05 December Tuesday

തിരിച്ചടികളാണ്‌ തിരിച്ചറിവ്‌

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Oct 1, 2023

മലയാള സിനിമയുടെ റൊമാന്റിക്‌ ചോക്കലേറ്റ്‌ പയ്യനായിരുന്ന കുഞ്ചാക്കോ ബോബൻ ഇന്ന്‌ വ്യത്യസ്‌ത വേഷങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ്‌. സിനിമയിൽനിന്ന്‌  ഇടവേളയെടുത്തശേഷം തിരിച്ചെത്തി സ്ഥിരം ശൈലിയിൽനിന്ന്‌ വഴിമാറി നടക്കാൻ തുടങ്ങി. പുതുവഴി തേടിയുള്ള യാത്ര കുഞ്ചാക്കോ ബോബനിലെ നടനെ പൂർണമായും ഉപയോഗപ്പെടുത്തി. വിവിധ കഥാപാത്രങ്ങൾ, വ്യത്യസ്‌ത സ്വഭാവത്തിലുള്ള സിനിമകൾ. നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ തേടിയെത്തി.  നിർമാണ പങ്കാളിയായ ‘ന്നാ താൻ കേസ്‌ കൊട്‌’ അറിയിപ്പ്‌’ എന്നിവ അവാർഡിനാൽ കൂടി അംഗീകരിക്കപ്പെട്ടു. മലയാളിയുടെ പ്രണയ നായകനിൽനിന്ന്‌ ടോട്ടൽ ആക്ടറിലേക്കുള്ള യാത്ര യഥാർഥത്തിൽ കുഞ്ചാക്കോ ബോബൻ സ്വയം പുതുക്കിപ്പണിത്‌ നേടിയെടുത്താണ്‌. പത്മിനിക്കായി ഗായകൻ, ഇതര ഭാഷാ സിനിമകൾ, പിന്നിട്ട നാളുകൾ, തന്റെ സിനിമാ വഴികളെക്കുറിച്ച്‌  കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നു:

പൂർണമായും ആക്‌ഷൻ പടമല്ല

ചാവേർ അങ്ങനെ പൂർണമായിട്ടും ആക്‌ഷൻ പടമെന്ന്‌ പറയാൻപറ്റില്ല. ആക്‌ഷൻ മാത്രമല്ല, കൈകാര്യം ചെയ്യുന്നത്.  ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്നുവേണമെങ്കിൽ ഒറ്റവാക്കിൽ  പറയാം. അതിനപ്പുറം കുറച്ചുകൂടി  സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങൾ പറഞ്ഞുപോകുന്നുണ്ട്‌. മനുഷ്യബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ഇതിൽ കാണിക്കുന്നുണ്ട്. ഒരിക്കലും വയലൻസ് ആഘോഷിക്കുന്ന സിനിമയുമല്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ആക്‌ഷനേക്കാളും  വൈകാരികമായി കണക്ട് ആകുന്ന  ത്രില്ലർ സിനിമയെന്ന് ചാവേറിനെ വിശേഷിപ്പിക്കാം.

തയ്യാറെടുപ്പുകൾ

ചാവേറിൽ  അശോകൻ എന്ന കഥാപാത്രമാണ് ചെയ്യുന്നത്‌. ആക്‌ഷൻ പടമെന്നനിലയിൽ അതിനുവേണ്ടി ജിമ്മിൽ പോയി  ബോഡി ഷേപ്പ് ചെയ്യുന്നു. മസിൽ പമ്പ്‌ ചെയ്യുന്നു എന്നൊക്കെയാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌. പക്ഷേ, ടിനു പാപ്പച്ചന്റെ അശോകൻ അങ്ങനെ അല്ലായിരുന്നു. കഥാപാത്രത്തിനായി വണ്ണം വയ്‌ക്കണം. 10 കിലോ കൂട്ടണം. കുടവയർ വേണമെന്നുള്ള രീതിയിലാണ് പറഞ്ഞത്. അത്‌ അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തി. മേക്കപ്പിലും രൂപത്തിലുമൊക്കെ  മാറ്റംവരുത്തി.

