01 October Saturday

പ്രേക്ഷകരോട്‌ കൃത്രിമത്വം കാണിക്കരുത്‌: മഹേഷ്‌ നാരായണൻ സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jul 24, 2022

മലയാള സിനിമയുടെ അണിയറയിൽ വിവിധ റോളുകളിൽ മഹേഷ്‌ നാരായണനുണ്ട്‌. എഡിറ്ററായി തുടക്കം, പിന്നീട്‌ തിരക്കഥാകൃത്തും സംവിധായകനുമായി. ഇപ്പോൾ ഛായാഗ്രാഹകനും നിർമാതാവും. അദ്ദേഹം തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ച്‌ സജിമോൻ സംവിധാനം ചെയ്‌ത ഫഹദ്‌ ഫാസിൽ ചിത്രം മലയൻകുഞ്ഞ്‌ തിയറ്ററുകളിലെത്തി. പ്രകൃതിദുരന്തത്തെ തുടർന്ന്‌ ഭൂമിക്കടിയിൽ കുടുങ്ങിപ്പോയ ഒരാൾ നടത്തുന്ന അതിജീവന ശ്രമങ്ങളാണ്‌ സിനിമ. സ്വിറ്റ്സർലൻഡിലെ ലൊക്കാർണോ മേളയിലേക്ക്‌ മഹേഷ്‌ ഒരുക്കിയ ‘അറിയിപ്പ്‌’ തെരഞ്ഞെടുത്തു. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കൂത്ത്‌ മാത്രമാണ്‌ മേളയിൽ പ്രദർശിപ്പിച്ച മലയാള സിനിമ. നെറ്റ്‌ഫ്ലിക്‌സ്‌ ഒരുക്കുന്ന എംടി കഥകളുടെ ആന്തോളജി  ഷെർലോക്കിനായി ഫഹദുമായി വീണ്ടും ഒന്നിച്ചു. തന്റെ സിനിമാ വഴികളെക്കുറിച്ച്‌ മഹേഷ്‌ സംസാരിക്കുന്നു:

സജിക്ക്‌ വേണ്ടി ഞങ്ങളുടെ സിനിമ

കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ചെയ്‌ത സിനിമയാണ്‌ മലയൻകുഞ്ഞ്‌.  കോവിഡിന്റെ സമയത്ത്‌ സിനിമാഷൂട്ടിങ്ങുകളിൽ ഒരു വ്യക്തി മൾട്ടി ടാസ്‌ക്‌ ചെയ്യണമെന്ന്‌ ആഗ്രഹിക്കാറുണ്ട്‌. ചിത്രീകരണസമയത്ത്‌ എല്ലാവരും അവിടെ നിൽക്കണം. എന്നും പുതിയതായി എന്തെങ്കിലും പഠിക്കണമെന്നും ആഗ്രഹിക്കാറുണ്ട്‌. അങ്ങനെയാണ്‌ ഞാൻ തന്നെ ഷൂട്ട്‌ ചെയ്യാം എന്ന്‌ തീരുമാനിക്കുന്നത്‌. എന്റെ കൂടെ കുറെ കാലമായുള്ള ആളാണ്‌ സജിമോൻ. അദ്ദേഹത്തിനുവേണ്ടി ഒരു സിനിമ ഉണ്ടാക്കണമെന്നതും കുറെ നാളായിട്ടുള്ള ആഗ്രഹമാണ്‌. സജിയും ഞാനും എത്രത്തോളം സുഹൃത്തുക്കളാണ്‌, അതുപോലെ തന്നെയാണ്‌ ഫഹദും സജിയും. അതിനാൽ സജിക്കായി സിനിമ ചെയ്യണമെന്നത്‌ ഞങ്ങൾ രണ്ടുപേരുടെയും ആഗ്രഹമാണ്‌. ഫഹദിനൊപ്പം തുടർച്ചയായി സിനിമ ഉണ്ടാകുന്നത്‌ മനപ്പൂർവം തീരുമാനിച്ച്‌ ചെയ്യുന്നതല്ല. ഫഹദിന്‌ ഞാൻ ചെയ്യാൻ പോകുന്ന എല്ലാ കഥകളും അറിയാം. അതോടൊപ്പം ഒരുമിച്ച്‌ സിനിമ ചെയ്യാൻ അതിൽ ഞങ്ങൾ രണ്ടുപേർക്കും താൽപ്പര്യമുണ്ടാകണം. ദിലീഷിന്റെ സിനിമകളിലും അതുപോലെയാണല്ലോ. ദീർഘകാല അസോസിയേഷൻ എന്നതിനപ്പുറം അതൊരു സൗഹൃമാണ്‌. ഫഹദ്‌ ഫാസിൽ ആൻഡ്‌ ഫ്രണ്ട്‌സ്‌ എന്ന്‌ പറഞ്ഞാൽ ഞങ്ങളെല്ലാവരുമുണ്ട്‌.

