29 March Friday
ചുവപ്പന്‍ സിനിമകളിലൂടെ

വിമോചന സമരം എന്ന അസംബന്ധ നാടകം; 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം'...ചുവപ്പന്‍ സിനിമകളിലൂടെ

സാജു ഗംഗാധരന്‍ Updated: Wednesday Sep 29, 2021

കമ്യൂണിസ്റ്റ് രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ സിനിമയാണ് ടി. വി. ചന്ദ്രന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’

സാജു ഗംഗാധരന്‍ എഴുതുന്നു..

"ഇതെന്‍റെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകളാണ്. എന്‍റെ അമ്മയും അച്ഛനും ഇതിലെ കഥാപാത്രങ്ങളാണ്. അമ്പതുകളുടെ അവസാനം അച്ഛന്‍റെ ജോലിമാറ്റം മൂലം തലശ്ശേരിക്കാരായ ഞങ്ങള്‍ തൃശൂരിലെ ചാലക്കുടിക്കടുത്തുള്ള ഒരു മലയോരപ്രദേശത്ത് എത്തിപ്പെട്ടു. അപരിചിതമായ ഭൂപ്രദേശം-ആളുകള്‍-കേരളത്തില്‍ വിമോചന സമരം എന്ന അസംബന്ധ നാടകം അരങ്ങേറിയ നാളുകളായിരുന്നു അവ. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് ഒടുങ്ങാത്ത ഭീതിയുടെ നാളുകളായിരുന്നു. ഒരു പറ്റം കോണ്‍ഗ്രസ്സുകാരെ ഒറ്റയ്ക്ക് നേരിട്ട ടെയിലര്‍ ഭാസി എന്ന വീരപുരുഷന്റെ പിന്നാലെ നടന്നു ഞാനന്നൊരു കമ്യൂണിസ്റ്റായി. എന്‍റെ കുട്ടിക്കാലത്തിന്‍റെ അവസാനം ഒരു തരത്തില്‍ കേരള രാഷ്ട്രീയത്തിന്റെ നൈസര്‍ഗ്ഗികതയുടെ, നിഷ്കളങ്കതയുടെ അന്ത്യം കൂടിയായിരുന്നു." ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന സിനിമയുടെ തിരക്കഥ പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയപ്പോള്‍ അതിനെഴുതിയ ആമുഖത്തില്‍ സംവിധായകന്‍ ടി. വി. ചന്ദ്രന്‍ ഇങ്ങനെ എഴുതി. 

 
1960കളുടെ ഒടുവിലും 70കളുടെ തുടക്കത്തിലുമായി മുഖ്യധാര സിനിമയുടെ ചുമലിലേറി വെള്ളിത്തിരയില്‍ ആവേശം തീര്‍ത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞ സിനിമകളൊന്നും കൈവെക്കാത്ത, അല്ലെങ്കില്‍ പറയാന്‍ ധൈര്യപ്പെടാത്ത രാഷ്ട്രീയം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ സിനിമയാണ് ടി. വി. ചന്ദ്രന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യന്‍ മതേതരത്വം തെരുവില്‍ ചോര ചീന്തി വീണുകിടന്ന 90 കളില്‍ ചില ഓര്‍മ്മകളെ രാഷ്ട്രീയ കേരളത്തിന്റെ മനസിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു ഈ ചലച്ചിത്രത്തിലൂടെ ടി. വി. ചന്ദ്രന്‍. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന വിമോചന സമരത്തോടെയാണ് കേരള രാഷ്ട്രീയത്തില്‍ ജാതിയും മതങ്ങളും പിടിമുറുക്കിയത് എന്നു തന്റെ ആത്മകഥാ സ്പര്‍ശമുള്ള ബാല്യകാലാനുഭവങ്ങളിലൂടെ ടി. വി. ചന്ദ്രന്‍ പറഞ്ഞുവെക്കുന്നു. 1995 സെപ്തംബര്‍ 29നാണ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം  പ്രദര്‍ശനത്തിനെത്തിയത്. 
ടി. വി. ചന്ദ്രന്‍

ടി. വി. ചന്ദ്രന്‍

 
നവധാരയുടെ ബാനറില്‍ സലാം കാരശ്ശേരി നിര്‍മ്മിച്ച് മമ്മൂട്ടി, നിതിന്‍, നെടുമുടി വേണു, ശ്രീനിവാസന്‍, എം. ജി. സോമന്‍, ബംഗാളി നടിയായ പ്രിയംവദ റേ, ബിന്ദു പണിക്കര്‍,  കുക്കു പരമേശ്വരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ഇറങ്ങിയ കാലത്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ 1990കളില്‍  ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ പറയാന്‍ ശ്രമിച്ച ജാതി മത ശക്തികള്‍ നഖങ്ങള്‍ ആഴ്ത്തിയ രാഷ്ട്രീയത്തെ കേരളം തിരിച്ചറിയുന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.  
 