സംവിധായകൻ പുതിയതോ പഴയതോ എന്നതല്ല

പുതിയ സംവിധായകർക്കൊപ്പമാണ്‌ സിനിമ ചെയ്യുന്നതെന്ന്‌ പൂർണമായിട്ടും പറയാൻ സാധിക്കുന്നില്ല. കുറച്ചധികം അനുഭവ പരിചയമുള്ള കുറച്ചു സിനിമ മാത്രം ചെയ്തിട്ടുള്ള ആൾക്കാർക്കൊപ്പമാണെന്ന്‌ വേണമെങ്കിൽ പറയാം. വർഷങ്ങൾ കൊണ്ട് കുറച്ച് സിനിമ  മാത്രംചെയ്‌ത സംവിധായകരുടെ കൂടെ ഇപ്പോൾ അധികവും സിനിമ ചെയ്യുന്നുണ്ട്. എന്നാൽ, താരതമ്യേന പുതിയ സംവിധായകരുമായും സിനിമ ചെയ്യുന്നുണ്ട്‌. പട ചെയ്ത കമൽ അങ്ങനെയാണ്‌. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ്‌. മലയാളത്തിലെ ആദ്യ മുഴുനീള ഫീച്ചർ ഫിലിമുമാണ്‌. മാർട്ടിൻ പ്രക്കാട്ട്‌ കുറെ വർഷംമുമ്പ്‌ സിനിമ ചെയ്‌തതാണ്‌. സിനിമകളുടെ എണ്ണം കുറവാണ്‌ എന്നേയുള്ളൂ. പുതിയ ആൾ അല്ലെങ്കിൽ പഴയ സംവിധായകൻ എന്ന വ്യത്യാസങ്ങളൊന്നുമില്ല. ആസ്വദിക്കാൻ കഴിയുന്ന തിരക്കഥയാണോ അവർ കൊണ്ടുവരുന്നത്‌ അല്ലെങ്കിൽ ഇതുവരെ ഒപ്പം സിനിമ ചെയ്യാത്ത എന്നാൽ ഇനി  ജോലി ചെയ്യാൻ ആഗ്രഹമുള്ള സംവിധായകരാണോ എന്നതാണ്‌ മാനദണ്ഡം. പഴയതാണെങ്കിലും പുതിയതാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാൻ മാത്രമാണ് ശ്രമിക്കാറുള്ളത്‌.

അവാർഡ്‌ ആവേശം

സംസ്ഥാന അവാർഡ് പോലെയുള്ള അംഗീകാരങ്ങൾ ഉത്തരവാദിത്വം എന്നതിനേക്കാൾ കൂടുതൽ  നല്ല സിനിമ  ചെയ്യണം അല്ലെങ്കിൽ എന്റർടെയ്‌നറായിട്ടുള്ള സിനിമകൾ ചെയ്യണമെന്നുള്ള പാഷൻ കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. അതിനോടൊപ്പം സ്വാഭാവികമായും ഉത്തരവാദിത്വമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.  ഇപ്പോൾ ചെയ്യുന്നതിനേക്കാളും നല്ല സിനിമ  പ്രേക്ഷകർക്ക്‌ മുന്നിൽ കൊണ്ടുവരികയെന്നത്‌ തീർച്ചയായും ഉണ്ടാകും.

നിർമാതാവിന്റെ റോൾ

കഴിഞ്ഞവർഷം ന്നാ താൻ കേസ് കൊട്‌, അറിയിപ്പ്‌ എന്നിവ ഉദയാ പിക്‌ച്ചേഴ്‌സും കുഞ്ചാക്കോ ബോബൻ ഫിലിംസും നിർമാണ പങ്കാളിയായ സിനിമകളാണ്‌. രണ്ട്‌ സിനിമയും ഏതൊക്കെ രീതിയിൽ ആണോ ശ്രദ്ധിക്കപ്പെടേണ്ടയിരുന്നത്, ആ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു എന്നത് സന്തോഷവും അഭിമാനം നൽകുന്ന കാര്യങ്ങളാണ്.  തീർച്ചയായും ഉദയ പിക്‌ച്ചേഴ്‌സ്‌ തുടർന്നും സിനിമകൾ നിർമിക്കും.  ഇപ്പോൾ മാർട്ടിൻ പ്രക്കാട്ട് സംവിധാനത്തിൽ രതീഷ് പൊതുവാളിന്റെ തിരക്കഥയിലുള്ള  സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു. ഒന്നുരണ്ട്‌ വേറെ സിനിമ ചർച്ചയിലുണ്ട്‌. എന്തായാലും ഞാൻ ആഗ്രഹിക്കുന്നതോ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ളതോ ആയ സിനിമകൾ ആയിരിക്കും.

