19 April Friday

നിശബ്‌ദരാകില്ല; ചോദ്യങ്ങൾ തുടരും: ‘ജന ഗണ മന’ റിവ്യൂ

കെ എ നിധിൻ നാഥ്‌Updated: Saturday Apr 30, 2022


SPOILER ALERT

"In the matters of conscience the law of the majority has no place’ - മഹാത്മ ഗാന്ധി

കുറ്റകൃത്യങ്ങളുണ്ടാക്കുമ്പോൾ അതിനെതിരെ ഉടലെടുക്കുന്ന ഇൻസ്റ്റന്റ്‌ ശിക്ഷ ആവശ്യപ്പെട്ടുള്ള മുറവിളികളുടെ മറവിൽ രക്ഷ നേടുന്നത്‌ യഥാർഥ കുറ്റവാളിയാണ്‌. കുറ്റകൃത്യങ്ങളും അത്‌ നടത്തുന്ന വ്യക്തിയും വ്യക്തികളും മാറി മാറി വരുമ്പോളും അതിന്റെ യഥാർഥ കാരണക്കാരായി നിൽക്കുന്ന അധികാരാധിഷ്‌ടിത വ്യവസ്ഥിതിയുണ്ട്‌. കണ്ണ്‌ കെട്ടിയ നീതിദേവതയുടെ കാണാമറയത്ത്‌ അവർ സുരക്ഷിതരാകും. തങ്ങളാൽ നിയന്ത്രിക്കുന്ന നിയമസംവിധാനങ്ങളുടെ സുരക്ഷയിൽ കഴിയുന്ന വ്യവസ്ഥിതിയുടെ നേർക്കുള്ള സിനിമാറ്റിക്ക്‌  പ്രതികരണമാണ്‌ "ജന ഗണ മന'.

ഭരണഘടനയെ തന്നെ നോക്കുകുത്തിയാക്കി സംഘപരിവാർ ഭരിക്കുന്ന ഇന്ത്യയിൽ നടന്ന സമകാലിക സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ്‌ ഡി ജോസ്‌ ആന്റണി ജന ഗന മന ഒരുക്കിയിരിക്കുന്നത്‌. ഡ്രൈവിങ്‌ ലൈസൻസിന്‌ ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറമൂടും ഒന്നിച്ചെത്തുന്ന സിനിമ, രണ്ട്‌ വർഷത്തിന്‌ ശേഷം തിയറ്ററിലെത്തിയ പ്രിത്വി സിനിമ എന്നിങ്ങളെ നിറയെ പ്രതീക്ഷകളുമായാണ്‌ ജന ഗണ മന പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. റിലീസിനു മുന്നേ രണ്ടാം ഭാഗമുണ്ടാകുമെന്ന അണിയറ പ്രവർത്തകരുടെ പ്രഖ്യാപനവും പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിരുന്നു. ഇതിനെയെല്ലാം തിയറ്റർ കാഴ്‌ചയിൽ തൃപ്‌തിപ്പെടുത്തുന്നുണ്ട്‌ ചിത്രം.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയായ സബ മറിയത്തെ (മമത മോഹൻദാസ്‌) ബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ട ശേഷം കത്തിച്ച്‌ കൊല്ലുന്നു. ഇതിനെ തുടർന്നുണ്ടാകുന്ന പ്രക്ഷോഭങ്ങളും കേസന്വേഷണവുമായാണ്‌ സിനിമ പുരോഗമിക്കുന്നത്‌. ക്യാമ്പസിലെ പ്രതിഷേധം രാജ്യ വ്യാപകമായി പടരുകയും തുടർന്ന്‌ കേസ്‌ അന്വേഷണത്തിന്‌ ഡിഎസ്‌പി സജ്ജൻ കുമാർ (സുരാജ്‌ വെഞ്ഞാറമൂട്‌) എത്തുന്നു. പ്രതികളെ പിടികൂടുന്ന സജ്ജൻ കുമാർ അവരെ ഏറ്റുമുട്ടൽ കൊലപാതകത്തിലൂടെ ഇല്ലാതാക്കുകയാണ്‌. തുടർന്ന്‌ കോർട്ട്‌ റൂം ഡ്രാമ ശൈലിയിലേക്ക്‌ സിനിമ മാറുന്നു. അരവിന്ദ് സ്വാമിനാഥന്‍ എന്ന പ്രതിഭാഗം അഭിഭാഷകനായാണ്‌ പൃഥ്വിരാജ് എത്തുന്നത്. കേസിന്റെ വാദം മുന്നോട്ട്‌ പോകും തോറും ആൾക്കൂട്ട നീതിയുടെ ശരിക്കേടുകളെ തുറന്ന്‌ കാണിക്കുന്ന നരേറ്റീവാണ്‌ സിനിമ പിൻതുടരുന്നത്‌.

