25 April Thursday

ലാഭം ലഭിക്കില്ലെന്ന ഭയം; തിയറ്റർ തുറന്നിട്ടും ഒടിടി റിലീസിനായി നീണ്ട നിര

സ്വന്തം ലേഖകൻUpdated: Sunday Nov 7, 2021

തിയറ്റർ തുറന്നിട്ടും ഒടിടി റിലീസിനായി നീണ്ട നിര

കൊച്ചി > തിയറ്റർ റിലീസ്‌ പ്രതീക്ഷിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടിയിലേക്ക്‌ നീങ്ങിയതോടെ നാല്‌ മോഹൻലാൽ ചിത്രങ്ങൾകൂടി ഇതേ പാതയിൽ. ദിലീപ്‌, ദുൽക്കർ, നിവിൻ പോളി, ടൊവീനോ ചിത്രങ്ങളും ഒടിടിയിൽ ഉടൻ റിലീസ്‌ ചെയ്യും. പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’, ജിത്തു ജോസഫിന്റെ ‘ട്വൽത്ത് മാൻ’, ഷാജി കൈലാസിന്റെ ‘എലോൺ’, പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മോഹൻലാൽ നായകനായി ഒടിടി റിലീസിനൊരുങ്ങുന്നത്‌. മരക്കാർ ആമസോൺ പ്രൈമിലും മറ്റ്‌ നാലെണ്ണം ഡിസ്‌നി ഹോട്ട്‌ സ്‌റ്റാറിലുമാണ്‌ എത്തുക. അന്തിമചർച്ച നടക്കുന്നു.

നാദിർഷ സംവിധാനം ചെയ്യുന്ന ദിലീപ്‌ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഒടിടിയിലേക്ക്‌ നീങ്ങുന്നതായി സൂചനയുണ്ട്‌. ഈ ചിത്രവും ഹോട്ട്‌ സ്‌റ്റാർ സ്വന്തമാക്കുമെന്നാണ്‌ വാർത്ത. ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം ‘സല്യൂട്ട്‌’ ഒടിടി ലക്ഷ്യമിടുന്നതായി സൂചനയുണ്ട്‌. കോവിഡ്‌ കാലത്ത്‌ തിയറ്ററുകളിൽനിന്ന്‌ വലിയ ലാഭം ലഭിക്കില്ലെന്ന കണക്കുകൂട്ടലാണ്‌ നിർമാതാക്കളെ ഒടിടിയിലേക്ക്‌ നീങ്ങാൻ പ്രേരിപ്പിക്കുന്നത്‌. 700 സ്‌ക്രീനുകളിൽ ചിത്രം എത്തിയാലും പകുതി സീറ്റുകൾ മാത്രം അനുവദിച്ചിട്ടുള്ളതിനാൽ സാമ്പത്തികമെച്ചം ഉണ്ടാകില്ലെന്നാണ്‌ നിർമാതാക്കൾ പറയുന്നത്‌.

നിവിൻ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ 12ന്‌ ഡിസ്‌നി ഹോട്ട്‌ സ്‌റ്റാറിൽ പുറത്തിറങ്ങും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവീനോ തോമസ്‌ ചിത്രം ഡിസംബർ 24ന്‌ നെറ്റ്‌ഫ്ലിക്‌സിൽ റിലീസാകും. ദുൽക്കർ ചിത്രം ‘കുറുപ്പ്‌’ 12ന്‌ റിലീസാകുന്നതോടെ തിയറ്ററുകൾ ഉണരുമെന്ന പ്രതീക്ഷയിലാണ്‌ ഉടമകൾ. രജനീകാന്ത്‌ ചിത്രം ‘അണ്ണാത്തെ’ തിയറ്റുകളിൽ വലിയ ചലനം സൃഷ്‌ടിച്ചിട്ടില്ല. ഒടിടി പ്രഖ്യാപിച്ച പല ചിത്രങ്ങളും തിയറ്ററുകളിലെത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ പറഞ്ഞു.

            
               


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top