കൽ കറക്ട്‌നസിന്റെ പേരിൽ ഇന്നത് പാടില്ലാതായി. മലയാളി എന്ന പൊളിറ്റിക്കൽ കറക്ട്നസിന്റെ കോടതി ഇപ്പോൾ ആരെയും വെറുതേ വിടുന്നില്ല. ആരെന്തു പറഞ്ഞാലും അതിൽ ശിക്ഷിക്കാനുള്ള അവസരം കണ്ടെത്തുകയാണ്. സിനിമയോടുമാത്രമല്ല പുസ്തകങ്ങളോടും ചിത്രങ്ങളോടുമൊക്കെ നാമിതുതന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്...

?വായനയെക്കുറിച്ച് കേട്ടിരുന്നു. ‘മീശ’ എന്ന നോവൽ വായിച്ച് എസ് ഹരീഷിനെ വിളിച്ചതായിട്ട് എവിടെയോ കണ്ടിരുന്നു...

= അതെ. സമീപകാലത്ത് കേരളത്തിൽ വിവാദമായ ഒരു കൃതിയാണല്ലോ ‘മീശ’. അതിൽ എവിടെയാണ് പ്രശ്നം എന്ന് അറിയാൻവേണ്ടി ഞാനത് സൂക്ഷ്മമായി വായിച്ചിരുന്നു. എനിക്ക് അത്ഭുതം തോന്നി. എന്തിനാണ് വായനക്കാർ ഇത്രയധികം പ്രശ്നമുണ്ടാക്കിയത്.

എസ്‌ ഹരീഷ്‌

എസ്‌ ഹരീഷ്‌

ആദ്യഘട്ടത്തിൽ എഴുത്തുകാരൻ എന്തോ തെറ്റ് ചെയ്തു എന്ന നിലയിൽത്തന്നെയാണ് ഞാനും വായിച്ചു തുടങ്ങിയത്. അവസാനം എല്ലാ മലയാളികൾക്കുംവേണ്ടി ഞാൻ എസ് ഹരീഷിനെ വിളിച്ച്‌ സോറി പറഞ്ഞിരുന്നു. കാരണം ഞാനുംകൂടി ഉൾപ്പെട്ട സമൂഹമാണ് അയാളെ കുറ്റവാളി ആക്കിയത്.

? ‘സിനിമയിലെ ആദ്യ ഷോട്ടിൽ കണ്ട എന്റെ മുഖം എനിക്കുപോലും ഇഷ്ടമായിരുന്നില്ല’ എന്ന് താങ്കൾതന്നെ ഒരിക്കൽ പറഞ്ഞിരുന്നു. തനിക്കുപോലും അപകർഷതാബോധമുണ്ടാക്കിയ ആ കാഴ്ചയിൽനിന്നാണ് ഇന്നീ കാണുന്ന വലിയ പദവിയിലേക്ക് ഒരു നടൻ എന്ന നിലയിൽ താങ്കൾ ഉയർന്നത്. ഒരു പക്ഷേ അന്നുവരേ കണ്ട സിനിമകൾ കൂടിയായിരിക്കാം നമ്മുടെ ഉള്ളിൽ ഈ രീതിയിലുള്ള സൗന്ദര്യ ധാരണകൾ സൃഷ്ടിച്ചത്. അല്ലേ?

= സിനിമ മാത്രമായിരിക്കില്ല. നമ്മുടെ സമൂഹം നമ്മിലടിച്ചേൽപ്പിച്ച ധാരണകൾ കൊണ്ടുകൂടിയായിരിക്കാം. സിനിമയ്ക്ക് കൂടി അതിൽ പങ്കുണ്ട് എന്നേയുള്ളൂ. ഇപ്പോഴായിരുന്നെങ്കിൽ അങ്ങനെ ഒരു ബോധം എന്നിൽ ഉണ്ടാകില്ല. കാരണം നമ്മുടെ സൊസൈറ്റി അവിടുന്ന് ഒരുപാട് ദൂരം മുന്നോട്ടുപോയി.

? സിബി മലയിൽ സംവിധാനം ചെയ്ത ‘നീ വരുവോളം ' എന്ന ചിത്രത്തിൽ കുറേയേറെ ഷോട്ടുകൾ ചെയ്യുകയും അവസാനം അത് ശരിയാവാതെ താങ്കളെ സംവിധായകൻ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്.

അതേ താങ്കൾ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. താങ്കളെ ഒഴിവാക്കിയ നീ വരുവോളം എന്ന സിനിമയിൽനിന്ന് ഏറ്റവും പുതിയ സിനിമവരെ ഇരുപത്തേഴ് വർഷം യാത്ര ചെയ്തപ്പോൾ ഒരു നടൻ എന്ന നിലയിൽ താങ്കളാർജിച്ച ശേഷി എന്താണ്...

= ‘നീ വരുവോളം' ചെയ്ത അതേ ഞാൻ തന്നെയാണ് ഇപ്പോഴും ക്യാമറക്ക്‌ മുന്നിൽനിന്ന് പെരുമാറുന്നത്. ഒരു മാറ്റവും ഇല്ല. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും നല്ല രീതിയിൽ പെർഫോം ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് അങ്ങനെയൊരു അവസരം വന്നത്.

ആദ്യം കുറച്ച് ഷോട്ടുകൾ എടുത്തു. പിന്നെ തിലകൻ ചേട്ടനും ജഗതിച്ചേട്ടനും ഞാനുമുള്ള ഒരു സീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും ആ ഷോട്ട് ഓകെ ആയില്ല. അവസാനം ടൈമിങ് ശരിയല്ല എന്നുപറഞ്ഞ് എന്നെ പറഞ്ഞയക്കുകയായിരുന്നു.

അന്ന് രാത്രി അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എന്നെ ഇറക്കി വിട്ടു. അദ്ദേഹം ടിക്കറ്റ് കൊണ്ടുവരുമെന്ന് വിചാരിച്ച്‌ ഞാൻ അവിടെത്തന്നെ കാത്തിരുന്നു. അവസാനം അപരിചിതനായ ഒരാളോട് ഇരുപതുരൂപ കടം വാങ്ങിയിട്ടാണ് നാട്ടിലെത്തിയത്. അന്ന് ട്രെയിനിൽനിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് വന്നത്. പിന്നീടാണറിഞ്ഞത് എനിക്കുപകരം ആ സിനിമയിൽ ഇന്ദ്രൻസാണ് അഭിനയിച്ചതെന്ന്.

സിബി മലയിൽ

സിബി മലയിൽ

അതിനാൽ സിനിമയിലെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ല എന്ന് കരുതിയവനാണ് ഞാൻ. വർഷങ്ങൾക്കുശേഷം അതേ സിബി മലയിലിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. എന്നാൽ എന്റെ അഭിനയത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാം ഒാക്കെയായി. അന്ന് എങ്ങനെയാണോ അഭിനയിച്ചത് അതുപോലെതന്നെ ഞാൻ ഇന്നും അഭിനയം തുടരുന്നത്. കാലം മാത്രമേ മാറിയിട്ടുള്ളൂ. മാത്രമല്ല അഭിനേതാവ് എന്ന നിലയിൽ പുതുതായി ഒന്നും ഞാൻ ആർജിച്ചിട്ടുമില്ല.

? പിന്നെ എന്തുകൊണ്ടായിരിക്കാം അന്ന് ഒഴിവാക്കപ്പെട്ടത്...

= അതെനിക്കറിയില്ല. എന്നാൽ പിന്നീട് അതേ സിബി മലയിൽതന്നെ ജൂറി ചെയർമാൻ ആയിട്ടുള്ള കമ്മിറ്റിയാണ് എനിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് തന്നത്. സലിംകുമാർ എന്ന മനുഷ്യനിൽ അല്ലാതെ നടനിൽ ഒരു ചെയ്ഞ്ചും ഉണ്ടായിട്ടില്ല.

?പിൽക്കാലത്ത് വേറിട്ട ശൈലികളായിത്തീർന്നവയൊന്നും തുടക്കത്തിൽ ഐഡന്റിഫൈ ചെയ്തിട്ടുള്ളവയല്ല. സലിംകുമാറിന്റെ ഹാസ്യ ശൈലിക്കുപോലും നാടകത്തിന്റെ ഒരു പാരഡി സ്വഭാവമുണ്ടായിരുന്നു. ‘അച്ഛനാണത്രേ, ഓ... മൈ ഇന്ദുലേഖ ഞാനത് ചെയ്യാൻ പാടില്ലായിരുന്നു', ‘ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ' ചില സംഭാഷണങ്ങളിൽ നേരിട്ടുതന്നെ ഇങ്ങനെയൊരു ശൈലി തെളിഞ്ഞുകാണാം...

= ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നാടകത്തിലെ ആർട്ടിസ്റ്റുകൾ പറയുന്നതുപോലെ ചെയ്യാറുണ്ട്. എന്നാൽ സീരിയസ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ സ്വാഭാവികമായ അഭിനയരീതി കൊണ്ടുവരും. ഇതുതന്നെ മാധ്യമപരമായ വ്യത്യാസവും കൂടിയാണ്.

‘അച്ഛൻ ആണത്രെ അച്ഛൻ', ‘അച്ഛനെ കാണണമെന്ന് ചെറുപ്പത്തിൽ വാശിപിടിച്ചു കരയുമ്പോൾ പള്ളിയിലെ അച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ അമ്മ'. തീർത്തും നാടകത്തിൽ സംഭാഷണം പറയുന്നതുപോലെയാണ് ചിലതൊക്കെ ചെയ്തത്. അപ്പോഴേ ചിരിയുണ്ടാകൂ. ഒന്നിനെ ചിരിയിലേക്ക് വളർത്താൻ പല സാധ്യതകൾ ഉപയോഗിക്കുന്നു അത്രമാത്രം.

? മിമിക്രിയല്ലാതെ നാടകവും കളിച്ചിരുന്നോ...

= മിമിക്രിയും നാടകവും പാട്ടുമൊക്കെ പരീക്ഷിച്ചിരുന്നു. കാരണം എങ്ങനെയെങ്കിലും നാലാളുകൾ അറിയുന്ന ഒരു കലാകാരനായിത്തീരണം എന്നായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെ ആഗ്രഹം. ആ ആഗ്രഹം പൂർത്തീകരിക്കാൻ എന്തും ചെയ്യുക. ചിറ്റാട്ടുകര എൽപി സ്കൂളിലും പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിലുമായിരുന്നു ഞാൻ പഠിച്ചത്.

അവിടെ അവസാന പിരീഡിൽ ഞാൻ പാട്ടുക്ലാസിനൊക്കെ ചേർന്നിരുന്നു. എനിക്കാണെങ്കിൽ പാട്ടിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഞാൻ പാടുമ്പോൾ അന്ന് ടീച്ചറുടെ മുഖം കാണേണ്ടതായിരുന്നു!
എന്റെ വീട്ടിലാണെങ്കിൽ ഇതൊന്നും ശരിയായി പറഞ്ഞുതരാൻ കലയുമായി ബന്ധമുള്ള ആരുമുണ്ടായിരുന്നില്ല. അന്ന് എന്റെ കൂടെ പഠിച്ചിരുന്ന കൃഷ്ണകുമാർ നന്നായി പാടുമായിരുന്നു. അവനാണ് എനിക്ക് ‘പുലയനാർ മണിയമ്മ' എന്ന പാട്ട് പഠിപ്പിച്ചുതന്നത്.

പിന്നീട് പാട്ട് മത്സരങ്ങളിൽ പങ്കെടുക്കലായിരുന്നു എന്റെ സ്ഥിരം പരിപാടി. എനിക്കാണെങ്കിൽ ഒരിടത്തുനിന്നും ഒരു സമ്മാനംപോലും കിട്ടിയിരുന്നില്ല. എന്നാലും ഞാൻ പിന്നെയും കുറേ സിനിമാ പാട്ടുകളൊക്കെ പഠിച്ചു. ആ സമയത്താണ് ചെറിയതരത്തിൽ മിമിക്രിയൊക്കെ തുടങ്ങിയത്.

ഒരു ദിവസം സ്കൂളിലെ സുജാത ടീച്ചറാണ് എന്റെ മുഖത്തുനോക്കി എനിക്ക് പാട്ടുപാടാൻ കഴിവില്ലെന്നു പറഞ്ഞത്. എന്റെ കഴിവ് ശബ്ദാനുകരണത്തിലാണെന്നും അതുമായി മുന്നോട്ടുപോകണമെന്നും പറഞ്ഞു. അന്ന് നിർത്തിയതാണ് എന്റെ പാട്ട്. ഒരു കണക്കിന് അവരുടെ സത്യസന്ധതയാണ് എന്നെ ഇവിടംവരെ എത്തിച്ചത്.

പിന്നീട് സ്റ്റേജിൽ ഞാൻ മിമിക്രി താരമായിട്ട് പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതുവരെയുള്ള മിമിക്രിയിൽനിന്ന് വ്യത്യസ്തമായിട്ടായിരുന്നു എന്റെ മിമിക്രി.അതുവരെ പ്രകൃതിയിലെ ശബ്ദങ്ങൾക്കായിരുന്നു മിമിക്രിയിൽ പ്രാധാന്യം. ഞാനാണെങ്കിൽ സിനിമാ നടന്മാരുടെ ശബ്ദവും ചലനവും ഒക്കെ അവതരിപ്പിച്ചു തുടങ്ങി.