ഇ. എം. എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതില്‍ കരഞ്ഞ കുട്ടി 
 
"1959ല്‍ പന്ത്രണ്ടാം വയസില്‍ അവസാനിച്ച ഒരു കേരളീയ ബാല്യം" എന്ന ആമുഖ വാക്യത്തോടെയാണ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ആരംഭിക്കുന്നത്. 1947ല്‍ ജനിച്ച ‘സ്വാതന്ത്ര്യം’ എന്ന മലയാളി ബാലന്‍  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ 1959ല്‍ പിരിച്ചു വിട്ടതോടെ മരണപ്പെട്ടു/കൊല്ലപ്പെട്ടു എന്നാണ് ഈ ആമുഖ വാചകത്തിന്റെ സൂചന. 
 
ജയന്‍ (നിതിന്‍) എന്ന പന്ത്രണ്ടു വയസ്സുകാരന്റെ കാഴ്ചപ്പാടിലാണ് ഓര്‍മ്മകള്‍ ഇതള്‍ വിരിയുന്നത്. വിമോചന സമരത്തിലൂടെ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റിനെ താഴത്തിറക്കാന്‍ നടന്ന പ്രക്രിയകളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. തന്റെ അച്ഛനും (നെടുമുടി വേണു) ദേവസിക്കുട്ടിയും അടക്കമുള്ളവര്‍ ഒരു ഭാഗത്തും ടെയിലര്‍ ഭാസി (മമ്മൂട്ടി) ബാര്‍ബര്‍ നാണുവും (ശ്രീനിവാസന്‍) ലൈന്‍മാനായ ‘ചട്ടമ്പി’ വേലായുധനും (എം ജി സോമനും) മറുപക്ഷത്തും ഏറ്റുമുട്ടുന്ന ഈ ഗ്രാമീണ കഥയില്‍ നീതിയും സത്യവും ആരുടെ പക്ഷത്താണ് എന്നു ജയന്‍ തിരിച്ചറിയുന്നുണ്ട്. 
 
ജയന്‍ സാക്ഷിയാവുന്ന/കേള്‍ക്കുന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിലും കൊല ചെയ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരായിരുന്നു. ജയനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ബാര്‍ബര്‍ നാണുവിന്റെ കൊലപാതകം. അത്ര പാവവും രസികനുമായിരുന്നു അയാള്‍. ഭാസിക്കൊപ്പം കമ്യൂണിസ്റ്റ് രാഷ്ട്രീയം പറയുന്ന നാടകത്തില്‍ സ്ത്രീ വേഷം ചെയ്യാന്‍ വേണ്ടി അയാള്‍ മീശ വടിക്കുന്ന രംഗം ഏറെ ഹൃദ്യമാണ്. കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും പി. കൃഷ്ണപ്പിള്ളയുടെയും ചിത്രങ്ങള്‍ വെച്ച നാണുവിന്റെ ബാര്‍ബര്‍ ഷോപ്പ് ഒരു കാലഘട്ടത്തിന്റെ സൂചകം തന്നെയാണ്. നാണുവിനെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ഈ ചിത്രങ്ങളിലെല്ലാം ചോര പടരുന്നുണ്ട്.
പിന്നീട് ഭാസിയുടെ കൂടെ നാണുവിന്റെ ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്ന ജയന്‍ ‘രാഷ്ട്രീയം പാടില്ല’ എന്ന ചുമരെഴുത്തില്‍ നിന്നും ‘പാടില്ല’ എന്ന്‍ വാക്ക് മാത്രം മായ്ച്ചു കളയുകയും രാഷ്ട്രീയം മാത്രം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. നാണുവിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഡമായ രാഷ്ട്രീയം തന്നെയാണ് സംവിധായകന്‍ ഇവിടെ പറഞ്ഞുവെക്കുന്നത്. 
 മമ്മൂട്ടി

