19 April Friday

നാളത്തെ താരം നാവായിക്കുളത്തെ കൊച്ചുവീട്ടിലുണ്ട്

അനിൽ വി അനന്ദ്Updated: Monday Oct 18, 2021


കൊല്ലം> നിർമ്മാണത്തൊഴിലാളിയായ അച്ഛന് ജോലിക്കിടെ അപകടം പറ്റി രണ്ടുവിരലുകൾ നഷ്ടമായി. അർബുധം ബാധിച്ച് അമ്മാവന്റെ മരണം.  അമ്മമ്മയുടെ മരണം. അടുത്തിടെ ദുരിതവാർത്തകൾ മാത്രം കടന്നുവന്ന തിരുവനന്തപുരം നാവായിക്കുളം പുന്നവിളയിലെ കൊച്ചുവീട്ടിലേക്കാണ് കഴിഞ്ഞദിവസം ആ സന്തോഷ വാർത്തയെത്തിയത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത "കാസിമിന്റെ കടൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എസ് നിരഞ്ജന് പുരസ്കാരം.

  " ശ്യാമപ്രസാദ് സാർ വിളിച്ചു. എല്ലാവർക്കും സന്തോഷമായിന്ന് പറഞ്ഞു. മറ്റ് പലരും വിളിച്ചു. എംഎൽഎവന്നു. നല്ല സന്തോഷം'. നിരഞ്ജൻ അവാർഡ് മധുരം പങ്കുവച്ചു.
ചിത്രത്തിൽ  അനാഥബാലനായ ബിലാലിനെയാണ് നിരഞ്ജൻ അവതരിപ്പിച്ചത്.  അനീസ് സലീമീന്റെ " ദി സ്മോൾ ടൗൺ സീ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് കാസിമിന്റെ കടൽ. വര്‍ക്കലയിലും ഇടവയിലുമായിരുന്നു ചിത്രീകരണം.

  കൊച്ചുവീട്ടിൽ ദുരിതങ്ങളുടെ നടുവിൽ നിന്നാണ് സിനിമയുടെ വെളിച്ചത്തിലേക്ക് നിരഞ്ജൻ ചുവട് വയ്ക്കുന്നത്. അച്ഛൻ എസ് സുമേഷ് നാടൻപാട്ട് കലാകാരനായിരുന്നു. ഇടതുപക്ഷ പ്രവർത്തകൻ. പ്രാരാബ്ധങ്ങൾ മറികടക്കാൻ പാട്ടിന്റെ വഴി വിട്ട് നിർമ്മാണ തൊഴിലിലേക്ക് മാറി. അമ്മ സുജ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. സഹോദരി പൂജ ബിരുദ വിദ്യാർത്ഥി.  സുജിത് വി​ഘ്നേശ്വർ സംവിധാനം ചെയ്ത  രമേശൻ ഒരു പേരല്ല എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തായിരുന്നു സിനിമയിലെ അരങ്ങേറ്റം.

നാവായിക്കുളത്തെ സാപ്പിയൻസ് ​ഗ്രൂപ്പ് ഓഫ് തിയേറ്റർ ആർട്സ് ആൻഡ് ഐ‍ഡിയാസ് നാടക സംഘത്തിന്റെ നാടകങ്ങളിലൂടെയാണ് നിരഞ്ജൻ അഭിനയരം​ഗത്തേക്ക് വരുന്നത്. അത് തികച്ചും അപ്രതീക്ഷിതമായി. നിരഞ്ജനെ കണ്ടെത്തിയതും കാസിമിന്റെ കടലിലേക്ക് അവസരം വന്നതും സാപ്പിയൻസ് ഡയറക്ടറായ റെജു ശിവദാസ് വഴിയായിരുന്നു. ആ കഥ അദ്ദേഹം പറയുന്നു.

" സാപ്പിയൻസിന്റെ ഒരു നാടക ക്യാമ്പ് നടക്കുന്നതിനിടെ അതുവഴി നിരഞ്ജൻ വന്നു. അവന്റെ രൂപവും മട്ടും കണ്ടപ്പോൾ അടുത്തേക്ക് വിളിക്കുകയായിരുന്നു. അസാധ്യമായി പാട്ടും പാടും നിരഞ്ജൻ. നല്ല താളബോധവും. പിന്നീട് സാപ്പിയൻസിന്റെ  അഞ്ചോളം കുട്ടികളുടെ നാടകങ്ങളിൽ നായകനായി. പ്രാദേശിക തലത്തിൽ മികച്ച നടനായി പലതവണ അം​ഗീകരിക്കപ്പെട്ടു.  കാസിമിന്റെ കടലിന്റെ കാസ്റ്റിം​ഗ് ഡയറക്ടർ  സുഹൃത്തായിരുന്നു.

വർക്കല കേന്ദ്രീകരിച്ച് ഷൂട്ട് ചെയ്യുന്ന സിനിമയായതിനാൽ വർക്കല സംസാരശൈലിയുള്ള കുട്ടികളെയായിരുന്നു അവര്‍ അന്വേഷിച്ചത്. അപ്പോഴാണ് നിരഞ്ജന്റെ കാര്യം അവരോട് പറയുന്നത്. ഫോട്ടോ അയച്ചു. ഓഡിഷനിലും ഒകെയായിരുന്നു.'
   അഭിനയത്തോടുമാത്രമല്ല ഫുട്ബോളിലും നല്ല താത്പര്യമാണ് നിരഞ്ജന്. മികച്ച വേഷങ്ങൾക്കൊപ്പം നല്ല ഫുട്ബോള്‍ താരമാകണമെന്നതും നിരഞ്ജന്റെ സ്വപ്നമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top