പിന്നീട് സ്റ്റേജിൽ ഞാൻ മിമിക്രി താരമായിട്ട് പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതുവരെയുള്ള മിമിക്രിയിൽനിന്ന് വ്യത്യസ്തമായിട്ടായിരുന്നു എന്റെ മിമിക്രി.അതുവരെ പ്രകൃതിയിലെ ശബ്ദങ്ങൾക്കായിരുന്നു മിമിക്രിയിൽ പ്രാധാന്യം. ഞാനാണെങ്കിൽ സിനിമാ നടന്മാരുടെ ശബ്ദവും ചലനവും ഒക്കെ അവതരിപ്പിച്ചു തുടങ്ങി. ആദ്യഘട്ടത്തിൽ അത് മിമിക്രി അല്ലെന്നുപറഞ്ഞ്‌ സമ്മാനങ്ങൾ നിഷേധിക്കപ്പെട്ടു. അന്ന് സ്കൂളിലെ ടീച്ചർമാരുടെ മക്കൾക്കായിരുന്നു സമ്മാനം.

പക്ഷേ സുജാത ടീച്ചർ അപ്പോഴും പ്രോത്സാഹിപ്പിച്ചു. സലീമേ പറവൂർ ബോയ്സ് ഹൈസ്കൂളിനപ്പുറവും ലോകമുണ്ട് അത് നിന്നെ കാത്തിരിക്കുന്നുണ്ട് എന്നവർ ഓർമിപ്പിച്ചു.

മാല്യങ്കര കോളേജിലും മഹാരാജാസ് കോളേജിലുമൊക്കെ

 ഹരിശ്രീ അശോകൻ ,നാദിർഷ, സലിംകുമാർ, ഭരതൻ മാഷിനൊപ്പം

ഹരിശ്രീ അശോകൻ ,നാദിർഷ, സലിംകുമാർ, ഭരതൻ മാഷിനൊപ്പം

എത്തിയതോടെ ഞാൻ മിമിക്രിക്കാരനായി അറിയപ്പെട്ടു തുടങ്ങി. അക്കാലം എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നുതവണ മിമിക്രിക്ക് എനിക്കായിരുന്നു ഒന്നാം സ്ഥാനം. അവിടെ നിന്നാണ് കൊച്ചിൻ കലാഭവനിലേക്കും സാഗറിലേക്കും ഏഷ്യാനെറ്റിലേക്കുമൊക്കെ ഞാൻ എത്തിപ്പെടുന്നത്. മാത്രമല്ല പ്രൊഫഷണൽ നാടക ഗ്രൂപ്പായ ആരതി തീയേറ്ററിലും ഞാൻ അംഗമായിരുന്നു.

ഇതിനിടയിൽ ഗോദോയെകാത്ത് പോലുള്ള പ്രശസ്തങ്ങളായ ഒട്ടേറെ അമച്വർ നാടകങ്ങളും കളിച്ചു. ഇതിന്റെയൊക്കെ സ്വാധീനം എന്റെ അഭിനയത്തിലുമുണ്ട്.

? കൊച്ചിൻ കലാഭവനിൽ എത്രകാലമുണ്ടായിരുന്നു...

= കലാഭവനിൽ ഞാൻ മൂന്നുവർഷം വർക്ക് ചെയ്തു. അന്ന് ഇരുന്നൂറ്റി അമ്പതുരൂപയായിരുന്നു ഒരു പ്രോഗ്രാമിന് കിട്ടിയത്. അന്ന് ജീവിക്കാൻ അതൊക്കെ മതിയായിരുന്നു.

?പിന്നെ കലാഭവൻ വിട്ടത് എന്തുകൊണ്ടായിരുന്നു.

= അത് അബിയുടെ ട്രൂപ്പായ കൊച്ചിൻ സാഗറിലേക്ക് എന്നെ വിളിച്ചതിനാൽ. അവിടയൊരു മൂന്നുനാല് കൊല്ലം വർക്ക് ചെയ്തു. പിന്നെ സിനിമയിൽ വന്നു.

?നാലാൾ അറിയുന്ന ഒരാളായിത്തീരണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് സലിംകുമാർ നടനായി മാറിയത്. എന്നാൽ അങ്ങനെ ആഗ്രഹമുള്ളവരിൽ പലരും കലാമണ്ഡലത്തിലും കലാഭവനിലുമൊക്കെ ചേർന്ന് ആ പേര് തന്റെ പേരിനൊപ്പം ചേർത്ത് ഉപയോഗിക്കുകയാണ് പതിവ്. അങ്ങനെയുള്ള എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.

പക്ഷേ സലിംകുമാർ ഒരിക്കലും കലാഭവൻ സലിംകുമാർ എന്ന് പേരിനൊപ്പം ചേർത്തുവെച്ചിട്ടില്ല. ആരുടെയെങ്കിലും ചുമലിൽ കയറി എന്നെ നാലാൾ അറിയണ്ട എന്ന നിലപാടായിരുന്നോ അത്...

= അതെ. അത് എന്റെ തീരുമാനം തന്നെയായിരുന്നു. പണ്ട് ആളുകൾ രണ്ടുവേദിയിൽ കയറിയാൽ മൂന്നാമത്തെ വേദിയിലാവുമ്പോഴത്തേക്കും രാജേഷ് പറവൂർ, കൃഷ്ണൻ പറവൂർ എന്നൊക്കെ സ്ഥലപ്പേരുവച്ച് തുടങ്ങും. പക്ഷേ ഞാൻ അന്നും സലിംകുമാർ തന്നെയായിരുന്നു. കലാഭവന്റെ പടിക്കൽ കൂടിപോയ ആർട്ടിസ്റ്റുകളും കലാഭവൻ എന്ന് പേരിനൊപ്പം ചേർക്കുമായിരുന്നു.

എന്നോടും അങ്ങനെ വെക്കാൻ ചിലർ പറഞ്ഞിരുന്നു. എനിക്കൊരു പേരുണ്ടല്ലോ. അതിലൂടെ അറിയപ്പെടുന്നെങ്കിൽ മാത്രം അറിയപ്പെട്ടാൽ മതി എന്ന് ഞാൻ പറഞ്ഞു. സലിം കുമാർ എന്ന് മതി. ഡക്കറേഷൻ വേണ്ടാന്ന്.

? തൊണ്ണൂറുകളിൽ മിക്രിയിലൂടെയായിരുന്നു ഒട്ടുമിക്ക താരങ്ങളും മലയാളസിനിമയിലേക്ക് എത്തിപ്പെട്ടത്. അതിന്റെ സ്വാധീനം സിനിമയിലും ഉണ്ടായിരുന്നു. സലിംകുമാറിന്റെ ഹാസ്യം പോലെ തന്നെ മിമിക്രിയും മറ്റുള്ളവരിൽനിന്ന് വേറിട്ടതായിരുന്നു എന്ന് കേട്ടിട്ടുണ്ട്...

= ഞാൻ കോളേജിൽ എത്തിയതോടുകൂടി മിമിക്രിയിൽ എല്ലാവരും സിനിമാതാരങ്ങളെ അനുകരിച്ചുതുടങ്ങിയിരുന്നു. ഞാൻ അപ്പോൾ അടുത്ത കളത്തിലേക്ക് മാറി. ഞാൻ രാഷ്ട്രീയക്കാരെ അനുകരിച്ചു തുടങ്ങി. ഞാനാണ് ആദ്യമായി രാഷ്ട്രീയക്കാരെ മിമിക്രിയിൽ കൊണ്ടുവന്നത്.

കരുണാകരൻ, നായനാർ, കെ എം മാണി, ജോർജ്, എം വി രാഘവൻ അങ്ങനെ വ്യത്യസ്ത രാഷ്ട്രീയക്കാർ. സിനിമാക്കാരുടെ ശബ്ദത്തിനിടയിൽ ഇത് വേറിട്ടുനിന്നു. ആളുകൾക്കത് കൗതുകമായി. മാത്രമല്ല എനിക്ക് രാഷ്ട്രീയപ്രസംഗം വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാൻ ഇവരുടെയൊക്കെ പ്രസംഗം നേരിട്ട് കേൾക്കാൻ പോകുമായിരുന്നു. അവിടുന്നാണ് ഞാൻ അവരുടെ ശബ്ദം പഠിച്ചെടുത്തത്.

ഒരു ഘട്ടത്തിൽ മിമിക്രി നന്നായി ചെയ്താൽ സിനിമയിൽ കയറാം എന്ന ഒരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും മിമിക്രിയിൽ കോൺസെൻട്രേറ്റ് ചെയ്തു തുടങ്ങി. ഞങ്ങൾ കുറേപ്പേർ അങ്ങനെ വന്നതുമാണ്. സിനിമയിലേക്ക് അതൊരു ഊടുവഴിയായിരുന്നു. ഇന്നതെല്ലാം മാറി.

കെ ആർ  ഗൗരിയമ്മ

കെ ആർ ഗൗരിയമ്മ

ഒരുകാലത്ത് മിമിക്രിയൊക്കെ ആളുകൾക്ക് അത്ഭുതം ആയിരുന്നു. ഇന്നിപ്പോൾ അത് മാറി. കാരണം എല്ലാവരും മിമിക്രിക്കാരായി മാറി. ഒന്നാമത് നിങ്ങൾക്ക് ഒരു ആർടിസ്റ്റിനെ മിമിക്‌ ചെയ്യണമെങ്കിൽ അയാളുടെ ശബ്ദം കേൾക്കാനുള്ള ഒരുപാട് അവസരങ്ങൾ ഇന്നുണ്ട്. പക്ഷേ ഞങ്ങളുടെ കാലത്ത് അങ്ങനെ ആയിരുന്നില്ല. ഇന്ന് ഒരു മൊബൈലിൽ ഒരു ശബ്ദം കേട്ട് പ്രാക്ടീസ് ചെയ്യാം. ഞാൻ ഗൗരിയമ്മയുടെ ശബ്ദം അനുകരിക്കാൻവേണ്ടി അവരുടെ ജാഥയോടൊപ്പംവരെ സഞ്ചരിച്ചിരുന്നു.

?ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു വിചിത്രമായ യാത്ര! മിമിക്രി പഠിക്കാൻ വേണ്ടി ഗൗരിയമ്മയോടൊപ്പം ജാഥയിൽ പങ്കെടുത്ത ആ അനുഭവം പങ്കുവെക്കാമോ...

= കെ ആർ ഗൗരിയമ്മയെ പാർടി പുറത്താക്കിയ കാലം. ആ സമയത്ത് അവർ ഒരു ജാഥ നടത്തിയിരുന്നു. എറണാകുളം മൂത്തകുന്നിൽ നിന്നായിരുന്നു ആ ജാഥ തുടങ്ങിയത്. തുടക്കം മുതൽ ഞാൻ ജാഥയുടെ കൂടെയുണ്ടായിരുന്നു.

ഗൗരിയമ്മയുടെ പ്രസംഗം കഴിഞ്ഞാൽ ഞാൻ ബസ് കയറി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പോകും. ഓരോ സ്ഥലത്തും ആ ജാഥ എത്തുന്നതിനുമുമ്പ് ഞാൻ അവിടെ എത്തിയിരിക്കും. അങ്ങനെ കൂത്താട്ടുകുളംവരെ പോയി. മിമിക്രി പഠിക്കാൻവേണ്ടി പദയാത്രയ്ക്ക് പോയ ഏക മനുഷ്യൻ ഞാനായിരിക്കും.

ഒടുവിൽ കൂത്താട്ടുകുളത്ത് ഒരു തെങ്ങിന്റെ മറവിൽനിന്ന് ഞാൻ ആ ശബ്ദം ചെയ്തു നോക്കി. ഉറപ്പിച്ചു. കിട്ടി!
ശേഷം എംജി യൂണിവേഴ്സിറ്റിയിൽ ഇന്റർസോണിന് ആ ശബ്ദം ചെയ്തു. കെ ആർ ഗൗരിയമ്മയെ വച്ച് സിനിമ പിടിക്കുന്നതായിരുന്നു എന്റെ ഐറ്റം.

അന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെയൊക്കെവച്ച് ചെയ്ത ഒരു സിനിമ സങ്കൽപ്പിച്ചു. നായിക കെ ആർ ഗൗരിയമ്മ. അത് ഭയങ്കര കൈയടി നേടി.

ഇന്ന് ഒരു മിമിക്രിക്കാരന് ഒരു ശബ്ദം അനുകരിക്കാൻ ഇത്തരമൊരു ദുർഘടമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ കാലത്തിന്റെ മാറ്റം.

? ആളുകളെ രസിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. എന്നാൽ ഏറ്റവും ബുദ്ധിമുട്ട് ആളുകളെ ചിരിപ്പിക്കുകയാണെന്ന് കേട്ടിട്ടുണ്ട്.എന്നാൽ സലിംകുമാർ വർഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്...

= ശരിയായിരിക്കാം. സിനിമയിലാണെങ്കിൽത്തന്നെ മറ്റെല്ലാത്തിനും മ്യൂസിക്കിന്റെ പിന്തുണയുണ്ടാവും. ഹാസ്യം ഒഴിച്ച് മറ്റേതു ഭാവവും ഒരു നടൻ ആവറേജായി ചെയ്താലും അയാളെ സഹായിക്കാൻ മറ്റു പല കാര്യങ്ങളും കാണും. എന്നാൽ ഹാസ്യത്തിന് അങ്ങനെ പറ്റില്ല. ഒരാൾ ഒറ്റയ്ക്ക് തന്നെചെയ്ത് അത് തെളിയിക്കണം.

? ചിരിപ്പിക്കുന്ന സലിംകുമാർ എന്ന നടനിൽ വേറിട്ട ഒരു ചിരിയുണ്ട്. ഒരു പടക്കം പൊട്ടുന്ന മാതിരിയുള്ള ഒരു ചിരി. ഈ ചിരി ഒരു സാധ്യതയാണെന്ന് ഐഡന്റിഫൈ ചെയ്തത് എപ്പോഴായിരുന്നു.

