26 April Friday

മോനിഷയുടെ ഓർമ്മയ്‌‌ക്ക്‌ 30 വർഷം

ലെനി ജോസഫ്‌Updated: Monday Dec 5, 2022

ആലപ്പുഴ> മോനിഷ ഉണ്ണി വിടപറഞ്ഞിട്ട്‌ തിങ്കളാഴ്‌ച 30 വർഷം. ജീവിച്ചിരുന്നെങ്കിൽ മലയാളത്തിന്റെ പ്രിയങ്കരിയായ നടിക്ക്‌ ഇപ്പോൾ 51  വയസ്സാകുമായിരുന്നു. എന്നാൽ ഇന്നും മലയാളികൾക്ക്‌ അവർ കുട്ടിത്തം വിട്ടുമാറാത്ത കൗമാരക്കാരി. 1992 ഡിസംബർ അഞ്ചിന്‌ ‘ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെ മോനിഷയും അമ്മയും സഞ്ചരിച്ച കാർ ആലപ്പുഴ ചേർത്തലയിൽ ബസുമായി കൂട്ടിയിടിച്ചാണ്‌ മോനിഷയുടെ മരണം. തലച്ചോറിനുണ്ടായ പരിക്കു മൂലം സംഭവസ്ഥലത്തുവച്ചു തന്ന ജീവൻ നഷ്‌ടമായി. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ആദ്യചിത്രമായ ‘നഖക്ഷതങ്ങളി’ലൂടെ ദേശീയ അവാർഡ്‌ നേടുമ്പോൾ മോനിഷയ്‌ക്ക്‌ പ്രായം വെറും 15. ഇത്രയും കുറഞ്ഞപ്രായത്തിൽ ഈ നേട്ടം കൈവരിച്ചവർ വേറെയില്ല. വെള്ളിത്തിരയിൽ കത്തിജ്ജ്വലിച്ചുനിൽക്കവേയാണ്‌ ഇരുപത്തൊന്നാം വയസ്സിലെ വേർപാട്‌. 1971ൽ കോഴിക്കോട്ട് പി നാരായണനുണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനനം. സഹോദരൻ സജിത്. അച്ഛൻ ഉണ്ണി ബാംഗ്ലൂരിൽ വ്യവസായിയായിരുന്നതിനാൽ അവിടെയായിരുന്നു ബാല്യം. നർത്തകിയായ അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ. 9 വയസിൽ നൃത്തത്തിൽ അരങ്ങേറ്റം. 1985 ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിലും ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദം.

കുടുംബസുഹൃത്തായ എം ടി വാസുദേവൻനായരാണ്‌ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിനു തുണയായത്‌. എം ടി തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്‌ത നഖക്ഷതങ്ങൾ തന്നെ ആദ്യ ചിത്രം. പുതുമുഖനായകനായി നടൻ വിനീതും. തുടർന്ന്‌ പെരുന്തച്ചൻ, ഋതുഭേദം, കടവ്, കമലദളം, കുടുംബസമേതം, വേനൽ കിനാവുകൾ, അധിപൻ, ആര്യൻ തുടങ്ങി ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. അതോടോപ്പം തമിഴിൽ ‘പൂക്കൾ വിടുമിതൾ (നഖക്ഷതങ്ങളൂടെ റീമേക്ക്), ഉന്നേ നിനച്ചേൻ പാട്ടു പഠിച്ചേൻ, ദ്രാവിഡൻ എന്നീ ചിത്രങ്ങളിലും.  ‘ചിരഞ്ജീവി സുധാകര’ (1988) എന്ന കന്നട ചിത്രത്തിലും നായികയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top