മഹേഷ്‌ നാരായണൻ

മഹേഷ്‌ നാരായണൻ

ഭൂമിക്കടിയിലെ ലോകം

നമ്മൾ രണ്ട്‌ പ്രളയം കണ്ടവരാണ്‌. ഒരു സ്ഥലത്ത്‌ മണ്ണിടിച്ചിലിനിടയിൽ നടക്കുന്ന സംഭവമെന്ന ആലോചനയിൽനിന്നാണ്‌ സിനിമ ഉണ്ടാകുന്നത്‌. 40 അടി താഴ്‌ചയിൽപ്പെട്ടുപോകുന്ന മനുഷ്യന്‌ തിരിച്ചുവരാൻ കഴിയുമോ എന്നതിനെക്കുറിച്ചാണ്‌ മലയൻകുഞ്ഞ്‌. ഒരു ഘട്ടംവരെ ഭൂമിക്ക്‌ മുകളിലും പിന്നെ ഭൂമിക്ക്‌ അടിയിലുമായിട്ടാണ്‌ സിനിമ. ഭൂമിക്ക്‌ അടിയിലെ കാഴ്‌ച നമ്മളങ്ങനെ കണ്ടിട്ടില്ല. ആ ചിന്തയിൽനിന്നാണ്‌ സിനിമയുണ്ടാകുന്നത്‌. ഇടുങ്ങിയ ഇടത്തോട്‌ പേടിയുള്ള ആളുകളെ ആ കാഴ്‌ച ചിലപ്പോൾ അസ്വസ്‌ഥരാക്കിയേക്കാം എന്നതുകൊണ്ടാണ്‌ അങ്ങനെയൊരു മുന്നറിയിപ്പ്‌ നൽകിയത്‌. ഇത്‌ പൂർണമായും ഒരു സിനിമാ അനുഭവമാണ്‌. വളരെ ബുദ്ധിമുട്ടിയാണ്‌ ചിത്രീകരിച്ചത്‌. ചിത്രീകരണം തുടങ്ങി കഴിഞ്ഞാൽ പിന്നെ ഭക്ഷണം, ചായ എന്നിങ്ങനെ ഇടവേള എടുക്കാൻ കഴിയില്ല. അങ്ങനെ ഇടവേളയെടുത്ത്‌ ചിത്രീകരിച്ചാൽ ഈ സിനിമ തീരില്ല. നാല്‌–-നാലര മണിക്കൂർ തുടർച്ചയായി ചിത്രീകരിക്കണം. അത്രയും ആഴത്തിലുള്ള ഒരു ഇടത്താണ്‌ സിനിമ ചിത്രീകരിച്ചത്‌. സാധാരണഗതിയിൽ ഒരു അഭിനേതാവിന്‌ നിൽക്കാം നടക്കാം കിടക്കാം. എന്നാൽ, ഇതിൽ അങ്ങനെയൊന്നും കഴിയില്ല. വിചിത്രമായ ഒരു പൊസിഷനിലായിരുന്നു ചിത്രീകരണം. സെറ്റ്‌ തയ്യാറാക്കുന്നതുമുതൽ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. പിന്നെ നമ്മളെല്ലാം സുഹൃത്തുകളായിരുന്നതിനാൽ ആസ്വദിച്ച്‌ ജോലി ചെയ്യുകയായിരുന്നു. എന്ത്‌ നല്ലത്‌, മോശം എന്നതിനപ്പുറം ഔട്ട്‌പുട്ടിന്‌ വേണ്ടി അവസാനംവരെ പോരാടുകയെന്നതാണ്‌.

സിനിമ കണ്ടശേഷം റഹ്മാൻ ഭാഗമായി

സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷമാണ്‌ ഞങ്ങൾ എ ആർ റഹ്മാനെ സമീപിക്കുന്നത്‌. സിനിമ കണ്ടശേഷമാണ്‌ അദ്ദേഹം ഭാഗമാകുന്നത്‌. അദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ടു. എന്നാൽ, ആ സമയത്ത്‌ 18 സിനിമ ചെയ്യുന്നുണ്ടായിരുന്നു. ദുബായ്‌ എക്‌സ്‌പോയുമായി ബന്ധപ്പെട്ട തിരക്കുകളുണ്ടായിരുന്നു. എപ്പോൾ തീർക്കാൻ പറ്റുമെന്ന്‌ അറിയില്ല എന്നാണ്‌ റഹ്‌മാൻ പറഞ്ഞത്‌.