= ചെയ്ത് ചെയ്ത് അത് എപ്പോഴോ ശരിയായി. എനിക്കുതന്നെ ഓർമയില്ല.അതിനാണ് മാർക്കറ്റ് എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾപ്പിന്നെ ബോധപൂർവം റിപ്പീറ്റ് ചെയ്യാൻ തുടങ്ങി.

?എല്ലാ രാജ്യത്തും എല്ലാക്കാലത്തും ഒരു ജാലവിദ്യക്കാരൻ ഉണ്ടാകുമെന്ന് ‘ദൈവത്തിന്റെ വികൃതികളിൽ ' അൽഫോൻസച്ചനെ പരിചയപ്പെടുത്തുന്ന സമയത്ത് എം മുകുന്ദൻ എഴുതിയിരുന്നു. സലിംകുമാറിനെ കാണുമ്പോൾ ഞാൻ ആ വാക്യം ഓർമിക്കുകയായിരുന്നു. ഹാസ്യനടന്മാർക്കും നടിമാർക്കും മലയാളം വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന് തോന്നിയിട്ടില്ലേ...

= നമ്മൾ എപ്പോഴും ഹാസ്യത്തിന്റെ മേന്മ പറയാൻ ചാർലി ചാപ്ലിന്റെയും മറ്റും സിനിമകളാണ് ഉദാഹരിക്കാറുള്ളത്. മറിച്ച് ജഗതിശ്രീകുമാറിനെയോ ബഹദൂറിനെയോ ഒന്നും നമ്മൾ പറയാറില്ല. യഥാർഥത്തിൽ എത്ര മഹത്തായ തമാശകളാണ് അവർ മലയാളത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. നോർമൽ ജീവിതത്തിൽ നമ്മൾ ഈ തമാശകളൊക്കെ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കും. എന്നാലും ഒരു പ്രൗഢഗംഭീരമായ സദസ്സിലെത്തുമ്പോൾ നാം ചാപ്ലിനെ ഉദാഹരിക്കും.

അവിടെ നിങ്ങൾ സലിംകുമാറിനെ പറഞ്ഞാൽ നിങ്ങളെ ഒരു നിലവാരത്തകർച്ചയുള്ള ആളായിട്ടാണ് മറ്റുള്ളവർ കാണുക. മലയാളിയുടെ പലതരം കുഴപ്പങ്ങളിൽ ഒന്നാണ് ഇതും.നമ്മൾ ഒരു ലേഖനം എഴുതുമ്പോൾ ഉദ്ധരണികൾ പലപ്പോഴും വിദേശത്തുനിന്നാണ് കടം കൊള്ളാറുള്ളത്. അതുപോലെത്തന്നെയാണ് ഇതും.

നമ്മൾ പൗലോ കൊയ്ലോ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് തുടങ്ങുക.ഉദ്ധരണിക്കുവേണ്ടി നാം നേരെ ഫ്ളൈറ്റെടുത്ത് വിദേശത്തേക്ക് പോവുകയാണ് ചെയ്യാറുള്ളത്. ഉദ്ധരണിക്കുവേണ്ടി ഫ്ളൈറ്റിൽ സഞ്ചരിക്കുന്നവർ മലയാളികൾമാത്രമേ ലോകത്തുണ്ടാവുകയുള്ളൂ.

നമ്മൾ പൗലോ കൊയ്ലോ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് തുടങ്ങുക.ഉദ്ധരണിക്കുവേണ്ടി നാം നേരെ ഫ്ളൈറ്റെടുത്ത് വിദേശത്തേക്ക് പോവുകയാണ് ചെയ്യാറുള്ളത്. ഉദ്ധരണിക്കുവേണ്ടി ഫ്ളൈറ്റിൽ സഞ്ചരിക്കുന്നവർ മലയാളികൾമാത്രമേ ലോകത്തുണ്ടാവുകയുള്ളൂ.

?ഒരിക്കൽ ചിരിപ്പിച്ചിരുന്നവരെല്ലാം വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. അവർക്കെല്ലാം നല്ല കഥാപാത്രങ്ങൾ കിട്ടുകയും ചെയ്തു. അതിന്റെ തുടക്കങ്ങളിലൊന്ന് സലിംകുമാറിൽ നിന്നായിരുന്നു. സലിംകുമാർ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് അങ്ങനെ തുടരുന്നു ആ നിര. അന്ന് അങ്ങനെ വഴിമാറിനടക്കാൻ എന്തായിരുന്നു കാരണം...

സുരാജ് വെഞ്ഞാറമൂട്

സുരാജ് വെഞ്ഞാറമൂട്

= അത് സ്വാഭാവികമായി സംഭവിച്ചതാണ്.അല്ലാതെ ഞാൻ അതിന്റെ പിന്നാലെ പോയതല്ല. ഒരു ഹാസ്യനടനും ഇവിടെ മനഃപൂർവം അങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയില്ല. നടന്മാർ അങ്ങനെ തീരുമാനമെടുക്കണമെങ്കിൽ ഒരു നടൻ അത്രയും ഉയർന്ന പദവിയിൽ ആയിരിക്കണം. എന്നാലും ഓരോ നടന്റെയും നടിയുടെയും തെരഞ്ഞെടുപ്പ് പ്രധാനംതന്നെയാണ്.

? മലയാള സിനിമയിൽ സലിംകുമാർ ഉൾപ്പെടെ ചിരിപ്പിച്ചുപോയവരുടെ ഒരു മഹാശ്രേണി നമ്മുടെ മുന്നിലുണ്ട്. സിനിമ ഒരു പക്ഷേ ഇവരോട് നന്ദി കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഓരോ സംവിധായകനും ഹാസ്യ റോളുകൾ വാഗ്ദാനംചെയ്ത് ഈ പടി കടന്നുപോകുമ്പോൾ ഇവരിൽ ആരെങ്കിലും ക്യാരക്ടർ റോളുമായി വന്നവരായിരുന്നെങ്കിൽ എന്ന് സ്വകാര്യമായി ആലോചിച്ചിട്ടുണ്ടാവില്ലേ...

= ഒരു പാത്രത്തിൽ ക്യാരക്ടർ റോളും മറ്റൊരു പാത്രത്തിൽ ഹാസ്യറോളും കൊണ്ടുവച്ചാൽ ഞാൻ ഏത് റോള് തിരഞ്ഞെടുക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? തീർച്ചയായും അത് ഹാസ്യം തന്നെയായിരിക്കും. ഒരു പക്ഷേ അതിന് അംഗീകാരമൊന്നും കിട്ടില്ലായിരിക്കും. അംഗീകാരം കിട്ടണമെങ്കിൽ ഈ നാട്ടിൽ ഇപ്പോഴും സീരിയസ് വേഷം തന്നെ ചെയ്യണം.

അത് നമ്മുടെ നാടിന്റെ പരിമിതിയാണ്. നേരത്തെ പറഞ്ഞപോലെ ഹാസ്യത്തിനെ അംഗീകരിക്കാൻ നമുക്കിപ്പോഴും ബുദ്ധിമുട്ടാണ്. മണിരത്നത്തിന്റെ ‘കടൽ 'എന്ന സിനിമയും ലാലിന്റെ കോബ്ര എന്ന സിനിമയും ഒരുമിച്ചുവന്നപ്പോൾ ഞാൻ കോബ്രയാണ് തെരഞ്ഞെടുത്തത്.

? അയ്യോ! അത് സങ്കടമായിപ്പോയി. മണിരത്നം സിനിമ ഉപേക്ഷിച്ചതിന്റെ വേദന പിൽക്കാലത്ത് ഉണ്ടാവില്ലേ...

= ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെ പ്രശസ്തരായ പലരുടെയും പടങ്ങൾ ഞാൻ ഉപേക്ഷിച്ചിട്ടുണ്ട് തമിഴിൽ ബാലയുടെ മൂന്നു പടം ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. ‘നാൻ കടവുൾ ' എന്ന സിനിമയിലെ പ്രധാന വില്ലൻ വേഷം ചെയ്യാൻ ബാല എന്നെയായിരുന്നു ആദ്യം സമീപിച്ചത്. ഞാൻ വേണ്ടെന്ന് വച്ചതാണ്.

? ഹൊ... ഇതൊക്കെ വലിയ സങ്കടം തന്നെ. അതെന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കുന്നത്...

= ഞാൻ മൂന്ന് തമിഴ് പടങ്ങളിൽ അഭിനയിച്ചിരുന്നു. ഒന്നാമത് തമിഴ് ഭാഷ എനിക്കത്ര വഴങ്ങില്ല. അന്യഭാഷയിൽ കാണാപ്പാഠം പഠിച്ച് വെറുതെ അവതരിപ്പിക്കുക എന്ന തോന്നലാണ് എനിക്ക് ഉണ്ടായത്. എന്റെ ആത്മാവ് ആ ക്യാരക്ടർ ആയിട്ട് അടുക്കാറില്ല അതിനുകാരണം ഭാഷ തന്നെയാണ്.

? അങ്ങനെയാലോചിച്ചാൽ സലിംകുമാർ എന്ന നടൻ ഒരു മലയാളി നടൻ മാത്രമാണ്...

= തീർച്ചയായും. ഞാനൊരു മലയാളി നടൻ മാത്രമാണ്.

? അതായത് സലിംകുമാർ എന്ന നടന് തന്നെ പൂർണമായി ആവിഷ്കരിക്കാൻ കഴിയുക തന്റെ ഭാഷയിൽക്കൂടി മാത്രമാണ് എന്ന്...

= അതെ. അങ്ങനെയാണ് ഞാൻ കരുതുന്നത്. നമ്മൾ സ്വപ്നം കാണുന്ന ഭാഷയിലേ നമുക്ക് ഏറ്റവും നന്നായി ആവിഷ്കരിക്കാൻ കഴിയുകയുള്ളൂ എന്ന വിശ്വാസക്കാരനാണ് ഞാൻ. അഭിനയവും അഭിനേതാവ് സ്വപ്നം കാണുന്ന ഭാഷയും തമ്മിൽ

അമ്മ കൗസല്യയോടൊപ്പം

അമ്മ കൗസല്യയോടൊപ്പം

വലിയ ബന്ധമുണ്ട്. ഞാൻ മലയാളത്തിൽ സ്വപ്നം കാണുന്ന ആളാണ്. ഞാൻ എന്ന് തമിഴ് സ്വപ്നം കാണുന്നോ അന്ന് ഞാൻ തമിഴിലെ പ്രധാന കഥാപാത്രങ്ങൾ ഏറ്റെടുക്കും.

? ഇത് പറഞ്ഞപ്പോഴാണ് ഒരു തോന്നൽ. നടനംപോലെ തന്നെ പ്രധാനപ്പെട്ടതാണ് പഠനവും.ഒരാൾക്ക് ഏറ്റവും നന്നായി ആവിഷ്കരിക്കാൻ കഴിയുക മാതൃഭാഷയിലൂടെയാണ് എന്നാണല്ലോ താങ്കളുടെ അനുഭവം. നമ്മുടെ വിദ്യാഭ്യാസമൊക്കെ മറിച്ചാണ്...

= എന്റെ മകന് മലയാളം അറിയില്ല എന്ന് അഭിമാനത്തോടുകൂടി പറയുന്ന രക്ഷിതാക്കളാണ് നമുക്ക് ചുറ്റും. ഇംഗ്ലീഷിൽമാത്രം അഭിമാനം കൊള്ളുന്നവരാണ് നാം. ഞാനൊരു സിനിമയിൽ ആശുപത്രിക്ക് ‘ഹോസ്പത്രി ' എന്ന് പറയുന്നുണ്ട്. അത് എന്റെ അമ്മയോട് അടുത്തുള്ള ഒരാൾ പറഞ്ഞതാണ്. പല ഇന്റർവ്യൂസും ശ്രദ്ധിച്ചാൽ അറിയാം.

എവിടെയൊക്കെ ഇംഗ്ലീഷ് കുത്തിക്കേറ്റാൻ പറ്റുമോ അവിടെയൊക്കെ മലയാളി മലയാളം ഉപേക്ഷിക്കും.അവർക്ക് നേരെ ചൊവ്വേ ഒരു ഭാഷ പറഞ്ഞാലെന്താ! നമ്മുടെ സ്വത്വത്തെ ഒളിപ്പിച്ചു വെക്കുകയാണ്. ഇംഗ്ലീഷ് പറഞ്ഞാൽ മാന്യനും മലയാളം പറഞ്ഞാൽ അധമനുമായി മാറുമെന്ന തോന്നലാണ് ആദ്യം മലയാളി മാറ്റേണ്ടത്.

? താങ്കൾ മലയാളം, തമിഴ് ബംഗാളി, ഒറിയ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അപ്പോൾ ഈ പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ലേ...

= ഉണ്ടായിട്ടുണ്ട്. അവര് പറഞ്ഞുതരുന്ന കാര്യങ്ങൾ അഭിനയിച്ചു കാണിച്ചുതരും. എന്റെ അഭിനയത്തിനുശേഷം അവർ ഓക്കെ പറയുമ്പോഴും എനിക്ക് സംതൃപ്തി കിട്ടാറില്ല.അവര് ഹാപ്പിയാണ്. പക്ഷേ ഞാൻ ഹാപ്പിയല്ല.

? ഇതിന്റെയൊക്കെ പേരിൽ സിനിമകൾ ഉപേക്ഷിച്ചാൽ ഒരു നടൻ എന്ന നിലയിൽ താങ്കളുടെ സാധ്യതകൾ പരിമിതപ്പെടുകയല്ലേ ചെയ്യുക?

കലാഭവൻ മണിയെപ്പോലുള്ള അഭിനേതാക്കൾ അന്യഭാഷാ ചിത്രങ്ങളിൽ ഗംഭീരമായി പകർന്നാടിയിട്ടുണ്ടല്ലോ...

= ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല. ഞാനിപ്പോൾ തമിഴിൽ അഭിനയിച്ചതുകൊണ്ട് ലോകം തീരുന്നില്ലല്ലോ. പിന്നെയും ലോകം നീണ്ടുകിടക്കുകയല്ലേ പലപല ഭാഷകളിൽ. എനിക്ക് എല്ലാ ഭാഷകളിലും അഭിനയിക്കണമെന്ന മോഹങ്ങളൊന്നും ഇല്ല. നമ്മൾ നമ്മുടെ ഭാഷാചിത്രങ്ങളിൽ ഏറ്റവും നന്നായി ആവിഷ്കരിച്ചാൽ അത് നല്ലതാണെങ്കിൽ ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കൊള്ളും.

ഒരു നായകനെ അന്യഭാഷയിൽനിന്ന് നമ്മൾ സ്വീകരിക്കും. ഒരു വില്ലൻ കഥാപാത്രം അന്യഭാഷയിൽനിന്ന് വന്നാൽ അതും നമ്മൾ സ്വീകരിക്കും. പക്ഷേ ഒരു ഹാസ്യതാരത്തിനെ നമ്മൾ സ്വീകരിക്കുകയില്ല. അതുപോലെതന്നെയാണ് തിരിച്ചും.

ഒരു ഹാസ്യതാരത്തിനും അന്യഭാഷയിൽ പ്രിയപ്പെട്ടവനായിത്തീരാൻ കഴിയില്ല. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ

വടിവേലു

വടിവേലു

വടിവേലു മലയാളത്തിൽവന്ന് അതേ ഹാസ്യം ചെയ്താൽ ഇവിടെ രക്ഷപ്പെടില്ല. മറിച്ച് വില്ലനായിട്ട് രക്ഷപ്പെടാം. കോമഡി പറ്റില്ല. ബാക്കി എല്ലാ കഥാപാത്രങ്ങളും ചെയ്യാം. ഒരു കോമഡി ആർട്ടിസ്റ്റ് അതാത് നാട്ടുകാരനായിരിക്കണം. കലാഭവൻ മണിയൊക്കെ തമിഴിലും തെലുങ്കിലും വില്ലൻ കഥാപാത്രം ചെയ്തുകൊണ്ടാണ് പേരെടുത്തത്.

? അപ്പോൾ അഭിനയത്തിൽ ഏറ്റവും പ്രധാനം ഹാസ്യമാണ് എന്ന്. നിങ്ങളുടെ മറ്റെല്ലാ വികാരങ്ങളെയും മറ്റേതു ഭാഷയിലും ആവിഷ്കരിക്കാൻ പ്രയാസമില്ല. പക്ഷേ ഹാസ്യം അങ്ങനെയല്ല എന്ന്...

= അതെ. കൊമേഡിയൻ ആ നാട്ടുകാരൻ ആയിരിക്കണം. നിങ്ങൾ നേരത്തെ പറഞ്ഞില്ലേ എന്റെ സിനിമയിലെ പല സംഭാഷണങ്ങളും പഴഞ്ചൊല്ലുപോലെ പതിഞ്ഞിട്ടുണ്ടെന്ന്. അത് എനിക്ക് ഈ നാടിന്റെ കൾച്ചർ അറിയുന്നതുകൊണ്ടാണ്. അല്ലെങ്കിൽ എനിക്ക് ഈ നാടിന്റെ ഓരോ മുക്കും മൂലയും അറിയുന്നതു കൊണ്ടാണ്. ഒരു സിനിമയിൽ എവിടെയെത്തി എന്ന ചോദ്യത്തിന് വാതുക്കൽ എത്തി എന്ന് പറയുന്നുണ്ട്.

അതിനു മറുപടിയായി പള്ളിവാതുക്കൽ ആണെങ്കിൽ ഒരു പൈന്റ്‌ വാങ്ങിച്ചോളൂ എന്ന് ഞാൻ പറയുന്നുണ്ട്. ഇതിലെ തമാശ നമ്മുടെ നാട്ടുകാരന് മാത്രമേ മനസ്സിലാവുകയുള്ളൂ. കാരണം പള്ളിവാതുക്കൽ വിഷമദ്യ ദുരന്തം നടന്ന സ്ഥലമാണ്. നമ്മുടെ ചരിത്രവും മണ്ണുമൊക്കെയായി ബന്ധപ്പെട്ടാണ് ചിരി ഉണ്ടാവുന്നത് എന്ന് ചുരുക്കം.

? പല വലിയ ആർടിസ്റ്റുകളുടെയും പ്രധാന പരിമിതി ഹാസ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണെന്ന് പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ മറ്റു വേഷങ്ങൾചെയ്ത്‌ അവർ വലിയ പദവികളിലേക്ക് കടന്നുപോകാറുണ്ട്. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഒരു കാര്യം തന്നെയാണ് അല്ലേ. എന്നാൽ ഒരു ബ്രാഹ്മണിക്ക് രീതിയിൽ നോക്കിയാൽ ഒന്ന് ഉന്നതവും മറ്റത് കീഴാളവും ആയിത്തീരുന്ന ഒരു സമീപനം ഉണ്ട് അല്ലേ...

= അതെ. ഹാസ്യം എപ്പോഴും പാവപ്പെട്ടവരുടേതാണ്.

സിനിമയിൽ ഹാസ്യം സൃഷ്ടിക്കൽ എപ്പോഴും ദരിദ്രന്റെ ചുമതലയായിരിക്കും.ഉയർന്ന പദവിയിൽ നിൽക്കുന്ന വക്കീൽ സിനിമയിൽ ഹാസ്യം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അയാൾ കേസ് ഇല്ലാത്ത ഒരു വക്കീൽ ആയിരിക്കും. അധ്യാപകൻ ആണെങ്കിൽ അയാൾ പഠിപ്പിക്കാൻ അറിയാത്ത ആളായിരിക്കും.

സിനിമയിൽ ഹാസ്യം സൃഷ്ടിക്കൽ എപ്പോഴും ദരിദ്രന്റെ ചുമതലയായിരിക്കും.ഉയർന്ന പദവിയിൽ നിൽക്കുന്ന വക്കീൽ സിനിമയിൽ ഹാസ്യം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അയാൾ കേസ് ഇല്ലാത്ത ഒരു വക്കീൽ ആയിരിക്കും. അധ്യാപകൻ ആണെങ്കിൽ അയാൾ പഠിപ്പിക്കാൻ അറിയാത്ത ആളായിരിക്കും. ഇങ്ങനെയാണ് ഹാസ്യം ഉണ്ടാക്കേണ്ടത് എന്നാണ് നമ്മെ സിനിമ പറഞ്ഞുപഠിപ്പിക്കുന്നത്. അങ്ങനെ നോക്കിയാൽ ഹാസ്യ നടന്മാർക്ക് മലയാളത്തിൽ ഒരു മണ്ടൻ ഇമേജാണ്.

 മമ്മൂട്ടി

മമ്മൂട്ടി

?ഒരു സംവിധായകൻ ഒരു കഥാപാത്രത്തെ ബ്രീഫ് ചെയ്തുതരുമ്പോൾ ആ കഥാപാത്രമായി മാറാൻ എടുക്കുന്ന സമയവും സാഹചര്യവും സലിംകുമാർ എന്ന ആർടിസ്റ്റിൽ സംഘർഷങ്ങൾ സൃഷ്ടിക്കാറുണ്ടോ...

= യഥാർഥത്തിൽ ആരും കഥാപാത്രങ്ങളൊന്നുമാകുന്നില്ല. അതൊക്കെ ആളുകളെ പറ്റിക്കാൻ പറയുകയാണ്. ഒരു ഷോട്ടിലോ ഒരു സീനിലോ വന്ന്‌ പെർഫോം ചെയ്തുപോകുന്ന ആൾ എങ്ങനെ കഥാപാത്രമാവുന്നു എന്നാണ് പറയുന്നത്. ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളിലും സലിംകുമാറിന്റെ അംശം ഉണ്ട്. മമ്മൂട്ടിയായാലും മോഹൻലാലായാലും ഇങ്ങനെയൊക്കെത്തന്നെയാണ്. ആരാണ് ഇവിടെ സമ്പൂർണമായി കഥാപാത്രങ്ങൾ ആയിട്ടുള്ളത്.

? അപ്പോൾ കഥാപാത്രമായി ഒരു പരകായപ്രവേശം സാധ്യമാകുന്നില്ല എന്നാണോ...

= ഇല്ല. ഞാൻ ഒരുദാഹരണം പറയാം. ഞാൻ ഒരിക്കൽ അമ്പലത്തിലെ വെളിച്ചപ്പാടിനോട് ചോദിച്ചിരുന്നു. ദൈവം ഒരു ശരീരത്തിൽ കയറുകയാണല്ലോ. ഞാൻ ചോദിച്ചു ഇത് തട്ടിപ്പല്ലേ എന്ന്. അദ്ദേഹം പറഞ്ഞു വെളിച്ചപ്പാടാവുമ്പോൾ ചില സമയങ്ങളിൽ നമ്മുടെ ബോധം പോകും. അല്ലാത്ത സമയത്തൊക്കെ നിങ്ങളുടെ ഉള്ളിലുള്ള ഒറിജിനൽ ആളു തന്നെയാണ്.

നാടകത്തിലാണെങ്കിൽ ചിലർക്ക് കുറച്ചുകൂടി കഥാപാത്രങ്ങൾ ആകാൻ കഴിയും. സിനിമയിൽ അത് പറ്റില്ല. മ്യൂസിക്കിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സിനിമ കണ്ടാൽ ഇക്കാര്യം എളുപ്പം മനസ്സിലാകും.

ഒരുപാട് ഘടകങ്ങൾ പ്രവർത്തിക്കുമ്പോഴാണ് ഒരു ക്യാരക്ടർ ഉണ്ടായി വരുന്നത്. മ്യൂസിക്കും ലൈറ്റും ഷോട്ടും ഒക്കെ പ്രധാനമാണ്. ഇതില്ലാതെ സിനിമ കണ്ടാൽ നിങ്ങൾക്ക് ഒട്ടും ഫീൽ ചെയ്യില്ല. എന്നാൽ നാടകത്തിൽ ഒരു പക്ഷേ അങ്ങനെ പറ്റുമായിരിക്കും.

സിനിമയിൽ ആളുകൾ കഥാപാത്രങ്ങളായി മാറുന്നു എന്ന് പറയുന്നത് ചുമ്മാ ഒരു ബഡായി പറയുന്നതാണ്. ഒരു ഫ്രെയിമിൽ ഇരുത്തിയിട്ട് ഒരു തത്ത ജീവിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയും.ജീവിക്കുന്നത് കാണിക്കണമെങ്കിൽ പറന്നുപോകുന്നത് കാണിക്കണം.

സിനിമയിൽ ആളുകൾ കഥാപാത്രങ്ങളായി മാറുന്നു എന്ന് പറയുന്നത് ചുമ്മാ ഒരു ബഡായി പറയുന്നതാണ്. ഒരു ഫ്രെയിമിൽ ഇരുത്തിയിട്ട് ഒരു തത്ത ജീവിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയും.ജീവിക്കുന്നത് കാണിക്കണമെങ്കിൽ പറന്നുപോകുന്നത് കാണിക്കണം. കഥാപാത്രമായി മാറാൻ ചിലരൊക്കെ സെറ്റിൽ അനങ്ങാതെ നിശ്ശബ്ദരായി ഇരിക്കുന്നത് കാണാം. ആ സമയം എനിക്ക് ചിരി വരും.  ഇതൊക്കെ എന്ത് അസംബന്ധമാണ്. ചിലർ പറയുന്നത് കേൾക്കാം അയാൾ സമ്പൂർണമായി ആ കഥാപാത്രമായിമാറി എന്നൊക്കെ. ആര് മാറി ഒക്കെ തട്ടിപ്പാണ്.

? ചിലരുടെ രീതിയായി അതിനെക്കണ്ടാൽ പോരേ...

= എന്ത് രീതി! അടിസ്ഥാനപരമായി നമ്മൾ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും നമ്മളുടെ അംശമുണ്ടാകും. അതിനെ കുടഞ്ഞുകളയാൻ നമുക്ക് കഴിയില്ല. അതായത് ഒരാളിൽനിന്ന് അയാൾക്ക് ഒരിക്കലും. പൂർണമായി പുറത്തു ചാടാൻ കഴിയില്ല. നമ്മുടെ വ്യക്തിത്വത്തിന് ഒരു സ്ഥിര സ്വഭാവമുണ്ടാവില്ലേ. അതിൽനിന്ന് ചെറിയ മാറ്റം ഉണ്ടാകണമെങ്കിൽപ്പോലും വർഷങ്ങൾ എടുക്കും.

ഞാനൊരു ദിവസം നാല് പടങ്ങളൊക്കെ ചെയ്തിട്ടുണ്ട്. രാവിലെ ‘നിഴൽ 'എന്ന സിനിമ. ഉച്ചയ്ക്ക് രണ്ടു മണിമുതൽ ‘ചതിക്കാത്ത ചന്തു'. അതിനുശേഷം ഏഴുമണി മുതൽ പത്തുമണി വരെ ഫാസിൽ സാറിന്റെ ‘വിസ്മയത്തുമ്പത്ത് '. അതുകഴിഞ്ഞ് പുലരുംവരെ വിനയന്റെ ‘വെള്ളിത്തിര' എന്ന സിനിമ. ഒരു ദിവസം നാല് സിനിമ, നാല് കഥാപാത്രങ്ങൾ നാല് സ്ഥലങ്ങൾ. എന്തു പരകായപ്രവേശം! പരകായപ്രവേശം എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്.

