29 October Friday

താരങ്ങളല്ല, പ്രധാനം ഉള്ളടക്കം; "കാണെക്കാണെ' സംവിധായകൻ മനു അശോകൻ സംസാരിക്കുന്നു

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Sep 19, 2021

ഉയരെ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മനു അശോകിന്റെ പുതിയ ചിത്രം കാണെക്കാണെ ഒടിടിയിൽ റിലീസായി

മലയാള സിനിമയുടെ നിലനിന്നിരുന്ന കാഴ്‌ചപ്പാടുകളെ മാറ്റിയെഴുതുന്നതിൽ പ്രധാന പങ്കുവഹിച്ചു  ഉയരെ. സിനിമയുടെ രാഷ്ട്രീയ ഉത്തരവാദിത്വം ഓർമപ്പെടുത്തിയ മനു അശോകൻ നവസംവിധായകരുടെ നിരയിൽ പ്രധാന പേരുകാരനായി. രണ്ടു വർഷത്തിനുശേഷം മനുവിന്റെ കാണെക്കാണെ സോണി ലിവിൽ റിലീസ്‌ ചെയ്‌തു. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‌മി, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ തിരക്കഥ ബോബി–-സഞ്ജയ് ടീമിന്റേതാണ്‌.  മനു അശോക്‌ സംസാരിക്കുന്നു: 

കോവിഡുകാല സിനിമയല്ല

മറ്റൊരു സിനിമ ചെയ്യാനായിരുന്നു ആലോചന. അപ്പോഴാണ്‌ മഹാമാരി. വലിയ ക്യാൻവാസിലുള്ള സിനിമ സാധ്യമാകില്ലെന്ന സാഹചര്യത്തിലാണ്‌ കാണെക്കാണെയിൽ എത്തുന്നത്‌. ത്‌ കോവിഡുകാല സിനിമയാക്കരുതെന്ന്‌ ആദ്യമേ തീരുമാനിച്ചു. ഇൻഡോർ  സിനിമയാകാൻ പാടില്ലെന്ന്‌ ഉറപ്പിച്ചിരുന്നു.   

വ്യക്തിബന്ധങ്ങളാണ്‌ സിനിമ

ഉയരെ പോലെ വലിയ ക്യാൻവാസിൽനിന്ന്‌ വ്യത്യസ്‌തമായി വ്യക്തിബന്ധങ്ങൾ പ്രാധാന്യം നൽകി. എന്നാൽ, വീടിനകം മാത്രമായി പോകാതെ രണ്ടിനും ഇടയിലുള്ള ഇടം ഉപയോഗിച്ചു. നാല്‌ കഥാപാത്രങ്ങളുടെ മനസ്സിന്റെ യാത്രയും അവരുടെ തീവ്രമായ ബന്ധവുമാണ്‌ ഉള്ളടക്കം. കോവിഡിനിടയിലുള്ള ചിത്രീകരണം കൂടുതൽ പഠിക്കാൻ അവസരമൊരുക്കി.

സുരാജ്‌ എന്ന അത്ഭുതം

പേരറിയാത്തവനിൽനിന്ന്‌ ആക്‌ഷൻ ഹീറോ ബിജുവിലൂടെ സുരാജ്‌ വെഞ്ഞാറമൂടിനുണ്ടായത്‌ അത്ഭുതവളർച്ചയാണ്‌. നൽകുന്ന നിർദേശങ്ങൾ കൃത്യമായി ഉള്ളിൽവയ്‌ക്കും. എങ്ങനെ വേണമെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുന്ന വഴക്കവുമുണ്ട്‌. കോമഡി ചെയ്‌തിരുന്ന ആളിൽനിന്ന്‌ അവിശ്വസനീയമായ മാറ്റം. പക്വതയുള്ള നടനായി മാറി. ബാബുരാജ്‌, ഷാജോൺ, ജാഫർ ഇടുക്കി എന്നിവരൊക്കെ ഇപ്പോൾ ക്യാരക്ടർ റോളുകളിലെത്തി. ഇവരിലൊക്കെ നമ്മൾ കാണാത്ത ഒരു ആർട്ടിസ്റ്റിനെയാണ്‌ ഇപ്പോൾ നമ്മെ ഞെട്ടിച്ചുകൊണ്ട്‌ അവർ വെളിപ്പെടുത്തുന്നത്‌.

