06 October Thursday

പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വം; കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Aug 7, 2022

അനിയത്തിപ്രാവിലെ ചോക്കലേറ്റ്‌ പയ്യൻ സുധിയിൽനിന്ന്‌ ‘ന്നാ താൻ കേസ്‌ കൊട്‌’യിലെ രാജീവനിലേക്ക്‌ കുഞ്ചാക്കോ ബോബൻ താണ്ടിയ സിനിമാ ദൂരം 25 വർഷമാണ്‌. മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ്‌ ഇന്ന്‌. മലയാള സിനിമയുടെ ശൈലി മാറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചും ഭാഗമായുമുള്ള സിനിമാ ജീവിതം. അടൂരിന്റെ നിഴൽക്കുത്തിനുശേഷം ലൊക്കാർണോ ചലച്ചിത്രമേളയിൽ കുഞ്ചാക്കോ ബോബൻ നായകനും നിർമാതാവുമായ ‘അറിയിപ്പ്‌’ ആഗസ്‌ത്‌ നാലിന്‌ പ്രദർശിപ്പിച്ചു. ദേവദൂതർ പാടി എന്ന മലയാളിയുടെ നിത്യഹരിതഗാനത്തിനെ തന്റെ ചുവടുകളാൽ വീണ്ടും ത്രസിപ്പിച്ചു. കഥാപാത്രത്തിന്‌ ജീവൻ നൽകാൻ സ്വയം രാകി മിനുക്കിയെടുത്ത അഭിനയ പരിസരങ്ങളിലൂടെയുള്ള യാത്ര കുഞ്ചാക്കോ ബോബനെ മലയാളിയുടെ സ്വന്തം ചാക്കോച്ചനാക്കി. രതീഷ്‌ ബാലകൃഷ്‌ണ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ്‌ കൊട്‌’ വ്യാഴാഴ്‌ച തിയറ്ററിൽ എത്തുകയാണ്‌. ടി പി ഫെല്ലിനിയുടെ ‘ഒറ്റ്‌’ തയ്യാറെടുക്കുന്നു. ചാക്കോച്ചൻ സംസാരിക്കുന്നു.

ന്നാ താൻ കേസ്‌ കൊട്‌

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ നർമവും ആക്ഷേപഹാസ്യവും ചേർത്ത്‌ അവതരിപ്പിക്കുകയാണ്‌ ‘ന്നാ താൻ കേസ്‌ കൊട്‌’. ഒരു സാധാരണക്കാരൻ, ഒരു മന്ത്രിക്കെതിരെ കേസ്‌ കൊടുക്കുന്നതിലേക്ക്‌ എത്തുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ്‌ ചിത്രം. സിനിമയ്‌ക്കായി കാസർകോട്‌ ഭാഷ പഠിക്കാൻ ബുദ്ധിമുട്ടി. കൂടുതലും പുതുമുഖങ്ങളാണ്‌. അധികംപേരും കാസർകോടുകാരുമാണ്‌. വലിയ ക്യാൻവാസിൽ ചിത്രീകരിച്ച സിനിമയാണ്‌. വിദ്യാബാലന്റെ ‘ഷേർണി’ ചെയ്‌ത രാകേഷ്‌ ഹരിദാസാണ്‌ കാമറ. അത്തരത്തിൽ സാങ്കേതിക മേഖലയിലും മികച്ച നിരയുണ്ട്‌. തിയറ്റർ എക്‌സ്‌പീരിയൻസ്‌ ഉറപ്പ്‌ നൽകുന്ന പടമാണ്‌.

മലയാള സിനിമയുടെ മികവ്‌ ഉള്ളടക്കം

നല്ലൊരു മാറ്റത്തിന്റെ പാതയിലാണ്‌ നമ്മുടെ സിനിമ. വർഷങ്ങളായി മികച്ച ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമ ഏറെ മുന്നിലാണ്‌. രണ്ട്‌ വർഷമെടുത്ത്‌ നോക്കിയാൽ ഇന്ത്യയിലെ മികച്ച 10 സിനിമയിൽ രണ്ടോ മൂന്നോ മലയാള സിനിമയുണ്ട്‌. ബിഗ്‌ ബജറ്റ്‌ സിനിമകൾ എന്നതിലുപരി മികച്ച ഉള്ളടക്കമുള്ള സിനിമകളുണ്ടാകണം.

