24 April Wednesday

വീണ്ടും ആരവം; ആവേശമായി 'മാസ്റ്റര്‍'

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കൊച്ചി > ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച തിയറ്ററുകള്‍ 308 ദിവസത്തിനുശേഷം ബുധനാഴ്ച തുറന്നു. തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന 'മാസ്റ്ററാ'ണ് തിയറ്ററുകളില്‍ ആദ്യമെത്തിയ ചിത്രം.  സൂപ്പര്‍ഹിറ്റ് ചിത്രം 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, വിജയ്‌ക്കൊപ്പം വിജയ് സേതുപതി ആദ്യമായെത്തുന്ന ചിത്രം എന്നീ കാരണങ്ങളാലും സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിരുന്നു 'മാസ്റ്റര്‍'. ആദ്യ ദിവസം തന്നെ തീയറ്ററുകളില്‍ നിശ്ചയിച്ച  സീറ്റുകള്‍ നിറഞ്ഞു. വരുംദിവസങ്ങളിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ഉണ്ടാകുമെന്നാണ് സൂചന.

ജയസൂര്യ നായകനാകുന്ന 'വെള്ളം' എന്ന ചിത്രം 22ന് എത്തും. ലോക്ക്ഡൗണിനുശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളസിനിമയാകുമിത്. മോഹന്‍ലാലിന്റെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളും വൈകാതെ കാണാം. ലോക്ഡൗണിനുമുമ്പ് സെന്‍സറിങ് പൂര്‍ത്തിയായ 11 ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്.

വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്ന്  വിതരണത്തിനുള്ള മുന്‍ഗണനാപട്ടിക തയ്യാറാക്കി ചിത്രങ്ങള്‍ തിയറ്ററിലെത്തിക്കും. ഒരുസമയം പകുതി സീറ്റില്‍മാത്രം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുവാദം. രാത്രി ഒമ്പതിനുശേഷം സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. സെക്കന്‍ഡ് ഷോ ഒഴിവാക്കാനുള്ള നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ തിയറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണിവര്‍. ജനുവരിമുതല്‍ മാര്‍ച്ചുവരെ സിനിമ തിയറ്ററുകളുടെ വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് പകുതിയാക്കും. കേന്ദ്രസര്‍ക്കാര്‍ മാസങ്ങള്‍ക്കുമുമ്പ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കോവിഡ്  വ്യാപനം കണക്കിലെടുത്ത് ധൃതിപിടിച്ച് തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top