26 April Friday

സമൂഹത്തിന്റെ സ്‌പന്ദനം ജന ഗണ മനയിലുണ്ട്‌; സംവിധായകൻ ഡിജോ ജോസ്‌ ആന്റണി സംസാരിക്കുന്നു

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 8, 2022

രാഷ്‌ട്രീയ സിനിമ ജനങ്ങൾക്കു മുന്നിൽ വയ്‌ക്കണമെന്ന്‌ ഉദ്ദേശ്യമില്ല.  സിനിമയിൽ പറയുന്ന കാര്യങ്ങൾ, വിഷയങ്ങൾ പ്രേക്ഷകർക്ക്‌ മനസ്സിലാകുന്നുണ്ടെങ്കിൽ അത്‌ അവരത്ര  ജാഗരൂകരായതു കൊണ്ടാണ്‌. ജന ഗണ മന സംവിധായകൻ  ഡിജോ ജോസ്‌ ആന്റണി സംസാരിക്കുന്നു

തിയറ്ററുകളിൽ ഇപ്പോൾ ജന ഗണ മനയുടെ ആളിരമ്പമാണ്‌. എല്ലാ അർഥത്തിലും പ്രേക്ഷകർ ഏറ്റെടുത്ത സിനിമ വലിയ വിജയമായി. സമകാലിക ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകൻ കൊച്ചി സ്വദേശിയായ ഡിജോ ജോസ്‌ ആന്റണിയാണ്‌. പുതുമുഖങ്ങളെ അണിനിരത്തി 2018ൽ ക്വീനിലൂടെ അരങ്ങേറിയ ഡിജോ രണ്ടാം സിനിമയിൽ വലിയ ക്യാൻവാസും വലിയ താരനിരയുമായാണ്‌ പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. രണ്ടു വർഷത്തിനുശേഷം തിയറ്ററിലെത്തുന്ന പൃഥ്വിരാജ്‌ ചിത്രം. ഒപ്പം വീണ്ടുമൊരു പൃഥ്വി–- സുരാജ്‌ കൂട്ടുകെട്ട്‌. സംവിധായകൻ ഡിജോ ജോസ്‌ ആന്റണി സംസാരിക്കുന്നു:

എല്ലാം ഒരു ചിന്തയിൽനിന്ന്‌

അഞ്ച്‌ മിനിറ്റിന്റെ ഒരു ചിന്തയാണ്‌ തിരക്കഥാകൃത്തായ ഷാരിസ്‌ മുഹമ്മദ്‌ ആദ്യം വന്നുപറയുന്നത്‌. അത്‌ എനിക്ക്‌ നല്ലൊരു കിക്ക്‌ നൽകി.  ഒരു സംഭവമാണ്‌ പറഞ്ഞത്‌. അത്‌ നന്നായി സ്വാധീനിച്ചു. ആ ഘട്ടത്തിൽ സിനിമയിൽ കാണുന്ന കോടതി രംഗങ്ങളൊന്നുമില്ല. പിന്നെ ചർച്ച ചെയ്‌ത്‌ എത്തിച്ച്‌ എടുത്തതാണ്‌ ഈ സിനിമ. ക്വീനും ഇതുപോലെയാണ്‌ ഉണ്ടായത്‌. ശ്രീബുദ്ധ എൻജിനിയറിങ്‌ കോളേജിലെ ഒരു ഫോട്ടോയാണ്‌ ഷാരിസ്‌ കാണിച്ചത്‌. മെക്ക്‌ റാണിയെന്ന സംഭവം. അതിൽനിന്നാണ്‌ ക്വീൻ ഉണ്ടാകുന്നത്‌. അതുപോലെ തന്നെയാണ്‌ ജന ഗണ മനയും.
ഡിജോ ജോസ്‌ ആന്റണി