പാൻ ഇന്ത്യക്കപ്പുറം മലയാള സിനിമയെ അന്താരാഷ്‌ട്രതലത്തിൽ എത്തിക്കാൻ പറ്റുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.  ലോക സിനിമയുടെ മുന്നിലേക്ക്‌ മലയാള സിനിമയെ കൊണ്ടുവരാനുള്ള അവസരമാണിത്‌.  മലയാളിയുടെ ഒരു പ്രത്യേകത ഏത്‌ സിനിമയാണ്‌ കാണുന്നത്‌, അപ്പോൾ അവർ ആ നാട്ടിലെ ആളാകും. മലയാളി ഏത്‌ സ്ഥലത്ത്‌ ചെന്നാലും രക്ഷപ്പെടുന്നതിന്റെ കാരണം ഈ പൊരുത്തപ്പെടാനുള്ള കഴിവാണ്‌. ഇതുവരെ പറയാനും ചെയ്യാനും ഭയപ്പെട്ടിരുന്ന വിഷയങ്ങൾ ഇപ്പോൾ നമ്മുടെ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്‌. പട, നായാട്ട്‌ തുടങ്ങിയവയിലൊക്കെ വളരെ ലൗഡായി  ഉറച്ചരീതിയിൽത്തന്നെ വിഷയങ്ങൾ പറയുന്നുണ്ട്‌. സാമ്പത്തികമായും വിമർശകർക്കിടയിലും വിജയിക്കുന്നുവെന്നതാണ്‌ ഈ സിനിമകളുടെ മികവ്‌.

സിനിമ കാണാൻ ആളുകളെത്തും

ആളുകൾ ഇപ്പോൾ ടീസർ കണ്ടശേഷമാണ്‌ ട്രെയിലർ കാണണോ എന്ന്‌ തീരുമാനിക്കുന്നത്‌. ട്രെയിലർ കണ്ട ശേഷമാണ്‌ തിയറ്ററിൽ പോകണോ ഒടിടി മതിയോയെന്ന്‌ തീരുമാനിക്കുന്നത്‌. ആളുകളെ തിയറ്ററിലേക്ക്‌ കൊണ്ടുവരാൻ കഴിയുന്ന സിനിമകൾ കൊടുക്കണം. അതാണ്‌ നമ്മുടെ ഉത്തരവാദിത്വം. സിനിമ തിയറ്ററിൽ കാണണോ, അതോ ഒടിടിയിൽ മതിയോ എന്നത്‌ ആളുകളുടെ താൽപ്പര്യമാണ്‌.

ചാനലുകൾ വന്നപ്പോൾ തിയറ്ററുകളിലേക്ക്‌ ആളുകൾ വരില്ല എന്ന്‌ പറഞ്ഞിരുന്നു. ഇടയ്‌ക്ക്‌ തിയറ്ററുകൾ കല്യാണ മണ്ഡപങ്ങളും കൺവൻഷൻ സെന്ററുകളുമാക്കിയില്ലേ. പിന്നീട്‌ ഒരു തിയറ്റർത്തന്നെ പുതുക്കി കൂടുതൽ സ്‌ക്രീനുകളാക്കി. ടിക്കറ്റ്‌ നിരക്ക്‌ വർധിച്ചു. എന്നിട്ടും ആളുകൾ സിനിമ കാണാനെത്തി. ഒടിടി ഇപ്പോൾ സംഭവിച്ച ഒന്നല്ല, കുറെ കാലമായിട്ടുള്ളതാണ്. എന്നിട്ടും വലിയ സിനിമകളും നല്ല സിനിമകളും ഉണ്ടായി. ആളുകൾ അത്‌ കാണാൻ വരുന്നുമുണ്ട്‌. ചോയ്‌സ്‌ ആത്യന്തികമായി പ്രേക്ഷകരുടേതാണ്‌. ആളുകൾക്ക്‌ നല്ല സിനിമ നൽകുക, ഒപ്പം നല്ല പ്രചാരണം നൽകുകയും വേണം.  സിനിമയുടെ ബജറ്റിൽ അതിനുമുള്ള ഇടം കാണണം. പണ്ട്‌ ഫെസ്റ്റിവൽ സമയത്താണ്‌ ഒരുപാട്‌ സിനിമകൾ ഒരുമിച്ച്‌ ഇറങ്ങിയിരുന്നത്‌. ഇപ്പോൾ അത്‌ മാറി എല്ലാ ആഴ്‌ചയിലും ഇഷ്ടം പോലെ സിനിമകൾ റിലീസ്‌ ചെയ്യുന്നുണ്ട്‌. അത്‌ ഉണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സിനിമയിലെ എല്ലാ വിഭാഗം ആളുകളും ചേർന്ന ഇടപെടൽ ആവശ്യമാണ്‌.

മാറ്റത്തിനൊപ്പമുള്ള യാത്ര

എന്റെ കരിയറിന്റെ ആരംഭം അനിയത്തിപ്രാവിൽ നിന്നാണ്‌. ആ സിനിമ മലയാളത്തിൽ ഒരു റൊമാന്റിക്‌ യുഗത്തിന്‌ തുടക്കം കുറിച്ചു. ട്രാഫിക്ക്‌ പുതിയ തരംഗത്തിന്‌ തുടക്കമിട്ടു. പിന്നീട്‌ ഹൗ ഓൾഡ്‌ ആർ യു, ടേക്ക്‌ ഓഫ്‌ പോലെയുള്ള സ്‌ത്രീ കേന്ദ്രീകൃത സിനിമകളുടെ ഭാഗമായി. അഞ്ചാം പാതിരയടക്കമുള്ള ക്രൈം ത്രില്ലേഴ്‌സ്‌ ചെയ്‌തു. പടയും നായാട്ടും പോലെയുള്ള ഉള്ളടക്കത്തിന്‌ പ്രാധാന്യമുള്ള സിനിമകൾ ചെയ്‌തു.

ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികളിൽ അഭിനയിച്ചു. കൊമേഴ്‌സ്യൽ സിനിമകൾ ചെയ്യുമ്പോൾത്തന്നെ സാമൂഹിക പ്രസക്തിയുള്ള സിനിമകൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്‌. ഇങ്ങനെ ഓരോ കാലഘട്ടത്തിലുമുണ്ടായ മാറ്റങ്ങൾക്ക്‌ അനുസരിച്ചുള്ള സിനിമകൾക്ക്‌ ഒപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ചിലത്‌ സ്വാഭാവികമായി വന്ന്‌ ചേർന്നതാണ്‌. മാറ്റത്തിന്‌ വിധേയനാകാൻ മനപ്പൂർവം ഇടപടൽ നടത്തിയിട്ടുണ്ട്‌. അതിനുവേണ്ടി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്‌തതിന്റെ ഫലമാണ്‌ ലഭിക്കുന്നത്‌.

മദ്യപിച്ചിട്ടുള്ള നൃത്തമല്ല

ദേവദൂതർ പാടി എന്നത്‌ മലയാളികൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്‌. എത്രയോ വർഷങ്ങളായി മലയാളിയുടെ മനസ്സിലും ചിന്തകളിലും നിറഞ്ഞുനിൽക്കുന്ന ഒന്ന്‌. അത്‌ പുനഃസൃഷ്ടിക്കുമ്പോൾ ആത്മാവ്‌ നഷ്ടപ്പെടാതിരിക്കണം എന്നുണ്ടായിരുന്നു. വേറെ രീതിയിലാണ്‌ ചിത്രീകരിക്കാൻ ശ്രമിച്ചത്‌. യഥാർഥ സിനിമയിൽ പള്ളിയിലെ ക്വയർ ഗാനമാണ്‌. ഇവിടെ ഉത്സവ പറമ്പിലെ ഗാനമേളയാണ്‌. അതിനിടയിൽ നൃത്തം അറിയാത്ത, പക്ഷേ, പാട്ടവും നൃത്തവും വളരെ ആസ്വദിക്കുന്ന ഒരാൾ വേറൊന്നും കണക്കിലെടുക്കാതെ പുള്ളിയുടെ രീതിയിൽ എല്ലാം മറന്ന്‌ ആസ്വദിക്കുകയാണ്‌. ഒരു ഉന്മാദ അവസ്ഥയിലുള്ള ആസ്വാദനം. മദ്യപിച്ചിട്ടല്ല ഡാൻസ്‌ ചെയ്യുന്നത്‌. നൃത്തവും പാട്ടുമാണ്‌ അയാളുടെ ലഹരി. നമ്മൾ സാധാരണ പള്ളിപ്പെരുന്നാളിനും ഉത്സവ പറമ്പിലുമൊക്കെ കാണുന്ന പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ ആ രീതിയിൽ കാണിച്ചതാണ്‌. അതിന്‌ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന്‌ ഞാൻ വിചാരിച്ചില്ല. പാട്ടിന്‌ ഇത്രയും സ്വീകാര്യത നൽകിയതിന്‌ പ്രേക്ഷകരോട്‌ വലിയ നന്ദിയുണ്ട്‌.

പൂർണ സ്വാതന്ത്ര്യത്തോടെ ചെയ്‌ത സിനിമ

‘അറിയിപ്പ്‌’ ലൊക്കാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. പടം നമ്മൾ ആഗ്രഹിച്ച പോലെ പൂർണ സ്വാതന്ത്ര്യത്തോടെ ചെയ്യണമെന്നുണ്ടായിരുന്നു. ആരെയും ആശ്രയിക്കാതെ ചെയ്യാമെന്ന ചിന്തയുടെ ഭാഗമായാണ്‌ നിർമാണത്തിലും പങ്കാളിയായത്‌. എനിക്കൊപ്പം മഹേഷ്‌ നാരായണനും ഷെബിൻ ബക്കറും ചേർന്നാണ്‌ അറിയിപ്പ്‌ നിർമിച്ചത്‌. ഒരുപോലെ ചിന്തിക്കുന്ന, സിനിമയെ അത്രമേൽ സ്‌നേഹിക്കുന്നവർ ഒപ്പം ചേർന്നതോടെയാണ്‌ അറിയിപ്പ്‌ സാധ്യമായത്‌. ഉദയ സ്‌റ്റുഡിയോയുടെ 88–-ാമത്തെ പടവും കുഞ്ചാക്കോയുടെ ആദ്യ നിർമാണ സംരംഭവുമാണ്‌. അതിലും സന്തോഷമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top