2019ലാണ്‌ രാജ്യത്തെ നടുക്കിയ  ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ് നടക്കുന്നത്‌. വെറ്റിനറി ഡോക്‌ടറായിരുന്നു 29കാരിയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനിടയിൽ  രക്ഷപ്പെടാൻ ശ്രമിച്ചെന്നാരോപിച്ച് വെടിവച്ച്‌ കൊല്ലുകയായിരുന്നു. ഏറ്റുമുട്ടൽ കൊലപാതകം ഇന്ത്യൻ ജനതയിലെ വലിയ വിഭാഗം വലിയ ആഘോഷവുമാക്കി. തെലങ്കാന എഡിജിപി വി സി സജ്ജൻ ആയിരുന്നു ആ ഏറ്റുമുട്ടൽ കൊലയുടെ സൂത്രധാരനെന്നും വിമർശനമുയർന്നിരുന്നു. 2008ൽ വാറംഗലിൽ വിദ്യാർഥികൾ ആസിഡ് ആക്രമണത്തിനിരയായ കേസിലെ മൂന്നു പ്രതികളും ഏറ്റുമുട്ടൽ കൊലപാതകത്തിൽ കൊലപ്പെട്ടിരുന്നു. അപ്പോഴും പൊലീസ്‌ ഉദ്യോഗസ്ഥനായി സജ്ജനുണ്ടായിരുന്നു. അങ്ങനെ സമകാലിക സംഭവങ്ങളുടെ പ്രതിനിധികൾ സിനിമയിലുടനീളമുണ്ട്‌.

2014-2021ന്‌ ഇടയിൽ ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാല തുടങ്ങിയ കേന്ദ്ര സർക്കാരിനു കീഴിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്‌തത്‌ 122 പേരാണെന്നാണ്‌ സർക്കാരിന്റെ ഉദ്യോഗിക കണക്ക്‌. ഹൈദരാബാദ്‌ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി രോഹിത്‌ വെന്മുലയുടെ മരണം ക്യാമ്പസിലെ ജാതിയുടെ പേരിലുള്ള വിവേചനങ്ങളിലേക്കും അതിക്രമങ്ങളിലേക്കും വീണ്ടും വിരൽ ചൂണ്ടി. ഗവേഷക വിദ്യാർഥികൾ പലപ്പോഴും വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരിടുന്നത്‌ വലിയ വിവേചനമാണ്‌. നിങ്ങളുടെ ജീവിതം ഞങ്ങളുടെ കൈയ്യിലാണ്‌ എന്ന തരത്തിൽ പെരുമാറുന്ന അധ്യാപക സമൂഹമാണ്‌ വ‌ലിയ വിദ്യാഭ്യാസ സ്വപ്‌നവുമായി വരുന്നവരെ ആത്മഹത്യയിലേക്ക്‌ തള്ളി വിടുന്നത്‌. ഇതിനെതിനെ നടപടി ആവശ്യപ്പെടുന്നവരെ നിശബ്‌ദരാക്കി നിർത്തുന്ന ക്യാമ്പസുകളിലെ അക്കാദമിക്‌ സമൂഹത്തിന്റെ കാഴ്‌ചയാണ്‌ സബ മറിയത്തിലൂടെ ജന ഗന മന വരച്ചിടുന്നത്‌. അക്കാദമിക്‌ മെറിറ്റിനു മുകളിലുള്ള മെറിറ്റായി മാറുന്ന ജാതിയാണ്‌ വ്യവസ്ഥാപിത കൊലപാതകങ്ങളിലേക്കും (Institutional Murder) നയിക്കുന്നത്‌.

