15 December Monday

ഇനിയുണ്ടാവുമോ വേഷപ്പകർച്ചകളുടെ ആ അശോകകാലം! മലയാളത്തിന്റെ പ്രിയ നടൻ അശോകനുമായി വി കെ ജോബിഷിന്റെ അഭിമുഖം

അശോകൻ /വി കെ ജോബിഷ്Updated: Thursday Sep 28, 2023

അശോകൻ-ഫോട്ടോ: തുളസി ഷൊർണ്ണൂർ

തിരുവനന്തപുരത്ത് നികുഞ്ജം ഹോട്ടലിൽ അഭിമുഖത്തിനായി പോയി. അവിടെച്ചെന്നപ്പോൾ അക്കാലത്തെ സിനിമകളിൽക്കാണുന്നപോലുള്ള നൂറുകണക്കിന് സുന്ദരന്മാരായ കുട്ടികൾ. അവരെക്കണ്ടതും എന്റെ രൂപമോർത്ത് എനിക്ക് ചമ്മലായി. മാത്രമല്ല എനിക്കിതൊരുകാലവും കിട്ടാൻ പോകുന്നില്ലെന്നും ഞാൻ ഉറപ്പിച്ചു.

കൗമാരം വിട്ടൊഴിയുന്നതിനു മുമ്പ് സിനിമയെന്ന പെരുവഴിയമ്പലത്തിലേക്കാണ് അയാൾ കയറിവന്നത്. വന്നകാലം മുതൽ ആ വഴിയമ്പലം അയാളെ ആഘോഷിച്ചു തുടങ്ങി. നാൽപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് വാണിയം കുഞ്ചുവിന്റെ മകൻ രാമനായി പകർന്നാടിത്തുടങ്ങിയ അശോകൻ എന്ന ഈ നടൻ, മലയാള സിനിമയുടെ മേൽവിലാസം മാറ്റിപ്പണിത സംവിധായകരിലൊരാളായ പത്മരാജനിൽത്തുടങ്ങി ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ള ചലച്ചിത്രകാരന്മാരുടെ പണിപ്പുരയിലുണ്ടായിട്ടുണ്ട്. ഒരു നടന് കിട്ടാവുന്ന ഏറ്റവും നല്ല വേഷപ്പകർച്ചകളായിരുന്നു അശോകന്റെ തുടക്കങ്ങളിലുണ്ടായത്. അപൂർവ്വവും അസാധാരണവുമെന്ന് പിൽക്കാലം വിളിച്ച ആ സൗന്ദര്യാനുഭൂതികളാണ് യഥാർഥത്തിൽ അശോകകാലം.

ലോകസിനിമ മലയാളത്തെ ചേർത്തു നിർത്തിയ പെരുവഴിയമ്പലവും, യവനികയും, ഒരിടത്തൊരു ഫയൽവാനും, അനന്തരവുമൊക്കെ ചലച്ചിത്രസൗന്ദര്യത്തിന്റെയും അശോകനടനത്തിന്റേയും ഉന്നതികളായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്, മോഹൻ, ഭരതൻ, പത്മരാജൻ തുടങ്ങിയ സംവിധായകർക്കൊപ്പമുള്ള സംഗമങ്ങളെല്ലാം പ്രസിദ്ധമായിരുന്നു. തിരിഞ്ഞു നോക്കിയാൽ മലയാള സിനിമ അതിന്റെ പതിവുകാഴ്ചകളെ ഭേദിച്ച ചിത്രപഥങ്ങളെല്ലാം അശോകന്റേതുകൂടിയായിരുന്നു.