നല്ല ഗാനങ്ങൾ ലഭിച്ചു

സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്‌ പല നല്ല ഗാനങ്ങൾ ലഭിച്ചിട്ടുണ്ട്‌ എന്നതാണ്‌. അതിമനോഹരമായ ഗാനങ്ങൾക്ക്‌ അനുസരിച്ച്‌ ചുണ്ട്‌ അനക്കാൻ സാധിച്ചു. അതും ഏറ്റവും മികച്ച ഗായകരുടെ ശബ്ദത്തിന്‌. ഞാനൊരു ഗംഭീര ഗായകനാണെന്നുള്ള തെറ്റിദ്ധാരണ പലർക്കുമുണ്ട്‌. അതുകൊണ്ടുതന്നെ പല സാഹചര്യങ്ങളിലും സിനിമകൾക്കുവേണ്ടി പാടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടും അതെല്ലാം സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. എന്റെ കഴിവ്‌ എന്താണെന്ന്‌ എനിക്ക്‌ വ്യക്തമായി അറിയാം. ഉള്ള സ്‌നേഹം ഇല്ലാതാക്കാനേ അത്‌ ഉപകരിക്കൂ.

പറ്റുന്ന പാട്ടുകൾ പാടും

പത്മിനിയിലേക്ക്‌ വരുമ്പോൾ അത്‌ എല്ലാ ആളുകൾക്കും പാടാൻ സാധിക്കുന്ന ഗാനമായി  തോന്നി. സിനിമയുടെ പ്രൊമോഷൻ തന്ത്രമായിട്ടും യുഎസ്‌പിയായിട്ടും  കണ്ടതുകൊണ്ടാണ്‌ പത്മിനിയിലെ പാട്ട്‌ പാടാമെന്ന്‌ ആലോചിച്ച്‌  ആ ആഗ്രഹം ജെയ്‌ക്‌സിനെ അറിയിച്ചത്‌. അങ്ങനെ വലിയ സംഭവങ്ങളൊന്നുമില്ലാത്ത പാട്ടാണത്‌. എനിക്ക്‌ പാടാൻ സാധിക്കുമെങ്കിൽ ആർക്കും പാടാം. ആ രീതിയിൽ പാട്ട്‌ ആളുകൾ സ്വീകരിക്കുകയും  ആഹാ നല്ല ഗായകനാണല്ലോ എന്നുള്ള ഒരു ചെറിയ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്‌തിട്ടുള്ളത്‌. പക്ഷേ, ഇനിയും ഇതേ രീതിയിൽ വ്യത്യസ്‌തമായ അവസ്ഥകളിൽ എനിക്ക്‌ പാടാൻ പറ്റുന്ന പാട്ടുകൾ വരുകയാണെങ്കിൽ നോക്കിക്കൂടായ്‌കയില്ല. അങ്ങനെ ഞാൻ വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല.

കാലത്തിന്‌ അനുസരിച്ചുള്ള പ്രണയ സിനിമകൾ

അനിയത്തി പ്രാവ്‌, നിറം പോലുള്ള സിനിമകൾ ആ കാലഘട്ടത്തിൽ അനുസരിച്ചുള്ള അല്ലെങ്കിൽ ആ പ്രായത്തിനനുസരിച്ചുള്ള സിനിമകളായിരുന്നു. ഇപ്പോൾ എത്രയോ വർഷം കഴിഞ്ഞു. 26 വർഷത്തിനുശേഷം ഞാൻ നാൽപ്പതുകളിൽ നിൽക്കുമ്പോൾ അങ്ങനെയൊരു  ക്യാമ്പസ്‌ സിനിമ എനിക്ക്‌ ചിന്തിക്കാൻപോലും പറ്റില്ല. പക്ഷേ, റൊമാൻസ് എന്നുപറയുന്നത് ഏതു പ്രായത്തിലും സംഭവിക്കുന്ന കാര്യമാണ്. അത്‌ പ്രായത്തിനനുസരിച്ച് റൊമാൻസാണെങ്കിൽ ആ രീതിയിലുള്ള സിനിമകളും കഥാപാത്രങ്ങളും വരികയാണെങ്കിൽ തീർച്ചയായും ചെയ്യും. അപ്പോൾ രാമന്റെ ഏദൻതോട്ടം, ഭീമന്റെ വഴി, പത്മിനി എല്ലാം ആ രീതിയിലുള്ള പ്രണയം കൈകാര്യം ചെയ്‌ത സിനിമകളാണ്‌.  ഇപ്പോഴും അനിയത്തി പ്രാവും നിറവുമൊക്കെ ആൾക്കാർ ചർച്ചചെയ്യുന്നത് അന്നത്തെ യുവതലമുറയിൽ ആ സിനിമകൾ അത്രത്തോളം സ്വീകാര്യമായതുകൊണ്ടാണ്‌.