മദ്രാസ്‌ ഐഐടിയിലെ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പായി ഫോണിൽ സൂക്ഷിച്ചിരുന്ന നോട്ടിൽ പറഞ്ഞിരുന്നത്‌ അധ്യാപകനായ സുന്ദർശൻ പത്മനാഭനാണ്‌ എന്റെ മരണത്തിന്‌ കാരണക്കാരൻ എന്നായിരുന്നു. രോഹിത്തിന്റെയും ഫാത്തിമയുടെയും ‘മരണ’ങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ ജാതി - അധികാര ബോധത്തിലേക്ക്‌ വിരൽചൂണ്ടുന്നതായിരുന്നു. ഈ വിഷയങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ്‌ ചിത്രം. ഇതെല്ലാം പോപ്പുലർ സ്വഭാവമുള്ള സിനിമയിൽ പറയാൻ കാണിച്ച ആർജവത്തിന്‌ കൈയ്യടിച്ചേ മതിയാകു.

പൃഥ്വിരാജ്‌ എന്ന നടനും നിർമാതാവും മലയാള സിനിമയുടെ അടയാളമാകുന്നത്‌ "ജന ഗണ മന' പോലുള്ള ഇടപ്പെലുകളിലൂടെയാണ്‌. ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സിനിമക്കാർ കേൾക്കുന്നുവെന്നതിന്റെ സൂചനകൂടിയാണ്‌ ജനഗന മന പോലെയുള്ള സിനിമകൾ. കലയെന്ന നിലയിൽ സിനിമ പുലർത്തേണ്ട സാമൂഹിക ഉത്തരവാദിത്വത്തെപ്പറി സിനിമക്കാർ ഓർക്കുന്നുവെന്നതാണ്‌ പോരായ്‌മകളിലും ജന ഗണ മനയ്‌ക്ക്‌ കൈയ്യടിക്കാൻ പ്രേരിപ്പിക്കുന്നത്‌.

പൊതു ബോധത്തിനൊപ്പമാണ്‌ പലപ്പോഴും സിനിമ സഞ്ചരിക്കാറ്‌. എന്നാൽ ആ ബോധത്തിനെ ഊട്ടിയുറപ്പിച്ച ശേഷം എന്ത്‌ കൊണ്ട്‌ അത്‌ തെറ്റായിരുന്നുവെന്ന്‌ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്‌ ചിത്രം. ആൾക്കൂട്ടത്തിന്റെ അതിവേഗ നീതി സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ബലാത്സംഗ കേസുകളിലെ പ്രതികളെ ഇല്ലാതാക്കുന്ന ഏറ്റുമുട്ടൽ കൊലകൾ. എന്നാൽ ഇതിലൂടെ സ്‌റ്റേറ്റ്‌ നടപ്പാക്കുന്ന/ നേടിയെടുക്കുന്ന രാഷ്‌ട്രീയ നേട്ടങ്ങൾ പലപ്പോഴും ചർച്ചയാകാറില്ല. അതിലേക്ക്‌ കൂടി ക്യാമറ തിരിച്ചുവെന്നതാണ്‌ സിനിമയുടെ മെറിറ്റ്‌.
ക്വീനിൽ നിന്ന്‌ ജന ഗന മനയിലെത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഡിജോയുടെ ഗ്രാഫ്‌ ഉയരുന്നുണ്ട്‌. പലയിടത്തും നല്ല കൈയ്യടക്കതോടെയാണ്‌ അവതരണം. പലപ്പോഴും പ്രസംഗത്തിന്റെയോ വെർബൽ കമ്മറ്ററിയായോ മാറാവുന്ന പ്രമേയത്തെ സിനിമാറ്റിക്ക്‌ ആസ്വാദന രീതിയിൽ ഉറപ്പിച്ച്‌ നിർത്തുന്നുണ്ട്‌ ഡിജോയുടെ മേക്കിങ്‌. ഷാരിസ് മുഹമ്മദിന്റെ തിരക്കഥ ഉള്ളടക്കത്തിന്റെ രാഷ്ട്രീയത്താലും പറയുന്ന വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്‌.