കെ ജി ജോർജ്

കെ ജി ജോർജ്

അങ്ങനെ എൺപതുകളിൽ മികച്ച കഥാപാത്രങ്ങൾക്ക് ഉയിരു നൽകി അശോകൻ വളരുമ്പോൾ മലയാള സിനിമയും  വളരുകയായിരുന്നു. പക്ഷേ അധികകാലം നമ്മുടെ സിനിമയ്ക്ക്   മഹിതചൈതന്യത്തിന്റെ ആ തുടർച്ചകളുണ്ടായില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ വളർച്ചയുടെ വഴി മറ്റൊരു പാതയിലൂടെയായി. മലയാളസിനിമയിലെ ഭൂരിപക്ഷവും അതിന്റെ ഉന്നം മറന്ന്, തെന്നിപ്പറന്ന് വെറുതേ കോലം കെട്ടി ആവർത്തിച്ച പുതിയൊരു കാലത്തിന് തുടക്കം കുറിച്ചു. മിമിക്രി കളിച്ചും തമ്പുരാനാടിയും അധോലോകങ്ങളവതരിപ്പിച്ചും തുടർന്ന സ്വപ്നജീവിതങ്ങൾ. ആ കാഴ്ചയിൽ ജഡത്വമുപേക്ഷിച്ചുയിർ പാകിയത് അപൂർവ്വങ്ങൾ.

അഭിനേതാക്കളുടെ ഉടലുമാത്മാവുമൊക്കെ ക്ലീഷേകളിലഭിരമിച്ച ഉത്സവങ്ങളുടെ ചലച്ചിത്രവത്സരങ്ങൾ! ഇന്നിപ്പോൾ വലിയ അഭിനേതാക്കളായി നിറഞ്ഞുനിൽക്കുന്ന ഇന്ദ്രൻസും സലിംകുമാറും ജാഫർ ഇടുക്കിയും സുരാജ് വെഞ്ഞാറമൂടുമൊക്കെ കൊമേഡിയൻമാർ മാത്രമായി ആടിയ കാലം. ഒരഭിനേതാവിനെയും ഒരുള്ളുരുക്കത്തിനും പ്രേരിപ്പിക്കാത്ത കോടി ക്ലബ്ബുകളെ ലക്ഷ്യമാക്കി മാത്രം ഫ്ലക്സുകളിലെഴുതപ്പെട്ട തിരക്കഥകളുടെ ആ കാലത്ത് പലയിടങ്ങളിലായി അശോകനുമുണ്ടായിരുന്നു. പക്ഷെ പഴയപോലെ അശോകൻ എന്ന നടന് അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

പിന്നീട് നാമയാളെ വർഷങ്ങളോളം മലയാള സിനിമയിൽ കാണുകയുണ്ടായില്ല. എന്നാൽ സിനിമ പഴയ പ്രതീക്ഷ പോലെ പിന്നെയും മാറിത്തുടങ്ങി. ആ സ്വപ്നലോകത്തുനിന്ന് മലയാള സിനിമ ഇന്നീക്കാണുന്ന പുതിയ ഋതുവിലേക്ക് വരാനെടുത്ത ഒരു സമയമുണ്ട്. കമേഴ്സ്യൽ സിനിമകൾപോലും ഫെസ്റ്റിവൽ സിനിമകളായിത്തീരുന്ന ഒരു പുതിയ സമയം. ആ സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു പലരും.

അതിൽ അശോകനുമുണ്ട്. ഇപ്പോൾ അശോകനോട് സംസാരിക്കുമ്പോൾ ഇക്കാലമത്രയും താൻ മറഞ്ഞുനിന്നത് പഴയപോലെ മധുരമുള്ള ആ സിനിമാവിളികൾക്കായിരുന്നു എന്നു തോന്നും. കഴിഞ്ഞ വർഷമിറങ്ങിയ ‘നൻപകൽ നേരത്ത് മയക്ക’വും, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’വൊക്കെ അശോകനർഹിക്കുന്ന സിനിമകൂടിയാണ്. നല്ല സിനിമകളുടെ ഈ തുടർച്ച അശോകന്റേതു കൂടിയാകട്ടെ. സച്ചിദാനന്ദൻ മാഷ് ‘കയറ്റം’ എന്ന കവിതയിൽ എഴുതിയ പോലെ,

'ഇനിയുമക്കാലം വരില്ലേ?
തളിരുപോലുള്ളൊരാപ്പഴയ ശബ്ദത്തിൽ നീ‐
യൊരുവട്ടമെന്നെ വിളിക്കൂ’

എന്ന്. പഴയപോലുള്ള ആ പുതിയ വിളികളുണ്ടെങ്കിൽ തന്റെ നടനത്തെ ഏറ്റവും ഭാവസാന്ദ്രോജ്വലമായി ആവിഷ്കരിക്കാൻ അശോകൻ ഇവിടെയുണ്ട്.

