20 April Saturday

കപ്പേള റിയലിസ്റ്റിക്‌ സിനിമയാണ്‌; റോയി സദാചാരവാദിയല്ല: മുഹമ്മദ്‌ മുസ്‌തഫ

അഞ്‌ജലി ഗംഗ anjaliganga.p@gmail.com‌Updated: Sunday Jul 5, 2020

തിയറ്ററിൽ പ്രദർശനം തുടങ്ങിയെങ്കിലും കോവിഡ്‌‐19 കപ്പേളയുടെ വഴിമുടക്കുകയായിരുന്നു. ഇപ്പോൾ നെറ്റ്‌ ഫ്‌ളിക്‌സിൽ സ്‌ക്രീനിങ് തുടങ്ങിയതോടെ സിനിമ പതിനായിരങ്ങളിലെത്തി. അഭിനന്ദനങ്ങളും അതിലേറെ വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ്‌ മുഹമ്മദ്‌ മുസ്‌തഫയുടെ ആദ്യസിനിമ

 
കോവിഡ്‌ വഴിമുടക്കിയതാണ്‌ കപ്പേളയെ. എന്നാൽ ജൂൺ 22ന്‌ നെറ്റ്‌ഫ്ലിക്‌സിലൂടെ  സിനിമ പ്രേക്ഷകരിലെത്തിയപ്പോൾ അഭിനന്ദനങ്ങളുടെ കുത്തൊഴുക്കാണ്‌.   അനുരാഗ്‌ കശ്യപ്‌ അടക്കം പല പ്രമുഖരും ആ നിരയിലുണ്ട്‌. കപ്പേളയുടെ വിശേഷങ്ങളിലൂടെ സംവിധായകൻ മുഹമ്മദ്‌ മുസ്‌തഫ.
 

എന്തു തോന്നുന്നു ഇപ്പോൾ?

 
ഭയങ്കര സന്തോഷം‌. നമ്മുടെ ചെറിയ സിനിമ ആളുകൾ കണ്ട്‌ നല്ല അഭിപ്രായം പറയുന്നത്‌ സന്തോഷമുള്ള കാര്യമാണ്‌. ലോക്‌ഡൗൺ കാലമായതിനാൽ കൂടുതൽ പ്രേക്ഷകർക്ക്‌ സിനിമ കാണാനുള്ള സമയവും സൗകര്യവുമുണ്ടായി. അനുരാഗ്‌ കശ്യപും അതിലൊരാൾ.  സത്യത്തിൽ, ലോക്‌ഡൗൺ സമയത്ത്‌ വിചാരിച്ച പല പ്രോജക്ടുകളും അകാരണമായി നീണ്ടുപോയതിൽ സങ്കടമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങൾ അതിനെയെല്ലാം അതിജീവിക്കുന്നതാണ്‌.
 

മികച്ച മൂന്ന്‌ അഭിനേതാക്കൾ

 
അന്ന ബെൻ, റോഷൻമാത്യു, ശ്രീനാഥ്‌ ഭാസി എന്നിവരുടെ അഭിനയം നേരത്തെതന്നെ ശ്രദ്ധിച്ചിട്ടുണ്ട്‌. മൂന്നുപേരും മികച്ച അഭിനേതാക്കളാണ്‌. അവരൊരുമിച്ചപ്പോൾ സിനിമയ്‌ക്ക്‌‌ കൂടുതൽ മിഴിവുണ്ടായി.
മുഹമ്മദ്‌ മുസ്‌തഫ

മുഹമ്മദ്‌ മുസ്‌തഫ

 

