26 April Friday

രവീന്ദ്രനാഥ് എന്ന 'ബാങ്ക് രവി’: ജീവിതവും സിനിമയും

ജയരാജ് പുതുമഠംUpdated: Friday May 5, 2023

രവീന്ദ്രനാഥ്

രാത്രി ഒരുമണിയോടെ പ്രസ്‌ക്ലബ് പരിസരത്തുവെച്ച്‌ നിശ്ചലശരീരനായ ബക്കർജിയെ എതിരേറ്റ മൂകനിമിഷത്തിലാണ്‌ ലംബശരീരനായ രവീന്ദ്രനാഥ്‌ എന്ന ബാങ്ക് രവിയെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്.

മലയാള ചലച്ചിത്ര സംസ്കാരത്തിനെ ഔന്നത്യത്തിലേക്ക് വളർത്തിയെടുത്തതിൽ ഒരിക്കലും വിസ്മരിക്കാനാവാത്തവിധം കർമശ്രേഷ്ഠതകൊണ്ട്‌ അലങ്കാരങ്ങൾതീർത്ത കലാപ്രേമിയായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപോയ നടനും നിർമാതാവും മനുഷ്യസ്നേഹിയുമായിരുന്ന രവീന്ദ്രനാഥ് എന്ന 'ബാങ്ക് രവി’.

മലയാളത്തിൽ സാമൂഹ്യപ്രതിബദ്ധതയുടെ ഞൊറികൾ ചലച്ചിത്രപ്രമേയങ്ങളിൽ തുന്നിചേർത്ത്‌ ആവിഷ്കാരപൊലിമകൾ തീർത്തസംവിധായകൻ പി എ ബക്കറിന്റെ നിര്യാണരാത്രിയിലാണ്‌ ആദ്യമായി എനിക്ക്‌ രവീന്ദ്രസാന്നിധ്യംഉണ്ടായത്. രാവിലെ പവിത്രന്റെ വീട്ടിൽ ഞാനും പവിയും പതിവുപോലെ സൊറപറഞ്ഞിരിക്കുമ്പോഴാണ്‌ ആദം അയൂബിന്റെ ഫോൺവരുന്നത്‐ ബക്കർജി ഇനിയില്ല എന്ന്. തൃശൂരിൽ അനവധി സൗഹൃദവ്യൂഹങ്ങളും ആരാധകരുമുള്ള തൃശൂർക്കാരൻ കൂടിയായ ബക്കർജിയുടെ ഭൗതികശരീരം തൃശൂരിലേക്ക്‌ കൊണ്ടുവരണമെന്ന്‌ നിർബന്ധിച്ചത്‌ പവിത്രനായിരുന്നു.

അങ്ങനെയാണ്‌ കെ പി കുമാരനും, ലെനിൻ രാജേന്ദ്രനും, അജയനും അടങ്ങുന്ന സുഹൃദ്‌ അകമ്പടിയോടെ ‘ബക്കർജി' ഭാര്യ അല്ലിയോടൊപ്പം തൃശൂരിലേക്ക്‌ പുറപ്പെട്ടത്. അന്ന്‌ ബാങ്ക്‌ രവി നിർമിക്കുന്ന‘പൊന്തൻമാട'യുടെചിത്രീകരണം കുറ്റിപ്പുറത്ത്‌ പുരോഗമിക്കുകയായിരുന്നു. ‘ബക്കർജി' തൃശൂരിലേക്ക്‌ വരുന്നുണ്ടെന്നറിഞ്ഞ്‌ ടി വി ചന്ദ്രനും രവിയേട്ടനും ഷൂട്ടിങ് നിർത്തിവച്ച്‌ തൃശൂരിലേക്ക്‌ പുറപ്പെടുകയായിരുന്നു. രാത്രി ഒരുമണിയോടെ പ്രസ്‌ക്ലബ്്‌ പരിസരത്തുവെച്ച്‌ നിശ്ചലശരീരനായ ബക്കർജിയെ എതിരേറ്റ മൂകനിമിഷത്തിലാണ്‌ ലംബശരീരനായ രവീന്ദ്രനാഥ്‌ എന്ന ബാങ്ക് രവിയെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത്.

