29 March Friday

നഗരവാസിയല്ല, തനി നാടൻ

ഡി കെ അഭിജിത്ത് abhijithdkumar51@gmail.comUpdated: Sunday Dec 5, 2021
മിക്ക സിനിമകളിലും സവിശേഷ സംസാരശൈലിയുള്ള പ്രവാസിയായെത്തുന്ന ജിനു ജോസഫിന്‌ അഞ്ചാം പാതിരയിലെ എസിപി അനിൽ മാധവൻ ഒരു ബ്രേക്ക്‌ ആയിരുന്നു.  മോഡേൺ നഗരവാസി കഥാപാത്രങ്ങളിൽനിന്ന്‌ ജിനു ജോസഫ്‌ നാട്ടിൻപുറത്തുകാരനായി മാറുകയാണ്‌ ഭീമന്റെ വഴിയിൽ

സ്‌റ്റൈലിഷ് ലുക്കിൽ ഡിസൈൻ ചെയ്‌ത താടിയുമായി വരുന്ന കഥാപാത്രങ്ങളിലൂടെയാണ് ജിനു ജോസഫിനെ സ്ഥിരം സിനിമകളിൽ കാണാറുള്ളത്. പതിനഞ്ചു വർഷം മുമ്പ്‌ അരങ്ങേറിയ ബിഗ്‌ബിയിലും സമീപകാല സിനിമകളിലും അങ്ങനെതന്നെ. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി'യിൽ  അവതരിപ്പിക്കുന്ന വ്യത്യസ്‌ത കഥാപാത്രത്തെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും ജിനു ജോസഫ് സംസാരിക്കുന്നു.

റെയിൽവേ ട്രാക്കും ഭീമന്റെ വഴിയും 

ഒരു റെയിൽവേ ട്രാക്കിനടുത്തുള്ള വഴിത്തർക്കവും തുടർന്നുള്ള പ്രശ്നങ്ങളും ഏറ്റവും രസകരമായി അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ. ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയും കുഞ്ചാക്കോ ബോബന്റെ രസികൻ കഥാപാത്രവുമാണ്  ഹൈലൈറ്റ്‌.

കോട്ടും സ്യൂട്ടുമില്ല, നാട്ടിൻപുറത്തുകാരൻ    

എന്റെ സംസാരവും ലുക്കും കാരണമായിരിക്കാം കൂടുതലും എൻആർഐ കഥാപാത്രങ്ങളാണ്‌ ലഭിക്കാറ്‌. ആദ്യമായാണ്‌  നാട്ടിൻപുറത്തുകാരന്റെ വേഷത്തിൽ.  കള്ളിമുണ്ടുടുത്ത്‌ സ്വർണമാലയിട്ട്‌  നടക്കുന്ന കഥാപാത്രം. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത, ഇഷ്ടംപോലെ പൈസ കൈയിലുള്ള,  വഴിയിലൂടെ പോകുന്ന ആളുകളെ അത്യാവശ്യം വെറുപ്പിക്കുന്ന  നാട്ടിൻപുറത്തുകാരൻ. സ്ഥിരം റോളുകളിൽ നിന്നും മാറാൻ അവസരം കിട്ടുന്നതിൽ  സന്തോഷമുണ്ട്. ഇനിയും വ്യത്യസ്‌തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം.  

കുറ്റിപ്പുറവും ഭാരതപ്പുഴയും 

സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടാൻ പോകുന്നത് ലൊക്കേഷൻ ആയിരിക്കും. കുറ്റിപ്പുറത്തിനടുത്ത്‌ പേരശ്ശന്നൂർ എന്ന  ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചത്‌.  ഭാരതപ്പുഴ, ഇടയിലൊരു അമ്പലം, റെയിൽവേ ട്രാക്ക്, ഇതാണ്‌ ലൊക്കേഷൻ.  ഒരു വീടിന്റെ ചെറിയ ഭാഗം ഒഴികെ ബാക്കി എല്ലാ കെട്ടിടങ്ങളും വഴിയുമടക്കം സെറ്റ് ഇട്ടതാണ്.  

ഏറ്റവുമിഷ്ടം ഐവാനെ

ഇതുവരെ ചെയ്‌തതിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഇയ്യോബിന്റെ പുസ്‌തകത്തിലെ ഐവാൻആണ്.  നൂറു ശതമാനം നെഗറ്റീവ് കഥാപാത്രം. പഴയ ജന്മിമാരുടെയും കൊള്ളക്കാരുടെയും സ്വഭാവവും ലുക്കും കൃത്യമായി ഐവാന് ഉണ്ടായിരുന്നു. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രവുമാണ്.

ഭീഷ്‌മപർവത്തിൽ മമ്മൂട്ടിയോടൊപ്പം

വരാനിരിക്കുന്ന ചിത്രം അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ഭീഷ്‌മപർവമാണ്. മമ്മൂട്ടിയുടെ സഹോദരന്റെ വേഷം. സൗബിനും ശ്രീനാഥ് ഭാസിയുമെല്ലാമുണ്ട്‌. ഷൂട്ടിങ്‌ പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top