26 April Friday

സിനിമ പിന്നെ കാണാം ; റിലീസ് മാറ്റിവച്ച് സിനിമകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

കേരളം ഒറ്റക്കെട്ടായി കോവിഡ് 19നെ പ്രതിരോധിക്കാൻ രം​ഗത്തിറങ്ങവെ, തിയറ്ററുകൾ അടച്ചിടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ സ്വന്തം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ച് യുവതാരം ടൊവിനോ തോമസ്. ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ -എന്ന സിനിമയുടെ ഈമാസം 12ലെ റിലീസാണ് മാറ്റിവച്ചത്.

"രോ​ഗവ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന്‌ കൂട്ടായ്മകൾ ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞുകൊണ്ട്, പുതിയ സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അധ്വാനവുമാണു ഞങ്ങൾക്ക്‌ ഈ സിനിമ. പക്ഷേ, ഈ സമയത്ത് മറ്റെന്തിനെക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപായെ ചെറുത്ത് തോൽപിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്തമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗനിർദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം', ടൊവിനോ കുറിച്ചു.


 

തിയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെ, മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസും മാറ്റിവയ്ക്കേണ്ടിവരും. ഈമാസം 26നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. അഞ്ചു ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വാങ്ക്, മമ്മൂട്ടിയുടെ വിഷു റിലീസ് വൺ എന്നീ ചിത്രങ്ങളുടെ റിലീസും നീളും. ഇളയദളപതി വിജയ് നായകനാകുന്ന മാസ്റ്റർ റിലീസും മാറ്റിവയ്ക്കാൻ സാധ്യത. ഈ മാസം 15ന് സിനിമയുടെ ഓഡിയോ റിലീസ് വമ്പൻ പരിപാടിയായ് നടത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്. പരിപാടി ലളിതമായ ചടങ്ങിൽ നടത്താനാണ്  ഇപ്പോഴത്തെ തീരുമാനം.

സംസ്ഥാനത്ത് ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിങ് തുടരുന്ന കാര്യത്തിൽ സംവിധായകനും നിർമാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ചലച്ചിത്രസംഘടനകളുടെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top