പച്ചമലയാളത്തിൽ പറഞ്ഞാൽ തള്ള് ! സിനിമാഭിനയത്തെ അങ്ങനെ ആദർശവൽക്കരിക്കേണ്ട കാര്യമില്ല. അഭിനയം ഒക്കെ ഒരു തട്ടിപ്പാണ്. അത് ഓഡിയൻസും നടനും തമ്മിലുള്ള ഒരു ധാരണയുടെ പുറത്തുനടക്കുന്ന തട്ടിപ്പാണ്. അത്രമാത്രം. ഓഡിയൻസിനറിയാം ഇത് സലിംകുമാർ ആണ് എന്ന്. ശരിക്കും ഏറ്റവും നന്നായി പറ്റിക്കുന്നവനാണ് ഏറ്റവും നല്ല നടൻ.

സലിംകുമാർ

സലിംകുമാർ

? ഒരു പക്ഷേ സലിംകുമാറിന്റെ സത്യസന്ധത കൊണ്ടായിരിക്കാം ഇതെല്ലാം ഇങ്ങനെ വിളിച്ചു പറയുന്നത്. എന്നാൽ വ്യത്യസ്തങ്ങളായ വേഷപ്രച്ഛന്നങ്ങളെക്കുറിച്ച് നടന്മാർ ആത്മഹർഷം കൊള്ളുന്നത് നമ്മൾ കാണാറുണ്ട്. അതുപോലെതന്നെ മീഡിയ അവരെ ആദർശവൽക്കരിക്കുന്നതും കാണാറുണ്ട്. ഇതൊന്നുമല്ല യാഥാർഥ്യം എന്ന് താങ്കൾ പറയുകയും ചെയ്യുന്നു...

? ഒരു പക്ഷേ ആയിരിക്കാം. ഞാൻ മനസ്സിലാക്കിയ കാര്യമാണ് ഞാൻ തുറന്നുപറയുന്നത്. മാധ്യമങ്ങൾ സിനിമക്കുചുറ്റും ഉണ്ടാക്കുന്ന വലയങ്ങൾ സമീപകാലംതന്നെ അവസാനിച്ചേക്കാം. ടെക്‌നോളജി എല്ലാം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്.

? സലിംകുമാർ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ ഇഷ്ടകഥാപാത്രങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ...

= ഞാനിതുവരെ അങ്ങനെ നോക്കിയിട്ടില്ല. ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്റെ ഇഷ്ടകഥാപാത്രങ്ങളാണ്. ഒരിക്കൽ എന്നോട് ഒരാൾ ചോദിച്ചു, അച്ഛനുറങ്ങാത്ത വീടാണോ ആദാമിന്റെ മകൻ അബുവാണോ ഇഷ്ടകഥാപാത്രം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു അച്ഛൻ ഉറങ്ങാത്ത വീടാണ് എന്ന്. അതിന്റെ കാരണം ആ കഥാപാത്രത്തിന് എന്റെ അച്ഛന്റെ ഷെയ്ഡ് ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.

ആ കഥാപാത്രം ചെയ്യാൻ ഞാൻ മേക്കപ്പിട്ട് കണ്ണാടിക്കുമുന്നിൽ വന്നുനിന്ന് നോക്കിയപ്പോൾ എനിക്ക് എന്റെ അച്ഛനെ കാണാമായിരുന്നു. ആ നിമിഷം എനിക്ക് ഭയങ്കര സങ്കടമായി. രൂപപരമായ സാമ്യംകൊണ്ട് ആ കഥാപാത്രത്തോട് അങ്ങനെ ഒരു അധിക സ്നേഹമുണ്ട്. അത്രമാത്രം.

? പലപ്പോഴും നടൻമാർ സിനിമയിൽ അനാവശ്യമായി ഇടപെടുന്നു എന്ന വിമർശനം ഉണ്ടാകാറുണ്ട്.യഥാർഥത്തിൽ നടന്മാർ അവർ അഭിനയിക്കുന്ന സിനിമയിൽ ഇടപെടേണ്ടേ? നടന്റേതും കൂടിയല്ലേ സിനിമ?

= തീർച്ചയായും. സിനിമയിൽ നടനും കൂടി സ്പേസ് ഉണ്ടായിരിക്കണം. പക്ഷേ ആ ഡിസ്‌കഷൻ വളരെ സത്യസന്ധമായിരിക്കണം. ബാംബുബോയ്സ് എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ ഞാൻ സെറ്റിൽനിന്ന് ഇറങ്ങി പോന്നിട്ടുണ്ട്. ആദിവാസികളെ പലരീതിയിൽ അപമാനിക്കുന്ന സിനിമയായിരുന്നു അത്. ഇന്നായിരുന്നെങ്കിൽ ഞാൻ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നു. നടൻ പറയുന്നത് സംവിധായകനും കൂടി ബോധ്യപ്പെടണം.

ഇടപെടേണ്ട സ്ഥലങ്ങളിൽ ഇടപെടണം. പക്ഷേ അത് നടന്റെ സ്വാർഥലാഭത്തിനുവേണ്ടിയാവരുത്. സിനിമയുടെ നന്മക്കുവേണ്ടിയാവണം. അല്ലെങ്കിൽ വലിയ വിമർശനം ഉണ്ടാകും. ഒരു മേക്കപ്പ്മാൻപോലും അയാളുടെ സ്പേസിനുവേണ്ടി ഇടപെടണം എന്നാണ് എന്റെ അഭിപ്രായം. സംവിധായകന്റെ കലയായിരിക്കുമ്പോൾത്തന്നെ സിനിമ ഒരു കലക്ടീവ് വർക്കുംകൂടി ആണ്. ഓരോരുത്തരുടെയും പ്രതിഭയ്ക്കുള്ള സ്പെയിസ്‌ ആ സിനിമ നൽകണം.

?ഒരുപാടുപേരുടെ കലക്ടീവ് വർക്കാണ് സിനിമ എന്ന്‌ പറയുമ്പോഴും അത് നടന്റെ പേരിൽത്തന്നെയാണ് ഇപ്പോഴും വിപണനം ചെയ്യപ്പെടുന്നത്...

= നമ്മുടെ നാട്ടിൽ ഇപ്പോഴും സിനിമയുടെ ബിസിനസ് നടക്കുന്നത് നടന്മാരെ വെച്ചുതന്നെയാണ്. എത്ര വലിയ സംവിധായകൻ ആയാലും മമ്മൂട്ടിപ്പടം, മോഹൻലാൽപ്പടം എന്നുതന്നെയാണ് വിൽക്കുമ്പോൾ പറയുന്നത്. പിന്നീടാണ് സംവിധായകന്മാരൊക്കെ ചർച്ചയിൽ വരുന്നത്. അതുകൊണ്ടാണത്.

? തൊഴിലിടങ്ങളിൽ നടീനടന്മാർക്ക് തുല്യവേതനം കൊടുക്കണം എന്ന് അഭിപ്രായം സമീപകാലത്ത് ഉയർന്നുവന്നിരുന്നു. താങ്കളുടെ അഭിപ്രായം എന്താണ്  ?
= മാർക്കറ്റിൽ എല്ലാകാലത്തും ഓരോന്നിനും ഓരോ വിലയാണ്. അല്ലാതെ ഒരേ വിലയല്ല. സിനിമയുടെ കാര്യവും അങ്ങനെതന്നെ. വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തർക്കും വിലയിടുന്നത്.

? ഒരിക്കൽ മോഹൻലാലിനെതിരെ കമന്റ് ചെയ്തുകൊണ്ട് അമ്മ എന്ന സംഘടനയിൽനിന്നും സലിംകുമാർ രാജിവെച്ചിരുന്നു.

മോഹൻലാൽ

മോഹൻലാൽ

അതൊരു ധീരതയുള്ള ഒരു പ്രവർത്തിയായി തോന്നിയിരുന്നു. ആത്മബോധമുള്ള ഒരാൾ മാത്രമേ ആ സംഘടനയിൽ ഉള്ളൂ എന്ന് തോന്നിപ്പിച്ച സന്ദർഭം. നിങ്ങൾ മോഹൻലാൽ ആണെങ്കിൽ ഞാൻ സലിംകുമാർ ആണ് എന്ന ആത്മബോധം. നിങ്ങൾക്കൊരിടം ഇവിടെയുണ്ട്, അതുപോലെ എനിക്കുമൊരിടം ഇവിടെയുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സന്ദർഭം.

ഈ തുല്യതയാണ് ജനാധിപത്യത്തെ സാധ്യമാക്കുക, എന്ന ഒരു ബോധം താങ്കളിൽ ഉണ്ട്. എങ്ങനെയാണ് ഈ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത്. ഇതാണ് സലിംകുമാറിനെ ഒരു നടനപ്പുറമുള്ള ആത്മബോധമുള്ള ഒരു മനുഷ്യനാക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്...

= ആയിക്കോട്ടെ സന്തോഷം. ഇത് അപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയാനാണ്. ഇതുകേട്ട് അദ്ദേഹത്തിന് ചെയ്യാവുന്ന ഒരു പണി അദ്ദേഹത്തിന്റെ സിനിമകളിൽനിന്ന് എന്നെ ഒഴിവാക്കുക എന്നതായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അതാണ് സിനിമയെങ്കിൽ എനിക്കാ സിനിമ വേണ്ട. ഞാനൊരു തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഞാൻ ഭയക്കേണ്ടതുള്ളൂ. ഒരാൾ വലിയ പദവിയിലിരിക്കുന്നതുകൊണ്ട് വിമർശിക്കാതിരിക്കുന്നതിൽ കാര്യമില്ല. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അത്രമാത്രം.

സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും. ഇരുപത്തേഴ് കൊല്ലംമുമ്പുവരെ സിനിമയില്ലാതെയാണ് ഞാൻ ജീവിച്ചത്. ഇനിയും എനിക്കതിന് കഴിയും. ആ ആത്മവിശ്വാസമാണ് എന്റെ കരുത്ത്.

? പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കണ്ടുതീർന്നിട്ടില്ലാത്ത അതിശയമാകുന്നു ഒരു നല്ല നടൻ. ആ അതിശയത്തെ സാധ്യമാക്കുന്നത് നടന്റെയും കൂടി ആഗ്രഹങ്ങളാണ്...

= എനിക്ക് അമിതമായ ആഗ്രഹങ്ങൾ ഒന്നുമില്ല. ഒരു സംവിധായകൻ നമുക്ക് കഥാപാത്രങ്ങൾ സമ്മാനിക്കുകയാണ്. നമ്മൾ നല്ല കഥാപാത്രങ്ങളെ ആഗ്രഹിച്ചിട്ട് കാര്യമില്ല.എന്റെ കാര്യത്തിൽ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളിൽ ഞാൻ പൂർണ സംതൃപ്തനാണ്. എല്ലാ നടന്മാരും നല്ല വേഷങ്ങൾ ചെയ്യാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

? ഒരുമിച്ച് അഭിനയിച്ചവരിൽ ഏറ്റവും ഊർജം തന്നത് ആരായിരുന്നു...

= നമ്മുടെ ഒപ്പം അഭിനയിക്കുന്നവർ തരുന്ന കംഫർട്ട് വളരെ പ്രധാനപ്പെട്ടതാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ എന്റെ പെർഫോമൻസ് അത്രയും നന്നായതിനുകാരണം മുരളിച്ചേട്ടൻ ആയിരുന്നു.

വേറൊരു നടനായിരുന്നെങ്കിൽ എനിക്ക് അങ്ങനെ പെർഫോം ചെയ്യാൻ കഴിയുമായിരുന്നില്ല. അതാണ് ശരിക്കും സപ്പോർട്ടിങ് ആക്ടർ. അതുപോലെത്തന്നെ ഹാസ്യം ചെയ്യുമ്പോൾ

കൊച്ചിൻ ഹനീഫ

കൊച്ചിൻ ഹനീഫ

കൊച്ചിൻ ഹനീഫ്ക്ക എനിക്ക് ഭയങ്കര എനർജി തന്ന ആളായിരുന്നു.

?അച്ഛനുറങ്ങാത്ത വീട് എന്ന സിനിമക്കുമുമ്പ് പത്തോളം നായക കഥാപാത്രങ്ങൾ ചെയ്യാൻ ഓഫർ വന്ന സിനിമകൾ താങ്കൾ ഉപേക്ഷിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരുന്നു അത്

= ആ കഥാപാത്രങ്ങൾ ഒന്നും എന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ലായിരുന്നു. അല്ലെങ്കിൽ എനിക്കിഷ്ടപ്പെടാത്തവയായിരുന്നു.

? ഇന്നാണെങ്കിൽ ഒരു പക്ഷേ അത്തരം കഥാപാത്രങ്ങൾ ഉപേക്ഷിക്കാൻ ഹാസ്യതാരങ്ങൾ തയ്യാറാകില്ല എന്നുതോന്നുന്നു. ഒരു പക്ഷേ ഇന്ദ്രൻസിനും അന്ന് ഇത്തരം കഥാപാത്രങ്ങൾ വന്നിട്ടുണ്ടാകും. സ്വീകാര്യതയെ പേടിച്ചാവാം ഒരു പക്ഷേ പിൻവാങ്ങിയത്...

= അതുമാത്രവുമല്ല. തിരക്കുകൂടി കാരണമാണ്. മാത്രമല്ല ഒരു സിനിമയിൽ നമ്മൾ ഒരു നായക കഥാപാത്രം ചെയ്യുന്ന സമയംകൊണ്ട് പത്ത് ഹാസ്യകഥാപാത്രങ്ങൾ മറ്റു സിനിമകളിൽ ചെയ്യാം. ഞാൻ അതിനാണ് പ്രാധാന്യം കൊടുത്തത്.

