19 April Friday

രാജ് ഭവനിലെ നാഥന് കിട്ടിയ അടി, അതൊരു ഒന്നൊന്നര അടിയായിരുന്നു...; ജയ ജയ ജയ ജയഹേ റിവ്യൂ

സനക് മോഹന്‍Updated: Saturday Oct 29, 2022

ഒരു വീടുണ്ട്. കൊല്ലം ജില്ലയിലെ ഒരു സാധാരണ കുടുംബത്തിന്‍റെ വീട്. ആ വീടിന്‍റെ പേരാണ് രാജ് ഭവന്‍. അവിടെ ഒരു നാഥനുണ്ട്. ആ നാഥന്‍റെ ജീവിതത്തിലേക്കാണ് ജയ എന്ന പെണ്‍കുട്ടി വരുന്നത്. ജയ നമ്മുടെ സമൂഹത്തിലെ ഓരോ പെണ്‍കുട്ടിയുടെയും പരിഛേദമാണ്. ഒരര്‍ത്ഥത്തില്‍‌ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജയ കടന്നുപോയ വഴികളിലൂടെ എല്ലാ പെണ്‍കുട്ടികളും കടന്നുപോയിരിക്കും. ജയ നേരിടുന്ന പ്രതിസന്ധികളും അവളുടെ പ്രതിരോധവുമാണ് ജയ ജയ ജയ ജയഹേ എന്ന സിനിമ പറഞ്ഞുവെക്കുന്നത്.

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കൂടി കോര്‍ത്തിണക്കിക്കൊണ്ട് പറയുകയാണെങ്കില്‍, രാജ് ഭവന്‍റെ നാഥന്‍ ഫാസിസ്റ്റായ  രാജേഷിനെ ജനാധിപത്യത്തിന്‍റെ നല്ലപാഠങ്ങള്‍ പഠിപ്പിക്കുകയാണ് വിപ്ലവകാരിയായ ജയ.

“Those who deny freedom to others, deserve it not for themselves” മഹാനായ എബ്രഹാം ലിങ്കനാണ് ഇത് പറഞ്ഞത്. മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ അത് സ്വയം അര്‍ഹിക്കുന്നില്ല. ജയ ജയ ജയ ജയഹേ എന്ന സിനിമയെ വരച്ചുകാട്ടാന്‍ ഇതിലും മനോഹരമായ മറ്റൊരു വരി ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ നിന്നും ലഭ്യമാകേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണ്.? അനുസരണ, സംസ്‌കാരം, പാചകം അങ്ങനെയങ്ങനെ സ്ത്രീകള്‍ക്കായി കല്‍പ്പിച്ചുനല്‍കിയ കാര്യങ്ങള്‍ മൂവായിരത്തോളം വരും. എന്നാല്‍ മൂന്നേ മൂന്ന് കാര്യങ്ങളില്‍ ജയയുടെ ജീവിതം പറയുന്നു ഒരു സ്ത്രീക്ക് വേണ്ടത് ''നീതിയും സമത്വവും സ്വാതന്ത്യ''വുമാണ്. അത് നമ്മുടെ സ്ത്രീകള്‍ക്ക് എവിടെ നിന്നും ലഭിക്കണം?.



അത്യാവശ്യം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങളുടേത് എന്ന സംഭാഷണം അടുത്തകാലത്ത് മലയാള സിനിമ സംഭാവന ചെയ്‌തതാണ്. അവള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട് എന്ന് ഇൗ സിനിമയില്‍  രാജേഷും പറയുന്നുണ്ട്. ആണധികാര സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍‌ കൊടുക്കേണ്ടതാണ് സ്വാതന്ത്ര്യം എന്നാണ് ഭൂരിപക്ഷവും  ധരിച്ചുവെച്ചിരിക്കുന്നത്. അവിടെ സിനിമ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്‍റെ അളവുകോല്‍ നിശ്ചയിക്കാന്‍ ആരാണ് പുരുഷന്മാരെ ചുമതലപ്പെടുത്തിയത്.? അത് മനസിലാക്കണമെങ്കില്‍ ജയ ജയ ജയഹേ കാ​ണണം. ''നീതി സമത്വം സ്വാതന്ത്ര്യം'' എന്ന് ഒരു പതിനായിരം പ്രാവശ്യമെങ്കിലും എഴുതിപ്പഠിക്കണം.

