18 December Thursday

കെ ജി ജോര്‍ജ്: വരയും വായനയും

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ചിത്രം വരയ്ക്കുന്നതിനാൽ സ്കൂളിൽ കെ ജി ജോർജിന്‌ വലിയ അംഗീകാരമായിരുന്നു.  ക്ലാസിലിരിക്കെ എണ്ണച്ചായത്തിൽ ഗാന്ധിജി, എംജിആർ, പ്രേംനസീർ എന്നിവരുടെയൊക്കെ ചിത്രം വരയ്‌ക്കും. വീട്ടിലിരുന്ന് വരച്ച്‌ കൂട്ടുകാർക്ക്‌ കൊടുക്കും. അവരത് അധ്യാപകരെയുൾപ്പെടെ കാണിക്കും. ചിത്രകാരനെന്ന നിലയിൽ വിദ്യാർഥിനികൾക്കെല്ലാം ജോർജിനോട് ഒരുതരം ആരാധനയായിരുന്നു.

നാട്ടിലെ ബാർബർ ഷോപ്പിൽ വരുത്തിയിരുന്ന കേരള ഭൂഷണത്തിലെയും  മലയാളമനോരമ ആഴ്ചപ്പതിപ്പിലെയും  കാർട്ടൂണുകളും അക്കാലത്ത്‌ ശ്രദ്ധിക്കുമായിരുന്നു. ചിത്രം വര പിൽക്കാലത്ത് എന്തുകൊണ്ട് ഗൗരവമായി തുടർന്നില്ലെന്ന് ജോർജിനോട്‌ പലരുംതിരക്കിയിട്ടുണ്ട്. വര കമേഴ്സ്യൽ ആക്ടിവിറ്റി മാത്രമായിരുന്നു അദ്ദേഹത്തിന്‌. ചിത്രംവര  ഗൗരവമായി കാണണമെന്ന ചിന്ത വരുംമുമ്പ് സിനിമാ ലോകത്തായി. പക്ഷേ,  ജോർജിന്റെ സൗന്ദര്യബോധവും കാഴ്ചയും  രൂപപ്പെടുത്തുന്നതിൽ ചിത്രകലയ്‌ക്ക് വലിയ പങ്കുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോഴും സുഹൃത്തുക്കളുടെ സിനിമയ്‌ക്ക് ടൈറ്റിലുകൾ എഴുതിയിരുന്നത് അദ്ദേഹമാണ്.  ഒരുപാട് ഹിന്ദി ചിത്രങ്ങൾക്ക് ടൈറ്റിൽ എഴുതി.  ആദ്യ ചിത്രമായ സ്വപ്നാടനത്തിന്റെ ടൈറ്റിലും ജോർജിന്റേതുതന്നെ.

ചിത്രം വരയ്ക്കൊപ്പം വായനയിലും സജീവമായിരുന്നു. അയൽപക്കത്തെ വീടുകളിൽ വരുത്തിയിരുന്ന പുസ്തകങ്ങളും വാരികകളുമായിരുന്നു പ്രധാനമായി ആദ്യകാലത്ത്‌  വായിച്ചത്. ചെറുകഥകളും ഡിറ്റക്ടീവുമൊക്കെ പലയിടത്തുനിന്നും സംഘടിപ്പിച്ചു വായിച്ചു. വായന പുതിയൊരു വഴിയിലേക്ക് തിരിയുന്നത് പിന്നീടാണ്. അതിൽ പീസ് കോപ്സ് എന്ന അമേരിക്കൻ സംഘടനയുടെ പ്രവർത്തകർക്ക് വലിയ പങ്കുണ്ട്. ടൈം, സാറ്റർഡേ ഈവനിങ് പോസ്റ്റ്, ന്യൂസ് വീക്ക് തുടങ്ങിയ ലോകോത്തര വിദേശ വാർത്താ മാസികകളുമായുള്ള ജോർജിന്റെ ചങ്ങാത്തം തുടങ്ങുന്നത് അപ്പോഴാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top