മിസ്‌ഡ്‌ കോൾ പ്രണയം പഴങ്കഥയല്ല

 
കപ്പേള റിയലിസ്റ്റിക്‌ സിനിമയാണ്‌. വയനാട്ടിലെ ഉൾനാട്ടിലെ വിശ്വാസിയായ, പ്ലസ്‌ടു തോറ്റ ജെസിയുടെ കഥ. എല്ലാവരും ഇങ്ങനെ ആകണമെന്നില്ല. സമീപകാലത്ത് സമാനമായ ഒരനുഭവമുണ്ടായി. അതിരാവിലെ കോഴിക്കോട്ട്‌ ഷൂട്ടിങ്‌ നടക്കുമ്പോൾ ഒരു പെൺകുട്ടി അവിടെയെത്തി. നായകനൊപ്പം സെൽഫി എടുക്കണമെന്നൊക്കെ പറഞ്ഞു. കുറെനേരംകൂടി ചുറ്റിനിന്നപ്പോൾ പെൺകുട്ടി പറഞ്ഞു, വയനാട്ടിൽനിന്നാണ്‌. കോഴിക്കോട്ട്‌‌ ആദ്യമാണ്‌. സുഹൃത്തിനെ കാണാനെത്തിയതാണ്‌. എന്നാൽ, സുഹൃത്ത്‌ എവിടെയെന്ന്‌ ചോദിച്ചപ്പോൾ ഇവിടെ കാണും, ആദ്യമായാണ്‌ കാണുന്നത്‌ എന്നായിരുന്നു മറുപടി. അതിനാൽ, സിനിമയുടെ കഥ ഏച്ചുകെട്ടലോ, അസ്വാഭാവികതയുള്ളതോ ഒന്നുമല്ല. സാധാരണ നടക്കുന്ന ഒരു സംഭവം‌. സിനിമയെ‌ വിമർശിക്കുന്നവർ യാഥാർഥ്യം എന്താണെന്ന്‌ ചിന്തിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. സിനിമയുടെ അവസാനം ജെസി തീരുമാനം എടുക്കാൻ സമയം ചോദിക്കുന്നുണ്ട്‌. അതൊരു തിരിച്ചറിവാണ്‌.
 

റോയ്‌ സദാചാരവാദിയോ?

 
ഒരിക്കലുമല്ല. സിനിമയുടെ കഥ പറയുമ്പോഴോ സംവിധാനം ചെയ്യുമ്പോഴോ ആ വാക്ക്‌ ഉപയോഗിച്ചിട്ടില്ല. ആ ആശയത്തോടുതന്നെ യോജിക്കാനാകില്ല. റോയ്‌ ഒരു പ്രശ്‌നം കണ്ടാൽ ഇടപെടുന്ന ചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്‌. റോയിക്ക്‌ ഫോൺ കോൾ വരുന്നതിനാലാണ്‌ ജെസിയെ പിന്തുടരുന്നത്‌ എന്നത്‌ സ്‌പൂൺ ഫീഡ്‌ ചെയ്യണമെന്ന്‌ തോന്നിയില്ല. കാരണം, വിഷ്‌ണുവും ജെസിയുമുള്ള ഷോട്ടിൽത്തന്നെ വേറെയും കമിതാക്കളുണ്ട്‌. അവരെ ശല്യപ്പെടുത്തുന്നുമില്ലല്ലോ. അങ്ങനെയൊരു തോന്നലുണ്ടാകുന്നത്‌ അവരുടെ കാഴ്‌ചപ്പാടുകൊണ്ടാകാം. അമ്പലത്തിൽ ഉത്സവത്തിനിടെ പെൺകുട്ടിയെ കാമുകൻ ഉപദ്രവിക്കുമ്പോൾ റോയ്‌ ഇടപെടുന്നുണ്ട്‌. അപ്പോൾ റോയ് ‘എടാ' എന്നാണ് വിളിക്കുന്നത്, ‘എടീ' എന്നല്ല. എന്നിട്ടൊരു ചിരിയുമുണ്ട്. അവരുടെ സ്വകാര്യതയിൽ ഇടപെടുന്നതല്ല മറിച്ച്‌ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തടയുകയാണ്.  വിമർശിക്കുന്നവർ ആ സീൻ ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
 

സംഘപരിവാർ പ്രചാരണങ്ങളെപ്പറ്റി

 
എന്ത് പറയാനാണ്. ഒരു കഥാപാത്രത്തിന് കൊടുത്ത ചമയങ്ങൾമാത്രം എടുത്ത് പ്രചാരണം നടത്തുകയാണ്. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടവർക്ക് അങ്ങനെ ആകാം. പക്ഷേ, ആത്യന്തികമായി ഇതൊരു കലയാണ്. അതിനെ ആ അർഥത്തിൽ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.
 