രണ്ടോ മൂന്നോ ദിവസം ഡേറ്റ് കൊടുത്തുകൊണ്ട് ചെയ്താൽ എനിക്ക് ധാരാളം പണം കിട്ടും. എല്ലാരും പറയും അഭിനയത്തോട് താൽപ്പര്യം ഉള്ളതുകൊണ്ടാണ് ഞാൻ സിനിമയിൽ വന്നത് എന്ന്. അതൊന്നുമല്ല പണത്തോടുള്ള താൽപ്പര്യം കൊണ്ടുമാത്രമാണ്.

അഭിനയത്തോടാണ് താൽപ്പര്യമെങ്കിൽ നാടകം തിരഞ്ഞെടുത്താൽപ്പോരെ. ആത്മസംതൃപ്തിക്കാണെങ്കിൽ ഇവിടെ എന്തെല്ലാം മേഖലകൾ ഉണ്ട്. ഇത് പണത്തിനോടും പ്രശസ്തിയോടും ഉള്ള ആഗ്രഹംകൊണ്ട് മാത്രമാണ്. ഏതെങ്കിലും നടന്മാർ അഭിനയത്തോടുള്ള താൽപ്പര്യം കാരണം നാടക ട്രൂപ്പിൽ വന്ന് എന്നെ നാടകത്തിൽ എടുക്കുമോ എന്ന് ചോദിക്കുന്നത് നമ്മൾ കാണാറില്ലല്ലോ.

? എപ്പോഴും ചിരിപ്പിക്കാൻ ആഗ്രഹിച്ച സലിംകുമാർ സംവിധായകനായപ്പോൾ അതല്ല ലോകം കണ്ടത്. ‘കംപാർട്‌മെന്റ്, കറുത്ത ജൂതൻ,

ദൈവമേ കൈതൊഴാം കെ കുമാറാകണം തുടങ്ങിയ ഫീച്ചർ ഫിലിമുകളായാലും ‘പൊക്കാളി ' എന്ന ഡോക്യുമെന്ററി ആയാലും നമ്മുടെ ശ്രദ്ധ എത്താതിരുന്ന ചില വിഷയങ്ങളാണ് ഉള്ളടക്കമായി വന്നത്.

പ്രമേയപരമായി പുതുമ പുലർത്തുമ്പോഴും രാഷ്ട്രീയം, മതം, കുടുംബം, ബിസിനസ്, തുടങ്ങി എല്ലാവരോടുമുള്ള കടുത്ത വിമർശനം കൂടിയാണ് ഈ സിനിമകളൊക്കെ. ആരെയും വെറുതെ വിടുന്നില്ല...

= എനിക്കുചുറ്റുമുള്ള അനുഭവങ്ങളെയാണ് ഞാൻ തിരക്കഥയാക്കിയത്. സഹികെട്ട് കാണുന്ന കാഴ്ചകളെയാണ് എന്റെ സിനിമയിലൂടെ ഞാൻ വിമർശിച്ചിട്ടുള്ളത്. നമ്മുടെ സമൂഹത്തിൽ പരസ്പരമുള്ള ചൂഷണത്തിനിടയിൽ പലരും ജീവിക്കാൻപോലും മറന്നുപോകുകയാണ്. പുതിയ തലമുറ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. അവർക്ക് കുടുംബം വേണ്ട, രക്തബന്ധം വേണ്ട, നാട് വേണ്ട. കുടിയേറുക എന്നല്ല മറിച്ച് രക്ഷപ്പെട്ടു പോകുകയാണ് എന്ന്‌ തോന്നുന്നു. എല്ലാവരും അവനവനിസത്തിലേക്ക് മാറുകയാണ്.

കംപാർട്‌മെന്റ് എന്ന സിനിമ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചാണ്. അവരെ എന്തുകൊണ്ടാണ് നമ്മുടെ സമൂഹം മാറ്റി നിർത്തി പഠിപ്പിക്കുന്നത്. അവരെ പൊതുവിദ്യാലയത്തിൽ മറ്റ് കുട്ടികളോടൊപ്പം പഠിപ്പിക്കേണ്ടതുണ്ട്. എന്നാലേ മാറ്റമുണ്ടാകൂ.

അവരുടെ കാര്യത്തിൽ ആകെ സങ്കടമുള്ളത് അവരുടെ രക്ഷിതാക്കൾക്ക് മാത്രമാണ്. അവർക്കാണ് ഞാനാ സിനിമ സമർപ്പിച്ചത്. ഒരു ഭിന്നശേഷിക്കുട്ടിയുടെയും മാതാപിതാക്കൾ സന്തോഷത്തോടെ ഭൂമി വിട്ടു പോകാറില്ല. എന്റെ മരണശേഷം ഈ കുട്ടികളെന്തു ചെയ്യും എന്ന വിചാരമായിരിക്കും എന്നും അവരുടെ ഉള്ളിൽ.

ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ അമ്മ എനിക്കുമുമ്പേ എന്റെ മകൻ മരിച്ചുപോകണേ എന്ന് ഈ വീടിന്റെ വരാന്തയിലിരുന്ന് എന്നോട് കരഞ്ഞുപറഞ്ഞിട്ടുണ്ട്. ആ അമ്മയുടെ വേദന എന്താവും. ഒരു രൂപപോലും തിരിച്ചുകിട്ടുമെന്ന് വിചാരിച്ചിട്ടല്ല ഞാനീ സിനിമയെടുത്തത്.

തിരിച്ച് കിട്ടിയിട്ടുമില്ല. ചില സ്കൂളുകളിലെ അധികാരികളോട് കുട്ടികളെ ഈ സിനിമ കാണിക്കണമെന്നുപറഞ്ഞപ്പോൾ ഇങ്ങനെയുള്ള സിനിമ കണ്ടാൽ കുട്ടികൾ പേടിക്കുമെന്നാണ് പറഞ്ഞത്.

? ‘കംപാർട്‌മെന്റ്‌’ ഭിന്നശേഷികുട്ടികളുടെപ്രശ്നം അവതരിപ്പിക്കുന്ന സിനിമയാണ്. കേവലാനന്ദത്തിനുള്ള സിനിമകളല്ല മറിച്ച് നമ്മെ പുതിയ വെളിച്ചങ്ങളിലേക്ക് നയിക്കുന്ന ഇത്തരം സിനിമകളാണ് ഉണ്ടാകേണ്ടത് എന്ന സൂചന കൂടിയാണോ...

= ഞാൻ എല്ലാത്തരം സിനിമകളും കാണാറുണ്ട്. സാമൂഹികപ്രശ്നങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറപ്പിക്കുന്ന സിനിമകൾ കൂടുതൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ചിരിയിലൂടെയും നല്ല സിനിമകളുണ്ടാക്കാം.

? ‘കംപാർട്‌മെന്റ് എന്ന സിനിമയെടുക്കാനുള്ള കാരണമെന്തായിരുന്നു...

= എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ നാട്ടിലൊരു സ്വീകരണമുണ്ടായിരുന്നു. ആ സമയത്ത് സ്റ്റേജിലേക്ക് സത്താർ എന്ന ഒരു ഭിന്നശേഷിക്കാരൻ വന്ന് എനിക്ക് ഒരു രൂപ സമ്മാനമായി തന്നു.

അത് എന്നിൽ ഒരു തെളിച്ചമുണ്ടാക്കി. ഞാൻ ഭിന്നശേഷിക്കാരുടെ സ്കൂളുകളിലൊക്കെ ഇടയ്ക്ക് പോകാറുണ്ട്. അവിടെയൊക്കെ കണ്ട കാഴ്ചകൾ വലിയ സങ്കടമുണ്ടാക്കും. അതൊക്കെ പിന്നീട് എഴുത്തിലേക്ക് നയിക്കുകയും കംപാർട്ട്മെന്റ് എന്ന സിനിമയുണ്ടാകുകയും ചെയ്തു.

? അതു പക്ഷേ പ്രേക്ഷകർ പരിഗണിച്ചില്ല...

= ആ സിനിമ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലല്ല ഇറക്കിയത്. പക്ഷേ കാര്യമായി ആരും ആ സിനിമ കണ്ടില്ല. സ്പെഷൽ സ്കൂളുകാരുപോലും ആ സിനിമ കാണാൻ ശ്രമിച്ചില്ല എന്നതാണ്‌ സത്യം.

ആരെക്കുറിച്ചാണോ നാം പറയുന്നത് അവരുപോലും സിനിമ കാണാൻ വന്നില്ല. ഇതാണ് നമ്മുടെ സമൂഹം...

? ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് പറയുമ്പോൾത്തന്നെ ടീച്ചർമാർക്കെതിരായ കഠിനവിമർശനവും ഉണ്ട്...

= എല്ലാ ടീച്ചർമാരെയും ഞാൻ പരിഹസിച്ചതല്ല. ടീച്ചർ എന്നുപറയുന്നത് ഒരു ജോലിയല്ല. മറിച്ച് അതൊരു ദിവ്യമായ പ്രവർത്തിയാണ്. എന്നാൽ അതിനെ ജോലിയായിമാത്രം കാണുന്നവരുമുണ്ട്. ഒരു കുട്ടി വളർന്നുവലുതായി വരുമ്പോൾ അവനുപറയാൻ എവിടെയും ഒരു ടീച്ചർ ഉണ്ടാകും. ഒരു ടീച്ചറേ ഉണ്ടാവുകയുള്ളൂ.

ഇന്നസെന്റ്‌

ഇന്നസെന്റ്‌

ഒരാളെ ഒരുപാടുപേർ പഠിപ്പിക്കാറുണ്ട്. പക്ഷേ പലരും ഒരു ടീച്ചറുടെ പേരുമാത്രം പറയുന്നതേ നമ്മൾ കേൾക്കാറുള്ളൂ. എന്റെ ടീച്ചർമാർ എന്ന് കേൾക്കുന്നത് അപൂർവമാണ്.

പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നവർ മാത്രമല്ല നല്ലൊരു ടീച്ചർ. മറിച്ച് ജീവിതത്തിലേക്ക് വഴി കാണിക്കുന്നവരാണ്.
എന്റെ മകനെ എഴുത്തിനിരുത്തിയത് ഇന്നസെന്റ്‌ ചേട്ടനാണ്.

അദ്ദേഹം അപ്പോൾ ചിരിച്ചിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ലോക പരിജ്ഞാനം ആവശ്യമുള്ള ആളാണ് എന്റെ മകനെ എഴുത്തിനിരുത്തേണ്ടത് എന്നാണ്.

ഒരു സിലബസിലും ഇല്ലാത്തതാണ് അദ്ദേഹമൊക്കെ നമ്മെ പഠിപ്പിച്ചത്.

? ഇന്നസെന്റിനെക്കൊണ്ട് എഴുതിക്കുക എന്നു പറയുമ്പോൾ അതിനകത്തും ഒരു ചിരിയുടെ ദർശനം ഉണ്ട്. അല്ലേ  ...

= തീർച്ചയായും. അവരും ആദ്യാവസാനം  ജീവിതത്തിൽ ചിരിക്കട്ടെ എന്ന് കരുതിത്തന്നെയാണ്.

?നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിലേക്ക് കുടിയേറിപ്പാർത്ത ഒരു വിഭാഗം ജൂതരെക്കുറിച്ചാണ് കറുത്തജൂതൻ

കറുത്ത ജൂതനിൽ സലിംകുമാർ

കറുത്ത ജൂതനിൽ സലിംകുമാർ

എന്ന താങ്കളുടെ സിനിമ പറയാൻ ശ്രമിച്ചത്. ആ സിനിമയ്ക്ക് സലിം കുമാറിന് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കിട്ടിയിരുന്നു എന്തായിരുന്നു ആ സിനിമയുടെ പേര്‌?

= ജൂതൻമാരുടെ കഥ പറയാൻ എല്ലാവരും മട്ടാഞ്ചേരിയിലേക്കാണ് പോകാറുള്ളത്.

മട്ടാഞ്ചേരിയിലെ ജൂതന്മാർക്ക് നൂറ്റാണ്ടുകൾക്കുമുമ്പ് മാളയിൽ ജൂതന്മാർ വന്നിട്ടുണ്ട്. ആ ആളുകളുടെ കഥ ആരും പറയാറില്ല. എന്തുകൊണ്ട് പറയുന്നില്ല. അവർ കറുത്തവർ ആയതുകൊണ്ട്. കറുത്തവൻ നമ്മുടെ ചരിത്രത്തിൽ ഇല്ല.

മട്ടാഞ്ചേരിയിലെ ജൂതന്മാർക്ക് നൂറ്റാണ്ടുകൾക്കുമുമ്പ് മാളയിൽ ജൂതന്മാർ വന്നിട്ടുണ്ട്. ആ ആളുകളുടെ കഥ ആരും പറയാറില്ല. എന്തുകൊണ്ട് പറയുന്നില്ല. അവർ കറുത്തവർ ആയതുകൊണ്ട്. കറുത്തവൻ നമ്മുടെ ചരിത്രത്തിൽ ഇല്ല.

അതുകൊണ്ട് എന്നെക്കൊണ്ട് പറ്റാവുന്നവിധം ഞാനത് അടയാളപ്പെടുത്തി. ആളുകൾ കണ്ടില്ല എന്നത് മറ്റൊരു പ്രശ്നം. പക്ഷേ ഞാനെന്റെ കർമം ചെയ്തു.

മാളയിലെ ഒരു പോസ്റ്റ് ഓഫീസ് പണ്ട് ജൂതന്റെ വീടായിരുന്നു. അതിനെക്കുറിച്ച് ഒരു വാർത്ത വായിച്ചപ്പോൾ എനിക്ക് കൗതുകം ഉണ്ടായിത്തീരുകയും അവിടെനിന്ന് ഞാൻ ഭാവന ചെയ്യുകയുമായിരുന്നു. ആ വീട് എങ്ങനെ പോസ്റ്റോഫീസ് ആയി. പിന്നീട് അതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. അതൊക്കെ എഴുതാൻ വലിയ ഫീൽഡ് വർക്ക് ആവശ്യമായിവന്നിരുന്നു. വലിയ നഷ്ടത്തിൽ കലാശിച്ച ഒരു സിനിമയായിരുന്നു അത്.