1944ൽ കോഴിക്കോട് പൊറ്റമ്മൽ തൂവാട്ട് കാർത്യായനിയമ്മയുടെയും, പലകുന്നത്ത് ഗോപാലൻ നായരുടെയും സീമന്തപുത്രനായി ഫെബ്രുവരി ഒന്നിനായിരുന്നു രവിയേട്ടന്റെ ജനനം. തിരുച്ചിറപ്പള്ളിയിൽ മജിസ്ട്രേട്ടായിരുന്ന പിതാവിനോടൊപ്പം കുടുംബസമേതം തമിഴ്നാട്ടിലായിരുന്നു ബാല്യകാലപൂർവങ്ങൾ ചെലവഴിച്ചത്. അച്ഛന്റെ പെട്ടെന്നുള്ള വിയോഗം മൂലം കോഴിക്കോട്ടെ മാതൃസദനത്തിലേക്ക് തിരിച്ചെത്തിയ കുടുംബം തുടർന്ന് കോഴിക്കോടിന്റെ സിരകളിൽ അലിഞ്ഞുചേരുകയായിരുന്നു.

അച്ഛന്റെ വേർപാട് നാല് വയസ്സുകാരനായിരുന്ന രവിയെ ഏറെ തളർത്തിയെങ്കിലും ഉള്ളിന്റെയുള്ളിലെ അഗ്നിസ്ഫുരണങ്ങളെ കെടുത്താൻ ആ അനാഥബാലൻ തയ്യാറായില്ല. ഇടുങ്ങിയ ജീവിത പന്ഥാവിലൂടെ ജീവിതരഥം ഊർജസ്വലതയോടെ മുന്നോട്ട് തെളിച്ച ആ ശുഭാപ്തി വിശ്വാസി പഠനകാലങ്ങളിൽ ഒരു വിദ്യാർഥിയുടെ കടമകൾ തികച്ചും മിഴിവോടെ പുലർത്തിപോന്നിരുന്നു.

നെല്ലിക്കോട് സ്കൂളിലും, 'സമോറിൻസ്' സ്കൂളിലും പ്രാഥമികവിദ്യ അഭ്യസിച്ചതിനുശേഷം ബിരുദപഠനം പ്രശസ്തമായ ദേവഗിരി കോളേജിലായിരുന്നു. അഭിമാനകരമായ ബികോം ബിരുദധാരിയായ രവീന്ദ്രനാഥ് എന്ന യുവതുർക്കിക്ക് നെടുങ്ങാടി ബാങ്കിൽ ഉദ്യോഗം ലഭിക്കാൻ ഒട്ടും കടമ്പകൾ കയറിയിറങ്ങേണ്ടതില്ലായിരുന്നു. നെടുങ്ങാടിയിലെ അനുഭവവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ തുടർന്ന് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ ഇരുപത് വർഷത്തോളം സേവനങ്ങൾ നിർവഹിച്ചതിനുശേഷം തന്റെ കർമഭൂമിക മറ്റൊന്നാണെന്ന ഉൾവിളിയിൽ സ്വയം വിരമിക്കുകയാണ് ഉണ്ടായത്.

ചെറുപ്പംമുതൽതന്നെ വായനയിലും മറ്റ് കലാപ്രവർത്തനങ്ങളിലും അസാധാരണമാംവിധം താൽപ്പര്യം പ്രകാശിപ്പിച്ചിരുന്ന രവിക്ക് കവിതാകമ്പവും, നാടകാഭിനയ അഭിനിവേശങ്ങളും, ചിത്രരചനയും സഹജരുചികളായിരുന്നു. ഏത് പ്രവർത്തനമേഖലകളിലായാലും കൃത്യമായ ചിട്ടകളും, അനാവശ്യമായ ധാരാളിത്തങ്ങളെ സൂക്ഷ്മവും ആരോഗ്യകരവുമായ സാമ്പത്തിക നിയന്ത്രണങ്ങളാലും പ്രകാശിതമാക്കാനുള്ള മികവ് സ്വായത്തമാക്കിയിരുന്ന രവിക്ക് അപരവ്യഥകളെ തിരിച്ചറിയാനും ഉദാരനാകാനുമുള്ള മനോവ്യാപ്തിയും സുലഭമായിരുന്നു.

എഴുപതുകളിൽ കേരളത്തിന്റെസാംസ്കാരിക ലോകത്ത് പ്രകടമായിരുന്ന നവതരംഗത്തിന്റെ ഭാഗമായി ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും സജീവമായിരുന്ന കാലം. കോഴിക്കോട് അതിന്റെ വക്താവായിരുന്ന ചെലവൂർ വേണുവിനോടൊപ്പം രവിയേട്ടനും ഊർജസ്വലനായിരുന്നു. അക്കാലത്താണ് സാക്ഷാൽ ജി അരവിന്ദനുമായി പരിചയപ്പെടാനും പിന്നീട് ആ ബന്ധം ആഴത്തിലുള്ള വേരുകളായി ഹൃദയത്തിൽ പടർന്നുപിടിക്കാൻ നിമിത്തമായതും.

