05 July Tuesday

മറ്റുള്ളവരുടെ താൽപര്യത്തിൽ ഇടപെടരുത്‌; എന്റെ മറുപടി എന്റെ ഇഷ്‌ടം: നിഖില വിമൽ

കെ എ നിധിൻ നാഥ്‌ / nidhinnath@gmail.comUpdated: Sunday May 22, 2022

ലോകം മുഴുവൻ വീട്ടകങ്ങളിലേക്ക്‌ ചുരുങ്ങിയ കോവിഡ്‌ കാലത്ത്‌  ചേച്ചിയും അനിയനും തമ്മിലുള്ള ഇണക്കവും പിണക്കവും തമ്മിലടിയുമെല്ലാം നിറഞ്ഞ ‘ജോ ആൻഡ്‌ ജോ’ തിയറ്ററിൽ പ്രേക്ഷകനെ ചിരിപ്പിച്ചുമുന്നേറുകയാണ്‌. അരുൺ ഡി ജോസ്‌ ആദ്യമായി സംവിധാനംചെയ്‌ത ‘ജോ ആൻഡ്‌ ജോ’ ആദ്യമായി നിഖില വിമൽ ടൈറ്റിൽ കഥാപാത്രമായി എത്തിയ സിനിമകൂടിയാണ്‌. അവർ ഒരു അഭിമുഖത്തിൽ പറഞ്ഞ ‘കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്’ എന്ന അഭിപ്രായം വിവാദമായിരിക്കുകയാണ്‌. തന്റെ സിനിമാ സങ്കൽപ്പത്തെക്കുറിച്ചും നിലപാടുകളെപ്പറ്റിയും നടി നിഖില വിമൽ സംസാരിക്കുന്നു:
ഉത്തരവാദിത്വം കൂടുതൽ

 പ്രാധാന്യമുള്ള റോൾ ചെയ്‌താൽ കൊള്ളാമെന്ന്‌ തോന്നിയപ്പോഴാണ്‌ ജോ ആൻഡ്‌ ജോയിൽ അവസരം കിട്ടിയത്‌. ഇത്‌ സ്വീകരിക്കപ്പെടുമെന്ന്‌ തോന്നിയിരുന്നു. പ്രധാന കഥാപാത്രം ചെയ്യുമ്പോൾ  ഉത്തരവാദിത്തം കൂടുതലാണ്‌. മറ്റു സിനിമകളാകുമ്പോൾ ഉത്തരവാദിത്വം പങ്കുവയ്‌ക്കപ്പെടുന്നുണ്ട്‌. ആളുകൾ നമ്മളാണ്‌ സിനിമയിൽ ഉള്ളതെന്ന്‌ അറിഞ്ഞുവരണം. അതെല്ലാംകൊണ്ടാണ്‌ അത്തരം സിനിമ  ചെയ്യാതിരുന്നത്‌. ജോ ആൻഡ്‌ ജോ ഒരു ചെറിയ സിനിമയാണെന്നതും സിനിമ തെരഞ്ഞെടുക്കാൻ  കാരണമായി. മാത്യുവും നെസ്‌ലെനുമൊക്കെയുണ്ടല്ലോ.
ഹ്യൂമർ സിനിമകൾ ഇഷ്ടമാണ്‌. ജോ ആൻഡ്‌ ജോയിലുള്ളത്‌ സാന്ദർഭിക തമാശയാണ്‌. തമാശയ്‌ക്കുവേണ്ടി  പ്രത്യേകമായി ഒന്നും ചെയ്‌തിട്ടില്ല


ഇഷ്‌ടമുള്ള സിനിമകളാണ്‌  ചെയ്യുന്നത്‌. എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നതരത്തിൽ നിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നില്ല. ഇടവേളയെടുത്ത്‌ സിനിമ ചെയ്യുമ്പോഴാണ്‌ ആളുകൾക്ക്‌  പുതുമ തോന്നുക. കിട്ടുന്ന സിനിമകളിൽനിന്ന്‌ നല്ലത്‌ തെരഞ്ഞെടുക്കും.  ഇതുവരെ ചെയ്‌തതെല്ലാം എന്നെ തേടി വന്നവയാണ്‌.  ചില സിനിമയിൽ എനിക്ക്‌ ഭാഗമാകണമെന്ന്‌ തോന്നാറുണ്ട്‌. അങ്ങനെയാണ്‌ അഞ്ചാം പാതിരയിലും ബ്രോ ഡാഡിയിലും അതിഥിവേഷം ചെയ്‌തത്‌.

കൊത്ത്‌  പുതിയ അനുഭവം

നിലവിൽ അഭിനയിക്കുന്നത്‌ കൊത്താണ്‌. നായകൻ ആസിഫ്‌ അലി. സിബി മലയിലിനെപ്പോലെ മുതിർന്ന സംവിധായകനൊപ്പം സിനിമ ചെയ്യുമ്പോൾ ലഭിക്കുന്നത്‌ പുതിയ അനുഭവമാണ്‌. കുറേ പുതിയ കാര്യം പഠിക്കാൻ കഴിഞ്ഞു. നല്ല ഉള്ളടക്കമുള്ള പൊളിറ്റിക്കൽ ത്രില്ലറാണ്‌ കൊത്ത്‌. ഞാൻ ഇതുവരെ ചെയ്യാത്ത തരം സിനിമ.