ആരൊക്കെ ഈ സിനിമ കാണണം എന്ന് ചോദിച്ചാല്‍ എല്ലാവരും കാണണം. കാരണം, ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ വിവാഹം വരെയുള്ള അവളുടെ ജീവിതം അതേപടി വരച്ചുവെച്ച സിനിമയാണിത്. നമ്മുടെ ഓരോ കുടുംബത്തിലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തിന്‍റെ കഥയാണിത്. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്ന് ചോദിച്ചാല്‍ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും അയല്‍ക്കാരും എന്നുവേണ്ട സമൂഹമാകെ സ്ത്രീകളുടെ ജീവിതത്തില്‍ പലതരത്തിലുള്ള വിലങ്ങുതടികളായി രംഗത്ത് വരുന്നുണ്ട് എന്ന് കാണാന്‍ സാധിക്കും. ആരാണ് തിരുത്തേണ്ടത് എന്ന് ചോദിച്ചാല്‍ സമൂഹമാകെ തിരുത്താന്‍ തയ്യാറാകണം എന്നാണ് സിനിമ പറയുന്നത്.

ജാനേമന്‍ എന്ന സിനിമയാണ് ബേസില്‍ എന്ന നടനെ നായകനാക്കിയത്. ഇപ്പോള്‍ ആ നായകത്വം ഉറപ്പിക്കുകയാണ് ബേസില്‍ ജയ ജയ ജയ ജയഹേയിലൂടെ ചെയ്‌തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സംവിധായകനായ ബേസിലിന് ഇപ്പോല്‍ ഒരു സ്ഥാനമുണ്ട്. അതുപോലെ മലയാള സിനിമയില്‍ തന്‍റേതായ നായക സ്ഥാനം ബേസില്‍ ഉറപ്പിച്ചിരിക്കുകയാണ്.

ജയ എന്ന കഥാപാത്രത്തിന് ദര്‍ശനയല്ലാതെ മറ്റൊരു നടിയെ ഊഹിക്കാന്‍ പോലും സാധിക്കില്ല. സാധാരണ മലയാളിപ്പെണ്‍കുട്ടിയായി അസാധാരണമായ പ്രകടനമാണ് ദര്‍ശന കാഴ്‌ചവെച്ചത്.



ഒരു അഭിമുഖത്തില്‍ ദര്‍ശനയും ബേസിലും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തനി നാട്ടിന്‍പുറത്തുകാരായ കൊല്ലത്തെ ആ അഭിനേതാക്കള്‍ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. അതില്‍ എടുത്തുപറയേണ്ടത് രാജേഷിന്‍റെ അമ്മയെയാണ്. ഇത്രയും നാളും എവിടെയായിരുന്നു എന്ന ഒരൊറ്റ ചോദ്യമേ ഉള്ളു അവരുടെ അഭിനയത്തെ വരച്ചുകാട്ടാന്‍. അതുപോലെ രാജേഷിന്‍റെ അണ്ണന്‍, ജയയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിങ്ങനെ എല്ലാവരും അവരുടെ ഭാഗം മികച്ചതാക്കി.

ഇത്തരമൊരു പ്രമേയം ഒട്ടും പാകപ്പിഴവില്ലാതെ നര്‍മ്മത്തില്‍ചാലിച്ച് അവതരിപ്പിക്കുകയും അപ്രതീക്ഷികമായി തന്നെ തിരക്കഥയെ കൊണ്ടുപോവുകയും ചെയ്‌ത സംവിധാനകന്‍ വിപിന്‍ പ്രത്യേക കയ്യടിക്ക് അര്‍ഹനാണ്.

ആകെമൊത്തം ആര്‍‌ത്തു ചിരിക്കാം ആഴത്തില്‍ ചിന്തിക്കാം. അതാണ് ജയ ജയ ജയ ജയഹേ..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top