27 April Saturday

നീലവെളിച്ചം: ബഷീറിനും ഭാർഗവിക്കും അത്യുജ്വലമായ സിനിമാറ്റിക്ക്‌ ട്രിബ്യൂട്ട്‌

കെ എ നിധിൻ നാഥ്‌Updated: Saturday Apr 22, 2023

‘നീലവെളിച്ചം എന്ന ഈ കഥ എന്റെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളിലൊന്നാണ്. സംഭവത്തെക്കാള്‍ നല്ലത് അത്ഭുതത്തിന്റെ ഒരു കുമിള എന്ന് പറയുന്നതായിരിക്കും. ശാസ്ത്രത്തിന്റെ സൂചികൊണ്ട് ഇതിനെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്നെക്കൊണ്ട് പൊട്ടിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷെ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം, വിശകലനം ചെയ്യുവാനും’ - ആമുഖം (ചെറുകഥ, നീലവെളിച്ചം - വൈക്കം മുഹമ്മദ്‌ ബഷീർ).

ബഷീർ തന്റെ ചെറുകഥയുടെ ആമുഖത്തിൽ ഓർമപ്പെടുത്തിയത്‌ എനിക്ക്‌ കഴിയാത്തത്‌ നിങ്ങൾക്ക്‌ കഴിഞ്ഞേക്കാമെന്നാണ്‌. ആ ഒരു സാധ്യതയെ സധൈര്യം ആഷിക്‌ അബു ഏറ്റെടുത്തിടത്താണ്‌ നീലവെളിച്ചം സാധ്യമായത്‌. മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നാണ്‌ ഏകദേശം ആറ്‌ പതിറ്റാണ്ട്‌ മുമ്പ്‌ ഇറങ്ങിയ വിൻസെന്റ്‌ ഒരുക്കിയ ഭാർഗവിനിലയം. പഴയ കാലസിനിമകളെ പുന:നിർമിക്കുമ്പോൾ പ്രേക്ഷക സ്വീകാര്യതയിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ രതിനിർവേദത്തിലും നീലത്താമരയിലും പലയാവർത്തി മലയാള സിനിമ കണ്ടിട്ടുണ്ട്‌.  ഈ പ്രതിബന്ധങ്ങളെ തന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പ്‌ കൊണ്ട്‌ ആഷിക്‌ അബു മറിടക്കുന്നിടതാണ്‌ ബഷീറിനോടും ഭാർഗവിനിലയത്തിനോടും നീതി പുലർത്തി നീലവെളിച്ചം മികച്ച സൃഷ്‌ടിയാകുന്നത്‌. സാങ്കേതിക മേഖലയുടെ കൃത്യമായ ഉപയോഗവും അഭിനേതാക്കളുടെ പിന്തുണയും നീലവെളിച്ചത്തെ പുതിയ കാലത്ത്‌ തല ഉയർത്തി നിൽക്കാൻ അർഹതയുള്ള ചലച്ചിത്രഭാഷ്യമാക്കുന്നുണ്ട്‌.



ബഷീറിയൻ എഴുത്തുകളിലെ നാടകീയത, ഭാർഗവിയിലെ  പ്രണയം ഉൾക്കൊള്ളുന്ന എഴുത്തുകാരൻ. അയാൾ അവളെ അറിയാൻ ശ്രമിക്കുന്നതിലൂടെ സൃഷ്‌ടിച്ചെടുക്കുന്ന ഭ്രമിപ്പിക്കുന്ന ലോകത്തിലൂടെയാണ്‌ ഭാർഗവിക്കുട്ടിയും സാഹിത്യകാരൻ സുൽത്താനും അടുത്തറിയുന്നത്‌. തലശ്ശേരിയിലെ അങ്ങാടിയ്‌ക്കും കടലിനും ചേർന്നുള്ള വഴിയിൽ മതിൽകെട്ടിനകത്ത്‌ പൂത്തു നിൽക്കുന്ന കടലാസ്‌പൂക്കൾ കാവൽ നിൽക്കുന്ന ഭാൾഗവീനിലയത്തിൽ റാന്തൽ വെളിച്ചതിന്റെ മിഴിവിന്‌ മുകളിൽ തിളങ്ങി നിൽകുന്ന നീലവെളിച്ചം. അതിലൂടെ അവരിലുണ്ടാകുന്ന  പരസ്‌പര തിരിച്ചറിവുകളിലൂടെ വിരിയുന്ന സിനിമാറ്റിക്ക്‌ കാഴ്‌ചയായി തെളിയുന്ന നീലവെളിച്ചം.

