27 April Saturday

വരൂ, പുതിയ ആകാശം തുറക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Dec 4, 2022

വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും കാണാമെന്ന ഉറപ്പിൻ മേൽ ഉപചാരം ചൊല്ലി പിരിഞ്ഞ സിനിമയെ സ്‌നേഹിക്കുന്ന മനസ്സുകൾ വീണ്ടും തിരുവനന്തപുരത്തേക്ക്‌ എത്തുകയാണ്‌. ലോക സിനിമയുടെ വാതായനങ്ങൾ മലയാളിക്ക്‌ മുന്നിൽ തുറന്നിട്ടത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ്‌.  ലോകത്തെ എല്ലാ ഭാഷകളിലേയും സിനിമകൾ നമ്മുടെ വിരൽതുമ്പിൽ ലഭിക്കാത്ത കാലത്ത്‌ ചലച്ചിത്രമേള മലയാളിയുടെ ലോക സിനിമയിലേക്കുള്ള കവാടമായിരുന്നു.

ഒടിടികളും മറ്റുസാധ്യതകളും ഇല്ലാതിരുന്ന  ആ കാലത്ത്‌ ലോക സിനിമയിലെ പുതുചലനങ്ങൾ ഒരാഴ്‌ചകാലം കൊണ്ട്‌ സിനിമാ പ്രേമികളിലേക്ക്‌ എത്തിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ്‌ ഐഎഫ്‌എഫ്‌കെ നിറവേറ്റിയിരുന്നത്‌.  അത്രമേൽ മലയാളിയുടെ ജീവിതത്തോട്‌ ഇഴചേർന്നു നിൽക്കുന്ന  സിനിമയുടെ  ജനാധിപത്യ ഉത്സവമാണ്‌ ചലച്ചിത്രമേള.

പ്രളയവും മഹാമാരിയുമടക്കമുള്ള പ്രതിസന്ധികളോട്‌ പടവെട്ടിയാണ്‌ കഴിഞ്ഞ വർഷങ്ങളിലെ മേളകൾ നടന്നത്‌. അതിനാൽ തന്നെ ചലച്ചിത്രമേള അതിന്റെ പൂർണാർഥത്തിലേക്ക്‌ എത്തിയില്ല. ഫെസ്റ്റിവൽ കലണ്ടറിലെ തീയതികളിൽ നിന്ന്‌ മാറിയെല്ലാമായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ മേള.

പോയ കാലങ്ങളെ തിരിച്ച്‌ പിടിച്ച്‌ നഷ്ട പ്രൗഢി വീണ്ടെടുക്കാനാണ്‌ 27‐ാമത്‌ ചലച്ചിത്രമേള ഡിസംബർ ഒമ്പത്‌ മുതൽ 16 വരെ നടക്കുന്നത്‌. പതിനായിരത്തിലധികം പ്രതിനിധികളെത്തും. ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും  അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളുമാണ് മുഖ്യ ആകർഷണം.

സെർബിയയിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് ‘കൺട്രി ഫോക്കസ്‌’ വിഭാഗത്തിൽ. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകത്തിന്റെ ചലനങ്ങൾ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം,  വിഖ്യാത സംവിധായകരുടെ ഏറ്റവും പുതിയ  സിനിമകളുടെ പ്രത്യേക വിഭാഗം,  ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ഹോമേജ്  തുടങ്ങി17 വിഭാഗങ്ങളിലായി 184 ചിത്രങ്ങൾ  പ്രദർശിപ്പിക്കും. അതിൽ തന്നെ 90 സിനിമകൾ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ്‌.

