19 April Friday

കഥകളുടെ അഗ്നിപർവതം; ജോൺപോളിനു മാത്രം വഴങ്ങുന്ന വ്യാകരണം

ജിതിൻ കെ സിUpdated: Sunday May 1, 2022

ജീവിതത്തിന്റെ ഉയർച്ച താഴ്‌ചകളെയും അതിലെ സംഘർഷങ്ങളെയും ലളിതവും മൂർത്തവുമായി അവതരിപ്പിച്ച തിരക്കഥാ കൃത്തായിരുന്നു ജോൺ പോൾ

സിനിമാക്കഥയുടെയും തിരയെഴുത്തിന്റെയും വലിയൊരഗ്നിപർവതം ഉള്ളിൽ സൂക്ഷിച്ചിരുന്നു ജോൺപോൾ. അദ്ദേഹം ടെലിവിഷൻ പരിപാടികളിൽ വന്ന് ഓർമകൾ എണ്ണിപ്പറയുന്നതെല്ലാം സിനിമയുടെ എഴുത്തുഭാഷയിലാണ്. ജോൺപോളിനു മാത്രം വഴങ്ങുന്ന വ്യാകരണമാണത്. നിത്യജീവിതത്തിലെ നാം സാധാരണമെന്ന് കരുതുന്ന സന്ദർഭങ്ങളിലെ നാടകീയതയെ തെരഞ്ഞെടുക്കാൻ  ശേഷിയുള്ള ഒരാളായിരുന്നു ജോൺപോൾ.  ഈ ശേഷി തന്നെയാണ് അരനൂറ്റാണ്ടുകാലം കാഴ്‌ചയുടെ ലോകത്ത് അദ്ദേഹത്തെ ആചാര്യനായി നിലനിർത്തിയതും.

മലയാള സിനിമയുടെ ഏറ്റവും സ്‌ഫോടനാത്മകമായ കാലത്താണ് ജോൺ പോൾ തിരക്കഥയെഴുതി തുടങ്ങുന്നത്. 1980കളിൽ. മുഖ്യധാരാ സിനിമ  വലിയ മാറ്റങ്ങൾക്ക്‌ സാക്ഷിയായ കാലം. മമ്മൂട്ടിയും മോഹൻലാലുമടക്കം പുത്തൻ താരപ്പിറവികൾ ഉടലെടുത്ത കാലം. എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ഉയരങ്ങളിലേക്കെത്തിച്ച സമാന്തര സിനിമകളുടെ കാലം. ഇങ്ങനെ കുഴഞ്ഞൊരുകാലത്ത് എങ്ങനെയുള്ള സിനിമാക്കഥകളാണ് ഒരാൾ ചിന്തിക്കുകയെന്നതുതന്നെ കൗതുകമാണ്. അതതു സമയത്തിന്റെ കച്ചവട സാധ്യതകൾക്കനുസൃതമായ, സിനിമാക്കാരുടെ ഭാഷയിൽ ‘പൾസിന്' ചേരുന്ന എന്ന ലളിതയുക്തിയിലേക്കാണ് പലരും പോകുക. മറ്റൊരു കാലത്ത് ഒരു കാഴ്‌ചാനുഭൂതിയും പ്രദാനം ചെയ്യാത്ത, കാലത്തിന്റെമാത്രം തടവറയിൽ കുരുങ്ങുന്ന സിനിമകൾ. എന്നാൽ, ജോൺപോൾ അക്കാലത്ത് എഴുതിയ ചലച്ചിത്രങ്ങൾ നോക്കൂ, ചാമരം (1980), ഓർമയ്‌ക്കായ് (1981), പാളങ്ങൾ, യാത്ര (1985), കേളി (1991), ചമയം (1993), ഒരു യാത്രാമൊഴി (1997). രേഖപ്പെടുത്തിയാൽ നീളം കൂടുന്ന ചലച്ചിത്രജീവിതത്തിൽ കുറഞ്ഞതിത്രയെങ്കിലും രണ്ടു പതിറ്റാണ്ടപ്പുറവും ഓർമയിൽ നിലനിർത്താൻ ആ സർഗജീവിതത്തിന് സാധിക്കുന്നു.

 ‘"എടാ ആന്റോ... എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താന്നറിയാവോടാ...? ഒരു വലിയ പുരുഷാരത്തിന്റെ മുന്നില്... എനിക്കേറ്റോം ഇഷ്ടപ്പെട്ട വേഷം ചെയ്‌തോണ്ടിരിക്കുമ്പോ... ആ മേയ്‌ക്കപ്പോടെ കർത്താവങ്ങാട്ട് വിളിക്കണേന്നാ...’’ (ചിത്രം: ചമയം, തിരക്കഥ: ജോൺപോൾ).