പക്ഷേ എനിക്ക് സങ്കടമില്ല. എനിക്ക് മാനസികമായ സംതൃപ്തിയുണ്ട്. കോടികൾ കൊടുത്താലും ആ സംതൃപ്തി കിട്ടില്ല. എന്നെങ്കിലും ആ സിനിമയെ തിരിച്ചറിയുന്ന ഒരു സന്ദർഭം വരും. ഒരു പക്ഷേ അതാഘോഷിക്കുന്ന കാലം ഞാൻ ഉണ്ടാവണമെന്നില്ല

?ഒരു പക്ഷേ കറുത്ത ജൂതൻ കാലം തെറ്റി വന്ന സിനിമയാകാം. ഒടിടിയുടെ കാലമായ ഇന്നാണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കിട്ടിയേനെ എന്നുതോന്നുന്നു. അല്ലേ...

സലിംകുമാർ

സലിംകുമാർ

= തീർച്ചയായും. ഞാനും അങ്ങനെ തന്നെ വിചാരിക്കുന്നുണ്ട്.
അന്ന് അവാർഡുപടം എന്ന ലേബലിൽ ആ പടം പ്രേക്ഷകർ തഴഞ്ഞു.

കോവിഡാനന്തരം സിനിമാസ്വാദനത്തിന്റെ കാര്യത്തിൽ പ്രേക്ഷകർ മാറിയിട്ടുണ്ട്. അവർ നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

?ഒടിടിയിലേക്ക് നമ്മുടെ സിനിമകൾ വന്നുതുടങ്ങിയപ്പോൾ ആദ്യഘട്ടത്തിൽ സിനിമാക്കാരുടെ ഭാഗത്തുനിന്ന് വലിയവിമർശനമായിരുന്നു. താങ്കൾ എങ്ങനെയാണ് ഒടിടിയെ കാണുന്നത്...

=ആളുകൾ ഒടിടിയിലും തിയേറ്ററിലും സിനിമകൾ കാണുന്നുണ്ട്.നല്ല സിനിമകൾ എവിടുന്നും ആളുകൾ കാണും. ബിരിയാണി വന്നതുകൊണ്ട് നാട്ടിൽ ഊണിന് മാറ്റമൊന്നും വന്നിട്ടില്ലല്ലോ. ഊണ് വേണ്ടവൻ ഊണ് കഴിക്കും. ബിരിയാണി വേണ്ടവർ ബിരിയാണി കഴിക്കും. അത്രയേ ഉള്ളൂ.

? ഇപ്പോൾ പറഞ്ഞ ആ ഡയലോഗ് തന്നെ. ബിരിയാണി വന്നതുകൊണ്ട് ഊൺ ഇല്ലാതായിട്ടില്ലല്ലോ എന്നതുപോലെ സിനിമയിൽ സലിംകുമാറിന്റെ വേറിട്ടുള്ള സംഭാഷണങ്ങൾ ഉണ്ട്. പഴഞ്ചൊല്ല് കണക്കെ മലയാളിക്ക് ഇടയിൽ പ്രചരിച്ചവ. ഇതൊക്കെ സ്വന്തമായിരുന്നോ അതോ സ്ക്രിപ്റ്റിൽ നേരത്തെ എഴുതി ചേർത്തതോ?'

= പലതും അഭിനയിക്കുന്ന സന്ദർഭത്തിൽ സംഭവിച്ചതാണ്.ചിലത് പറയാൻ സംവിധായകർ സമ്മതിച്ചിരുന്നില്ല. പലതും നിർബന്ധപൂർവം ഞാൻ പറഞ്ഞിട്ട് ചെയ്യിപ്പിച്ചതാണ്. ‘എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ' എന്നു ഞാൻ പറഞ്ഞപ്പോൾ അതിൽ എവിടെയാണ് ചിരി കിട്ടുക എന്ന് സംവിധായകൻ ചോദിച്ചിരുന്നു.

അങ്ങനെ സമ്മതിച്ചില്ല. അവസാനം സംവിധായകനായ ഷാഫിയുടെ കൈയും കാലും പിടിച്ചു. അപ്പോൾ ഷാഫി പറഞ്ഞു എല്ലാരും പോട്ടെ അപ്പോൾ നമുക്ക് ആ ഷോട്ട് എടുക്കാം എന്ന്. അതുകൊണ്ടാണ് ആ ഷോട്ടിൽ ഞാൻ മാത്രമായത്.

പ്രേക്ഷകർ ചിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. അതുപോലെ ബാറിലെ വെള്ളം എന്നതിന് ബാർലി വെള്ളം എന്ന് ഞാൻ പറയുന്ന സംഭാഷണവും സമ്മതിച്ചിരുന്നില്ല.

ഒന്ന് രണ്ട് സിനിമയിൽ ഞാൻ അത് ചോദിച്ചപ്പോൾ അവർ ഉപേക്ഷിച്ചതാണ്. ഇതുപോലെ ചിരി കിട്ടില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ച എത്രയോ സംഭാഷണങ്ങൾ ഉണ്ട്.

? ഒടിടി വന്നപ്പോൾ സലിംകുമാറിന്റെ വ്യാപ്തി ലോകം ഒന്നുകൂടി തിരിച്ചറിഞ്ഞു തുടങ്ങിയെന്നുതോന്നുന്നു. നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള സിനിമാ ഭീമന്മാർക്കുപോലും അവരുടെ പരസ്യചിത്രത്തിന്റെ മുഖമായി സലിംകുമാറിനെത്തന്നെ വേണം...

= ഇതുവരെ അഭിനയത്തിന്റെ പേരിൽ എനിക്ക് കിട്ടിയിട്ടുള്ളതിലെല്ലാം ഞാൻ ഹാപ്പിയാണ്.എനിക്ക് സിനിമയിൽ ആവശ്യത്തിൽക്കൂടുതൽ പരിഗണന കിട്ടിയിട്ടുണ്ട്. മലയാളത്തിൽ എന്നെക്കാൾ കഴിവുള്ള എത്രയോ നടന്മാരുണ്ട്. അവരിൽ പലർക്കും എന്റെയത്ര അവസരങ്ങൾ കിട്ടിയിട്ടില്ല. അങ്ങനെ നോക്കിയാൽ ഞാൻ ഹാപ്പിയാണ്.

? നെറ്റ്ഫ്ലിക്സ് വിളിച്ചപ്പോൾ ഒരു സെലിബ്രിറ്റി പരിവേഷത്തിലേക്ക് സമ്പൂർണമായി ഉയർത്തപ്പെട്ടതായി തോന്നിയോ...

= ആദ്യം നമുക്ക് നെറ്റ്ഫ്ലിക്സിന്റെ വിളിയിലേക്ക് വരാം. എനിക്ക് സാധാരണ പോലെത്തന്നെയാണ് നെറ്റ്ഫ്ലിക്സിനെയും ഫീൽ ചെയ്തത്. അല്ലാതെ മറ്റൊരത്ഭുതവും തോന്നിയിട്ടില്ല.

ഒരു തൂമ്പാപ്പണിക്കാരനോട് പാവപ്പെട്ടവന്റെ പറമ്പുകൾ കിളയ്ക്കാൻ പറഞ്ഞാലും രാജകൊട്ടാരത്തിലെ പറമ്പ് കിളയ്ക്കാൻ പറഞ്ഞാലും അയാൾക്ക് ഒരേപോലെതന്നെയാണ്.നെറ്റ്ഫ്ലിക്‌സായാലും ഷോർട്‌ ഫിലിംസായാലും എനിക്ക് ഒരേ പോലെയാണ്.

ഒരു തൂമ്പാപ്പണിക്കാരനോട് പാവപ്പെട്ടവന്റെ പറമ്പുകൾ കിളയ്ക്കാൻ പറഞ്ഞാലും രാജകൊട്ടാരത്തിലെ പറമ്പ് കിളയ്ക്കാൻ പറഞ്ഞാലും അയാൾക്ക് ഒരേപോലെതന്നെയാണ്.നെറ്റ്ഫ്ലിക്‌സായാലും ഷോർട്‌ ഫിലിംസായാലും എനിക്ക് ഒരേ പോലെയാണ്. എന്റെ പണി അഭിനയമാണ്. നെറ്റ്ഫ്ലിക്സായതുകൊണ്ട് നടൻ എന്ന നിലയിൽ അധിക ബാധ്യതയൊന്നും ഇല്ല. പിന്നെ ജോബിഷിന്റെ ചോദ്യത്തിലുണ്ടായിരുന്നത് സെലിബ്രിറ്റി പരിവേഷമാണ്. സെലിബ്രിറ്റി എന്നാൽ വലിയ നെഗറ്റീവായിട്ടാണ് ഞാൻ കാണുന്നത്.

നമ്മുടെ സ്വകാര്യതയെ തകർത്തുകളയുന്ന ഒരു കാര്യം. സത്യത്തിൽ ഈ സെലിബ്രിറ്റി എന്ന അഡ്രസ് മനുഷ്യന്മാരിൽനിന്നും നമ്മെ മാറ്റിനിർത്തുകയാണ് ചെയ്യുക. എന്നെ സംബന്ധിച്ച് സെലിബ്രിറ്റിയുടെ ഒരു കാര്യവും ആസ്വദിക്കാത്ത ഒരാളാണ് ഞാൻ.

സത്യത്തിൽ കൊച്ചിയിലെ ഹോട്ടലുകാർക്കുപോലും എന്നെ പരിചയമില്ല. ഹോട്ടൽ ഭക്ഷണംപോലും എന്റെ ജീവിതത്തിന്റെ ഭാഗമല്ല. എത്ര വൈകിയാലും രാത്രി വീട്ടിൽവന്ന് കഞ്ഞി കുടിക്കുകയാണ് പതിവ്.

ഒരിക്കലും ഞാൻ ഒരു സെലിബ്രിറ്റി ജീവിക്കുന്നതുപോലെ ജീവിച്ചിട്ടില്ല. സിനിമാ തിയേറ്ററിൽ പോകുമ്പോൾപോലും ക്യൂ നിന്ന് ടിക്കറ്റ് വാങ്ങിത്തന്നെയാണ് സിനിമ കാണാറുള്ളത്. മക്കളും അങ്ങനെതന്നെ.

ഒരിക്കലും ഞാൻ ഒരു സെലിബ്രിറ്റി ജീവിക്കുന്നതുപോലെ ജീവിച്ചിട്ടില്ല. സിനിമാ തിയേറ്ററിൽ പോകുമ്പോൾപോലും ക്യൂ നിന്ന് ടിക്കറ്റ് വാങ്ങിത്തന്നെയാണ് സിനിമ കാണാറുള്ളത്. മക്കളും അങ്ങനെതന്നെ. അതിന്റെ വിഷമങ്ങളൊക്കെ അവരും അറിയണം. ഒപ്പം സിനിമ എപ്പോഴും കൂടെയുണ്ടാവില്ല എന്ന് അവരും അറിയണം.
സിനിമയിലേക്ക് വന്നതോടെ എന്റെ യഥാർഥ ജീവിതം നഷ്ടപ്പെട്ടു എന്ന് കരുതുന്ന ഒരാളാണ് ഞാൻ. കുറച്ച് സമ്പത്ത് ഉണ്ടായി എന്നതല്ലാതെ യഥാർഥ ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയാതെ പോവുന്നുണ്ട്.

സിനിമയിലേക്ക് വരുന്നതിനു മുമ്പുള്ള ജീവിതമായിരുന്നു ഞാൻ അങ്ങേയറ്റം ആസ്വദിച്ചിരുന്നത്. സിനിമയിൽ വന്നതിനുശേഷം രാവിലെ കുളിച്ച് വണ്ടിയിൽ കയറി ഷൂട്ടിങ്ങിന് പോകുന്നു. അവിടുന്ന് തിരിച്ച് വീണ്ടും വീട്ടിലേക്ക് വരുന്നു. പിന്നെയും ഷൂട്ടിങ്ങിന്‌ പോകുന്നു. ഒരേ ജീവിതം ജീവിച്ചു തീർക്കുന്നു. കഴിഞ്ഞ ഇരുപത്തേഴ് വർഷമായി ഞാൻ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ഇതാണോ ജീവിതം. എനിക്ക് സംശയമുണ്ട്.

നമ്മുടെ സ്വാഭാവികത നഷ്ടപ്പെടുന്നുണ്ട്. ഇത് ആസ്വദിക്കുന്നവർ ഉണ്ടാകാം. പക്ഷേ എനിക്കത് പറ്റില്ല. തുടക്കകാലം സെലിബ്രിറ്റി പദവി നിങ്ങളെ ആസ്വദിപ്പിച്ചേക്കാം. പിന്നെ നമ്മൾ വെറുത്തു തുടങ്ങും. ഞാൻ ആത്മാർഥമായി പറയുകയാണ്. അഹങ്കാരമായി പറയുകയല്ല. എന്റെ ജീവിതം അതിന്റെ സാക്ഷ്യപത്രമാണ്.

? ഞാൻ ഈ വീട്ടിലേക്ക് വന്നപ്പോൾ പ്രതീക്ഷിച്ചതും അതായിരുന്നു. ഒരു വലിയ നടൻ അതിന്റെ പദവിയും പ്രതാപവുമായി ഇറങ്ങി വരും എന്നുകരുതി. പക്ഷേ താങ്കളിപ്പോൾ പറഞ്ഞതുപോലെ വളരെ സ്വാഭാവികമായ ഒരു നാട്ടിൻപുറത്തുകാരനെയാണ് എനിക്കിവിടെ കാണാൻ കഴിഞ്ഞത്.