പറയുന്ന വിഷയങ്ങളുടെ  ആധിക്യം പ്രേക്ഷക കാഴചയിൽ അമിത ഭാരം സൃഷ്‌ടിക്കാതെ പോകുന്നുണ്ടെങ്കിലും പലയിടത്തും മോണോലോഗിന്റെ സ്വഭാവത്തിലേക്ക്‌ സിനിമ മാറുന്നുണ്ട്‌. അത്‌ അതിനാടകീയത സൃഷ്‌ടിക്കുന്നുണ്ട്‌. സിനിമയുടെ ആസ്വാദനത്തിൽ പ്രേക്ഷകരെ പിടിച്ച്‌ നിർത്തുന്നത്‌ ജേക്‌സ്‌ ബിജോയുടെ പശ്ചാത്തല സംഗീതമാണ്‌. സിനിമയുടെ താളവും വേഗതയും സൃഷ്‌ടിക്കാൻ സംഗീതത്തിന്‌ കഴിയുന്നുണ്ട്‌. തിയേറ്ററിൽ ഉയരുന്ന കയ്യടിക്ക്‌ ജേക്‌സും അവകാശിയാണ്‌.

സിനിമയെ അതിന്റെ രാഷ്‌ട്രീയ ഇടപ്പെലുകളെ പിന്തുണക്കുമ്പോഴും വിയോജിക്കേണ്ടി വരുന്ന സന്ദർഭങ്ങളും സിനിമയിലുണ്ട്‌. സിനിമ പറഞ്ഞ്‌ വെക്കുന്ന ചിന്തയോട്‌ തന്നെ കഥാന്ത്യം പുറം തിരിഞ്ഞ്‌ നിൽക്കുന്നുണ്ട്‌ എന്നതിനാലാണത്‌. പൊലീസ്‌, സൈന്യം തുടങ്ങിയവ ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളായാണ്‌ പ്രവർത്തിക്കുക. അത്‌ കൊണ്ട്‌ തന്നെ പൊലീസ്‌ എല്ലായിപ്പോഴും ഭരണകൂടത്തിനായി തന്നെയാണ്‌ അത്യന്തികമായി പ്രവർത്തിക്കുക. എന്നാൽ തന്നെയും ഉദ്യോഗസ്ഥർ ചെയ്യുന്നതെല്ലാം ഭരണകൂടത്തിന്‌ വേണ്ടിയാണെന്ന വായന ശരിയല്ല. സ്വന്തം താൽപര്യത്തിനായി പൊലീസ്‌ അടക്കമുള്ള ഉദ്യോഗസ്ഥർ ചെയ്‌ത്‌ കൂട്ടുന്ന അനീതികളെ ഒറ്റയടിച്ച്‌ വെള്ള പൂശുന്ന കാഴ്‌ച എന്തായാലും ജന ഗന മന മുന്നോട്ട്‌ വെക്കുന്ന സിനിമ കാഴ്‌ചയ്‌ക്ക്‌ ചേരുന്നതല്ല.

