06 February Monday

മലയാളത്തിൽ സജീവമാകണം; നരേൻ സംസാരിക്കുന്നു

കെ എ നിധിൻനാഥ്‌ nidhinnath@gmail.comUpdated: Sunday Nov 20, 2022
വിക്രമിലെ ഇൻസ്‌പെക്‌ടർ ബിജോയി, ലോകേഷ്‌ കനകരാജ്‌ സിനിമാറ്റിക്‌ യൂണിവേഴ്‌സിന്റെ ഭാഗം, രണ്ടു പതിറ്റാണ്ട്‌ പിന്നിട്ട സിനിമാ ജീവിതത്തിലെ ഏറ്റവും തിരക്കിട്ട നാളുകളിലാണ്‌ ഇപ്പോൾ നരേൻ. ക്ലാസ്‌മേറ്റ്‌സിലെ മുരളിയടക്കം മലയാള പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രങ്ങളെ സമ്മാനിച്ച താരം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്‌. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാക് ഹാരിസിന്റെ അദൃശ്യം വെള്ളിയാഴ്‌ച തിയറ്ററിൽ എത്തി. നരേൻ സംസാരിക്കുന്നു:

സൂക്ഷ്‌മമായ തിരക്കഥ

ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയാണ്‌ അദൃശ്യം. ആദ്യമായാണ്‌ രണ്ടു ഭാഷയിലുള്ള സിനിമ ചെയ്യുന്നത്‌. രണ്ടു ഭാഷയിലും ഒരുപോലെ വിജയിക്കാൻ സാധ്യതയുള്ള ജോണറാണ്‌ ത്രില്ലർ. പലപ്പോഴും ത്രില്ലറുകൾ കാണുന്നവർക്ക്‌ പകുതിയാകുമ്പോഴേക്കും അതിന്റെ സസ്‌പെൻസ്‌ മനസ്സിലാകും. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്‌തമായ പരിചരണമാണ്‌ അദൃശ്യത്തിന്റേത്‌. അഞ്ചാറു പേരുടെ കഥയാണ്‌ സിനിമ പറയുന്നത്‌. തുടക്കംമുതൽ നിഗൂഢത സിനിമയിലുണ്ട്‌. ആളുകളുടെ ഊഹത്തിന്‌ വിടാതെ, ട്രാക്ക്‌ മാറിമാറി പോകും. അവസാനംവരെ അത്‌ നിലനിർത്തുന്നു. വളരെ സൂക്ഷ്‌മതയുള്ള തിരക്കഥയാണ്‌ സിനിമയുടെ കരുത്ത്‌.  തിയറ്ററിൽത്തന്നെ ആസ്വദിക്കേണ്ട സിനിമയാണ്‌.

അദൃശ്യം ഒരു തുടക്കം

സാധാരണഗതിയിൽ ഒരിടത്ത്‌ മാർക്കറ്റ്‌ ഉണ്ടായശേഷമാണ്‌ മറ്റു ഭാഷകളിലേക്ക്‌ പോകുക. എന്നാൽ, ഒരേസമയം മലയാള സിനിമയിലും തമിഴിലും അഭിനയിച്ചത്‌ ചില തിരിച്ചടികൾ ഉണ്ടാക്കി. ക്ലാസ്‌മേറ്റ്‌സ്‌ വലിയ വിജയമായി. ശേഷമുള്ള സമയത്ത്‌ ഞാൻ കേരളത്തിൽ ഉണ്ടായില്ല. തമിഴ്‌ സിനിമ ചെയ്യുകയായിരുന്നു. ഇവിടെയുള്ളവർ വിചാരിച്ചു, ഞാൻ മലയാളം സിനിമ ചെയ്യുന്നില്ലെന്നും തമിഴാണ്‌ താൽപ്പര്യമെന്നും. അങ്ങനെയും അവസരങ്ങൾ നഷ്ടമായി. തമിഴിൽ ഒറ്റയാൻ പട്ടാളം പോലെയാണ്‌ സിനിമകൾ ചെയ്‌തത്‌. അവിടെയും തിരിച്ചടികളുണ്ടായി. സിനിമകൾ ഇറങ്ങുന്നതിലടക്കം പോരായ്‌മകളുണ്ടായി.
സംവിധായകരും  അഭിനേതാക്കളുമൊക്കെയായി 2010നു ശേഷം മലയാള സിനിമയിൽ പുതിയ തലമുറ വന്നു. അവർ ഒരു ടീമായി സിനിമകൾ ചെയ്യാനും തുടങ്ങി. എനിക്ക്‌ അവർക്കൊപ്പം സിനിമ ചെയ്യാനും അവസരം കിട്ടിയില്ല. ന്യൂജനറേഷൻ ടീമുകളുടെ ഭാഗമായി ഒന്നിനും ഞാനില്ല. നല്ല സിനിമകൾ കിട്ടാതെയിരുന്നതും മലയാളത്തിൽ സിനിമകൾ കുറഞ്ഞതിനു കാരണമാണ്‌. പുതിയ ടീമിനൊപ്പം സിനിമ ചെയ്യണം. അതിന്റെ തുടക്കംകൂടിയാണ്‌ അദൃശ്യം. ജോജു, ഷറഫുദീൻ എന്നിവർക്കൊപ്പം ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ്‌ ഇത്‌. ജൂഡ്‌ ആന്റണിയുടെ 2018ൽ പ്രധാന വേഷം ചെയ്‌തിട്ടുണ്ട്‌. തുടർന്നും മലയാളത്തിൽ സജീവമാകണമെന്നു തന്നെയാണ്‌ ആഗ്രഹം.