മമ്മൂട്ടി

 
ഒരു രാത്രി സിനിമ കഴിഞ്ഞു വരുമ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ ചോദ്യം ചെയ്യലില്‍ നിന്നും ജയനെയും അമ്മയെയും ശ്രീധരമ്മാവനെയും ഭാര്യയെയും രക്ഷിച്ചത് ടെയിലര്‍ ഭാസി ആയിരുന്നു. സൈക്കിളില്‍ അകന്നു പോകുന്ന ടെയിലര്‍ ഭാസിയെ നോക്കി ആരാധനയോടെ നില്‍ക്കുന്ന ജയന്‍ "ഭാസിയേട്ടനാ" എന്നു പറഞ്ഞു അടുപ്പമുള്ള ഒരാളെ എന്ന പോലെ അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. നിരപ്പലകയുടെ ഇടയിലൂടെ കത്തി അകത്തേക്കിട്ട്  തെറി വിളിച്ച ഭാസിയെ മറിയാമ്മ പരിചയപ്പെടുത്തിയത് "തെമ്മാടി ഭാസി" എന്നായിരുന്നു. “ഭാസി എന്നയാള്‍ യാഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ആളാണ്. അയാളാണ് തന്നെ കമ്യൂണിസ്റ്റുകാരനാക്കിയത്” ഒരു അഭിമുഖത്തില്‍ ടി. വി. ചന്ദ്രന്‍ പറയുകയുണ്ടായി. 
 
ഭാസിയുടെ കൂടെ നടക്കുന്നതിന് അച്ഛനില്‍ നിന്നും ജയന്‍ വഴക്കു കേള്‍ക്കാറുണ്ട്. കോണ്‍ഗ്രസ് നേതാവായ ദേവസിക്കുട്ടി ഏഷണി പറഞ്ഞിട്ടാണ് അത്. ഒരു തവണ ചൂരല്‍ കൊണ്ടുള്ള മര്‍ദ്ദനമാണ് ഏറ്റതെങ്കില്‍ മറ്റൊരു തവണ കണ്ണില്‍ മുളക് തേക്കുകയാണ് ചെയ്യുന്നത്. ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ ദേവസിക്കുട്ടിയെ പിശാചായി വരച്ച വിവരം സ്കൂള്‍ മേലധികാരിയായ പുരോഹിതന്‍ വഴി ജയന്റെ അച്ഛന്‍ അറിഞ്ഞപ്പോഴാണ് കണ്ണില്‍ മുളക് അരച്ച് തേക്കുന്നത്. ജയന്റെ കാഴ്ചപ്പാടില്‍ ഒട്ടും സത്യസന്ധത ഇല്ലാത്തവരാണ് സ്വന്തം അച്ഛനും ദേവസിക്കുട്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ഇവര്‍ ഇരുവരും അണികളെ കൊണ്ട് കള്ള് ഷാപ്പ് പിക്കറ്റിംഗ് നടത്തിക്കുകയും വീട്ടിനകത്തിരുന്നു കള്ള് കുടിക്കുകയും ചെയ്യുന്ന ദൃശ്യം ഇതിന് ഒരു ഉദാഹരണം മാത്രം.
ജയനെ വിട്ടാണ് ഇവര്‍ കള്ള് വാങ്ങിക്കുന്നത് തന്നെ.  മറ്റൊന്നു അമ്മയില്ലാത്ത സമയത്ത് വേലക്കാരി മറിയാമ്മയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന അച്ഛനെ ജയന്‍ കാണുന്നതാണ്. 
 
"ഒരു മൈക്രോ ഹിസ്റ്ററി എന്നു പറയാവുന്ന ഒരു സിനിമയാണിത്. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെ ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു." ടി. വി. ചന്ദ്രന്‍ പറഞ്ഞു. 
 
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രകടനം പോകുന്നതും നോക്കി "ഇവന്‍മാര്‍ ഇവിടത്തെ സംസ്കാരവും വിദ്യാഭ്യാസവും നശിപ്പിക്കും" എന്നു പറയുന്ന പാലക്കാരന്‍ സാമുവല്‍ (വി. കെ. ശ്രീരാമന്‍) ആണ് മറ്റൊരു കള്ളനാണയം. കേരള ഗവണ്‍മെന്‍റിനെതിരെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നിരന്തരം കത്തെഴുതുന്ന അയാള്‍ ആണ്‍കുട്ടികളെ മിഠായി കൊടുത്ത്  അശ്ലീല പുസ്തകങ്ങള്‍  വായിപ്പിക്കുന്നതില്‍ രസം കണ്ടെത്തുന്ന ഒരു ഞരമ്പ് രോഗിയാണ്. 
 