അരവിന്ദന്റെ സാമീപ്യം മറ്റുപലരിലുമെന്നപോലെ രവിയിലും പുതിയ പുതിയ ഉണർവുകൾ രൂപപ്പെടുത്തുവാൻ തുടങ്ങിയിരുന്നു. കോഴിക്കോട്ടെ ‘പാരഗൺ' ഹോട്ടലിന്റെ അരവിന്ദതാവളത്തിൽ പട്ടത്തുവിളയും, തിക്കോടിയനും, എം ടിയും തുടങ്ങി മറ്റനേകം സർഗധനരുമായുള്ള സംസർഗം രവിയിലെ നിശ്ശബ്ദനായ കലാകാരനെ ശബ്ദമുഖരിതനാക്കി. അങ്ങനെയാണ് 1974 ൽ 'ഉത്തരായണം' എന്ന അരവിന്ദൻ ചിത്രത്തിന്റെ ചിട്ടയായ പ്രൊഡക്ഷൻ മാനേജർ എന്ന പദവിയിലേക്ക് ഇദ്ദേഹം ഉയർത്തപ്പെട്ടത്.

ഉത്തരായണത്തിന്റെ പ്രശസ്തിയോടൊപ്പം ബാങ്ക് രവിയും ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നീട് ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത'യുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയും സേവനം നൽകിയ രവിയിൽ ചലച്ചിത്ര പരിസരങ്ങളുടെ മർമം തിരിച്ചറിയാനുള്ള വിവേകം ആവോളം വളർച്ചപ്രാപിച്ചിരുന്നു.

'അരവിന്ദന്റെ ഏറ്റവും അടുത്ത ആത്മമിത്രം രവിയും, രവിയുടെ ഏറ്റവും ഹൃദയ സമീപ്യണ്ടായിരുന്നയാൾ അരവിന്ദനുമായിരുന്നു' വെന്ന് ടി വി ചന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. ഉത്തരായണത്തിന് ആരംഭം കുറിക്കുന്നതിനുവേണ്ടി അനേകംതവണ രവി സ്റ്റേറ്റ് ബാങ്കിന്റെ ഉന്നതരുടെ വരാന്തകൾ കയറിയിറങ്ങിയിട്ടുെണ്ടന്നും അങ്ങനെയാണ് രവീന്ദ്രനാഥ്  'ബാങ്ക് രവി' എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയതെന്നും ചന്ദ്രൻ പറയുന്നു. അവസാനം ആ കയറിയിറക്കങ്ങൾ പരാജയത്തിൽ കലാശിച്ചപ്പോൾ പട്ടത്തുവിളതന്നെ പണമിറക്കി ഉത്തരായണത്തിന് ജീവൻ നൽകുകയായിരുന്നുവത്രേ. 

'ഉത്തരായണം’  മുതൽ ‘വാസ്തുഹാര' വരെയുള്ള അരവിന്ദന്റെ എല്ലാ സിനിമകളിലും രവി സാന്നിധ്യം സജീവമായിരുന്നു. ഒരു നയാപൈസപോലും അനാവശ്യമായി ചെലവഴിക്കാത്ത രവി ‘ഏതു പാതിരാക്കുപോലും ആരെയും സഹായിക്കാനുള്ള മനസ്സന്നദ്ധതയുള്ള വ്യക്തിയായിരുന്നെന്നും’ചന്ദ്രൻ ഓർക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ അധ്യായങ്ങളിൽ രവിയുടെ ഈ നന്മവെളിച്ചങ്ങളിലേക്ക് വിരൽചൂണ്ടി ഒരുപാട് അനുഭവകഥകൾ ചന്ദ്രന് വിവരിക്കാനുണ്ട്‌.

1978 ലാണ് പവിത്രന്റെ ‘യാരോ ഒരാൾ' എന്ന ചിത്രം അവതരിക്കപ്പെടുന്നത്. തികച്ചും 'പേഴ്‌സണൽ സിനിമ' എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന ആ നൂതന ആവിഷ്കാരചിത്രം ചിന്തയിൽ പിറവിയെടുക്കുമ്പോൾതന്നെ ബാങ്ക് രവിയുടെ അസാധാരണമായ ആകാരഭംഗിയും ചലനവ്യതിയാനങ്ങളും പവിയുടെ മനസ്സിൽ ഒട്ടിച്ചേർന്നിരുന്നു. അങ്ങനെയാണ് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട 'യാരോ ഒരാളിൽ' രവിയേട്ടൻ നായകനായി അഭിനയ രംഗത്തേക്ക് ചേക്കേറുന്നത്.