വി കെ ജോബിഷും അശോകനും

വി കെ ജോബിഷും അശോകനും

? മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പത്മരാജന്റെ പെരുവഴിയമ്പലത്തിൽത്തുടങ്ങി അടൂർ, കെ ജി ജോർജ്, ഭരതൻ, മോഹൻ തുടങ്ങി ഇങ്ങേയറ്റത്ത് ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ളവരുടെ സിനിമകളിൽ പകർന്നാടിയ അനേക കഥാപാത്രങ്ങൾ. സിനിമകൾ. ഒരു നടനെ സംബന്ധിച്ച് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണിത്. നമുക്ക് ഈ നാൽപ്പത്തഞ്ച് വർഷങ്ങളിൽ നിന്ന് തുടങ്ങാം.

= സിനിമയിൽ ഞാൻ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണ്. ഒരു സിനിമാനടനാവുക എന്നതായിരുന്നില്ല ചെറുപ്പം മുതലുള്ള എന്റെ ആഗ്രഹം. പക്ഷേ എനിക്ക്‌ സിനിമയിൽ വരണം എന്ന് തന്നെയായിരുന്നു  ; നടനായിട്ടല്ല, പാട്ടുകാരൻ ആയിട്ട്‌.  കാരണം അടിസ്ഥാനപരമായി ഞാൻ ഒരു ഗായകനായിരുന്നു. എന്നാൽ ആ ഗായകനെ ഇതിനിടയിൽ ഉയർത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന്റെ സങ്കടമുണ്ട്. ഒപ്പം നടനെന്ന നിലയിൽ ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷവുമുണ്ട്. എന്റെ ഭാഗ്യം കൊണ്ടുകൂടിയാണ് വലിയ സംവിധായകന്മാരുടെ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത്.

? പെരുവഴിയമ്പലം എന്നാൽ അപ്രതീക്ഷിതമായി ഒരാൾ എത്തിച്ചേരുന്ന ഇടം കൂടിയാണ്. എങ്ങനെയായിരുന്നു ആ എത്തിച്ചേരൽ.

അപ്രതീക്ഷിതം തന്നെയായിരുന്നു. ചെറുപ്പം മുതൽ സിനിമകൾ ധാരാളമായി കാണാറുണ്ടായിരുന്നെങ്കിലും സിനിമയെക്കുറിച്ച് എനിക്ക് കാര്യമായി അറിവൊന്നുമുണ്ടായിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് 15നും 18നും വയസ്സിനിടയിലുള്ള കുട്ടികളെ സിനിമയിൽ ആവശ്യമുണ്ട് എന്ന ഒരു പത്രപരസ്യം ശ്രദ്ധയിൽപ്പെട്ടത്. അതുകണ്ട് ഏട്ടൻ എന്റെയൊരു ഫോട്ടോയും അപേക്ഷയും അയച്ചുകൊടുത്തതാണ്. ഒരാഴ്ച കഴിഞ്ഞപ്പോൾ അതിന് മറുപടിയും വന്നു.

തുടർന്ന് തിരുവനന്തപുരത്ത് നികുഞ്ജം ഹോട്ടലിൽ അഭിമുഖത്തിനായി പോയി. അവിടെച്ചെന്നപ്പോൾ അക്കാലത്തെ സിനിമകളിൽക്കാണുന്നപോലുള്ള നൂറുകണക്കിന് സുന്ദരന്മാരായ കുട്ടികൾ. അവരെക്കണ്ടതും എന്റെ രൂപമോർത്ത് എനിക്ക് ചമ്മലായി. മാത്രമല്ല എനിക്കിതൊരുകാലവും കിട്ടാൻ പോകുന്നില്ലെന്നും ഞാൻ ഉറപ്പിച്ചു. അങ്ങനെയൊരു സ്ഥലത്ത് പെട്ടതിന്റെ കുറ്റബോധവും എന്റെയുള്ളിലുണ്ടായി. ആ അഭിമുഖത്തിന് ഏറ്റവും അവസാനം വിളിച്ചത് എന്നെയായിരുന്നു.