മിഷ്‌കിന്‌ അദ്ദേഹത്തിന്റെ രീതികളുണ്ട്‌

മിഷ്‌കിനൊപ്പം സിനിമ ചെയ്യുന്നത്‌ നന്നായി ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയടക്കം, സിനിമ ഒരുക്കുന്ന രീതി എല്ലാം നന്നായി സ്വാധീനിച്ചിരുന്നു. ഇത്രയും ഗൗരവത്തോടെ സിനിമയെ കാണുന്ന, സിനിമയോട്‌ ഇത്രയും അഭിനിവേശമുള്ള ആളുകൾ മിഷ്‌കിനെപ്പോലെ അധികം ഉണ്ടാകില്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദവുമായിരുന്നു. വിവിധ ജോണറിലുള്ള സിനിമകളുടെ ഭാഗമാകാൻ ഈ കൂട്ടുകെട്ടിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്റെ രീതികൾ എല്ലാവർക്കും സ്വീകാര്യമാകണമെന്നില്ല. പക്ഷേ, എനിക്ക്‌ അതിനു കഴിഞ്ഞു. മസ്‌കിന്റെ സിനിമാരീതികൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒപ്പം സിനിമ ചെയ്യാൻ എളുപ്പമാണ്‌.

ലോകേഷ്‌ സിനിമാറ്റിക്‌ യൂണിവേഴ്‌സ്‌

കുറെക്കാലം തമിഴ്‌സിനിമയുടെ ഭാഗമായതിനാലാണ്‌  ലോകേഷ്‌ കനകരാജിന്റെ സിനിമകളിൽ അഭിനയിക്കാനായത്‌. ഞങ്ങൾ രണ്ടു പേരും കമൽഹാസന്റെ ആരാധകരാണ്‌. എനിക്ക്‌ വിക്രത്തിലെ വേഷം സ്വപ്‌നസാക്ഷാൽക്കാരമായിരുന്നു. കമൽഹാസനൊപ്പം അഭിനയിക്കാൻ അത്രയും ആഗ്രഹിച്ചിരുന്നു. ഞാൻ ചെയ്‌ത മിഷ്‌കിന്റെ ‘അഞ്ജാതെ’യിലെ പൊലീസ്‌ വേഷത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ്‌ ലോകേഷ്‌ കൈദിയിലെ പൊലീസ്‌ വേഷം എഴുതിയത്‌. സിനിമ എഴുതുമ്പോൾ തന്നെ എന്നെ മനസ്സിൽ കണ്ടിരുന്നുവെന്ന്‌ കാർത്തി പറഞ്ഞാണ്‌ അറിയുന്നത്‌.
 
കൈദിയിലെ ഇൻസ്‌പെക്‌ടർ ബിജോയി എന്ന കഥാപാത്രം തന്നെയാണ്‌ ഞാൻ വിക്രമിലും ചെയ്‌തത്‌. ലോകേഷ്‌ സിനിമാറ്റിക്‌ യൂണിവേഴ്‌സ്‌ (എൽസിയു) എന്ന ചർച്ചകൾക്കെല്ലാം തുടക്കം ആ കഥാപാത്രത്തിൽ നിന്നായതിൽ വലിയ സന്തോഷമുണ്ട്‌. ലോകേഷ്‌ നിലവിൽ ചെയ്യാൻ പോകുന്ന വിജയ്‌ ചിത്രവും എൽസിയുവിന്റെ ഭാഗമാണ്‌. എന്നാൽ, അതിൽ ഞാനില്ല. അതിനുശേഷം കൈദി 2 വരും. അതിൽ ഞാൻ ഭാഗമാണ്‌.  വലിയ ക്യാൻവാസിലാണ്‌ കൈദി 2 ഒരുങ്ങുന്നത്‌. ഇത്തരത്തിൽ ഒരു സിനിമാറ്റിക് യൂണിവേഴ്‌സ്‌ ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്‌. ലോകേഷിന്റെ മികവിനാൽ മാത്രമാണ്‌ അതിനു സാധ്യമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top