അതിൽ ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' ആലപിച്ചുകൊണ്ടുള്ള ഹരി എന്ന കഥാപാത്രത്തെ ആർക്കും മറക്കാവുന്നതല്ല. ചിത്രസംയോജനത്തിനുള്ള സംസ്ഥാന അവാർഡ് രാമൻ നായർക്കും, ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് മധു അമ്പാട്ടിനും നേടാൻ ഈ ചിത്രം അവസരമൊരുക്കി. മാത്രവുമല്ല അവാർഡ് ജൂറിയുടെ പ്രത്യേക പ്രശംസയും ‘യാരോ ഒരാൾ’ കരസ്തമാക്കി. ജി അരവിന്ദൻ ഇതിന്റെ സംഗീത സംവിധായകനും ആർട്ടിസ്റ്റ് നമ്പൂതിരി കലാസംവിധായകനുമായിരുന്നു എന്നതും ഈ സിനിമയുടെ മാറ്റ്‌ വർധിപ്പിക്കാൻ ഇടയായി.

1989ൽ ഇറങ്ങിയ ടി വിചന്ദ്രന്റെ മൂന്നാമത്തെ ചിത്രമായ 'ആലീസിന്റെഅന്വേഷണ'ത്തിലും നായകൻ രവിയേട്ടൻ തന്നെയായിരുന്നു. കോളേജ് പ്രൊഫസറായി വേഷമിട്ട് വ്യത്യസ്തനായ അഭിനേതാവെന്ന് പ്രേക്ഷകരാൽ മുദ്രചാർത്തിയ ആ ചിത്രം അക്കാലത്ത് ചന്ദ്രന്റെ ഏറ്റവും മികച്ച സിനിമയായിരുന്നു. 'ആലീസിന്റെ അന്വേഷണം' ലൊക്കാർണോ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ ചലച്ചിത്രകലയെ സൂക്ഷ്മമായി വിലയിരുത്തിയിരുന്ന നിരവധി പ്രേക്ഷകമനസ്സുകളാൽ പ്രശംസിക്കപ്പെട്ടു. 'ആലീസിന്റെ അന്വേഷണം' സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിനിമയായി അംഗീകാരം നേടുകയുണ്ടായി.

1991ൽ ആത്മമിത്രമായിരുന്ന അരവിന്ദനുമായി ഒരു ചലച്ചിത്രാലോചന രവിയിൽ മുളപൊട്ടി വളരുകയുണ്ടായി. മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സി. വി. ശ്രീരാമന്റെ ജീവിതഗന്ധിയായ കഥകളിലൊന്നായ 'വാസ്തുഹാര' യാണ് ചർച്ചകളിലൂടെ അതിനായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഭാരതം വെട്ടിക്കീറിയപ്പോൾ ആന്തമാൻ ദ്വീപസമൂഹത്തിലേക്ക് ചേക്കേറേണ്ടി വന്ന അഭയാർത്ഥികളുടെ കണ്ണീരിന്റെ കഥപറഞ്ഞ ആ സിനിമ അരവിന്ദന്റെ കലാശ്രേഷ്ഠതയുടെ മുഴുവൻ പ്രസരണങ്ങളും നിറഞ്ഞാടിയ ഒന്നായിരുന്നു.

മോഹൻലാലിനൊപ്പം

മോഹൻലാലിനൊപ്പം

മോഹൻലാലും, ശോഭനയും, നീനാഗുപ്തയും കൂടാതെ മലയാളത്തിന്റെ ആഗോള പ്രശസ്തിയാർജിച്ച കലാകാരി പത്മിനിയും അതിൽ ചായംതേച്ചിരുന്നു. സണ്ണി ജോസഫ് ക്യാമറ പ്രവർത്തിപ്പിച്ച ആ ചിത്രത്തിന്റെ സംഗീത സംവിധായകൻ സാക്ഷാൽ സലിൽ ചൗധരിയുമായിരുന്നു.

1991 ജൂൺ 3ന് പ്രദർശനത്തിന് തയ്യാറായ 'വാസ്തുഹാര' അക്കൊല്ലത്തെ കേരളത്തിലെ മികച്ച സിനിമയായി വാഴ്ത്തപ്പെട്ടു. തുടർന്ന് മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ശിരസ്സിലേറ്റാനുള്ള ഭാഗ്യമുണ്ടായി. സംവിധായകനുള്ള അവാർഡ് അരവിന്ദനും, നിർമാതാവിനുള്ള അവാർഡ് രവീന്ദ്രനാഥും, കഥാകൃത്തിനുള്ള അവാർഡ് സി വി ശ്രീരാമനും നേടി. അനവധി അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം ജപ്പാനിലെ ഒരു നെറ്റ്്വർക്ക് സംവിധാനത്തിലൂടെ സംപ്രേക്ഷണം ചെയ്യുകകൂടി ചെയ്തതോടെ ആഗോള സിനിമാപ്രേമികൾക്ക് ഹൃദ്യമായ ഒരു വിഭവമായി അത് വളർന്നു.