ലോകാവസാനം പ്രവചിച്ച് കാത്തിരിക്കുന്ന ഡോ. പുന്നൂസ് തരകനാണ് (ഭരത് ഗോപി) മറ്റൊരു ഉജ്വല കഥാപാത്രം.
ഭരത് ഗോപി

ഭരത് ഗോപി

"ഈ ലോകം അവസാനിക്കാന്‍ പോവുകയാണ്, ഞാന്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്" എന്നാണ് ജയനോട് അയാള്‍ പറയുന്നത്. യൂറോപ്പിനെ കമ്യൂണിസ്റ്റ് ഭൂതം ആവേശിച്ചിരിക്കുകയാണ് എന്നു ആക്രോശിച്ച ക്രിസ്ത്യന്‍ സഭകളുടെ നിലപാടിന്റെ ചരിത്ര ഘട്ടത്തെ തന്നെയാണ് പുന്നൂസ് തരകനിലൂടെ പ്രതീകാത്മമകമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നത്. തന്റെ ഓര്‍മ്മക്കേട് ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണ് എന്നാണ് അയാള്‍ പറയുന്നത്. കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതോടെ ലോകാവസാനം സംഭവിക്കാന്‍ പോകുന്നു എന്നായിരുന്നല്ലോ വിമോചന സമരക്കാലത്തെ പ്രചരണം. ലോകം അവസാനിപ്പിക്കാന്‍ വേണ്ടി അയാള്‍ തന്നെ വളര്‍ത്തിയ പാമ്പ് കടിച്ചാണ് പുന്നൂസ് തരകന്‍ ഒടുവില്‍ മരിക്കുന്നതു  എന്നത് അതിശക്തമായ ഒരു കറുത്ത ഫലിതമായി മാറുന്നുണ്ട് സിനിമയില്‍.  
 
മറ്റൊരു രസകരമായ കഥാപാത്രം മറിയാമ്മയുടെ അപ്പനാണ്. കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ പിരിച്ചുവിടാന്‍ അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കാന്‍ ജയന്റെ അമ്മയെ ഉപദേശിക്കുന്നുണ്ട് ഇയാള്‍. അടിച്ചു പൂസായി വന്നിട്ട്  “ഇവറ്റോള്‍ മുക്കിന് മുക്കിന് ഷാപ്പ് തുടങ്ങിയാല്‍ ഗാന്ധിജി വിഭാവനം ചെയ്ത നമ്മുടെ ഇന്ത്യ”യ്ക്കു എന്തു സംഭവിക്കും എന്നു ഇയാള്‍ ആകുലപ്പെടുന്നത് ശുദ്ധമായ ഹാസ്യ നിമിഷങ്ങള്‍ സമ്മാനിക്കുന്ന രംഗങ്ങളില്‍ ഒന്നാണ്.  
ബിന്ദു പണിക്കര്‍

ബിന്ദു പണിക്കര്‍

 
"കാലം പോയി കാലം പോയി ചെമ്പടയുടെ കാലം പോയി" എന് മുദ്രാവാക്യം വിളിച്ച് പോകുന്ന വിമോചന സമര പ്രകടനത്തെ പള്ളിയുടെ പടവില്‍ നിന്നു വീക്ഷിക്കുന്ന പുരോഹിതന്റെ ദൃശ്യവും ഇടയ ലേഖനം വായിക്കുന്നതിന്റെ ശബ്ദ രേഖയും ഗവണ്‍മെന്റിനെതിരായ മന്നത്ത് പത്മനാഭന്റെ പ്രസംഗത്തിന്റെ ഒടുവില്‍ ഒരു കുടിലിന് തീ വെക്കുന്ന ദൃശ്യവും കാണിച്ചതിലൂടെ കേരള രാഷ്ട്രീയത്തെ എങ്ങനെയൊക്കെയാണ് വിമോചന സമരം അക്രമണോത്സുകവും മലീമസവും ആക്കിയത് എന്നു അതിശക്തമായ ഭാഷയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ടി. വി. ചന്ദ്രന്‍. ഈ ഘട്ടത്തില്‍ സിനിമ ഒരു ഡോക്യു ഫിക്ഷന്‍റെ സ്വഭാവം ആര്‍ജ്ജിക്കുന്നത് കാണാം. മറ്റൊരു തരത്തില്‍ പൊതുസമൂഹം മറന്നുപോയ ഒരു കറുത്ത കാലത്തിന്റെ ഡോക്യുമെന്റേഷന്‍ തന്നെയാണ് ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന ചിത്രത്തിലൂടെ ടി. വി. ചന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നത്. 
 
