18 December Thursday

വിനായകന്‌ ഇടവേളകളില്ലാതെ കയ്യടി; ഇടവേള ബാബുവിന്‌ ട്രോൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2023

കൊച്ചി > മാമന്നന്‍ സിനിമയിലെ വില്ലന്‍ റോളിലൂടെ ഫഹദ് തമിഴകത്ത് നേടിയ കൈയ്യടി തമിഴ് സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ കണ്ട്‌ തരിച്ചിരിക്കുകയായിരുന്നു മലയാളികൾ. വില്ലൻ കഥാപാത്രത്തിന്‌ നായകനേക്കാൾ പ്രശംസ കിട്ടുന്നത്‌, അതും ഒരു മലയാള നടന്‌ തമിഴിൽ കിട്ടുന്നത്‌ സാധാരണയല്ല. ഈ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെയാണ്‌ ജയിലറിലെ വേഷത്തിന്‌ വിനായകനും കയ്യടി നേടുന്നത്‌. രജനികാന്തിന്റെ വില്ലനായെത്തിയ വിനായകന്‌ തമിഴിൽ വൻ സ്വീകാര്യതയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ഗ്യാംങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്ന വേഷത്തിലാണ് വിനായകന്‍.

അഭിനയത്തിലും മാനറിസത്തിലും ചിലപ്പോള്‍ രജനികാന്തിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്‌ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. ഇതിനോടകം തന്നെ മികച്ച നടന്‍ എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇത് എന്നാണ് പലരുടേയും നിരൂപണം.

വിനായകന്‌ കയ്യടി കിട്ടുമ്പോൾ അപ്പുറത്ത്‌ ട്രോൾ അടി കിട്ടുന്ന ഒരാളുണ്ട്‌. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണസമയത്ത് വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇടവേള ബാബു, വിനായകനെ കുറിച്ച് പറഞ്ഞതായുള്ള ഒരു വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു. 'വിനായകന്‍ അമ്മയില്‍ അംഗമല്ല. ഞാന്‍ ഉള്ളയിടത്തോളം കാലം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല' എന്നായിരുന്നു ഇടവേള ബാബുവിന്റേതായി പ്രചരിച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട്.

സിനിമകളുടെ ബാഹുല്യം കാരണം ഇടവേള ബാബുവിന്‌ ജയിലറിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച്‌ അഭിപ്രായം പറയാൻ സമയം കിട്ടിയില്ല എന്നാണ്‌ ഒരു ട്രോളന്റെ കമന്റ്‌. നായകന് അരങ്ങ് വാഴാന്‍ മലയാള സിനിമ തന്നെ വേണമെന്നില്ല എന്നാണ് ജയിലറിന്റെ പ്രകടനം ചൂണ്ടിക്കാട്ടി കൊണ്ട് സോഷ്യല്‍ മീഡിയ പറയുന്നു. വിനായകനുമായി ഇടവേള ബാബു സഹകരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും ചിലര്‍ പറഞ്ഞു. രജനികാന്തിന് മുഖത്തോട് മുഖം നില്‍ക്കുന്ന വിനായകന്റെ ചിത്രം പങ്ക് വെച്ചാണ് പലരുടേയും പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top