രവിയിലെ ചലച്ചിത്ര സപര്യയുടെ വിത്ത് ഏറ്റവും ഉൽകൃഷ്ടമായി വികസിച്ചത് ടി വി ചന്ദ്രനുമായുള്ള കൂട്ടുകെട്ടിൽ നിന്നാണെന്നുപറയാം. 1993ൽ പുറത്തിറങ്ങിയ 'പൊന്തൻമാട'എന്ന ചിത്രം ഏറെ കലോപാസകർക്ക് അവസരങ്ങളും പ്രശസ്തിയും അംഗീകാരങ്ങളും നേടിക്കൊടുത്ത ഒന്നാണ്. മമ്മൂട്ടിയും, നസറുദ്ദീൻഷായും അന്നോളം കാഴ്ചവച്ചിട്ടില്ലാത്ത അഭിനയമേന്മകൊണ്ട്‌ മലയാളിമനസ്സുകളിലും ഇന്ത്യൻ സിനിമയുടെ ആസ്വാദനാകാശങ്ങളിലും താരപ്രഭചുരത്തിയ അസാധാരണമായ ഒരു ചിത്രമായിരുന്നു അത്.

സി വി ശ്രീരാമന്റെ 'ശീമതമ്പുരാൻ', 'പൊന്തൻമാട' എന്നീ രണ്ട്‌ കഥകളെ തുന്നിചേർത്തുകൊണ്ട്‌ ചന്ദ്രന്റെ ശിൽപ്പചാരുത ഏറെ പ്രഫുല്ലമായൊരു ചലച്ചിത്ര കാവ്യമായിരുന്നു ‘പൊന്തൻമാട’. രവിയേട്ടനും ചന്ദ്രേട്ടനും ഏറെ കാലങ്ങളോളം അലഞ്ഞുതിരിഞ്ഞു വിയർത്തതിന്റെ ഒരു സാക്ഷാൽക്കാരമായിരുന്നു അത്. നിർമാതാവ് എന്ന നിലയിൽ ദീർഘ ദൃഷ്ടിയോടെ ഓരോ അടരുകളിലും വിരലുകൾ പതിപ്പിച്ചതിന്റെ കൂടി വിജയമായിരുന്നു അതിന്റെ കാലാതീതമായ അംഗീകാരങ്ങൾ.

ടി വി ചന്ദ്രൻ,മമ്മൂട്ടി, രവീന്ദ്രനാഥ്‌ എന്നിവർ പൊന്തൻമാടയുടെ സെറ്റിൽ

ടി വി ചന്ദ്രൻ,മമ്മൂട്ടി, രവീന്ദ്രനാഥ്‌ എന്നിവർ പൊന്തൻമാടയുടെ സെറ്റിൽ

'പൊന്തൻമാട' സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച സിനിമയായായപ്പോൾ മമ്മൂട്ടി മികച്ച നടനും, അരുൺകുമാർ ബോസ് മികച്ച ശബ്ദലേഖകനായും അവാർഡ് നേടി. കൂടാതെ ടി വി ചന്ദ്രന് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്കാരവും, മമ്മൂട്ടി മികച്ച നടൻ, വേണു മികച്ച ഛായാഗ്രാഹകൻ, ജോൺസൻ മികച്ച സംഗീത സംവിധായകൻ എന്നീ ദേശീയ അവാർഡുകളും കരസ്ഥമാക്കാനായി.

അനവധി അന്തർദേശീയ മേളകളിലും ‘പൊന്തൻമാട’ വിസ്മയങ്ങളിൽ കയറിയിറങ്ങി. ഇതിനേക്കാളൊക്കെ ഉപരിയായി മലയാള സിനിമാചരിത്രത്തിലെ നിർണായകമായ ഒരു സ്മാരകമായി പൊന്തൻമാടക്ക് നിലയുറപ്പിക്കാനായി എന്നതും വിസ്മരിക്കാവുന്ന ഒന്നല്ല. അങ്ങനെ മലയാളത്തിലെ ഏറ്റവും നല്ല 10 ചിത്രങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ‘പൊന്തൻമാട'യും, 'വാസ്തുഹാര'യും രവീന്ദ്രനാഥ് എന്ന ‘ബാങ്ക് രവി'യാൽ നിർമിക്കപ്പെട്ടതാണെന്നതിൽ മറ്റ് ചലച്ചിത്ര പ്രേമികളോടൊപ്പം സുഹൃത്ത് എന്ന നിലയിൽ എനിക്കും അഭിമാന പങ്കാളിത്തം അവകാശപ്പെടാവുന്നതാണ്.