എഴുത്തുകാരൻ കഥാപാത്രമായി സ്വയം പ്രതിഷ്ഠിച്ചാണ്‌ വൈക്കം മുഹമ്മദ്‌ ബഷീർ ഭാർഗവിനിലയത്തിന്‌ തിരക്കഥ ഒരുക്കിയത്‌. സിനിമയുടെ കാലത്തിനുസരിച്ചുള്ള പുനരാവിഷ്‌കാരത്തിനായി ഹൃഷികേശ് ഭാസ്‌കരൻ അധികതിരക്കഥ ഒരുക്കി. മറ്റു ബഷീർ കൃതികളുടെ കൂടി ചെറിയ തോതിലുള്ള ഉപയോഗത്തിലൂടെ കാലോചിതമായ ചില മാറ്റങ്ങൾ സിനിമയിൽ സാധ്യമാക്കിയിട്ടുണ്ട്‌.  ‘ഒരു പ്രണയിനിക്കെന്നെ മനസ്സിലാകും’  എന്ന  ടോവിനോ കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെ കഥാവഴിയിലേക്ക്‌ പ്രവേശിക്കുന്ന സിനിമ, ഭാർഗവിയും ബഷീറും തമ്മിലുള്ള ആത്മബന്ധങ്ങളിലൂടെ വളരുന്നു. ഈ കഥപറച്ചിലിന്റെ ഒഴുക്ക്‌ മുറിയാതെ തന്നെ പഴയകാലവും ആവിഷ്‌കരിക്കുന്നുണ്ട്‌.



സാങ്കേതികവിദ്യയിൽ വലിയ സാധ്യതകൾ ഇല്ലാത്ത കാലത്ത്‌ ലഭ്യമായവയെ പരമാവധി ഉപയോഗിപ്പെടുത്തി ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഭാർഗവിനിലയം. ആ സിനിമയ്‌ക്ക്‌ ഒരു പുനരാവിഷ്‌കാരം വരുമ്പോൾ അതിൽ ഏറ്റവും സാധ്യതയുള്ളതും അതിനാൽ തന്നെ സാങ്കേതിക മേഖലയിലാണ്‌. ആ സാധ്യതയെ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ നീലവെളിച്ചം. പുതിയ കാലത്തെ പ്രേക്ഷകനെ സിനിമയിലേക്ക്‌ വിളക്കി ചേർക്കുന്നതിൽ സാങ്കേതിക വശങ്ങൾ നല്ല പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 2023ൽ എത്തുന്ന സിനിമയാകുമ്പോഴും 1964ലെ ഭാർഗവിനിലയത്തിന്റെ കാലപശ്ചാത്തലം തന്നെയാണ്‌ സിനിമയ്‌ക്ക്‌. ഈ കഥാപരിസരം ഒരുക്കുന്നതിലും മികവ്‌ തുടരുന്നു. അതിനൊപ്പം വിഎഫ്‌എക്‌സും പശ്ചാത്തല സംഗീതവുമെല്ലാം സംയോജിപ്പിച്ച്‌ സിനിമാറ്റിക്‌ പുതുഭാവുകത്വം നൽകി. പ്രേതസിനിമ എന്ന ജോണറിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രം, കഥാപാത്രങ്ങളുടെ പലതരത്തിലുള്ള വൈകാരികമായ ഇഴയടുപ്പങ്ങളുടേത്‌ കൂടിയാകുന്നുണ്ട്‌. ഭയപ്പെടുത്തി ആസ്വദിപ്പിക്കുകയെന്ന പ്രേത സിനിമകളുടെ സ്ഥിരം ശൈലിയെ എത്രമേൽ ചേർത്ത്‌ പിടിക്കാതെ  കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളിലൂടെയാണ്‌ വികാസം. എന്നിരുന്നാലും കട്ടുകളിലൂടെയും പശ്ചാത്തല സംഗീതത്തിന്റെ താളം മാറ്റിയും ഭയപ്പെടുത്തുന്ന രംഗസൃഷ്‌ടി സിനിമയിലുണ്ട്‌. ചിലയിടങ്ങളിൽ അത്‌ കഥയോട്‌ ചേർന്ന്‌ സിനിമയുടെ താളമാകുന്നുണ്ട്‌. എന്നാൽ ചിലത്‌ കണ്ട്‌ മടുത്ത പതിവ്‌ സിനിമാവാർപ്പുകളെ ഓർമിപ്പിക്കുന്നുണ്ട്‌.