ഡിജോ ജോസ്‌ ആന്റണി

ആദ്യം സുരാജിനെ ഉറപ്പിച്ചു

തിരക്കഥ പൂർത്തിയായപ്പോൾ ആദ്യം കഥ പറയുന്നത്‌ സുരാജ്‌ വെഞ്ഞാറമൂടിനോടാണ്‌. അദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ടു. പിന്നീട്‌ മമ്‌തയോടാണ്‌ പറഞ്ഞത്‌. അതിനുശേഷം സിനിമയുടെ നിർമാതാവ്‌ ലിസ്റ്റിനോടു പറഞ്ഞു.  അദ്ദേഹംവഴിയാണ്‌ പൃഥ്വിരാജിലേക്ക്‌ എത്തിയത്‌. പൃഥ്വിരാജിന്‌ തിരക്കഥയുടെ സംഗ്രഹം അയച്ചുകൊടുത്തു. ഇതിനുമുമ്പ്‌ രണ്ട്‌ സിനിമയുടെ കഥ പൃഥ്വിയോട്‌ പറഞ്ഞിരുന്നു. അത്‌ രണ്ടും അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നില്ല. ജന ഗണ മന ചെയ്യാൻ ആലോചിക്കുന്നത്‌ കോവിഡ്‌ മൂലം തിയറ്ററുകളൊക്കെ അടച്ചിട്ട സമയത്താണ്‌. ആ ഘട്ടത്തിൽ ഈ സിനിമ എങ്ങനെ ചെയ്യാമെന്ന എന്റെ ഒരു ഡിസൈൻ പറഞ്ഞതും ലിസ്റ്റിനും പൃഥ്വിക്കും ഇഷ്ടമായി. അങ്ങനെയാണ്‌ സിനിമ സാധ്യമായതും അവർ തന്നെ നിർമാണം ഏറ്റെടുത്തതും.
ഒരു സ്‌പാർക്കിൽനിന്ന്‌ സിനിമ
പൊളിറ്റിക്കൽ സിനിമ പിടിക്കാമെന്ന തീരുമാനത്തിൽ ചെയ്‌തതല്ല. ജന ഗണ മനയിൽ പൊളിറ്റിക്‌സ്‌ ഉണ്ടെന്നു തോന്നിയാൽ അത്‌ നന്ന്‌. രാഷ്‌ട്രീയ സിനിമ പ്രേക്ഷകരുടെ മുന്നിൽ വയ്‌ക്കുകയെന്ന ചിന്ത എനിക്കില്ല. പ്രേക്ഷകർക്ക്‌ അറിയാവുന്ന കുറച്ചു കാര്യം ഇതിലുണ്ട്‌. സിനിമയിൽ പറയുന്ന കാര്യങ്ങൾ, വിഷയങ്ങൾ പ്രേക്ഷകർക്ക്‌ മനസ്സിലാകുന്നുണ്ടെങ്കിൽ അത്‌ അവരത്ര ജാഗരൂകരായതുകൊണ്ടാണ്‌. ഫാത്തിമ, രോഹിത്ത്‌ വെമുല തൊട്ട്‌ കുറേ കാര്യം ഈ സമൂഹത്തിലുണ്ട്‌. അതെല്ലാം വേറൊരു രീതിയിൽ സിനിമയിലുണ്ട്‌.
ഞാൻ സിനിമയെ വിനോദമായിട്ടാണ്‌ കാണുന്നത്‌. പൊളിറ്റിക്കൽ സ്‌റ്റേറ്റ്‌മെന്റ്‌ വയ്‌ക്കണമെന്ന ധാരണയുണ്ടായിരുന്നില്ല. എന്നാൽ, കഥാപാത്രങ്ങളും പശ്ചാത്തലവും വന്നപ്പോൾ ഇങ്ങനത്തെ കുറേ കാര്യം വന്നു. നല്ല സിനിമ  ചെയ്യണമെന്നാണ്‌ ചിന്ത. പ്രേക്ഷകരെ ആദ്യപകുതിയിൽ കൈയടിപ്പിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. ഈ സിനിമയുടെ ആദ്യഭാഗത്ത്‌ ഒരു നിശ്ചിത പോയിന്റിൽ പ്രേക്ഷകർ കൈയടിച്ചാൽ പിന്നെ രണ്ടാംപകുതി വിജയിക്കുമെന്ന്‌ ഉറപ്പായിരുന്നു.  
നമ്മൾ കൈയടിക്കുന്നതും കൂക്കിവിളിക്കുന്നതും കല്ലെറിയുന്നതുമെല്ലാം നമ്മൾ സ്വയം ചെയ്യുന്നതാണോ, അതോ നമ്മളെക്കൊണ്ട്‌ ചെയ്യിപ്പിക്കുന്നതാണോ എന്നതാണ്‌ ഈ സിനിമ ഉയർത്തുന്ന ചോദ്യം. ആ ചിന്ത പ്രേക്ഷകർക്ക്‌ കിട്ടണമെന്നാണ്‌ ആഗ്രഹിച്ചത്‌.