? അന്ന് ആ ഇന്റർവ്യൂ ബോർഡിൽ ആരൊക്കെയാണ് ഉണ്ടായിരുന്നത്

=  സംവിധായകൻ പത്മരാജൻ,നിർമാതാവ് പ്രേം പ്രകാശ്, സഹനിർമാതാവ് കുഞ്ചപ്പൻ, സംവിധായകരായ അജയൻ, ജോഷിമാത്യു, നടൻ കൃഷ്ണൻകുട്ടി നായർ.

? അവരെന്തായിരുന്നു ആദ്യം ചോദിച്ചതെന്നോർമയുണ്ടോ ?

= സിനിമയിൽ അഭിനയിക്കാൻ താല്പര്യമെന്താണെന്നു ചോദിച്ചു. അതു കഴിഞ്ഞപ്പോൾ സിനിമയിൽ അഭിനയിക്കുമ്പോൾ ഷൂട്ടിങ്‌ സ്ഥലത്ത് ഒരുപാടാളുകൾ ഉണ്ടാവുമെന്നും സഭാകമ്പമുണ്ടെങ്കില്‍ അഭിനയിക്കാൻ പറ്റില്ല എന്നും സൂചിപ്പിച്ചു. അതൊരു പ്രശ്നമല്ലെന്ന് ഞാൻ പറഞ്ഞു. യഥാർഥത്തിൽ അന്ന് വലിയ സഭാകമ്പമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. അഞ്ചുപേർ ഒരുമിച്ച് നിൽക്കുന്നൊരു സ്ഥലത്തുപോലും സഭാകമ്പം കാരണം ഞാനന്ന് പോകാറുണ്ടായിരുന്നില്ല.

ചോദ്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്ന് ഷർട്ട് അഴിക്കാൻ പറഞ്ഞു. ഞാൻ ഞെട്ടി!  അതോടെ എന്റെ എല്ലാ കോൺഫിഡൻസും പോയി.കാരണം മെലിഞ്ഞ് എല്ലും തോലുമായിരുന്നു എന്റെ ശരീരം.

ചോദ്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ എഴുന്നേറ്റു നിന്ന് ഷർട്ട് അഴിക്കാൻ പറഞ്ഞു. ഞാൻ ഞെട്ടി!  അതോടെ എന്റെ എല്ലാ കോൺഫിഡൻസും പോയി.കാരണം മെലിഞ്ഞ് എല്ലും തോലുമായിരുന്നു എന്റെ ശരീരം. അതുകണ്ടാൽ അവരെല്ലാവരും കൂടി എന്നെ കളിയാക്കിച്ചിരിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഒടുവിൽ എല്ലാം മറന്ന് ഷർട്ടഴിച്ച് ഞാൻ പരുങ്ങിനിന്നു. കുറച്ചുനേരം അവരെല്ലാവരും കൂടി ശരീരത്തിലേക്കു നോക്കി. ഇറങ്ങാൻ നേരം വൈകുന്നേരം ഒന്നുകൂടി കാണണമെന്ന് പത്മരാജൻ ചേട്ടൻ പറഞ്ഞു. അങ്ങനെ എനിക്കുമാത്രമായി വൈകുന്നേരം ഹോട്ടൽ പാരാമൗണ്ടിൽ വച്ച് പിന്നെയുമൊരു കൂടിക്കാഴ്ച. അപ്പോഴേക്കും ഏകദേശം പെരുവഴിയമ്പലത്തിലെ രാമൻ എന്ന ക്യാരക്ടറായി അവരെന്നെ ഫിക്സ് ചെയ്തു കഴിഞ്ഞിരുന്നു.

അശോകനും അടൂരും അനന്തരത്തിന്റെ  ഷൂട്ടിങിൽ

അശോകനും അടൂരും അനന്തരത്തിന്റെ ഷൂട്ടിങിൽ

അവർക്ക് ആ കഥാപാത്രത്തിനാവശ്യം എന്റെ മെലിഞ്ഞ രൂപമായിരുന്നു. പിന്നീട്  പഠനകാര്യങ്ങളൊക്കെ സംസാരിച്ചു. ഞാനന്ന് പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പായിരുന്നു. സിനിമയിൽ വന്നാൽ പരീക്ഷയും ക്ലാസുമൊക്കെ നഷ്ടപ്പെടുമെന്നും അതുകൊണ്ട് ഒന്നുകൂടി ആലോചിച്ചോളാൻ പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്ന് ഞാൻ മറുപടിയിട്ടു.