ഭാർഗവിനിലയത്തിൽ വിജയനിര്‍മ്മലയാണ്‌ ഭാര്‍ഗവിയായത്‌. എഴുത്തുകാരനായി മധു അഭിനയിച്ചു. ഭാർഗവിയുടെ കാമുകനായി  പ്രേം നസീറും നാണുക്കുട്ടിയായി  പി ജെ ആന്റണിയുമാണ്‌ എത്തിയത്‌. ഈ കഥാപാത്രങ്ങളെ ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ്‌ ചെയ്‌തിരിക്കുന്നത്‌.  ഭാർഗവിനിലയം നീലവെളിച്ചമായപ്പോൾ സിനിമ പൂർണതയിലേക്ക്‌ എത്തിച്ചതിൽ അഭിനേതാക്കളുടെ പ്രകടനത്തിന്‌ വലിയ പങ്കുണ്ട്‌. ബഷീർ സ്വയം കഥാപാത്രമായി എഴുതിയ എഴുത്തുകാരനെ ടോവിനോ നന്നായി അവതരിപ്പിച്ചു. ശരീരഭാഷ്യയിലും സംഭാഷങ്ങളിലുമെല്ലാം ആ ബഷീറിയൻ നാടകീയത കൃത്യമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ആവശ്യമായ സൂക്ഷ്‌മതയും കണിശതയും കഥാപാത്രത്തിലുണ്ട്‌. ഭാർഗവിയുടെ വൈകാരികതയും നിസ്സഹായതയുമെല്ലാം റിമയിൽ ഭദ്രമായിരുന്നു. റോഷനിലും ഷൈൻ ടോം ചാക്കോയുമെല്ലാം കഥാപാത്രങ്ങൾ സുരക്ഷിതരായി. എന്നിരുന്നാലും  സമീപകാലത്ത്‌ ഷൈൻ ചെയ്‌ത സമാന സ്വഭാവമുള്ള വില്ലനിഷ്‌ ആഖ്യാനങ്ങൾ ആവർത്തിക്കപ്പെടുന്നത്‌ കാഴ്‌ചയിലെ പുതുമ കുറയ്‌ക്കുന്നുണ്ട്‌.  ആ കഥാപാത്രങ്ങളുടെ ഛായ ഇവിടെയും മുഴച്ച്‌ നിൽക്കുന്നുണ്ട്‌.



പൂർണമായും തിയറ്ററിനായി ഒരുക്കിയ സിനിമയാണ്‌ നീലവെളിച്ചം. ഗിരീഷ്‌ ഗംഗാധരന്റെ കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിമുകളും ബിജിബാലും റെക്‌സ്‌ വിജയനും ചേർന്ന്‌ നൽകിയ സംഗീതവും തിയറ്റർ ആസ്വാദനത്തിൽ മാത്രം പൂർണത ലഭിക്കുന്നതാണ്‌. ഓരോ രംഗങ്ങളുടെ തീവ്രത കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന മിടുക്ക്‌ ശബ്‌ദവിന്യാസത്തിലും ഛായാഗ്രാഹണത്തിലുമുണ്ട്‌. ഇതിലൂടെ സിനിമ ആവശ്യപ്പെടുന്ന മൂഡ്‌ കൃത്യമായി സൃഷ്‌ടിച്ചെടുക്കുന്നുണ്ട്‌. സിനിമ അതിന്റെ പൂർണത കൈവരിക്കുന്നത്‌ സിനിമയിലെ കാലവും പ്രേക്ഷകൻ സിനിമ കാണുന്ന കാലവും തമ്മിലുള്ള വ്യത്യസ്‌തമായ കാലഗണത്തെ ഇല്ലാത്താക്കുമ്പോഴാണ്‌. പലപ്പോഴും ഇത്തരം വ്യത്യാസമുള്ള സിനിമികളിൽ തോന്നാറുള്ള കൃത്യതയില്ലായ്‌മയെ ശ്രദ്ധേയമായ പ്രീ പ്രൊഡക്ഷനിലൂടെ നീലവെളിച്ചം മറികടക്കുന്നുണ്ട്‌. 2023ൽ സിനിമ കാണുമ്പോൾ 1964ലെ തലശ്ശേരി അങ്ങാടിയിലേക്കും ആ കാലത്തെ മനുഷ്യ ജീവിതത്തിലേക്ക്‌ പ്രേക്ഷകരെ എത്തുക്കുന്നതിൽ കലാസംവിധാനം വിജയിച്ചിട്ടുണ്ട്‌. അങ്ങനെ സിനിമ ആവശ്യപ്പെടുന്ന വിവിധ തലങ്ങളിൽ സിനിമയുടെ നട്ടെല്ലായി സാങ്കേതിക മേഖലയും പിന്നണി പ്രവർത്തകരും നിലയുറപ്പിച്ച ചിത്രം കൂടിയാണ്‌ നീലവെളിച്ചം. ഈ മികവെല്ലാം കൃത്യമായി ഉപയോഗിച്ചാണ്‌ ആഷിക് അബു എന്ന ക്രാഫ്‌റ്റ്‌സ്‌മാൻ നീലവെളിച്ചം ഒരുക്കിയത്‌.



ഒരിക്കലെങ്കിലും വൈക്കം മുഹമ്മദ്‌ ബഷീർ  കടന്ന്‌ വരാത്ത മലയാളി ജീവിതമുണ്ടാക്കില്ല. അത്രമേൽ നമ്മുടെ  ജീവിതത്തിനോട്‌ ഇണചേർന്ന്‌ കിടക്കുന്നതാണ്‌ ബഷീറിയൻ എഴുത്തുകൾ. ആ എഴുത്തുകളിലൊന്നിനെ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌ ബഷീറിനും മലയാള സിനിമയ്‌ക്കുമുള്ള ആഷിക്‌ അബുവിന്റെ അത്യുജ്വലമായ സിനിമാറ്റിക്ക്‌ ട്രിബ്യൂട്ടാണ്‌ നീലവെളിച്ചം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top