സലിംകുമാർ

സലിംകുമാർ

= ഞാൻ മരണത്തെ മുഖാമുഖം കണ്ടവനാണ്. ജീവിതം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കിയവനാണ്. അതുതന്നെയാണ് അതിന്റെ കാരണം.നാളെ സിനിമ ഉണ്ടാകില്ല എന്നുവിചാരിച്ച് ടെൻഷൻ ഉണ്ടാകുന്ന ആളുകളെ എനിക്കറിയാം.

എനിക്കത് ഒട്ടുമില്ല. സിനിമ ഇല്ലെങ്കിലും ഞാൻ ഇവിടെ ഒരു നാട്ടിൻപുറത്തുകാരനായി ജീവിക്കും. സിനിമ എന്നെ ബാധിക്കുകയേയില്ല. ഞാനിന്നുവരെ സിനിമയിൽ ഒരു റോളിനു വേണ്ടി ഒരു സംവിധായകനെയും വിളിച്ചിട്ടില്ല. ഒരു സുഹൃത്തിനോടും പറഞ്ഞുവിട്ടിട്ടില്ല. എല്ലാ കഥാപാത്രങ്ങളും എന്നെത്തേടി വന്നതാണ്. അതിനിയും അങ്ങനെ തന്നെയായിരിക്കും.

? ആഹ്ലാദപൂർവം ഇഷ്ടപ്പെട്ട സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സലിം കുമാറിന്റെ ശരീരം തന്നോടുതന്നെ നിസ്സഹകരിച്ചുതുടങ്ങിയത്. ഒടുവിൽ അത് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയവരെ എത്തി...

= ഞാൻ ഒരിക്കലും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ ശരിയാകരുത് എന്ന് പ്രാർഥിച്ചിരുന്ന ഒരാളാണ്. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടേത് എടുക്കാം എന്ന് ഡോക്ടർ പറഞ്ഞപ്പോഴും എനിക്കത് മനസ്സിൽ ഭയങ്കര വേദന ഉണ്ടാക്കി. എനിക്കുവേണ്ടി ഒരാൾ മരിക്കേണ്ട എന്ന് ഞാൻ ആഗ്രഹിച്ചു. സ്വീകരിക്കുന്നുണ്ടെങ്കിൽത്തന്നെ കരൾ തരുന്ന ആളിനെ നമ്മൾ അറിയാതിരിക്കണം എന്നാണ്.

പക്ഷേ ഞാൻ ഡോക്ടറോട് പറഞ്ഞു, എനിക്ക് ആളെ അറിയണം. അങ്ങനെ ഞാൻ അവരുടെ വീട്ടിലേക്ക് പോയി. ഒടുവിൽ എനിക്ക് ജീവൻ തന്നിട്ട് അവനങ്ങ് പോയി.
അവന്റെ അമ്മയെ എന്റെ അമ്മയെപ്പോലെയാണ് ഞാനിപ്പോൾ കാണുന്നത്. ഇന്ന് ആ വീട്ടിലെയും കൂടി ഒരംഗമാണ് ഞാൻ.

? കീശയിൽ സൂക്ഷിച്ച ദിനേശ് ബീഡിയും കത്തിച്ച് ഹോസ്‌പിറ്റലാസകലം പുകയൂതിവിട്ട് ഓപ്പറേഷൻ തിയേറ്ററിലേക്ക് നടന്നുപോയ സലിംകുമാറിനെയാണ് ഇത് കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത്...

= ഞാനൊരിക്കലും മരിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാൻ വളരെ കൂളായാണ് ഓപ്പറേഷൻ തിയേറ്റിനകത്തേക്ക് പോയത്. അന്നൊന്നും ഞാൻ മരണത്തെ പേടിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്.

? ഇടയ്ക്കൊക്കെ താങ്കളുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതൊക്കെ സലിംകുമാറും കാണാറുണ്ടാകും...

= സോഷ്യൽ മീഡിയയിൽ എന്റെ മരണം കാണുമ്പോൾ, അതിനെക്കുറിച്ച് വായിക്കുമ്പോൾ ഞാൻ ചിരിക്കാറുണ്ട്. പിന്നെ മരണം എല്ലാവർക്കും ഒരു ദിവസം യാഥാർഥ്യമാവാനുള്ളതാണ്.

ഒരിക്കൽ ചിരിക്കാൻ ഞാൻ ഉണ്ടാവില്ലെന്നുമാത്രം. മരണത്തിന്റെ ലോട്ടറി എല്ലാവരും എടുത്തിട്ടുണ്ട്. അത് ഒരു ദിവസം എല്ലാവർക്കും അടിക്കുകയും ചെയ്യും.

? അഭിനയത്തിന്റെ ഇരുപത്തഞ്ചാം വർഷത്തിൽ എന്റെ സിനിമ എന്റെ ഭാര്യക്കുള്ള സമ്മാനമാണ് എന്നുപറഞ്ഞത് സലിംകുമാർ ആണ്. മരണത്തിന്റെ ലോട്ടറിയെടുത്ത് സൂക്ഷിച്ചാലും ഇങ്ങനെ സമ്മാനം കൊടുത്തുകൊടുത്ത് കൂടെ നിർത്തിയ ഒരാളെ വിട്ട് ഇവിടെനിന്ന് എളുപ്പമങ്ങ് പോകാൻ കഴിയുമോ സലിംകുമാറിന്...

= എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം ഇവർ രണ്ടുപേരുമാണ്. ഇപ്പോൾ എന്റെ ആഗ്രഹം ഞാൻ മരിച്ചിട്ട് മാത്രമേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷംപോലും ഇപ്പോൾ ജീവിക്കാൻ കഴിയില്ല. ഇപ്പോൾ എന്റെ ഓരോ ചലനവും നിർണയിക്കുന്നത് അവളാണ്.

സലിംകുമാറും ഭാര്യ സുനിതയും

സലിംകുമാറും ഭാര്യ സുനിതയും

? യൗവനത്തിനുള്ള പ്രണയം രോഗാതുരമാണ്.എന്നാൽ പ്രണയം വാർധക്യത്തിലെത്തുന്നതോടെ ആരോഗ്യം വീണ്ടെടുക്കുന്നു എന്ന് കോളറാകാലത്തെ പ്രണയത്തിൽ മാർക്വേസ് എഴുതിയത് നിങ്ങളെക്കുറിച്ചായിരിക്കും.

= നമ്മുടെ ജീവിതം വളരെ ചെറുതാണ്. ഇനി നമ്മൾക്ക് ഒരു ജീവിതം കിട്ടില്ല. അതുകൊണ്ട് കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായി കാണേണ്ടതുണ്ട്. ദാമ്പത്യം ശക്തിപ്പെടുന്നത് വാർധക്യത്തിലാണ്. അവിടെനിന്നാണ് യഥാർഥ പ്രണയം നാമനുഭവിക്കുന്നത്. പ്രണയം ഏറ്റവും തീവ്രമാകുന്നത് യൗവനത്തിലോ കൗമാരത്തിലോ അല്ല. വാർധക്യത്തിലാണ്.

അപ്പോഴാണ് നമുക്ക് മരിക്കേണ്ട എന്ന് തോന്നുന്നത്. ഇപ്പോഴാണ് യഥാർഥ ജീവിതം ഞാൻ തിരിച്ചറിയുന്നത്. കക്കാട് കവിതയിൽ പറഞ്ഞതുപോലെ നീ എന്റെ ചാരത്ത് നിൽക്കൂ. എപ്പോഴാണ് മരിക്കുന്നതെന്നറിയില്ല! നല്ല ഇണയില്ലാത്തവൻ ഹതഭാഗ്യൻ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണ്.

അതാണ് ഏറ്റവും വലിയ സമ്പത്ത്. അക്കാര്യത്തിൽ ഞാൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണ്. മറ്റെല്ലാറ്റിലും നമ്മൾ വിജയിച്ചാലും ദാമ്പത്യം പരാജയപ്പെട്ടാൽ ജീവിതം പൂർണമായി പരാജയപ്പെട്ടു എന്ന്‌ വിശ്വസിക്കുന്നവനാണ് ഞാൻ.

?സിനിമയ്ക്കൊപ്പം തന്നെ സലിംകുമാർ കുറെ ബിസിനസുകൾ തുടങ്ങിയിരുന്നു. അതിന്റെയൊക്കെ ചരിത്രമെടുത്താൽ എല്ലാം പരാജയമായിരുന്നു. അല്ലേ.

= അതെ. എന്നിലെ നടൻ ഒഴിച്ച് ബാക്കിയെല്ലാം ഇവിടെ പരാജയത്തിന്റെ ലിസ്റ്റിൽ ആണുള്ളത്.പക്ഷേ എന്റെ കുടുംബ ജീവിതം വിജയകരമായി പ്രദർശനം തുടരുന്നുണ്ട്.

?രാഷ്ട്രീയമായ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ സഹപ്രവർത്തകരിൽ പലരും സിനിമയ്ക്കൊപ്പം രാഷ്ട്രീയക്കാരന്റെ വിലാസം കൂടെ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ സലിം കുമാർ എന്ന രാഷ്ട്രീയക്കാരനിൽ അത് കണ്ടിട്ടില്ല...

=ഞാൻ കോൺഗ്രസുകാരനാണ്. ഞാൻ എല്ലാ രാഷ്ട്രീയക്കാരെയും ബഹുമാനിക്കുന്ന ആളാണ്. പി ജയരാജൻ എന്റെ അടുത്ത സുഹൃത്താണ്. അതുപോലെ ടി.വി രാജേഷ് പി രാജീവ് തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഇവിടെ അടുത്ത് ഇഎംഎസ് സാംസ്കാരിക നിലയുണ്ട്.

ഓരോ വർഷത്തെയും പരിപാടികളിൽ അവിടെ എന്റെയും കൂടി സാനിധ്യമുണ്ടാവാറുണ്ട്. അതിന്റെ ഉദ്ഘാടനം ഞാനാണ് ചെയ്യാറുള്ളത്. ഇങ്ങനെ പരസ്പരം ചേർന്നു നിൽക്കുന്നതാണ് എന്റെ രാഷ്ട്രീയം. എന്നാൽ ഇലക്ഷനിൽ ഞാൻ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ പോകാറുണ്ട്.

വേണമെങ്കിൽ നിയമസഭയിലേക്ക് എനിക്ക്  മത്സരിക്കമായിരുന്നു. എന്നോട് മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് നേതൃത്വം ചോദിച്ചിരുന്നു എന്നാൽ ആ പോസ്റ്റിന് ഞാൻ യോഗ്യനല്ല.രാഷ്ട്രീയം ഏറ്റവും കമ്മിറ്റ്മെൻറ് ആവശ്യമുള്ള പണിയാണ്. രാവന്തിയോളം ജനത്തിനൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.

ഒരു വ്യക്തിയുടെ നൂറു ശതമാനം ഇൻവോൾമെൻറ് രാഷ്ട്രീയജീവിതത്തിൽ വിനിയോഗിക്കുന്നവർക്കേ അതിന് യോഗ്യതയുള്ളൂ. മറ്റൊരു തൊഴിൽ ചെയ്തുകൊണ്ട് ഇടപെടേണ്ട മേഖലയല്ല അത്. പാർട്ട് ടൈം ജോലിയായി ചെയ്യേണ്ടതല്ല രാഷ്ട്രീയം. മുഴുവൻ സമയവും രാഷ്ട്രീയക്കാരനായിരിക്കണം.

?ഈ ഇരിപ്പിൽനിന്ന് ഓടിപ്പോകാൻ മോഹിപ്പിച്ചുകൊണ്ട് സിനിമ മാടിവിളിക്കുന്നുണ്ടാകും സലിംകുമാറിനെ. അപ്പോഴും പറവൂരിലെ പഴയ ഗ്രാമീണന്റെ കുപ്പായത്തിൽ ഒതുങ്ങിക്കൂടുന്നതിൽ തൃപ്തനാണ് സലിംകുമാർ. പുറത്തു കാണുന്ന ഈ ശാന്തത തന്നെയാണോ അകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

= നഗരങ്ങളിലെ ജീവിതമോ കാഴ്ചകളോ ഒന്നും ഒരിക്കൽപ്പോലും എന്നെ സ്വാധീനിച്ചിട്ടില്ല. എനിക്ക് ഈ ഗ്രാമത്തിൽ ജീവിക്കുന്നത് തന്നെയാണ് ഇഷ്ടം. ഞാൻ ആഗ്രഹിച്ചതൊക്കെ എനിക്കു കിട്ടിയിട്ടുണ്ട്.

മാത്രമല്ല ഈ ചെറിയ ജീവിതത്തിൽ എനിക്ക് കിട്ടിയതൊക്കെ ബോണസുമാണ്.

ബുദ്ധൻ എപ്പോഴും എന്റെ കൂടെയുണ്ട്. അതുകൊണ്ട് ഇനി വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല. വലിയ ആഗ്രഹങ്ങളുടെ പിന്നാലെ പോയാൽ നമുക്ക് ദുഃഖമുണ്ടാവുകയേ ഉള്ളു. ബാക്കിയുള്ള ജീവിതത്തിലും ഞാൻ സന്തോഷിക്കട്ടെ .

ബുദ്ധൻ എപ്പോഴും എന്റെ കൂടെയുണ്ട്. അതുകൊണ്ട് ഇനി വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല. വലിയ ആഗ്രഹങ്ങളുടെ പിന്നാലെ പോയാൽ നമുക്ക് ദുഃഖമുണ്ടാവുകയേ ഉള്ളു. ബാക്കിയുള്ള ജീവിതത്തിലും ഞാൻ സന്തോഷിക്കട്ടെ .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top