എമിർ കുസ്റ്റുറിക്ക ,ബേലാ താർ, അലഹാന്ദ്രോ ജോഡോറോവ്സ്കി, പോൾ ഷ്രെഡർ എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ പ്രത്യേക പാക്കേജുകൾ  മേളയുടെ മാറ്റ്‌ കൂട്ടുന്നു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പിയാനിസ്റ്റും അറിയപ്പെടുന്ന സംഗീത സംവിധായകനും നിരവധി നിശ്ശബ്ദചിത്ര ഫിലിം ഫെസ്റ്റിവലുകളുടെ ഡയറക്ടറുമായ ജോണി ബെസ്റ്റ് ഗ്രാൻഡ് പിയാനോയിൽ വായിക്കുന്ന ലൈവ് മ്യൂസിക്കോടെയുള്ള അഞ്ച്‌ നിശ്ശബ്ദ ചിത്രങ്ങളുടെ പ്രദർശനം. അഞ്ച്‌ സിനിമകളും വൈകിട്ട്‌ ആറ്‌ മണിക്ക്‌ ടാഗോർ തിയറ്ററിലാണ്‌.  ലോകസിനിമയിൽ ക്ലാസിക്കായി കണക്കാക്കുന്ന മാസ്റ്റർ ഡയറക്ടർ മുർണോയുടെ "നോസ്‌ഫെറാതു'യും തത്സമയ സംഗീതത്തിന്റെ അകമ്പടിയിൽ കാണാം. ചിത്രത്തിന്റെ നൂറാം വർഷത്തിലാണ്‌ പ്രദർശനമെന്ന പ്രത്യേകതയുമുണ്ട്‌.

ഐഎഫ്‌എഫ്‌കെയുടെ ജനകീയ സംവിധായകനായ കിം കി ഡൂകിന്റെ അവസാന ചിത്രം ‘കോൾ ഓഫ്‌ ഗോഡ്‌’, ഗൊദാർദ് ചിത്രം ബാൻഡ് ഓഫ് ഔട്ട്സൈഡേഴ്സ്, അറബ് വസന്തത്തിന്റെ നേർക്കാഴ്ചയൊരുക്കുന്ന ഹർഖ തുടങ്ങി ചലച്ചിത്ര പ്രേമികളെ ആകർഷിക്കുന്ന സിനിമകളുടെ വലിയ നിരയാണ്‌ മേളയിലുള്ളത്‌. ലിജോ ജോസ്‌ പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻ പകൽ നേരത്ത്‌ മയക്കം, മഹേഷ്‌ നാരായണൻ–-കുഞ്ചാക്കോ ബോബൻ ടീമിന്റെ അറിയിപ്പ്‌ എന്നീ സിനിമകളാണ്‌ മലയാളത്തെ പ്രതിനിധീകരിച്ച്‌  മത്സരിക്കുന്നത്‌. ജി അരവിന്ദന്റെ തമ്പ്‌, സത്യജിത്ത്‌ റേയുടെ പ്രതിധ്വന്തി എന്നിവ ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്‌ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. അടൂർ ഗോപാലകൃഷ്ണന്റെ അരനൂറ്റാണ്ട്‌ പിന്നിട്ട ജീവിതത്തിന്‌ ആദരം അർപ്പിച്ച്‌ സ്വയംവരവും  പ്രദർശിപ്പിക്കും.

വിഖ്യാത ഹംഗേറിയൻ സംവിധായകൻ ബേലാ താറിന്റെ ചലച്ചിത്ര ജീവിതത്തിന്‌ കേരളത്തിന്റെ അംഗീകാരമായി ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരം സമാനിക്കും. സിനിമയെ സമരായുധമാക്കി ജീവിതത്തിലുടനീളം പോരടിക്കുന്ന ഇറാനി സംവിധായിക മഹനാസ്‌ മഹാനിക്കാണ്‌ സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ അവാർഡ്‌.  സിനിമാക്കാഴ്ചകൾക്കൊപ്പം ആശയ കൈമാറ്റങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിളനിലം കൂടിയായി ചലച്ചിത്രമേളയെ മാറ്റുന്ന മുഖാമുഖവും ഓപ്പൺ ഫോറവുമെല്ലാമടങ്ങുന്ന സംവാദത്തിന്റെ ജനകീയ വേദികളും മേളയുടെ ഭാഗമാണ്‌. അനുഭവങ്ങൾ വിവരിച്ചും തങ്ങളുടെ സിനിമ രൂപം കൊണ്ട വഴികൾ പറഞ്ഞും ഭാവിയിലെ സിനിമാ തലമുറയെ പ്രചോദിപ്പിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ അനുഭവ സാക്ഷ്യങ്ങൾ കേൾക്കാനുള്ള വേദിയും മേള ഒരുക്കിയിട്ടുണ്ട്‌. സിനിമയിൽ കാഴ്‌ചയ്‌ക്കപ്പുറം വിവിധ ധാരകളുടെ സംയോജനത്തിലൂടെ പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മതനിരപേക്ഷതയുടെ ആണ്ടുത്സവമായിക്കൂടി മേള മാറുകയാണ്‌.