പിന്നെ സ്പോർട്സിൽ താല്പര്യമുണ്ടോ എന്നായി. ഇല്ലെന്ന് ഞാൻ പറഞ്ഞു. എന്തുകൊണ്ടാണങ്ങനെ എന്ന് ചോദിച്ചു. അതോടെയാണ്  കഥ മാറുന്നത്. കുട്ടിക്കാലത്ത് എനിക്ക്  റുമാറ്റിക് ഫീവർ എന്ന ഒരു പ്രത്യേക അസുഖം വന്നിരുന്നെന്നും എല്ലുകൾക്കിടയിലെ ജോയിന്റിനുള്ളിൽ നിന്നുമുണ്ടാകുന്ന വലിയ വേദന കാരണം ഓട്ടവും ചാട്ടവും ഒന്നും പതിവില്ലെന്നും, അങ്ങനെ ചെയ്താൽ അത് ഹാർട്ടിനെ ബാധിക്കുമെന്നുമൊക്കെ ഞാൻ പറഞ്ഞുതുടങ്ങി. ഇതു കേട്ടതോടെ പത്മരാജനും സുഹൃത്തുക്കളും കുറച്ചുനേരം നിശ്ശബ്ദരായി. ഇതത്ര നിസ്സാരമായ അസുഖമല്ലല്ലോ എന്നും മകൻ അനന്തപത്മനാഭന് ഇതേ അസുഖമുണ്ടെന്നും പത്മരാജൻ പറഞ്ഞു.

ഈ പടത്തിലാണെങ്കിൽ ഹെവി വർക്കാണ്. മാത്രമല്ല  നായകൻ മലകളും കുന്നുകളുമൊക്കെ ഓടിക്കയറുന്ന ദൃശ്യങ്ങളുമുണ്ട്. അദ്ദേഹം ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന സിനിമയായതുകൊണ്ട് റിസ്ക് എടുക്കാൻ പ്രയാസമുണ്ടെന്നും ഞങ്ങൾക്ക് ഒന്നുകൂടി ആലോചിക്കണമെന്നും സൂചിപ്പിച്ച് അവർ ഞങ്ങളെ തിരിച്ചയച്ചു. അങ്ങനെ ആ അഭിമുഖം എന്റെ നിഷ്കളങ്കമായ തുറന്നുപറച്ചിൽകൊണ്ട് പരാജയത്തിലവസാനിച്ചു. എനിക്കത് മാനസികമായി വലിയ ഷോക്കായി. കാരണം അവർ ഏകദേശം എന്നെ ഫിക്സ് ചെയ്തു കഴിഞ്ഞിടത്തുനിന്നാണ് രോഗത്തെക്കുറിച്ച് പറഞ്ഞ് ആ അവസരം ഞാൻ നഷ്ടപ്പെടുത്തിയത്.

? പിന്നീടെങ്ങനെയാണ് ആ സിനിമയിലേക്ക് വീണ്ടും അവസരം വന്നത് ?

= അന്ന് ആ അഭിമുഖവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എന്തിനായിരുന്നു ആ രോഗത്തെക്കുറിച്ച് സൂചിപ്പിച്ചതെന്ന് ചോദിച്ച് വീട്ടുകാർ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. എനിക്കാകെ സങ്കടമായി. കൈവന്ന ഭാഗ്യം കളഞ്ഞുപോയതുപോലെ തോന്നി. അപ്പോഴേക്കും എനിക്ക് പകരം വേറെ സെലക്‌ഷൻ നടന്നിരുന്ന കാര്യം  ഞാനറിഞ്ഞു.

യഥാർഥത്തിൽ ഞങ്ങളുടെ വീടിനടുത്താണ് പത്മരാജൻ ചേട്ടന്റെ വീട്. അദ്ദേഹം ഞങ്ങളുടെ അകന്ന ബന്ധുകൂടിയാണ്.

യഥാർഥത്തിൽ ഞങ്ങളുടെ വീടിനടുത്താണ് പത്മരാജൻ ചേട്ടന്റെ വീട്. അദ്ദേഹം ഞങ്ങളുടെ അകന്ന ബന്ധുകൂടിയാണ്. പക്ഷേ അദ്ദേഹത്തിന് എന്നെയൊന്നും അറിയില്ലായിരുന്നു.