സമാഗമങ്ങളുടെയും വിടപറച്ചിലുകളുടെയും കഥാഭൂമിയിൽ ഏറ്റവും ഹൃദയസ്‌പർശിയായ സീനുകളുടെ എഴുത്തുകാരൻ എന്ന നിലയ്‌ക്കുകൂടി ജോൺ പോളിന് പ്രാധാന്യമുണ്ട്. ചമയത്തിൽ നടനില്ലാതാകുന്ന നാടക ട്രൂപ്പിലേക്ക് നടൻ കടന്നുവരുന്നു എന്നൊരൊറ്റ സിനിമാ സന്ദർഭത്തെ വൈകാരികമായി വളർത്തിയത് ജോൺ പോളിന്റെ സർഗശേഷിയാണ്. ഈ ചിത്രത്തിൽത്തന്നെ രാജാവിന്റെ മകളും അടിമയും പ്രണയത്തിലാകുന്ന ഒരു നാടകരംഗമുണ്ട്. അവരെ അകറ്റാൻ ശ്രമിക്കുന്ന രാജാവ് മുന്നോട്ടുവയ്‌ക്കുന്നത് മകളെ മറന്നില്ലെങ്കിൽ മരണം എന്ന സൂത്രപ്പണിയാണ്. അത്യന്തം നാടകീയമാകുന്ന സിനിമയ്‌ക്കകത്തെ നാടകത്തിലെ രംഗത്തെ അതിവിദഗ്ധമായി മറികടക്കുന്ന ജോൺ പോളിന്റെ എഴുത്തുവിദ്യ കാണം. "ഇരുമ്പഴികളുടെ ബന്ധനം കൊണ്ടോ..." എന്ന് തുടങ്ങുന്ന അടിമയുടെ നിശ്ചയദാർഢ്യമുള്ള സംഭാഷണത്തിൽ നാടകവും സിനിമയും ഉണ്ട്. അതാണ് ജോൺ പോളിന്റെ വൈദഗ്ധ്യം.

ഒറ്റയായി പോയി വൃദ്ധദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി വരുന്നതും (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സംവിധാനം: ഭരതൻ), അച്‌ഛനില്ലെന്ന ചീത്തപ്പേരിൽ ജീവിക്കുന്നവന്റെ മുന്നിൽ അച്‌ഛൻ എത്തുന്നതും അവർ തമ്മിലറിയാതെ ജീവിക്കുന്നതും (ഒരു യാത്രാമൊഴി, സംവിധാനം: പ്രതാപ് പോത്തൻ) അടക്കം നാം അമർന്നിരുന്നു പോയേക്കാവുന്ന സിനിമാ സന്ദർഭങ്ങളിലേക്ക് ജോൺ പോൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

അതിനാടകീയമായേക്കാവുന്ന സന്ദർഭങ്ങൾ സിനിമയുടെ മുഖ്യ പ്രമേയമാകുമ്പോൾ അതിനെ ലളിതവും അപ്പോൾ തന്നെ മൂർത്തവുമായി നിലനിർത്തിക്കൊണ്ട് അതിനു ചുറ്റും നിരവധി സന്ദർഭങ്ങളെ ഒരുക്കുന്നതിൽ കേമനായിരുന്നു ജോൺപോൾ. പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിക്ക് ഉണ്ണിക്കൃഷ്‌ണൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഛായ ഉണ്ടാകുകയും അതിനാൽ ആളുമാറി പിടിക്കപ്പെടുകയും തടവിലാകുകയും ചെയ്യുന്ന നാടകീയ സന്ദർഭങ്ങളേക്കാൾ യാത്ര (സംവിധാനം: ബാലു മഹേന്ദ്ര) എന്ന ചിത്രത്തിൽ നാം ഓർക്കുക ഉണ്ണിക്കൃഷ്‌ണന്റെയും തുളസിയുടെയും പ്രണയവും വിരഹവും കാത്തിരിപ്പുമാകുന്നത് ആ എഴുത്തിന്റെ ഉയരമാണ്.

അപൂർവമായ കഥാസന്ദർഭങ്ങളല്ല പരിചിതമായ ജീവിതാഖ്യാനങ്ങളായിരുന്നു ജോൺപോളിന്റെ തിരക്കഥകൾ. ചിലപ്പോൾ നാം വീണേക്കാവുന്ന അല്ലെങ്കിൽ കയറിയേക്കാവുന്ന ജീവിതത്തിന്റെ താഴ്‌ചയും ഉയരവും അതിലെ സംഘർഷങ്ങളും നമുക്കു മുന്നിൽ തിരക്കാഴ്‌ചയാക്കിയ സർഗപ്രതിഭയാണ് ജോൺ പോളിന്റെ വേർപാടിനാൽ തിരയൊഴിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top