24 April Wednesday

10 വർഷം ഒരു ചെറിയ കാലം: സിനിമ വിശേഷങ്ങളുമായി ലുക്‌മാൻ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 14, 2023

നാട്ടിൻപുറത്തെ ബാന്റ്‌ സംഘത്തിന്റെ കഥ പറയുന്ന ജാക്സൺ ബസാർ യൂത്തിൽ അപ്പുവായി ലുക്ക്‌മാൻ അവറാൻ വീണ്ടും പ്രേക്ഷകരിലേക്ക്‌ എത്തുകയാണ്‌. മലയാള സിനിമയുടെ പുതുനിരയുടെ മുഖംകൂടിയാണ്‌ ലുക്ക്‌മാൻ. അതിന്‌ സാക്ഷ്യമായി ഉണ്ടയിലെ ബിജുകുമാർ, ഓപ്പറേഷൻ ജാവയിലെ വിനയദാസൻ, തല്ലുമാലയിലെ ജംഷി, സൗദി വെള്ളക്കയിലെ അഭിലാഷ്‌ എന്നിങ്ങനെ പിന്നിട്ട പതിറ്റാണ്ടിനിടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക്‌ ചേക്കേറിയ അനവധി കഥാപാത്രങ്ങൾ. ലുക്ക്‌മാൻ അവറാൻ സംസാരിക്കുന്നു:

നാട്ടിൻപുറത്തെ ബാന്റ്‌ സംഘം

ടീസറിലും ട്രെയിലറിലുമൊക്കെ കണ്ടപോലെ ഒരു കളർ ഫുൾ സിനിമയാണ്‌ ജാക്സൺ ബസാർ യൂത്ത്‌. കൊല്ലത്തെ അതിർത്തി ഗ്രാമത്തിലുള്ള ഒരു ബാന്റ്‌ സംഘത്തിന്റെ കഥയാണ്‌. ആക്ഷൻ, പ്രണയം, പ്രതികാരമൊക്കെ ഉൾക്കൊള്ളുന്ന സിനിമ. ബാന്റ്‌ സംഘത്തിന്റെ ആശാനായി വേഷമിടുന്നത്‌ ജാഫർ ഇടുക്കിയാണ്‌. ബാന്റിലെ അംഗം അപ്പുവെന്ന കഥാപാത്രമാണ്‌ ചെയ്യുന്നത്‌. പൊലീസ്‌ സ്‌റ്റേഷനുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയാണ്‌ സിനിമ. തല്ലുമാലയിലെ ജംഷി പെട്ടെന്ന്‌ ദേഷ്യം വരുന്ന, അടിയുണ്ടാക്കുന്ന കഥാപാത്രമായിരുന്നു. ഇത്‌ അങ്ങനെയല്ല. സാഹചര്യംകൊണ്ട് ദേഷ്യം വരുന്ന നാട്ടിൻപുറത്തെ  ഒരു സാധാരണക്കാരൻ.

10 വർഷം ഒരു ചെറിയ കാലം

സിനിമയിൽ എത്തിയിട്ട്‌ 10 വർഷമായി എന്നത്‌  വലിയ കാര്യമല്ല. സിനിമയിൽ വന്നതിനെക്കുറിച്ച്‌  ഓർക്കുമ്പോൾ സന്തോഷമാണ്‌. ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുന്നു, കുറെ സിനിമകൾ ചെയ്യാൻ കഴിയുന്നു. സിനിമയിൽനിന്ന്‌ കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാക്കണമെന്നാണ്‌ ചിന്തിക്കുന്നത്. സംവിധായകൻ അടക്കമുള്ളവരിൽനിന്നും കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകാനാണ്‌ ശ്രമിക്കുന്നത്‌. ഞാൻ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും മെച്ചപ്പെടാനുണ്ട്. മെച്ചപ്പെടാൻ ഇല്ലെന്ന് തോന്നിക്കഴിഞ്ഞാൽ അപ്പോൾ സിനിമ നിർത്തണം. ഞാൻ നിലവിൽ അടിവച്ചുതുടങ്ങിയിട്ടേയുള്ളൂ. ഇനി നടന്നുതുടങ്ങണം.  