അങ്ങനെയിരിക്കെ ആ വർഷത്തെ ഓണത്തിന് അദ്ദേഹം വീട്ടിൽ വന്നത് ഞാനറിഞ്ഞു. ഉടൻതന്നെ ഒരു സൈക്കിളുമെടുത്ത് ഞാൻ അദ്ദേഹത്തെക്കാണാൻ പോയി. അദ്ദേഹമപ്പോൾ കോലായയിൽ ഇരിക്കുകയായിരുന്നു. ഞാൻ വന്നതിന്റെ ഉദ്ദേശ്യം അറിയിച്ചു.'എന്റെ കാര്യം പരിഗണനയിൽ ഉണ്ടാവണം. അത് ഓർമിപ്പിക്കാൻ വന്നതാണ്’  ‐ ഞാൻ പറഞ്ഞു. 'അതിന് തനിക്ക് അസുഖമല്ലേ, എന്തു ചെയ്യാൻ പറ്റും’ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

എനിക്കൊരു കുഴപ്പവുമില്ല. വേണമെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നൊക്കെ ഞാൻ പറഞ്ഞുനോക്കി. ഇറങ്ങാൻ നോക്കുമ്പോൾ ഉം...നോക്കട്ടെ എന്നദ്ദേഹം പറഞ്ഞത് ചെറിയ ആശ്വാസമുണ്ടാക്കിയെങ്കിലും സങ്കടം തന്നെ ബാക്കിയായി. പിന്നെയൊരു മൂന്നാഴ്ച കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി എനിക്ക് ഒരു ട്രങ്ക് കോൾ വന്നു. പ്രൊഡക്‌ഷൻ മാനേജർ പിള്ള എന്നൊരാൾ സംവിധായകൻ പത്മരാജൻ സാർ പറഞ്ഞിട്ട് വിളിക്കുന്നതാണെന്നറിയിച്ചു.

ഉടൻതന്നെ  തിരുവനന്തപുരത്ത് അമൃത ഹോട്ടലിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. അതറിഞ്ഞപ്പോൾ മനസ്സിൽ ഉത്സവപ്രതീതിയായി. അങ്ങനെ ഞാനും ചേട്ടനും കൂടി വീണ്ടും തിരുവനന്തപുരത്തെത്തി. അവിടെ പത്മരാജൻ ചേട്ടനെ വീണ്ടും കണ്ടു. ഒടുവിൽ എന്നെത്തന്നെ സെലക്ട് ചെയ്തിരിക്കുന്നു എന്നദ്ദേഹം അറിയിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ നെയ്യാർ ഡാമിനടുത്തും ബാലരാമപുരത്തുമൊക്കെയായി എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ്‌ ആരംഭിച്ചു.

? അന്ന് ആദ്യ ഷോട്ട് ഭരത് ഗോപിയുമായി ചേർന്നായിരുന്നു എന്ന് കേട്ടിരുന്നു?

ഭരത് ഗോപി

ഭരത് ഗോപി

= അതെ. പടത്തിന്റെ പൂജയ്ക്കുശേഷം ആദ്യ ഷോട്ടെടുക്കുന്നത് ഒരു സന്ധ്യ കഴിഞ്ഞിട്ടായിരുന്നു. നാട്ടിലൊരു കൊലപാതകവും നടത്തിവരുന്ന എന്നെ ഗോപിച്ചേട്ടൻ ചെയ്ത കഥാപാത്രം ഒരു കടയിലേക്ക് കൊണ്ടുവരുന്ന ഷോട്ട്. ധാരാളം സിനിമകൾ കാണുന്നു എന്നല്ലാതെ സിനിമയെക്കുറിച്ച് ഒരു കാര്യവും അന്നെനിക്കറിയില്ലായിരുന്നു. സംവിധായകൻ ‘കട്ട് ' എന്നു പറയുന്നതൊക്കെ കേട്ട് ആദ്യം ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കുമായിരുന്നു. എന്റെ വിചാരം ഞാൻ ചെയ്യുന്നതൊന്നും ശരിയാവുന്നില്ല എന്നായിരുന്നു. പിന്നീടാണ് കട്ട് എന്ന വാക്കിന്റെ അർഥം പോലും എനിക്ക് മനസ്സിലായത്. ഗോപിച്ചേട്ടനൊക്കെ വളരെ സൗഹൃദത്തിലാണ് ഇടപെട്ടത്.

