29 March Friday

കാഴ്ചയുടെ നിറയൗവനം

എസ്‌ ശാരദക്കുട്ടിUpdated: Friday Dec 24, 2021

ഒരു കാലഘട്ടത്തിന്റെ ജീവിതബോധത്തെ ആഴത്തിൽ സ്വാധീനിച്ച ചലച്ചിത്രകാരനായിരുന്നു കെ എസ് സേ തുമാധവൻ. അത്രയ്ക്ക് ശക്തമായ സംവേദനമാണ് ആ സിനിമകൾ സാധിച്ചത്. ആ പേര് എന്നും വേറിട്ടുനിന്നു. പൗരു ഷത്തിന്റെ സോപ്പുകുമിളകളെ പൊട്ടിച്ചു കളയാൻ, കരുത്തയായ പെണ്ണിന്റെ ഒരു നോട്ടം മതിയെന്ന് തെളിയിച്ച സംവിധായകൻ.

കുടുംബനാഥന്റെ ദുരധികാരത്തിന്റെയും ഈഗോയുടെയും ഇരകളാകാൻ വിധിക്കപ്പെട്ട മക്കളുടെ ജീവിതമാണ് കടൽപ്പാലമെന്ന സിനിമയിലെ പ്രമേയം. സ ത്യൻ അവതരിപ്പിച്ച അന്ധനായ അച്ഛൻ.  കണ്ണിനു കാഴ്ച കിട്ടിയിട്ടും കണ്ണടച്ച് ഇയാളിങ്ങനെ അന്ധത അഭിനയിക്കുന്നതെന്തിനെന്ന് തോന്നിയിട്ടുണ്ട്. മക്കളെ ശ്വസിക്കാനനുവദിക്കാതെ മുൾമുനയിൽ നിർത്തി പരീക്ഷിക്കുന്ന അധികാരമൂർത്തിയാണയാൾ. അതാണ് അയാളുടെ  പ്രതാപത്തിന്റെ അടയാളം.
 
സത്യന്റെ കയ്മളദ്ദേഹത്തെ കണ്ട്, അങ്ങനെ വേണം അച്ഛന്മാരെന്ന് അന്നത്തെ ഗൃഹസ്ഥന്മാർ ഞെളിഞ്ഞ് അഭിമാനിച്ചിരുന്നു. ഇടയ്ക്കിടെ അമർത്തി മൂളുകയും സമ്മർദങ്ങളിൽപ്പെടുമ്പോൾ കൈ യിലിരിക്കുന്ന ഊന്നുവടിയുടെ വളഞ്ഞ പിടിയിൽ മുഴുവൻ ബലവും കൊടുത്ത് കാണികളിൽ സമ്മർദമിരട്ടിപ്പിക്കുകയും ചെയ്യുന്ന കാരണവർ. അയാളുടെ ആഴമേറിയ മൗനങ്ങൾ വീടിനെ അഗ്നിപർവതമാക്കുന്നു.സത്യന്റെ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രം. ജാതീയതയുടെയും തറവാടിത്തത്തിന്റെയും മുഷ്ക് ഉടുപ്പിലും നടപ്പിലും വാക്കിലും നോട്ടത്തിലും. ഇന്നു കാണുമ്പോഴും ആണധികാരത്തിന്റെ കഠിന മാതൃകയായി ആ രൂപം പുതുമ തെല്ലും നഷ്ടപ്പെടാതെ കടന്നുവരുന്നു. ഒടുവിൽ ചീട്ടുകോട്ടപോലെ ആ ഹുങ്ക് തകരുന്നു. മക്കൾ നാലുവഴിക്ക് ചിതറുന്നു. അയാൾക്കുനേരെ നാനാഭാഗത്തു നിന്നും വിരലുകൾ നീളുന്നു. ചോദ്യങ്ങൾ ഉയരുന്നു.
 അധികാരത്തിന്റെ ദുരുപയോഗത്തെ അതിന്റെ മുഴുവൻ  രാഷ്ട്രീയ ധ്വനികളോടെയും സേതുമാധവൻ തന്റെ ചലച്ചിത്രങ്ങളിൽ ആവിഷ്കരിച്ചു. വാഴ്വേമായത്തിലെ സംശയരോഗം ബാധിച്ച സുധീന്ദ്രൻ മറ്റൊരുദാഹരണം. ഓടയിൽനിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, ഒരു പെണ്ണിന്റെ കഥ, യക്ഷി തുടങ്ങിയ എത്രയോ ചിത്രങ്ങൾ വേറെയുമുണ്ട്‌.

അന്നത്തെ നായക സങ്കൽപ്പവുമായി തീരെ ഇണങ്ങാത്ത, സത്യന്റെ  ഇരുണ്ടതും കുറുകിയതുമായ ശരീരത്തെയും അനുനാസിക ഛായയുള്ള ശബ്ദത്തെയുമാണ്  അപകർഷത ബാധിച്ച ആൺഹുങ്കുകളെ ആവിഷ്കരിക്കാൻ ഏറ്റവും ഉചിതമാധ്യമമായി സേതുമാധവൻ തെരഞ്ഞെടുത്തത്. എതിർ നിർത്തിയതോ ആത്മവിശ്വാസവും തലയെടുപ്പും നെഞ്ചെടുപ്പും കൊണ്ട് മലയാള സിനിമയെ ചുമലിലേറ്റിയ ഷീലയേയും. എക്കാലത്തെയും മികച്ച സംവിധാന മാതൃകയാവുകയായിരുന്നു സേതുമാധവൻ. പ്രസക്തമായ കഥകൾ.  മികച്ച സിനിമാവിഷ്കാരങ്ങൾ. ഒന്നാന്തരം ഗാനങ്ങൾ. എന്റെ ഏറ്റവും മികച്ച ഗാനങ്ങൾ തെരഞ്ഞെടുത്താൽ അവയിലേറെയും സേതുമാധവന്റെ സിനിമയിലേതാകും. ഉജ്ജയിനിയിലെ ഗായിക, പ്രവാചകന്മാരേ പറയൂ, മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും, ജൂലി ഓ മൈ ഡാർലിങ്, ചെത്തി മന്ദാരം തുളസി, താഴമ്പുമണമുള്ള തണുപ്പുള്ള രാത്രിയിൽ, സുപ്രഭാതം സുപ്രഭാതം, നീലഗിരിയുടെ സഖികളേ,  കണ്ണുനീർത്തുള്ളിയെ, അണിയം മണിയം പൊയ്കയിൽ,  തൃപ്രയാറപ്പാ ശ്രീ രാമാ,  കല്യാണി കളവാണി.. ഇങ്ങനെ ഓർമയിൽ ഇനിയുമുണ്ട് സേതുമാധവൻ ചിത്രങ്ങളിലെ ഹൃദയഹാരികളായ ഗാനങ്ങൾ.

മലയാളത്തിന്‌ പുതിയ ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി ശരാശരി പ്രേക്ഷകരെപ്പോലും പൊതുബോധത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ച സർഗ മനസ്സിനുടമായായിരുന്നു സേതുമാധവൻ.  ആ കലാഹൃദയവും വ്യതിരിക്തമായ വീക്ഷ ണവും ചലച്ചിത്ര ജീവിതത്തിലുടനീളം  നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top