25 April Thursday

അഭ്രപാളിയിലെ പുന്നപ്ര‐വയലാര്‍

സാജു ഗംഗാധരൻUpdated: Sunday Oct 24, 2021

പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളി മുന്നേറ്റം മലയാളത്തിലെ സിനിമാ പ്രവർത്തകരെയും ത്രസിപ്പിച്ചിട്ടുണ്ട്‌. ഈ സമരം ഇതിവൃത്തമായ സിനിമകളെക്കുറിച്ച്‌

ജന്മിയോട് കൂലി കണക്ക് പറഞ്ഞു ചോദിക്കുന്ന നായകനാണ് തകഴിയുടെ ‘രണ്ടിടങ്ങഴി’യിലെ കോരൻ. അധ്വാനത്തിന്റെ വിളവായ നെൻമണിയിൽ തനിക്ക് അവകാശമില്ലെന്ന യാഥാർഥ്യം കോരന്റെ മനസ്സിൽ പ്രതിഷേധത്തിന്റെ കനലുകളാകുന്നു. ആ പ്രതിഷേധാഗ്നിയാണ് 1946 ഒക്ടോബറിൽ പുന്നപ്രയിലും  കാട്ടൂരും മാരാരിക്കുളത്തും മേനാശേരിയിലും വയലാറിലും വാരിക്കുന്തമേന്തിയ ആയിരക്കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിൽ ധീരോജ്വലമായ വിപ്ലവ പ്രക്ഷോഭമായി ആഞ്ഞടിച്ചത്. അത് കേവലം ദിവാൻ ഭരണത്തിനെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ല, നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനതയുടെ പൊട്ടിത്തെറി ആയിരുന്നു. 

‘രണ്ടിടങ്ങഴി’യുടെ കാലം 1940കൾ ആണെങ്കിൽ ആ കഥ അഭ്രപാളിയിൽ എത്തുമ്പോഴേക്കും പാവപ്പെട്ടവരുടെ വിമോചന സ്വപ്‌നങ്ങൾക്ക് ചിറകേകിക്കൊണ്ട് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിക്കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ ആദ്യമായി ചെങ്കൊടി പാറിയത് ‘രണ്ടിടങ്ങഴി’യിലൂടെ. കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രവും വിപ്ലവാവേശവും നിറഞ്ഞ നിരവധി മഹത്തായ ചലച്ചിത്രങ്ങളുടെ തുടക്കമായി ‘രണ്ടിടങ്ങഴി.’   

‘രണ്ടിടങ്ങഴി’ പ്രദർശനത്തിനെത്തി പത്താണ്ട്‌ പൂർത്തിയാകുമ്പോഴാണ് മറ്റൊരു ചുവപ്പൻ സിനിമ തിരശ്ശീലയിൽ എത്തുന്നത്. കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടായ പുന്നപ്ര വയലാർ സമരത്തെ അധികരിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്‌ത ‘പുന്നപ്ര വയലാർ’. 1968 ജൂലൈ 12നു പ്രദർശനത്തിനെത്തിയ ‘പുന്നപ്ര വയലാറി’ന്റെ തിരക്കഥ എഴുതിയത് പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത നാടകകൃത്തും എഴുത്തുകാരനുമായ എസ്എൽപുരം സദാനന്ദൻ. പ്രേംനസീർ, ഷീല, ശാരദ, തിക്കുറിശ്ശി , പി ജെ ആൻറണി, അടൂർ ഭാസി, ഗോവിന്ദൻ കുട്ടി തുടങ്ങി  പ്രമുഖ നടീനടൻമാർ അണിനിരന്ന സിനിമയെ ജനപ്രിയമാക്കിയത് വയലാറും- പി  ഭാസ്‌കരനും- രാഘവൻ മാഷും- കൂടി ഒരുക്കിയ ഗാനങ്ങളാണ്. 

"സഖാക്കളേ മുന്നോട്ട്‌

മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌

തൊഴിലാളികളെ തൊഴിലാളികളെ

മനസ്സിൽ വിപ്ലവ തിരകളിരമ്പിടും

അലയാഴികളെ – അലയാഴികളെ

മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌"- എന്ന ഗാനം മുഴങ്ങാത്ത കമ്യൂണിസ്റ്റ് പാർടി പൊതുയോഗങ്ങൾ വിരളമായിരുന്നു. സിനിമയും ഗാനവും എത്രത്തോളം ജനമനസ്സിൽ ഇടംനേടി എന്നതിന് വേറെ തെളിവെന്തിന്‌?  

കുഞ്ചാക്കോയുടെ പുന്നപ്ര വയലാർ ചരിത്ര സിനിമയല്ലെങ്കിലും ആ കാലത്തെ വിപ്ലവവീറും സാമൂഹ്യ ജീവിതവും രാഷ്ട്രീയ പ്രക്ഷുബ്‌ധതയും പകർത്തുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. വിവിധ യൂണിയനുകളുടെ രൂപീകരണം തൊഴിലാളികളുടെ ഇടയിൽ ഉണ്ടാക്കിയ നവോന്മേഷത്തിന്റെയും അവകാശ ബോധത്തിന്റെയും ചരിത്ര സന്ദർഭത്തെ കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ട്. 1922 മാർച്ച് 31നു ആലപ്പുഴ എമ്പയർ കയർ ഫാക്ടറിയിലെ തൊഴിലാളികൾ യോഗം ചേർന്ന് തിരുവിതാംകൂർ ലേബർ അസോസിയേഷൻ  രൂപീകരിച്ചത് വലിയ ആവേശമാണ് വിവിധ മേഖലകളിലെ തൊഴിലാളികളിൽ സൃഷ്‌ടിച്ചത്‌.  “ഇനി ഞങ്ങൾ ആറുമണി കഴിഞ്ഞാൽ ജോലി ചെയ്യില്ല. അത് ഞങ്ങളുടെ യൂണിയന്റെ തീരുമാനമാ...” എന്ന്  ചെല്ലമ്മ (ഷീല) ഫാക്ടറിയിലെ മൂപ്പനോട് പറയുന്നുണ്ട്‌. 