? പിന്നെ, സിനിമയുടെ ഭാഷ എനിക്ക് വഴങ്ങുന്നുണ്ട് എന്നും ഞാൻ ചെയ്യുന്നതെല്ലാം ശരിയാണ് എന്നുമുള്ള തോന്നൽ എവിടം മുതലാണ് ഉണ്ടായത് ?

= ആ സിനിമയ്ക്കകത്ത് എന്റേതായ കോൺട്രിബ്യൂഷൻസ് വല്ലതും ഉണ്ടായിരുന്നോയെന്ന് എനിക്ക് സംശയമാണ്. കാരണം സ്കൂളിൽ ഒന്നുരണ്ടു നാടകത്തിലുണ്ടായിരുന്നു എന്നല്ലാതെ അഭിനയത്തെക്കുറിച്ച് എനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു.

വാണിയം കുഞ്ചുവിന്റെ മകൻ രാമൻ എന്ന കഥാപാത്രത്തിന് എന്റെ രൂപവും ഭാവവും കൃത്യമാണ് എന്ന വിചാരത്തിൽ ചെയ്യിച്ചതുകൊണ്ട് സംവിധായകനായ പത്മരാജനുതന്നെയാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും.

ചില സംവിധായകർക്ക് നമ്മളുടെ ഈ രൂപം മാത്രം മതിയാകും. പെരുവഴിയമ്പലത്തിൽ ഒരു ഷോട്ടുപോലും വീണ്ടും ചെയ്യാമെന്ന് ഞാൻ പറഞ്ഞിരുന്നില്ല. എല്ലാം സംവിധായകന്റെ തീരുമാനമായിരുന്നു. പിന്നീട് ഒരു പ്രൊഫഷന്റെ ഭാഗമായി നമ്മൾ നടന്റെ കൂടി കോൺട്രിബ്യൂഷൻസ് തിരിച്ചറിയുകയാണുണ്ടായത്.

? ‘പെരുവഴിയമ്പലം ' അന്നത്തെ ചില പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിലൊക്കെ പ്രദർശിപ്പിക്കുന്നു, പലർക്കും പല അംഗീകാരങ്ങൾ ലഭിക്കുന്നു. പക്ഷെ പ്രധാന കഥാപാത്രം ചെയ്ത താങ്കൾക്ക് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല.

=  അതെ. ആ വർഷത്തെ ദേശീയ പുരസ്കാരത്തിന് അവസാനഘട്ടം വരെ എന്നെ പരിഗണിച്ചതാണ്. നിർഭാഗ്യംകൊണ്ട് അത് കൈവിട്ടുപോയി. അന്നുമാത്രമല്ല എനിക്കിന്നുവരെ വലിയൊരവാർഡും കിട്ടിയിട്ടില്ല. അഭിനയം കൊണ്ടല്ല പ്രായംകൊണ്ടാണ് അന്നെനിക്ക് ദേശീയ അവാർഡ് നഷ്ടപ്പെട്ടത്. പെരുവഴിയമ്പലത്തിലഭിനയിക്കുമ്പോൾ എനിക്ക് 18 വയസ് പ്രായമുണ്ടായിരുന്നില്ല. അതുകൊണ്ട് ബാലനടനായി പരിഗണിക്കേണ്ടിവരുമെന്ന അഭിപ്രായമായിരുന്നു ജൂറിക്ക്.

എന്നാൽ ആ കഥാപാത്രം അങ്ങനെയൊരു ബാലനുമല്ല. അവസാനം  അവാർഡേ വേണ്ടെന്ന് ജൂറിമാർ തീരുമാനിച്ചു! ഇതിനാണ് നിർഭാഗ്യമെന്നു പറയുന്നത്.