തിയറ്ററുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും

 
തിയറ്ററിലൂടെ സിനിമ കാണുന്നതും ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ സിനിമ കാണുന്നതും രണ്ടനുഭവമാണ്‌. സ്വാഭാവികമായും തിയറ്റർ റിലീസ്‌ ചെയ്‌തിരുന്നെങ്കിൽ മൂന്നാഴ്‌ച ഓടി പടം മാറിപ്പോയേനെ. എന്നാൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ പ്രേക്ഷകരെയാണ്‌ കിട്ടിയത്‌.  തിയറ്റർ അനുഭവം നഷ്ടമായെന്നും പലരും പറയുന്നു‌. സിനിമ വലിയ സ്‌ക്രീനിൽ കാണിക്കുന്നതിന്‌ അതിന്റേതായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നല്ല ക്യാമറയും ശബ്ദമിശ്രണവുമെല്ലാം. ഓൺലൈൻ സ്‌ക്രീനിങ്ങിന്‌ അതിന്റെ ആവശ്യമില്ലായിരുന്നു.
 

കോവിഡാനന്തരം

 
പരീക്ഷണ സിനിമകളാണ്‌ മനസ്സിലുള്ളത്‌. ഇപ്പോൾ ഏറ്റവും എളുപ്പം ചെയ്യാൻ പറ്റിയ സിനിമയായിരുന്നു കപ്പേള. അതാദ്യം ചെയ്‌തുവെന്നേയുള്ളൂ. വലിയ ക്യാൻവാസിലുള്ള സിനിമകളാണ്‌ മനസ്സിലുണ്ടായിരുന്നത്‌. അതെല്ലാം നീട്ടിവച്ചു. വാക്‌സിൻ കിട്ടുംവരെ സിനിമയും നാടകവുമെല്ലാം അതിനനുസരിച്ച്‌ മാറേണ്ടിവരും. എഴുത്തുകളും കാഴ്‌ചപ്പാടുകളും മാറും. അതിനനുസരിച്ച്‌ ഇപ്പോൾ ചെറിയ ചെറിയ പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്‌.
  

ക്യാമറയ്‌ക്കു മുന്നിലും പിന്നിലും

 
രണ്ടിനും രണ്ട്‌ ആസ്വാദനമാണ്‌. അഭിനയിക്കുമ്പാൾ കഥാപാത്രത്തെ മനസ്സിലാക്കുക. അഭിനയിക്കുക. ഡബ്‌ ചെയ്യുക. അതോടെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞു. പക്ഷേ, സംവിധാനം ദീർഘമായപ്രക്രിയയാണ്‌. പടം സംവിധാനം ചെയ്യാമെന്ന്‌ മറ്റുള്ളവരെ ബോധിപ്പിക്കണം. കഥ ബോധ്യപ്പെടുത്തണം. കപ്പേളയുടെ കഥപോലും പല സ്ഥലങ്ങളിലായി അറുപത്‌ എഴുപത്‌ തവണ പറയേണ്ടി വന്നിട്ടുണ്ട്‌. മലയാളത്തിൽനിന്ന്‌ വലിയൊരു തുകയ്‌ക്കാണ്‌ കപ്പേള നെറ്റ്‌ഫ്ലിക്‌സ്‌ വാങ്ങിയതെങ്കിൽപ്പോലും സിനിമയ്‌ക്ക്‌‌ ലാഭമുണ്ടായിട്ടില്ല. പക്ഷേ, അത്തരം വിഷമങ്ങളെ ഇപ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ മറികടക്കാനാകുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top