മമ്മുക്കയാൽ മാത്രം സാധ്യമാകുന്നത്‌

സിനിമ തുടങ്ങുന്നത്‌ മമ്മൂട്ടിയുടെ വോയ്‌സ്‌ ഓവറിലാണ്‌. ഒരു കഥാപാത്രത്തെ കോടതി ശിക്ഷിച്ചശേഷം പുറത്തേക്കുവരുന്ന രംഗമാണ്‌ അത്‌. ജന ഗണ മന എന്താണെന്നു പറയുന്ന രംഗമാണത്‌. അതിന്‌ ആ രംഗത്തിൽ മൂന്നാമത്‌ ഒരാളുടെ ശബ്ദമാണ്‌ കൃത്യമാകുക. അതിന്‌ അത്ര ശക്തമായ ഒരാളുടെ ശബ്ദം ആവശ്യമാണ്‌. അതിന്‌ മലയാളത്തിൽ മമ്മുക്ക അല്ലാതെ വേറൊരാളില്ല. അതുകൊണ്ട്‌ മമ്മുക്കയെക്കൊണ്ട്‌ പറയിപ്പിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹം അതിനു സമ്മതിച്ചു. സിനിമയ്‌ക്ക്‌ ശബ്ദം നൽകിയതിന്‌ അദ്ദേഹത്തിനോട്‌ ഒരുപാട്‌ കടപ്പെട്ടിരുന്നു.

രണ്ടാംഭാഗം പറയുന്നത്‌

അരവിന്ദ്‌ സ്വാമിനാഥൻ എന്ന കഥാപാത്രത്തിന്റെ മനസ്സിനുള്ളിലെ തീയാണ്‌ യഥാർഥത്തിൽ സിനിമ-. അയാൾക്ക്‌ ഈ വ്യവസ്ഥിതിയോട്‌ എന്തൊക്കെയോ ഉണ്ട്‌. അയാളുടെ ദേഷ്യം, അയാളിലെ ധിക്കാരി അങ്ങനെ പലവിധ വികാരം. ഇതെല്ലാം എങ്ങനെ ഉണ്ടായിയെന്നും അയാൾക്ക്‌ എന്താണ്‌ വ്യവസ്ഥിതിയോട്‌ ഇത്ര പ്രശ്‌നങ്ങൾ എന്നുമാണ്‌ രണ്ടാം ഭാഗം പറയുന്നത്‌.  സിനിമയുടെ പൂർണ തിരക്കഥ പോലുമായിട്ടില്ല. ചർച്ച നടക്കുകയാണ്‌. എന്തായാലും രണ്ടാംഭാഗം ഉണ്ടാകും.

കോൺഫിഡൻസല്ല, കൃത്യമായ പ്ലാൻ

രണ്ടാം ഭാഗത്തിന്റെ വളരെ കുറച്ചു ഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. അതിൽനിന്നുള്ള ഒരു രംഗമാണ്‌ ട്രെയിലറിനായി ഉപയോഗിച്ചത്‌. അത്‌ കോൺഫിഡൻസല്ല, മറിച്ച്‌ കൃത്യമായ പ്ലാനായിരുന്നു.  സിനിമ ഇറങ്ങുന്നതിനു മുമ്പേ ഇതിന്റെ ഉള്ളടക്കത്തിൽനിന്ന്‌ ഒന്നുംതന്നെ പുറത്തുവിടാൻ പറ്റില്ല. പുറത്തുവിട്ടാൽ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കും.

അടുത്ത സിനിമ

അടുത്ത സിനിമ ഏതാണെന്ന്‌ തിരുമാനമായിട്ടില്ല. ടൊവിനോയുടെ ഒപ്പം പള്ളിച്ചട്ടമ്പി എന്ന സിനിമയുണ്ട്‌. മമ്മൂട്ടിയുമായി സിനിമയുടെ ചർച്ച  നടക്കുന്നുണ്ട്‌. കുഞ്ചാക്കോ ബോബനുമായും സിനിമ ചെയ്യാനുള്ള പ്ലാനുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top