08 May Wednesday

'വെള്ളരിക്കാപട്ടണം' ഇനി 'വെള്ളരിപട്ടണം'

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് 'വെള്ളരിപട്ടണം' എന്ന് മാറ്റി. 'വെളളരിക്കാപട്ടണം' എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റം. 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ റിലീസ് ചെയ്യും.

ആക്ഷന്‍ ഹീറോ ബിജു,അലമാര,മോഹന്‍ലാല്‍,കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ ബാനറാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് തങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും 'വെള്ളരിക്കാപട്ടണം' എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബര്‍ ആണെന്നു തന്നെയാണ് ഇപ്പോഴും തങ്ങളുടെ വിശ്വാസം. എന്നതിനാൽ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍  സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി  പേരുമാറ്റത്തിന് തയ്യാറായതെന്നും പറയുന്നു.

മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട്,തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top