അത്‌ എന്റെ തീരുമാനമാണ്‌


ചാനൽ അഭിമുഖത്തിൽ പറഞ്ഞത്‌ എനിക്കു തോന്നിയ ഒരു കാര്യമാണ്‌. പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് എന്നനിലയ്‌ക്ക്‌ പറഞ്ഞതൊന്നുമല്ല. എന്നാൽ, ഈ നാട്ടിൽ ജീവിക്കുന്ന ഒരാളെന്നനിലയിൽ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക്‌ തോന്നിയ കാര്യം പറഞ്ഞതിനോട്‌ ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത്‌ എന്നെ ബാധിക്കുന്നില്ല. അത്‌ ശ്രദ്ധിക്കാൻ നേരവുമില്ല.
അഭിപ്രായം പറയണമോ വേണ്ടയോ എന്നത്‌ എന്റെ തീരുമാനമാണ്‌. ആ സമയത്ത്‌ അതു പറയാൻ തോന്നി. എന്നുവച്ച്‌ എല്ലാ കാര്യത്തിലും  അഭിപ്രായം പറയണമെന്നില്ല.  സമൂഹമാധ്യമങ്ങളിൽ ഇടപെടാറില്ല. താൽപ്പര്യവുമില്ല.    

അതൊന്നും എന്നെ ബാധിക്കില്ല


ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ അലട്ടുന്നതാണെന്ന്‌ കരുതുന്നില്ല.  എനിക്ക്‌ പണ്ടുമുതലേ പരിചയമുള്ളവർക്കുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത്‌ എന്തെങ്കിലും ചെയ്യുന്നത്‌ സന്തോഷമുള്ള കാര്യം. അതിനെ നെഗറ്റീവായി കാണേണ്ട കാര്യമില്ല.  
സൈബർ ആക്രമണം നടക്കുന്നുണ്ടോ എന്നൊന്നും  നോക്കാറില്ല. ഞാൻ ആക്രമിക്കപ്പെടുന്നുണ്ട്‌ എന്നതുകൊണ്ട്‌ സന്തോഷിക്കുന്നവർ സന്തോഷിച്ചോട്ടെ. അതൊന്നും എന്നെ ബാധിക്കില്ല. ഇതുകൊണ്ടൊന്നും ഒരാളുടെയും വായടപ്പിക്കാനാവില്ല.  എനിക്കു പറയാനുള്ള കാര്യങ്ങൾ എല്ലാക്കാലത്തും പറയും. ഒരാൾക്ക്‌ സംസാരിക്കണമെങ്കിൽ അയാൾ എക്കാലത്തും സംസാരിക്കും. ഒരു കാര്യത്തിനുവേണ്ടിയാണ്‌ സംസാരിക്കുന്നതെങ്കിൽ അവർ അത്‌ നേടുന്നതുവരെ സംസാരിക്കും. ആർക്കും ആരെയും പേടിപ്പിക്കാൻ പറ്റില്ല.
 
ചോയ്‌സിൽ ഇടപെടരുത്‌


ആ അഭിമുഖത്തിൽ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല.  ഞാൻ പശുവിനെ കഴിക്കുന്നവരോട്‌ കഴിക്കരുതെന്നോ, കഴിക്കാത്തവരോട്‌ കഴിക്കണമെന്നോ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ താൽപ്പര്യത്തിൽ ഇടപെടരുത്‌.  അഭിമുഖത്തിലെ എന്റെ പ്രതികരണവുമായി ബന്ധപ്പെട്ട്‌  ഉണ്ടായത്‌ അനാവശ്യ വിവാദങ്ങളാണ്‌.

എന്റെ മറുപടി എന്റെ ഇഷ്‌ടം
|
എന്റെ കുറേ അഭിമുഖം വരുന്നതോ, ആളുകൾ എന്നെക്കുറിച്ച്‌  ചർച്ച ചെയ്യുന്നതോ വലിയ  ഇഷ്‌ടമുള്ള കാര്യമല്ല.  മുഖം എപ്പോഴും മീഡിയയിൽ വരണമെന്നുമില്ല.  സിനിമയെക്കുറിച്ച്‌ സംസാരിക്കാൻ പോയി ഇരിക്കുമ്പോൾ അവർ അതൊഴികെ ബാക്കി കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കാറുണ്ട്‌. കുസൃതി ചോദ്യങ്ങളാണ്‌ താൽപ്പര്യമെങ്കിൽ അത്‌ ചോദിക്കാം. അത്തരം ഉള്ളടക്കമാകും അവർക്കാവശ്യം. എന്നാൽ, എനിക്ക്‌ ഇഷ്‌ടമുള്ള പോലെയേ ഞാൻ മറുപടി പറയൂ. അവർക്ക്‌ മറുപടി കുസൃതിയായി കാണണമെങ്കിൽ അങ്ങനെ കാണാം. സീരിയസായി കാണണമെങ്കിൽ അങ്ങനെയുമാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top