പണസംഭരണത്തിനുവേണ്ടി മാത്രം നിർമാതാവ് എന്ന തസ്തികയിൽ ഒരാളെ വാഴിച്ച് അദ്ദേഹത്തിന്റെ കണ്ണെത്താദൂരത്ത് നിന്ന് സിനിമയൊരുക്കുന്ന ആധുനിക പ്രവണതയിൽനിന്ന് തികച്ചും വ്യത്യസ്തനായ ഒരു കലാഹൃദയത്തിന്റെ അവകാശിയായിരുന്നു രവിയേട്ടൻ. തന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് ചിത്രം വഴുതിപ്പോകാതിരിക്കാൻ മുഴുവൻസമയ ജാഗ്രതയും സമർപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യമിടുക്ക് മറ്റുപലർക്കും മാതൃകകൂടിയായിരുന്നു. അതുകൊണ്ടുകൂടിയാണ് കുറഞ്ഞ ചെലവിൽ ജനശ്രദ്ധ പിടിച്ചുപറ്റിയതും പുരസ്കൃതങ്ങളുമായ ഉത്തമ കലാസൃഷ്ടികൾ മലയാളത്തിൽ പിറന്നുവീഴാൻ കാരണമായത്.

വിഖ്യാതനായ മലയാറ്റൂർ രാമകൃഷ്ണന്റെ 'വേരുകൾ'എന്ന ജനപ്രിയ നോവൽ പരമ്പരയായി ടെലിവിഷൻ മാധ്യമത്തിലേക്ക് ആവിഷ്കരിക്കാൻ തീരുമാനിച്ചതും രവിയേട്ടന്റെ മറ്റൊരു കാലോപാസനയുടെ സംഭാവനയായിരുന്നു.

വേരുകൾ ടെലിവിഷൻ പരമ്പരയുടെ സെറ്റിൽ ടി എൻ ഗോപകുമാർ, രവീന്ദ്രനാഥ്‌, നെടുമുടിവേണു തുടങ്ങിയവർ

വേരുകൾ ടെലിവിഷൻ പരമ്പരയുടെ സെറ്റിൽ ടി എൻ ഗോപകുമാർ, രവീന്ദ്രനാഥ്‌, നെടുമുടിവേണു തുടങ്ങിയവർ

മാധ്യമപ്രവർത്തകനും എഴുത്തുകാരനും, 'കണ്ണാടി'എന്ന ജനപ്രിയ ഏഷ്യാനെറ്റ് പംക്തിയുടെ അവതാരകനുമായിരുന്ന പ്രിയസുഹൃത്ത് ടി എൻ ഗോപകുമാറിന്റെ കൈയിൽ അതിന്റെ ദൃശ്യാവിഷ്കാരം സുരക്ഷിതമായിരിക്കുമെന്ന ദൃഢവിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് 'വേരുകൾ' അതേപേരിൽത്തന്നെ സംവിധാനം നിർവഹിക്കാൻ ഗോപനെ ഏൽപ്പിക്കുന്നത്.

നെടുമുടി വേണുവും, ജലജയും തുടങ്ങി ജനമനസ്സുകളിൽ പ്രതിഷ്ഠിതരായിരുന്ന കലാകാരന്മാർ കഥാപാത്രങ്ങളായ ‘വേരുകൾ' പെരുമ്പാവൂരും പെരിയാറിന്റെ പ്രാന്തപ്രദേശങ്ങളിലുമാണ് ഏറിയപങ്കും ചിത്രീകരിച്ചത്. സഹചാരിയായി ഞാനുമുണ്ടായിരുന്നു. കുടുംബസദസ്സുകളെ അമ്പരിപ്പിച്ചുകൊണ്ട്‌ 1997 കാലത്ത് 16 എപ്പിസോഡുകൾ തുടർന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച രണ്ടാമത്തെ ടെലിപരമ്പരക്കുള്ള അംഗീകാരവുമായി ഗോപകുമാറും രവിയേട്ടനും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ മലയാറ്റൂർ രാമകൃഷ്ണൻ എന്ന മറക്കാനാവാത്ത പ്രതിഭയുംകൂടി മലയാളി മനസ്സുകളിൽ മരണാനന്തരവും വേരുറപ്പിച്ച് മിന്നിമറഞ്ഞു.