എംടിയുടെ ഓരോ വരിയും ഓരോ ഷോട്ട്‌

ഷെർലോക്ക്‌ പൂർത്തിയായി. ഫഹദാണ്‌ നായകൻ. കാനഡയിലായിരുന്നു ചിത്രീകരണം. എംടി തന്നെയാണ്‌ തിരക്കഥ. അദ്ദേഹത്തിന്റെ  ഒരു വരി ഒരു ഷോട്ടാണ്‌. എംടിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത്‌ ഒരു വലിയ അനുഭവമാണ്‌. നിർമാണത്തിൽ ഭാഗമായാൽ വലിയ സ്വാതന്ത്ര്യം ലഭിക്കും ആഗസ്‌ത്‌ നാലിനാണ്‌ ‘അറിയിപ്പ്‌’ ലൊക്കാർണോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്‌. 17 വർഷത്തിനുശേഷമാണ്‌ മേളയിൽ ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്‌. ടേക്ക്‌ ഓഫിന്‌ ശേഷം കുഞ്ചാക്കോ ബോബനൊപ്പം ചെയ്യുന്ന സിനിമയാണ്‌. ഞങ്ങളെല്ലാം ചേർന്നുതന്നെയാണ്‌ നിർമാണം. നമ്മൾ നിർമിക്കുമ്പോൾ നമുക്ക്‌ അതിന്റേതായ സ്വാതന്ത്ര്യമുണ്ട്‌. കുറെ കാലമായി എന്റെ സിനിമകൾ റോട്ടർഡാം, ഷാങ്‌ഹായ്‌ അടക്കമുള്ള പല മേളകളിൽ പ്രദർശിപ്പിച്ചു. പക്ഷേ, അതിന്റെ പ്രശ്‌നം തിയറ്ററിൽ ഇറങ്ങിയശേഷമാണ്‌ മേളകളിൽ എത്തിയത്‌. അങ്ങനെയാക്കുമ്പോൾ സാധ്യതകൾ കുറയും. അറിയിപ്പിന്‌ മേളകളിൽ പ്രാധാന്യം നൽകാമെന്നാണ്‌ തീരുമാനിച്ചത്‌. അതിനാൽ മറ്റൊരാൾക്ക്‌ ബാധ്യതയാകരുത്‌. അതാണ്‌ നമ്മൾ തന്നെ നിർമിക്കാൻ തീരുമാനിച്ചത്‌.

മാലിക്‌ തിയറ്റർസിനിമയായിരുന്നു

എന്നെയും ഫഹദിനെയും സംബന്ധിച്ച്‌ വലിയൊരു സിനിമയായിരുന്നു മാലിക്‌. അത്‌ ഡിജിറ്റലിന്‌ വിട്ടുകൊടുക്കേണ്ടി വന്നു. അതിൽ ഇപ്പോഴും വിഷമമുണ്ട്‌. മാലിക്ക്‌ ചെറിയ സ്‌ക്രീനിൽ കാണുമ്പോൾ ചുരുങ്ങിപ്പോകും. അത്‌ തിയറ്ററിന്‌ വേണ്ടിയുള്ള സിനിമയായിരുന്നു. ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്‌ എന്തുകൊണ്ട്‌ തിയറ്ററിൽ ഇറക്കിയില്ല എന്ന്‌. അന്നത്തെ സാഹചര്യം അതായിരുന്നു. തിയറ്റർ പൂർണമായി എന്ന്‌ തുറക്കുമെന്ന്‌ പറയാൻ പറ്റാത്ത സ്ഥിതിയായിരുന്നു. മാലിക്കിന്റെ അവസ്ഥ മലയൻകുഞ്ഞിന്‌ ഉണ്ടാകരുതെന്ന്‌ ഞങ്ങൾക്ക്‌ നിർബന്ധമുണ്ടായിരുന്നു.

കാഴ്‌ചാനുഭവം നൽകാനാകണം

കോവിഡിനുശേഷം ആളുകളുടെ സിനിമാ കാഴ്‌ച വീടുകളിലേക്കായി എന്നത്‌ സത്യമാണ്‌. എന്നാൽ, ടിവി വന്നപ്പോൾ എല്ലാവരും പറഞ്ഞതാണ്‌ തിയറ്ററിലേക്ക്‌ ഇനി ആള്‌ വരില്ലെന്ന്‌. ഞാൻ ഒരിക്കലും അങ്ങനെ കാണില്ല. എല്ലാക്കാലത്തും സിനിമ കാണാൻ ആളുണ്ടാകും. അവർക്ക്‌ കൂട്ടായ കാഴ്ചയുടെ ഒരു അനുഭവം നൽകണം. എന്തുകൊണ്ട്‌ നമ്മുടെ സിനിമ തിയറ്ററിൽ വരണം എന്നതിനെക്കുറിച്ച്‌ പ്രേക്ഷകരോട്‌ പറയാൻ കഴിയണം. അതിൽ ഫേക്ക്‌ ചെയ്യരുത്‌. പ്രേക്ഷകരോട്‌ കൃത്രിമത്വം കാണിക്കാൻ പാടില്ല. മലയൻകുഞ്ഞിൽ ഒരു അസാധാരണ അനുഭവം നൽകും. അത്‌ ചെറിയ സ്‌ക്രീനിൽ ഒരിക്കലും ലഭിക്കില്ല. അതിനാൽ തിയറ്ററിൽ തന്നെ കാണണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top