ഇതൊരു ദൗത്യമാണ്‌

പ്രേംകുമാർ (വൈസ്‌ ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി)

ലോക സിനിമയിൽ നടക്കുന്ന പരീക്ഷണങ്ങൾ, നവതരംഗങ്ങൾ തുടങ്ങിയവയെല്ലാം മലയാളിക്ക്‌ പരിചയപ്പെടുത്തുകയാണ്‌ മേള. ഏകദേശം 70 രാജ്യങ്ങളിൽ നിന്നുള്ള സിനിമ ഇത്തവണയുണ്ട്‌.  ഇതിലൂടെ ഈ രാജ്യങ്ങളെയെല്ലാം അടുത്തറിയാനും കഴിയും. ഒരു സിനിമ ആ രാജ്യത്തിന്റെ സംസ്‌കാരം, ജീവിത രീതി, ഭൂപ്രകൃതി, ചരിത്രം തുടങ്ങിയ വിവിധ തലങ്ങളെ അടയാളപ്പെടുത്തുന്നതാണ്‌. സിനിമയെന്നത്‌ കാഴ്‌ചയ്‌ക്കപ്പുറം നാളത്തേക്ക്‌ വേണ്ടിയുള്ള ചരിത്രരേഖയുടെ സമഗ്രമായ അടയാളപ്പെടുത്തൽ കൂടിയാണ്‌. ഈ സിനിമകളെല്ലാം തന്നെ സമകാലിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടുന്നവയും അതിജീവനം പ്രമേയമായവയുമാണ്‌. മനുഷ്യരുടെ പോരാട്ടത്തിനോടും ചെറുത്തുനിൽപ്പിനോടും ഒരുതരത്തിൽ ഐക്യപ്പെടുകയാണ്‌ ഐഎഫ്‌എഫ്‌കെ. വിനോദം എന്നതിനപ്പുറം ഇത്തരമൊരു ദൗത്യം കൂടിയാണ്‌ ചലച്ചിത്ര അക്കാദമി ഏറ്റെടുക്കുന്നത്‌.

ജനകീയ സാംസ്‌കാരികോത്സവം

സി അജോയ്‌ (സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി)

കോവിഡ്‌ കാരണം പല രാജ്യങ്ങളിലും പല പ്രധാന ചലച്ചിത്രമേളകളും റദ്ദാക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്‌തു. എന്നാൽ ഒരു മുടക്കവുമില്ലാതെ നമ്മൾ മേള നടത്തി. 26–-ാം മേള മാർച്ചിലാണ്‌ നടത്തിയത്‌. ഈ വർഷം രണ്ട്‌ ഐഎഫ്‌എഫ്‌കെ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. സർക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും പിന്തുണയാണ്‌ ഇത്‌ സാധ്യമാക്കിയത്‌. ഇത്തവണ മേള പതിവ്‌ പോലെ ഫെസ്റ്റിവൽ കലണ്ടർ പ്രകാരം നടത്തുകയാണ്‌. കോ വിഡിന്‌ ശേഷം എല്ലാ അർഥത്തിലും മേള പൂർണ തോതിൽ. പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിന്നായി 200ഓളം പ്രതിനിധികൾ മേളയ്‌ക്ക്‌ എത്തും. അതിൽ 40 പേർ വിദേശത്ത്‌ നിന്നാണ്‌. പ്രതിനിധി പാസിന്‌ വലിയ പ്രതികരണമാണുണ്ടായത്‌.