വലിയ പാഠങ്ങൾ

അനിയത്തിപ്രാവിൽ അഭിനയിക്കുമ്പോൾ ആ ഒറ്റ സിനിമകൊണ്ട് അഭിനയം നിർത്തണമെന്ന തീരുമാനം എടുത്തുവന്ന ആളായിരുന്നു. എന്നാൽ, 26 കൊല്ലം പിന്നിട്ടു. ഒരു സിനിമ എന്നത് 100 സിനിമയും കഴിഞ്ഞു മുന്നോട്ടുപോകുന്നു. എന്റെ ആദ്യത്തെ സിനിമയും നൂറാമത്തെ സിനിമയും ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റുകളായി മാറുന്നു. ഒരുപാട് നല്ല അനുഭവം സമ്മാനിച്ചിട്ടുള്ള മേഖലയാണ് സിനിമ. അതുപോലെ തന്നെ തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ആ തിരിച്ചടികളിൽനിന്ന്‌ തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഇടക്കാലത്ത് സിനിമയിൽനിന്ന് മാറിനിൽക്കുകയും തിരിച്ചുവരികയും ചെയ്തത്. മുന്നോട്ടുള്ള യാത്രകളിൽ ഇതെല്ലാം വലിയ പാഠങ്ങളാണ്. വലിയ ഊർജമാണ് തരുന്നത്.

അഞ്ചാം പാതിരയുടെ രണ്ടാംഭാഗം

അഞ്ചാം പാതിര ഒരു നടൻ എന്നുള്ള രീതിയിലും ഒരു താരമെന്ന രീതിയിലും ഏറ്റവും വലിയ വിജയം സമ്മാനിച്ച  സിനിമയാണ്. അതിലെ അൻവർ ഹുസൈൻ എന്ന കഥാപാത്രം വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, അഞ്ചാം പാതിര ഇത്രയും വലിയൊരു വിജയം ആയതുകൊണ്ടുതന്നെ ഒരു രണ്ടാം ഭാഗം എടുക്കുമ്പോൾ മിനിമം അത്രത്തോളം എങ്കിലും ആളുകൾക്ക്‌ ആസ്വദിക്കാൻ പറ്റുന്ന സിനിമയാകണമെന്ന നിർബന്ധം നിർമാതാവിനും സംവിധായകനും എനിക്കുമടക്കമുള്ള ആ ടീമിനുണ്ട്‌. അതിനാൽ കൃത്യമായി സമയത്ത് അത്‌ സംഭവിക്കും.

മറ്റു ഭാഷകളിൽ

ഒടിടി വന്നശേഷം ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാകുകയാണ്. പ്രത്യേകിച്ച് മലയാള സിനിമയിൽ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും നിലവാരമുള്ള, വളരെ ശക്തമായിട്ടുള്ള വ്യത്യസ്‌തമായിട്ടുള്ള വിഷയങ്ങൾ സിനിമയാകുന്നു. അതിന് പാൻ ഇന്ത്യൻ എന്നുമാത്രമല്ല, ആഗോള സ്വീകാര്യത ലഭിക്കുന്ന  അവസ്ഥയാണ് ഇപ്പോഴുള്ളത്‌. അത്‌ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. എന്റെ കാര്യത്തിലാണെങ്കിൽ മലയാളമെന്നത്‌ ആ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. മലയാളത്തിൽ അത്ര ആവേശം നൽകുന്ന കഥകളും കഥാപാത്രങ്ങളും ലഭിക്കുന്നു എന്നതുകൊണ്ടാണ് ഇതര ഭാഷാ സിനിമകളോട് അധികം ശ്രദ്ധ കൊടുക്കാൻ സാധിക്കാത്തത്. ഇപ്പോൾ അങ്ങനെയൊരു ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്തതുകൊണ്ടുതന്നെ പലരും മലയാള സിനിമയിലെ നടീനടന്മാരെ അന്വേഷിച്ചു വരുന്നുണ്ട്.  എനിക്ക് വഴങ്ങുന്ന ഭാഷയും  പറ്റുന്ന രീതിയലുള്ള കഥാപാത്രങ്ങളും ഇതുവരെ ചെയ്യാത്ത രീതിയിൽ എന്നെ ആവേശം കൊള്ളിക്കുന്ന  കഥയും വരികയാണെങ്കിൽ എന്തായാലും ചെയ്യും. ഇപ്പോൾ നമുക്ക് ധൈര്യപൂർവം ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്‌. അതുകൊണ്ട്‌  ഇതര ഭാഷയിൽ സിനിമ ചെയ്യാനുള്ള ശരിയായ സാഹചര്യത്തിനായി കാത്തിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top