സൗഹൃദത്തിന്‌ പങ്ക്‌ കുറവ്‌

സിനിമയിൽ സൗഹൃദത്തിനുള്ള പങ്ക്‌ വളരെ കുറവാണ്. ചെയ്യുന്ന കഥാപാത്രങ്ങളും നമ്മുടെ പരിശ്രമങ്ങളുമാണ്‌ പ്രധാനം. പ്രേക്ഷകർക്ക്‌ നമ്മളെ ഇഷ്ടപ്പെടുക എന്നതാണ്‌ കാര്യം. നമ്മൾ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും സ്വയം വളരുകയും വേണം. ഇപ്പോൾ സിനിമയെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഒറ്റയ്‌ക്ക്‌ ഇരിക്കുമ്പോഴും വീട്ടിൽ ആയാലും മനസ്സിൽ സിനിമ തന്നെയാണ്‌. എന്ത്‌ പറഞ്ഞാലും അത്‌ സിനിമയിലാണ് വന്നെത്തുക. ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോൾ കഥാപാത്രത്തിനൊപ്പം സംവിധായകൻ പുതിയ ആളോ പഴയ ആളോ എന്നതിനപ്പുറം സിനിമ മൊത്തത്തിൽ എങ്ങനെ ഉണ്ടാകുമെന്നാണ്‌ നോക്കാറ്‌. ചില സിനിമയുടെ തിരക്കഥ നല്ലതായിരിക്കും. ചിലത്‌ മേക്കിങ്ങിലായിരിക്കും നന്നാകുക. അതുകൊണ്ടുതന്നെ സിനിമ മൊത്തത്തിൽ എങ്ങനെ വരുമെന്ന്‌ നോക്കിയിട്ടാണ്‌ ചെയ്യാമെന്ന്‌ തീരുമാനിക്കുന്നത്‌.

എല്ലായിടത്തും മലയാളമല്ലേ

കാര്യങ്ങൾ മുൻകൂട്ടി വിചാരിച്ചപോലെ ഒന്നും സംഭവിക്കില്ല. എല്ലാം സ്വാഭാവികമായി ഉണ്ടാകുന്നതുമല്ല. രണ്ടും കൂടിച്ചേർന്നാണ്‌ പോകുന്നത്‌. ചിലത്‌ ആലോചിക്കുംപോലെ തന്നെ നന്നായി പോകണമെന്നില്ല. ചിലത്‌ പ്രതീക്ഷയ്‌ക്കപ്പുറം പോകും. സിനിമയിൽ ഒന്നിനും ഒരു ഉറപ്പുപറയാൻ പറ്റില്ല. കഥാപാത്രം മലബാറാണോ, വള്ളുവനാടൻ ഭാഷയാണോ സംസാരിക്കുന്നത്‌ എന്നത്‌ വിഷയമല്ല. കേരളത്തിൽ എല്ലായിടത്തും മലയാളമാണ്‌. സിനിമയാണ് ഏറ്റവും പ്രധാനം. സിനിമയും കഥാപാത്രവും നന്നാകുക എന്നതാണ് പ്രധാനം. ജാക്സൺ ബസാർ കൊല്ലത്താണ്‌ നടക്കുന്നത്‌. ഇനി വരാനിരിക്കുന്ന സിനിമ കൊറോണ ജവാൻ തൃശൂർ ഭാഷയാണ് സംസാരിക്കുന്നത്.  ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ്‌ സംവിധാനം ചെയ്യുന്ന സിനിമ, രോഹിത് വി എസിന്റെ ടിക്കിടാക്ക തുടങ്ങിയവയാണ്‌ പുതിയ സിനിമകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top