പൊന്തന്‍മാടയ്ക്ക് മുന്‍പേ ആലോചിച്ച സിനിമ 
 
“പൊന്തന്‍മാടയ്ക്ക് മുന്‍പ് ഞാന്‍  മനസില്‍ ആലോചിച്ചു വെച്ച സിനിമയായിരുന്നു ഇത്. പല കാരണങ്ങള്‍ കൊണ്ട് പൊന്തന്‍മാടയാണ് ആദ്യം ഉണ്ടായത്. പൊന്തന്‍ മാടയ്ക്ക് ശേഷം മമ്മൂട്ടിയുമായി ഉണ്ടായ സൌഹൃദത്തിന്റെ ബലത്തില്‍ മമ്മൂട്ടിയോടാണ് ആദ്യ ഈ സിനിമയുടെ കഥ പറയുന്നത്. പൊന്തന്‍മാടയില്‍ ഡിഗ്ലാമറൈസ് ചെയ്താണ് മമ്മൂട്ടിയെ അവതരിപ്പിച്ചത്. മാട കഴിഞ്ഞ ഉടനെ ഞാന്‍ മമ്മൂട്ടിയോട് പാതി തമാശയായും കാര്യമായും പറഞ്ഞിരുന്നു, അടുത്തതായി കേരളത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനായി അവതരിപ്പിക്കുമെന്ന്.” ഓര്‍മ്മകളുടെ പിറവിയെ കുറിച്ച് ടി. വി. ചന്ദ്രന്‍ ഇങ്ങനെ ഓര്‍മ്മിച്ചു. “ഈ സിനിമയിലെ നായകന്‍ ഒരു ബാലനാണ്. നായകനല്ലാതിരുന്നിട്ടും ഭാസിയുടെ വേഷം ചെയ്യാന്‍ മമ്മൂട്ടി തയ്യാറായതാണ് ഈ സിനിമയെ യാഥാര്‍ഥ്യമാക്കിയത്.” ടി. വി. ചന്ദ്രന്‍ പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ടെയിലര്‍ ഭാസി. 
 
“പ്രതീക്ഷിക്കാത്ത പല കോണുകളില്‍ നിന്നും ഈ സിനിമയ്ക്കു വലിയ സ്വീകരണം ലഭിക്കുകയുണ്ടായി.
നിതിന്‍

നിതിന്‍

മൈക്രോ ഹിസ്റ്ററി പറഞ്ഞ സിനിമകളില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ചു സിനിമയാണ് ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്നാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞത്.  എന്‍റെ സിനിമകളുടെ റിട്രോസ്പെക്ടീവ് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിപ്പോള്‍ ഓസ്ട്രിയയില്‍ നിന്നും വന്ന്‍ രണ്ടു പ്രൊഫസര്‍മാര്‍ അവര്‍ക്ക് പഠിപ്പിക്കാന്‍ വേണ്ടി ഈ സിനിമയുടെ ഡിവിഡികള്‍ വാങ്ങിപ്പോവുകയും ഇതിന്റെ തിരക്കഥ അവര്‍ ആവശ്യപ്പെട്ടിട്ട് പിന്നീട് അയച്ചു കൊടുക്കുകയും ഉണ്ടായി.” ടി. വി. ചന്ദ്രന്‍ പറഞ്ഞു.   
 
ഇ. എം എസ് ഗവണ്‍മെന്റിന്റെ 50 വര്‍ഷം ആഘോഷിച്ച 2007ല്‍  വേളയില്‍ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന് രാഷ്ട്രീയ ചലച്ചിത്രത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം ലഭിച്ചതു വലിയ സന്തോഷമുണ്ടാക്കി എന്നു ടിവി ചന്ദ്രന്‍ പറഞ്ഞു. സിനിമയുടെ മൂന്നു പ്രിന്‍റുകള്‍ അന്ന് കെ എസ് എഫ് ഡി സി എടുക്കുകയും കേരളമാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 
 
ചിത്രീകരണം സലാം കാരശ്ശേരിയുടെ നാടായ മുക്കത്ത് 
 
നിര്‍മ്മാതാവ് സലാം കാരശ്ശേരിയുടെ നാടായ മുക്കത്ത് വെച്ചായിരുന്നു ചിത്രീകരണം.
സലാം കാരശ്ശേരി