ഗിമ്മിക്കുകളിൽ കാര്യമില്ല

ശൈലീകേന്ദ്രീകൃത സിനിമയുടെയും താരങ്ങളെ മുൻനിർത്തിയുള്ള ടെംപ്ലേറ്റ് സിനിമയുടെയും  കാലം അവസാനിച്ചു.  ശീലിച്ച ശൈലി എങ്ങനെ ഒഴിവാക്കാമെന്നാണ്‌ ആദ്യം ചിന്തിച്ചത്‌. താരമുണ്ടോ എന്ന്‌ മാത്രം നോക്കി ഇനി സിനിമ സാധ്യമാക്കില്ല. ഉള്ളടക്കമാണ്‌ പ്രധാനം. ഒരു ഗിമ്മിക്കിനും പ്രേക്ഷകർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.  ഒടിടി വന്നതോടെ ഉള്ളടക്കത്തിന്‌  പ്രാധാന്യമേറി.പണ്ട്‌ പ്രേക്ഷകനെ കൂടി കണ്ട്‌ അവർക്കായുള്ള ചേരുവകൾ ചേർക്കണമായിരുന്നു. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്‌തമായി ഒടിടിയിൽ വലിയ സ്വാതന്ത്ര്യമുണ്ട്‌. തിയറ്ററിനായും ഒടിടിക്കായും സിനിമകൾ ഉണ്ടാകണം.

താൽപ്പര്യം ത്രില്ലർ

മനു അശോകൻ ചെയ്യുന്ന സിനിമ ഇതായിരിക്കുമെന്നൊരു ലേബൽ വരാതിരിക്കുകയെന്നത് പ്രധാനമാണ്‌. സ്റ്റീരിയോ ടൈപ് ആകാതിരിക്കണം. കഥ ഇഷ്ടപ്പെടുകയാണ്‌ ആദ്യം വേണ്ടത്‌.  എന്നെ സംബന്ധിച്ച്‌ ഇപ്പോൾ കോമഡിയോ പ്രണയമോ മാത്രമുള്ള സിനിമ ചെയ്യാൻ ധൈര്യമില്ല. കാണാനും ചെയ്യാനും ഏറ്റവും ഇഷ്ടം ചടുലമായ ത്രില്ലറാണ്‌.

രാഷ്ട്രീയ ശരികേട്‌ ആഘോഷിക്കരുത്‌

എല്ലാ സിനിമയും കഥാപാത്രവും രാഷ്‌ട്രീയമായി ശരിയാകാണമെന്നില്ല. എല്ലാ സിനിമയും രാഷ്‌ട്രീയം പറയണമെന്നുമില്ല. എന്റെ അടുത്ത സിനിമയിലെ കഥാപാത്രം രാഷ്‌ട്രീയമായി ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ, രാഷ്‌ട്രീയ ശരികേടിനെ ഞാൻ വാഴ്‌ത്തില്ല.  ശരികേടുകളെ ആഘോഷിക്കുന്നത്‌ മോശം പ്രവണതയാണ്‌. അതേസമയം, ചർച്ചയുണ്ടാകാനായി വേണ്ടി മനഃപൂർവം സിനിമയിൽ ആവശ്യമില്ലാതെ രാഷ്‌ട്രീയ അടര്‌  കുത്തിക്കേറ്റുന്നത്‌ ശരിയല്ല. വിൽപ്പനയ്‌ക്കായുള്ള ആ രീതി എതിർക്കപ്പെടേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top