പി ഭാസ്‌കരൻ രചിച്ച "വയലാറിന്നൊരു കൊച്ചു ഗ്രാമമല്ലാർക്കുമേ, വിലകാണാനാവാത്ത കാവ്യമത്രേ’എന്ന അവതരണ ഗാനത്തോടെയാണ് സിനിമ തുടങ്ങുന്നത്. പ്രശസ്‌ത കർണാടക സംഗീതജ്ഞൻ ഡോ. എം ബാലമുരളീകൃഷ്‌ണയായിരുന്നു  ഈ ഗാനം ആലപിച്ചത്. 1946ൽ സി  പി രാമസ്വാമി അയ്യർ നിരോധിച്ച പി ഭാസ്‌കരന്റെ ‘വയലാർ ഗർജിക്കുന്നു' വിലെ ‘ഉയരും ഞാൻ നാടാകെ, പടരും ഞാനൊരു പുത്തനുയിർ-നാട്ടിനേകിക്കൊണ്ടുയരും വീണ്ടും" എന്ന ഗാനം  സിനിമയുടെ അന്ത്യത്തിൽ വെടിയേറ്റ് മരിച്ചുവീണവരുടെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ കേൾക്കുന്നത് അവിസ്‌മരണീയമായ അനുഭവമാണ്. 

സിനിമ അവസാനിക്കുന്നത് 1967ൽ ഇ എം എസ് മുഖ്യമന്ത്രിയായി സപ്തകക്ഷി മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുന്നോടിയായി പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ എത്തുന്ന നേതാക്കളുടെ ദൃശ്യത്തിലാണ്. ഇ എം എസ്, ടി വി തോമസ്, എ കെ ജി, സി  അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, സുശീല ഗോപാലൻ, വി എസ് എന്നിവരെയൊക്കെ ദൃശ്യത്തിൽ കാണാം.

പിന്നീട് രണ്ടുവർഷത്തിനുശേഷം 1970ലാണ് പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട മറ്റൊരു സിനിമ പ്രദർശനത്തിനെത്തുന്നത്. 1950കളിൽ കേരളക്കരയാകെ ഇളക്കിമറിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ ചലച്ചിത്ര രൂപം. നാടകരചന നിർവഹിച്ച തോപ്പിൽ ഭാസി തന്നെയാണ് സിനിമ  തിരക്കഥയെഴുതി സംവിധാനം ചെയ്‌തത്‌.  "നമ്മുടെ നാട്ടിൻപുറങ്ങളിൽ കർഷകത്തൊഴിലാളികളും കൃഷിക്കാരും ആദ്യമായി സംഘടിക്കാൻ തുടങ്ങിയ കാലഘട്ടത്തിന്റെ സത്യസന്ധമായ ചിത്രീകരണമാണ് ഈ കഥ." എന്നു  ആമുഖമായി തോപ്പിൽ ഭാസി പറയുന്നുണ്ട്.  

‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ മുഖ്യകഥയ്‌ക്ക്‌ പുന്നപ്ര വയലാറുമായി ബന്ധമില്ലെങ്കിലും  കെ  പി  ഉമ്മർ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം  പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് നേതാവാണ്‌.  പുലയ പെൺകിടാവായ മാലയോട് മാത്യു തന്റെ കഥ പറയുന്ന രീതിയിലാണ് പുന്നപ്ര വയലാർ സമരം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ കടന്നുവരുന്നത്.  

വേണു നാഗവള്ളി സംവിധാനം ചെയ്‌ത്‌ മുരളി, മോഹൻലാൽ, സുരേഷ് ഗോപി  എന്നിവർ അഭിനയിച്ച്‌ 1998ൽ പ്രദർശനത്തിനെത്തിയ ‘രക്തസാക്ഷികൾ സിന്ദാബാദ്’ ആണ് പുന്നപ്ര വയലാർ സമരം പശ്ചാത്തലമായ മറ്റൊരു സിനിമ. ഇ എം എസിന് സമർപ്പിച്ചുകൊണ്ട് തുടങ്ങുന്ന സിനിമ പക്ഷേ ചരിത്രത്തോട് പൂർണമായും നീതി പുലർത്തുന്ന ഒന്നായിരുന്നില്ല എന്ന വിമർശനം വ്യാപകമായി ഉയർന്നു. പാട്ടും സംഘനൃത്തവും സംഘട്ടനങ്ങളും ഒക്കെയായി ഒരു തട്ടുപൊളിപ്പൻ കച്ചവട സിനിമയുടെ നിലവാരത്തിലേക്ക് വീണു പോയെങ്കിലും അധഃസ്ഥിത ജന വിഭാഗത്തിന്റെ വിമോചനത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളുടെ സ്‌മരണ ഉയയർത്തിപ്പിടിക്കുന്ന സിനിമ എന്ന നിലയിൽ ‘രക്തസാക്ഷികൾ സിന്ദാബാദും’ ഈ ഗണത്തിലെ എണ്ണപ്പെട്ട സൃഷ്ടി തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top