സലാം കാരശ്ശേരി

സിനിമയിലെ കരിങ്കള്ളൂര്‍ ആയി ഞാന്‍ മനസില്‍ കണ്ടത് ഹൈറേഞ്ച് പോലുള്ള ഒരു സ്ഥമായിരുന്നു. ചാലക്കുടിക്ക് അടുത്തുള്ള മലയോര പ്രദേശമായ പരിയാരത്തായിരുന്നു ആ പ്രായത്തില്‍ ഞാന്‍ താമസിച്ചിരുന്നത്. അതുപോലുള്ള ഒരു സ്ഥലമായിരുന്നു എന്‍റെ മനസില്‍. ഏകദേശം അതിനോടു സാമ്യമുള്ള പ്രദേശമായിരുന്നും മുക്കം. 
 
അവാര്‍ഡുകള്‍ അംഗീകാരങ്ങള്‍ 
 
മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്  നിതിനും ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് ടി. കൃഷ്ണനുണ്ണിയ്ക്കും ലഭിച്ചപ്പോള്‍ പ്രത്യേക ജൂറി അവാര്‍ഡ് ടി. വി. ചന്ദ്രനു നല്‍കുകയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ അദ്ധ്യക്ഷനായ ജൂറി ചെയ്തത്. അതേസമയം ആ വര്‍ഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഓര്‍മകള്‍ ഉണ്ടായിരിക്കണം കരസ്ഥമാക്കി.  
 
നായനാരുടെ നര്‍മ്മം
 
1996ല്‍ ഇ. കെ. നായനാര്‍ മന്ത്രിസഭയുടെ 100 ദിവസത്തെ കുറിച്ച് കെ. എസ് എഫ് ഡി സിക്ക് വേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യാന്‍ വേണ്ടി നായനാരെ കാണാന്‍ പോവുകയുണ്ടായി. ആ സമയത്ത് “തന്റെ സിനിമയെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ആണല്ലോടോ” എന്നു സ്വതസിദ്ധമായ ശൈലിയില്‍ നായനാര്‍ തന്നോടു ചോദിച്ച കാര്യം ടിവി ചന്ദ്രന്‍ ഓര്‍മ്മിച്ചു. “അതിനു ഞാന്‍ വിശദമായ മറുപടി കൊടുത്തിട്ടുണ്ട്” എന്നു പറഞ്ഞപ്പോള്‍ “മറുപടിയും വായിച്ചിരുന്നു..” എന്നായിരുന്നു നായനാരുടെ മറുപടി.  
 
“നാല്‍പ്പതുകളിലും അന്‍പതുകളിലും ജനിച്ച ഞങ്ങളെ പോലുള്ളവരുടെ മനസില്‍ വലിയ ആഘാതമുണ്ടാക്കിയ സംഭവങ്ങളാണ് വിമോചന സമരവും അടിയന്തരാവസ്ഥയും. എന്നെ പോലുള്ളവരെ രൂപപ്പെടുത്തിയ കാലമാണത്. അതുകൊണ്ട് തന്നെയാണ് ഈ ചരിത്ര സംഭവങ്ങള്‍ എന്റെ സിനിമയില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.” ടി. വി. ചന്ദ്രന്‍ പറഞ്ഞു. 
 
‘മങ്കമ്മ’, ‘ഡാനി’ തുടങ്ങി 2019ല്‍ പുറത്തിറങ്ങിയ ‘പെങ്ങളില’യില്‍ വരെ ഈ ചരിത്ര ഘട്ടങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ‘പെങ്ങളില’യില്‍ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന സിനിമയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ സിനിമാറ്റിക്കായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി കണക്കാക്കാം.    
 
"ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നു പറഞ്ഞുകൊണ്ടു ഏത് കാലഘട്ടത്തെയാണോ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചത് ആ കാലത്തിന്‍റെ മറ്റൊരു ആവര്‍ത്തനത്തിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോകുന്നത്. രണ്ടാം വിമോചന സമരം വേണം എന്ന രീതിയില്‍ പോലും പലരും സംസാരിക്കുന്നത് നാം കേട്ടു. അതുകൊണ്ടു തന്നെ ഈ സിനിമയുടെ രാഷ്ട്രീയ പ്രാധാന്യം കൂടുതല്‍ ശക്തമായി ഇനിയും ചര്‍ച്ചചെയ്യപ്പെടും." ടി. വി. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top