ഇന്ത്യയിലെ ക്യാമ്പസുകളിലുള്ളത്‌ പ്രതികരണ ശേഷി നഷ്‌ടപ്പെട്ട വിദ്യാർഥി സമൂഹമല്ല, എന്തിനോടും പ്രതികരിക്കാൻ കഴിയുന്ന രാഷ്‌ട്രീയ ബോധ്യത്തിന്റെ പരിച്ഛേദമായാണ്‌ ക്യാമ്പസുകളെ അടയാളപ്പെടുത്തുന്നത്‌. അതിനാൽ തന്നെ സമരത്തിന്‌ ഇറങ്ങാനും പ്രതിഷേധിക്കാനും കഴിയുന്ന മഹാരാജാസ്‌ കോളേജിൽ ക്ലാസ്‌ മുറികളിലെത്തി ക്ലാസെടുക്കുന്ന അധ്യാപകൻ എന്ന കാഴ്‌ച ഒരു രാഷ്‌ട്രീയ ശരികേടാണ്‌. അതിന്‌ തെരഞ്ഞെടുത്തത്‌ മഹാരാജാസാണെന്നതും നിഷ്‌കളങ്കമല്ല. രാമനഗര സർവകലാശാലയിലെ വിദ്യാർഥി സമരത്തിനു നേരെയുണ്ടായ പൊലീസ്‌ ആക്രമണത്തിനു എതിരെ പ്രതികരിക്കാൻ ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌' എന്ന്‌ പറഞ്ഞാണ്‌ അധ്യാപകൻ വിദ്യാർഥികളെ പ്രകോപിപ്പിക്കുന്നത്‌. ഇത്തരത്തിൽ സിനിമ അതിന്റെ ബോധ്യം സ്വയം റദ്ദ്‌ ചെയ്യുന്ന ചിലയിടങ്ങളുണ്ട്‌. ചുംബന സമരത്തിന്റെ സമര രീതിയോട്‌ വിയോചിപ്പുള്ളവരുണ്ടാകാം. എന്നാൽ സമരത്തിലേക്ക്‌ നയിച്ച വിഷയം മത വർഗീയ സംഘടനകളുടെ ഫാഷിസ്റ്റ്‌ നടപടിയായിരുന്നു. അതിനെയെല്ലാം റദ്ദാക്കാൻ ശ്രമിക്കുന്നത്‌ കല്ലുകടിയായി നിൽക്കുന്നുണ്ട്‌. സിനിമ തുറന്നിടുന്ന, വിമർശിക്കുന്ന പൊതു ബോധത്തിന്റേതായി ഇവിടെ സിനിമ മാറുന്നുമുണ്ട്‌.

ചെറിയ ന്യൂനതകളും പോരായ്‌മകളും നിലനിൽക്കുമ്പോൾ തന്നെയും ഹീറോയിക്‌ നിർമിതിയുടെയും കെട്ടുകാഴ്‌ചകളുടെതും മാത്രമായി കച്ചവട സിനിമ നിലയുറപ്പിച്ച കാലത്ത്‌ ജന ഗന മന ഒരു അത്യന്ത്യാപേക്ഷികമായ സിനിമാ ഇടപ്പെടലാണ്‌. കാണുന്ന കാഴ്‌ചകളും കേൾക്കുന്ന വാർത്തകളുമല്ല സത്യമെന്നും, വ്യവസ്ഥിതിക്കായി ഉയരുന്ന കയ്യടികളിലുടെയടക്കം മറപിടിച്ച്‌  വ്യവസ്ഥ നിശബ്‌ദമാക്കുന്ന ഒരുപാട്‌ പ്രതിഷേധ മുദ്രാവാക്യങ്ങളുണ്ടെന്ന ഓർമപ്പെടുത്തലാണ്‌ ചിത്രം. അതിനാൽ തന്നെ ജന ഗന മന കാലഘട്ടം ആവശ്യപ്പെടുന്ന സിനിമാറ്റിക്‌ ഇടപ്പെടലായി തലയുർത്തി നിൽക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top