നിഷ്കളങ്കരായ സൗഹൃദക്കൂട്ടങ്ങളോട് എല്ലായ്പ്പോഴും മമതയും കരുണയും നെഞ്ചോട് ചേർത്തുവച്ചിരുന്ന രവിയേട്ടനിൽ മാനവികതയുടെ പ്രകാശങ്ങൾ എല്ലായ്പ്പോഴും നിറഞ്ഞൊഴുകിയിരുന്നു. സ്വകാര്യ വ്യഥകളുടെ അഗ്നിനാളങ്ങൾ അന്തരംഗങ്ങളെ കാർന്നുതിന്നിരുന്നുവെങ്കിലും അവയെയൊക്കെ അതിജീവിക്കുന്നതിന് ഇത്തരം കലാപ്രവർത്തനങ്ങളും മനുഷ്യമനഃസാക്ഷിയുമായുള്ള സംവേദനങ്ങളും ഒട്ടൊന്നുമല്ല സഹായകരമായി ഭവിച്ചിട്ടുള്ളത്. ജീവിത വഴിത്താരകളെ വളരെ ഫിലോസഫിക്കലായി നേരിടണമെന്ന് എന്നോട് മന്ത്രിക്കാറുള്ള രവിയേട്ടന് അന്തസ്സാര സമൃദ്ധിയുള്ള സൃഷ്ടികൾക്ക് നേതൃത്വം നൽകുകവഴി ഒട്ടേറെ കലാകാരന്മാർക്ക് തണലേകുവാൻ കഴിഞ്ഞിട്ടുണ്ട്‌.

സ്വസഹോദരനെപ്പോലെ പ്രിയനായിരുന്ന പവിത്രനെ ഒരു ഡോക്യുമെന്ററി ചിത്രം ഏൽപ്പിച്ചത് അങ്ങനെയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ അമ്പതാം പിറന്നാൾ പ്രമാണിച്ച് 50 വിവിധ വിഷയങ്ങളിലൂന്നിയ ഡോക്യൂമെന്ററികളുടെ ചിത്രീകരണപദ്ധതി  പിആർഡിക്ക്‌ നിർവഹിക്കേണ്ടതുണ്ടായിരുന്നു. അംഗീകൃത ജേതാക്കളായ നിർമാതാക്കൾക്കും സംവിധായകർക്കും അതിനുള്ള യോഗ്യതാപട്ടികയിൽ സ്ഥാനവുമുണ്ടായിരുന്നു. അപേക്ഷനൽകിയ പലർക്കും അനുമതിയും കിട്ടി. പവിത്രൻ പക്ഷേ അതിനൊന്നും മെനക്കെടുന്ന 'ദുശ്ശീല'ക്കാരനായിരുന്നില്ല. സ്വാഭാവികമായും ആ വാതിൽ സമയമായപ്പോൾ അടക്കപ്പെടുകയും ചെയ്തു. ബാങ്ക് രവിയുടെ നിർമാണ വൈദഗ്ധ്യം മനസ്സിലാക്കിയിരുന്ന ഉത്തരവാദപ്പെട്ടവർ അദ്ദേഹത്തെ മൂന്ന് വിഷയങ്ങളിലൂന്നിയ ചിത്രനിർമാണം ഏൽപ്പിച്ചിരുന്നു. സ്ത്രീ മുന്നേറ്റം, പിന്നോക്കവിഭാഗങ്ങളുടെ ഉന്നതി, സ്പോർട്സ് എന്നിവയായിരുന്നു വിഷയങ്ങൾ.

പവിത്രന്റെ ഈ ഉദാസീനവ്യായാമങ്ങൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ രവിയേട്ടൻ പവിയുടെ വീട്ടിലെത്തി തനിക്ക് അനുവദിച്ചുകിട്ടിയ വിഷയത്തിന്റെ സംവിധായകനായി പവിത്രനെ തീരുമാനിക്കുകയും ബലമായി അഡ്വാൻസ് തുക പവിത്രന് ഏൽപ്പിക്കുകയുമായിരുന്നു (കൂടെ ഞാനുമുണ്ടായിരുന്നു). അങ്ങനെയാണ് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള മൂന്ന് ഡോക്യുമെന്ററികളിൽ ഒന്നായ 'സ്പോർട്സ്' വിഷയമായ ഡോക്യുമെന്ററി പവിത്രനാൽ സാക്ഷാൽക്കരിക്കപ്പെട്ടത്.

