20 April Saturday

സിനിമാവസന്തമൊരുക്കാൻ സ്വന്തം ഒടിടി

ദിനേശ്‌വർമUpdated: Saturday Aug 21, 2021

തിരുവനന്തപുരം
ചെറുബജറ്റ്‌ സിനിമകളുടെ വസന്തകാലത്തിന്‌ നാന്ദി കുറിക്കാൻ വരുന്നു മലയാളത്തിന്റെ സ്വന്തം ഒടിടി. നവംബറിൽ കേരളപ്പിറവിയോട്‌ അനുബന്ധിച്ച്‌ ഇത്‌ പ്രാവർത്തികമാക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ കേരള ഫിലിം ഡെവലപ്‌മെന്റ കോർപറേഷൻ.

കോവിഡ്‌കാലത്തെ അടച്ചിരിപ്പ്‌ ഏവരെയും ഡിജിറ്റൽ കാഴ്‌ചകളിലേക്ക്‌ ചുരുക്കിയ സാഹചര്യത്തിലാണ്‌ പുതിയ പ്ലാറ്റ്‌ഫോം. ആമസോൺ, നെറ്റ്‌ഫ്ലിക്‌സ്‌ പോലുള്ള ലോകോത്തര വൻകിട ഒടിടികൾക്ക്‌ ഹിറ്റ്‌ സാധ്യതയുള്ള സിനിമകളിലാണ്‌ കണ്ണ്‌. അവ താരസിനിമകളോ വിജയിക്കുമെന്ന്‌ ഉറപ്പുള്ള പ്രമേയങ്ങളോ ആണ്‌. സമാന്തരവും പരീക്ഷണങ്ങൾക്ക്‌ സാധ്യതയുള്ളതും അമച്വറും അടക്കം വലിയ മേഖല വൻ പ്ലാറ്റ്‌ഫോമുകൾക്കു പുറത്താണ്‌. ഇത്തരം പ്രശ്നങ്ങൾ മറികടക്കുകകൂടിയാണ്‌ സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

മഹാമാരിയുടെ വരവോടെ ലോകത്ത്‌ സിനിമകളുടെ നിർമാണരീതി  ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മുന്നിൽ കണ്ടായി. ‘കോവിഡ്‌ സിനിമകൾ’ എന്ന പേരിൽ അവ അറിയപ്പെടുകയും ചെയ്യുന്നു. ചെലവ്‌ ചുരുക്കിയാണ്‌ അവയുടെ നിർമാണം. തിയറ്റർ ലക്ഷ്യമിട്ട്‌ മലയാളത്തിൽ നിർമിച്ച അമ്പതിലധികം സിനിമ പെട്ടിയിൽത്തന്നെയാണ്‌. ആദ്യ അടച്ചിടലിനെത്തുടർന്ന്‌ 900 കോടിയുടെ നഷ്ടം ഉണ്ടെന്ന്‌  നിർമാതാക്കൾ പറയുന്നു.  

തിയറ്ററുകൾ തുറന്നാലും ഉപയോഗിക്കാനാകുംവിധമാണ്‌ ഒടിടിക്ക്‌ രൂപം കൊടുക്കുന്നതെന്ന്‌ കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.  മുമ്പ്‌ പ്രദർശിപ്പിച്ച സിനിമകൾ ഈ പ്ലാറ്റ്‌ ഫോമിലേക്ക്‌ മാറ്റാനാകും. ഒടിടി ഒരുക്കുന്നതിനായി ടെൻഡർ വിളിക്കുന്ന നടപടിയിലാണ്‌. വരുമാനമാർഗം എന്നതിലുപരി സാംസ്‌കാരിക പ്രവർത്തനമായാണ്‌  ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top