20 April Saturday

തുറമുഖത്തിലെ പിപ്ലിയുടെ രാഷ്‌ട്രീയനിറം ചുവപ്പ്

സ്‌മിത ബഷീർ bassmitha@gmail.comUpdated: Sunday Mar 26, 2023

ജേക്കബ് ജോജു

കമ്യൂണിസ്റ്റുകാരെയും സമരം ചെയ്യുന്നവരെയുമെല്ലാം ശത്രുതയോടെ കണ്ടിരുന്ന, ചരിത്രത്തിൽത്തന്നെ ദുഷ്‌ട പൊലീസ് മേധാവിയെന്ന്‌ രേഖപ്പെടുത്തിയ പിപ്ലി പൊലീസിനെ ‘തുറമുഖം’ എന്ന സിനിമയിൽ അനശ്വരമാക്കിയ നടനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചുവപ്പിന്റെ രാഷ്‌ട്രീയത്തെ നെഞ്ചിലേറ്റുക മാത്രമല്ല, രാഷ്‌ട്രീയത്തെക്കുറിച്ച് ചോദിച്ചാലും ‘എന്റെ രാഷ്‌ട്രീയനിറം പറയാം, അത് എന്റെയും നിങ്ങളുടെയും രക്തത്തിന്റെ നിറമാണ്' എന്നാണ് മറുപടി. 

രസകരമായ ഒരു യാത്ര പോലെയാണ് ജേക്കബ് ജോജു എന്ന ഫോർട്ട് കൊച്ചിക്കാരൻ ഈ സിനിമയിൽ എത്തിപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ്‌ മട്ടാഞ്ചേരിയിലെ ഉരുവിൽ തുറമുഖം എന്ന നാടകം ഈ സിനിമയുടെ തിരക്കഥാകൃത്തായ ഗോപൻ ചിദംബരത്തിന്റെ സംവിധാനത്തിൽ നടക്കുന്നു. അവിടെ വെറുമൊരു കാണിയായി നാടകം കണ്ടുമടങ്ങുന്നു. പിന്നീടാണ് രാജീവ് രവി നാടകം സിനിമയാക്കാൻ തീരുമാനിക്കുന്നത്‌. അതെ ഉരുവിൽവച്ച് ഓഡിഷൻ. നാടക വർക് ഷോപ്പുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജേക്കബ് 1200  പേർ പങ്കെടുത്ത ഓഡിഷനിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 

പിപ്ലി പൊലീസ്‌

കഥാപാത്രം ഒരു സസ്പെൻസ് പോലെ നിന്നു. രാജീവ് രവി ഇത്രയും പറയുന്നു,  ‘ഒരു പൊലീസ് കഥാപാത്രം, പഴയകാല സമ്പന്നതയുടെ അടയാളമായ തടിയും കുടവയറും നിർബന്ധം’. പൊതുവെ ഭക്ഷണനിയന്ത്രണം ഉണ്ടായിരുന്നത് നിർത്തി. കഥാപാത്രത്തിനായി ഒരുങ്ങി. ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് ഷൂട്ടിങ്‌ തുടങ്ങിയശേഷമാണ്‌ അറിഞ്ഞത്. പലരും നെറ്റിചുളിച്ചു. അത്രയൊന്നും അഭിനയ അനുഭവങ്ങൾ ഇല്ലാത്ത ഒരാൾക്ക് ഇത്രയും ഗാഢമായ റോൾ നൽകണോ എന്നൊക്കെ. പക്ഷേ, സംവിധായകൻ എന്നെ വിശ്വസിച്ചു. കഥാപാത്രത്തിന്റെ എല്ലാ മികവോടെയും അഭിനയിച്ചു പൂർത്തിയാക്കാനാകുംവിധം എല്ലാംചെയ്തു,

ഇടതുപക്ഷ രാഷ്‌ട്രീയം അതിന്റെ എല്ലാ മൂർച്ചയോടെയും സംസാരിച്ച സിനിമ. മട്ടാഞ്ചേരി സമരത്തിന്റെ ഭൂമിയെ തുറന്നുകാണിച്ച സിനിമയിൽ സത്യസന്ധമായി ചരിത്രം കാണികളിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചു. ആ വിജയം പരിപൂർണമായി ആസ്വദിക്കുകയാണ്. തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ പിപ്ലി പൊലീസ് പോലെയുള്ള കഥാപാത്രങ്ങളിലേക്ക് ക്ഷണം കിട്ടിയെങ്കിലും അഭിനയസാധ്യതയുള്ള വേഷങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണ്. ഉടൻ രണ്ട് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. 

രാഷ്ട്രിയം, നാടകം അധ്യാപനം,  കൊച്ചി

ഓരോന്നിനും വ്യക്തമായ കാഴ്ചപ്പാടുണ്ട്‌. രാഷ്ട്രീയത്തിൽ സ. സ്റ്റീഫൻ റോബർട്ടാണ് വഴികാട്ടി, അടുത്ത തലമുറയ്ക്ക് കൊച്ചി എങ്ങനെയെന്ന്‌ ഉള്ളതാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. മതേതരസ്വഭാവം നാടിനുണ്ടാകണം. അതിന്‌ ചുവപ്പിന്റെ രാഷ്ട്രീയം വേരോടണം തഴച്ചുവളരണം. സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ നാടകത്തിൽ അഭിനയിച്ചു. പ്രൊഫ. ചന്ദ്രഹാസന്റെ ലോകധർമി തിയറ്റർ, സജീവ് നമ്പിയത്തിന്റെ ആക്ട് ലാബ്, റസാഖ് തിയറ്റർ കളക്ടീവിന്റെ ആരംഭം, വിവേക് വിജയരാമന്റെ ബിനാലെ തിയറ്റർ എന്നിവരുടെ നാടകക്കളരിയിലെ സ്ഥിരം സാന്നിധ്യമാണ് അഭിനയം ഉള്ളിൽ ജനിപ്പിച്ചത്.  സ്കൂൾ കാലഘട്ടത്തിൽ പഠിക്കാൻ മോശമായതിന്റെ പേരിൽ കലകളിൽനിന്നും മാറ്റിനിർത്തപ്പെട്ട ജേക്കബ് പിന്നീട് അക്കാദമിക് തലത്തിൽ പിഎച്ച്ഡി ഉൾപ്പെടെ ഒരുപിടി ബിരുദങ്ങൾ നേടി. അതിന്‌ പ്രേരിപ്പിച്ചത് കൊച്ചിയിലെ തന്നെ ആദ്യ സ്കൂളിലെ ഹെഡ്മിസ്ട്രസായ അന്ന ചാക്കോ എന്ന തന്റെ മുത്തശ്ശിയും അതെ സ്കൂളിൽ അധ്യാപികയായ അമ്മ കെ സി മോളി റുത്തുമാണ്.  ബിസിനസുകാരനായ അച്ഛൻ ജോജു എം ജേക്കബ് വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ എച്ച്ആർ ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും  മക്കളായ യോഹാൻ, ഹൊസ്സന്ന പിന്തുണയുമായി കൂടെയുണ്ട്. ചങ്ങനാശേരി എസ്ഡി കോളേജിലും ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. നിലവിൽ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോയായി പ്രവർത്തിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top