ചിരകാല സുഹൃത്തായിരുന്ന അരവിന്ദന്റെ സ്മരണക്കുവേണ്ടി അരവിന്ദസുഹൃത്തുക്കളായിരുന്ന രണ്ട്‌ രവിമാരും ചേർന്ന് 1997ൽ ഒരു ഡോക്യുമെന്ററി സ്മാരകം പടുത്തുയർത്തുകയുണ്ടായി. ചിന്തരവി സംവിധായകനും ബാങ്ക് രവി നിർമാതാവും. 'മൗനം സൗമനസ്യം' എന്നപേരിൽ നാമകരണം തീർത്ത ആ ചിത്രം അരവിന്ദഭാവങ്ങളെ ആകർഷകമായി ആവിഷ്കരിച്ച എല്ലാവരാലും വാഴ്ത്തപ്പെട്ട ഒരു ഉത്തമസൃഷ്ടിയായിരുന്നു. മികച്ച ജീവചരിത്ര ആഖ്യാനത്തിനുള്ള ദേശീയപുരസ്കാരവും അത് നേടുകയുണ്ടായി.

അങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കിമാറ്റാനുള്ള വൈശിഷ്ട്യം ജന്മസിദ്ധമായിരുന്നതുകൊണ്ടുതന്നെ കൈരളിചാനലിന്റെ ബാല്യദശയിൽ കൈരളിയുടെ പ്രചാരണത്തിനും നിലനിൽപ്പിനും ആവശ്യമായ ചലച്ചിത്രങ്ങൾ വാങ്ങുന്നതിനുള്ള തിരഞ്ഞെടുത്ത സമിതിയിൽ രവിയേട്ടനെ ഉൾപ്പെടുത്താൻ കെ ആർ മോഹനന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ സത്യസന്ധതയോടെയും കൃത്യനിഷ്ഠതയോടെയും ചെയ്ത് പരിശീലനമുണ്ടായിരുന്ന രവിയേട്ടന്റെ കർമങ്ങൾ കൈരളിക്കും ഒരു മുതൽക്കൂട്ടുതന്നെയായിരുന്നു.

തിരുവനന്തപുരത്ത് പട്ടത്തുള്ള രവിയേട്ടന്റെ വീട് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരുടെ ഒരു 'മട' തന്നെയായിരുന്നു. ചലച്ചിത്ര ചർച്ചകളും, കവിതകളും, സംഗീതവും മുഴങ്ങിനിന്നിരുന്ന ആ സാംസ്കാരിക ഗേഹം രവിയേട്ടന്റെ ഹൃദയ വിശാലതയുടെ ഉത്തമദൃഷ്ടാന്തമായിരുന്നു. ചലച്ചിത്ര രചനകൾ മുന്നോട്ടുപോകാനാകാതെ വീർപ്പുമുട്ടിയിരുന്ന പലർക്കും ഒരു കുളിർക്കാറ്റായി തണലായി അദ്ദേഹം സഹായിക്കുക പതിവായിരുന്നു.

അസാമാന്യമായ നർമബോധവും, ഉത്തരവാദിത്വബോധവും, പുത്ര‐സാഹോദര്യഭാവങ്ങളും കെടാതെ സൂക്ഷിച്ചിരുന്ന ചലച്ചിത്രലോകത്തെ ആ ഉന്നതശീർഷൻ എസ് കെ പൊറ്റെക്കാടിന്റെ പ്രശസ്ത നോവലായ 'ഒരു തെരുവിന്റെ കഥ'പരമ്പരയായി നിർമിക്കാനുള്ള പ്രാരംഭ നടപടികളുമായി മുന്നേറുന്നതിനിടയിൽ തന്റെ അമ്പത്തെട്ടാമത്തെ വയസ്സിൽ (മെയ് 16,2002) നിര്യാതനായി. കോഴിക്കോട് കുടുംബഭൂമിയിൽ പാവപ്പെട്ട ചികിത്സാർഥികളുടെ ക്ഷേമത്തിനായി ഒരു ശുശ്രൂഷാ മന്ദിരം അദ്ദേഹത്തിന്റെ ഓർമയ്ക്കായി (ടി രവീന്ദ്രനാഥ് മെമ്മോറിയൽ ബിൽഡിങ്) നിലനിൽക്കുന്നതൊഴിച്ചാൽ, ചലച്ചിത്രമേഖലയിൽ അദ്ദേഹം അർഹിക്കുന്ന രീതിയിൽ ഇനിയും ഓർക്കപ്പെടുന്നുണ്ടോ?.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top