പുതിയ ചലച്ചിത്ര പ്രതിഭകളെക്കൂടി മനസ്സിൽ കണ്ട്‌

ദീപിക സുശീലൻ (ഫെസ്റ്റിവൽ ഡയറക്ടർ)

ചലച്ചിത്രമേളകളുടെ പ്രസക്തി എന്താണെന്ന്‌ ചോദ്യം ഉയരുന്ന കാലമാണിത്‌. ഒടിടികളുടെ വരവും വിദേശ സിനിമകളുടെ എളുപ്പത്തിലുള്ള ലഭ്യതയുമെല്ലാം ഈ ചോദ്യത്തിന്‌ ആക്കം കൂട്ടുന്നുണ്ട്‌. മുബി പോലുള്ളവ വിദേശ മേളകളുടെ പാക്കേജ്‌ തന്നെ ചെയ്യുന്നുണ്ട്‌. സിനിമയ്‌ക്ക്‌ തിയറ്റർ അനുഭവം എന്നത്‌ പ്രധാനമാണ്‌. സിനിമ കാണിക്കുന്നതിനപ്പുറം പുതിയ തലമുറയ്‌ക്ക്‌ സിനിമാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം കൂടി ചലച്ചിത്രമേളകൾക്കുണ്ട്‌. പുതിയ ചലച്ചിത്ര പ്രതിഭകളെകൂടി മനസ്സിൽ കണ്ടാണ്‌ മേള ഒരുക്കുന്നത്‌. സിനിമയ്‌ക്ക്‌ പുറമേ വിവിധ സെഷനുകൾ തയ്യാറാക്കുന്നതും ഇതെല്ലാം കൂടി നോക്കിയാണ്‌. ഇത്തവണ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ്‌ പിയാനിസ്റ്റായ ജോണി ബെസ്റ്റാണ്‌ തത്സമയ സംഗീതം ചെയ്യുന്നത്‌. 50‐ാം ഗോവൻ മേളയിൽ അദ്ദേഹത്തെ കൊണ്ട്‌ വന്നിരുന്നു. അന്നേ ഞാൻ ജോണി ബെസ്റ്റിനോട്‌ അദ്ദേഹത്തെ കേരളത്തിൽ കൊണ്ടുവരണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. മേളയുടെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ ആദ്യം ചെയ്‌തത്‌ അദ്ദേഹത്തെ ഐഎഫഎഫ്‌കെയിൽ കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്യലായിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അനുഭവമായിരിക്കും ഈ സിനിമാ കാഴ്‌ച.

സിനിമ കാണാൻ കാത്തിരിക്കുന്നു

ഡോൺ പാലത്തറ (സംവിധായകൻ)

സിനിമയുടെ ലിസ്റ്റ്‌ കണ്ടപ്പോൾ തന്നെ വലിയ ആവേശത്തിലാണ്‌. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ബെലാ താർ അടക്കമുള്ളവരുടെ സിനിമകൾ ‘റെട്രോസ്‌പേറ്റീവ്‌’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്‌. ബെലാ താറിന്റെ ആറു സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്‌. തത്സമയ ഓർക്കസ്‌ട്രയോടെ അഞ്ച്‌ നിശ്ശബ്ദ സിനിമകൾ പ്രദർശിപ്പിക്കുന്നു. ഓട്ടൂർ ഓഡ്സ് എന്ന വിഭാഗത്തിൽ വിഖ്യാത സംവിധായകരുടെ സിനിമകളുണ്ട്‌. കാണേണ്ട സിനിമകളുടെ ലിസ്റ്റ്‌ ഇപ്പോഴേ തയ്യാറാക്കിവച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top