? ആദ്യ സിനിമ, താങ്കൾ പറഞ്ഞതുപോലെ  കഥാപാത്രത്തിന് രൂപപരമായ സാദൃശ്യമുള്ളതുകൊണ്ട് കിട്ടിയ അവസരമാണ്. എന്നാൽ രണ്ടാമതൊരു സിനിമ കിട്ടുക എന്നുള്ളത് ഒരു നടന്റെ ഗ്രാഫിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

‘ഒരിടത്തൊരു ഫയൽവാനി’ൽ    അേശാകൻ

‘ഒരിടത്തൊരു ഫയൽവാനി’ൽ അേശാകൻ

= തീർച്ചയായും. അന്നത്തെ രൂപംവെച്ച് ഒരു കമേഴ്സ്യൽ സിനിമയിലേക്ക് ആരെങ്കിലും വിളിക്കും എന്ന ഒരു പ്രതീക്ഷയും എനിക്കുണ്ടായിരുന്നില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ അക്കാലത്ത് ഞാൻതന്നെ  കൈയടിക്കാറുള്ളത് കമേഴ്സ്യൽ സിനിമകൾക്കു മാത്രമാണ്. അതിലൊന്നും എന്നെപ്പോലൊരാൾ ഹീറോ യോ ഒരു സഹനടനോ പോലുമല്ല. അല്ലെങ്കിലും എന്ത് കണ്ടിട്ടാണ് എന്നെ വിളിക്കേണ്ടത് എന്ന് ഞാൻതന്നെ പലവട്ടം ആലോചിച്ചിട്ടുണ്ട്.

എന്നാൽ രണ്ടാമത്തെ സിനിമയ്ക്കും പത്മരാജൻ ചേട്ടൻ തന്നെ രക്ഷകനായി. അദ്ദേഹത്തിന്റെതന്നെ ‘ഒരിടത്തൊരു ഫയൽവാൻ ' എന്ന ചിത്രം. അതൊരു ഭാഗ്യമായിരുന്നു. അതിലൊരു ചെറിയ റോളായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പക്ഷേ ആ സിനിമയിൽ സെക്കൻഡ് റോളായി ചെയ്യേണ്ട ആൾ എന്തോ കാരണവശാൽ വന്നില്ല. അങ്ങനെ ആ കഥാപാത്രം എനിക്ക് കിട്ടുകയായിരുന്നു.

? എപ്പോഴും പകരക്കാരനായി പരിഗണിക്കപ്പെട്ടിട്ടാണ് താങ്കൾക്ക് പ്രധാന കഥാപാത്രങ്ങളൊക്കെ ചെയ്യാൻ അവസരം കിട്ടിയതെന്ന് കേട്ടിട്ടുണ്ട്.

= അതെ. ഒരിടത്തൊരു ഫയൽവാനിൽ തലേദിവസമാണ് കഥാപാത്രം മാറുന്നത്. അതെനിക്കുകിട്ടിയ വലിയ അവസരമായിരുന്നു. പക്ഷെ ആ പടമൊന്നും സാമ്പത്തികമായി വിജയമായിരുന്നില്ല. ഒരു ജനപ്രിയസിനിമയുടെ ചേരുവകളൊന്നും അത്തരം സിനിമകളിൽ ഉണ്ടായിരുന്നില്ല. ആ സിനിമ പല പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിലൊക്കെ കളിച്ചിരുന്നു. മൂന്നാമത്തെ സിനിമയും പത്മരാജൻ വഴിതന്നെയാണ് എന്നിലേക്കെത്തിയത്.

കെ ജി ജോർജ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ യവനിക. അതിൽ ഭരത്‌ ഗോപിയുടെ മകനായി അഭിനയിക്കാൻ ഒരു കഥാപാത്രത്തെ അന്വേഷിക്കുന്നതിനിടയിലാണ് പത്മരാജൻ അവരോട് എന്റെ പേര് പറഞ്ഞത്. യവനിക സൂപ്പർ ഹിറ്റായിരുന്നു.

യവനികയിൽ മമ്മൂട്ടിയും അശോകനും

യവനികയിൽ മമ്മൂട്ടിയും അശോകനും

    ആ സിനിമയിലഭിനയിക്കുമ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു, ഞാൻ വലിയ ഭാഗ്യവാനാണെന്ന്. ചെറിയ പ്രായത്തിൽത്തന്നെ പത്മരാജൻ, കെജി ജോർജ്, മോഹൻ തുടങ്ങിയവരുടെ സിനിമകളിലൊക്കെ അഭിനയിക്കുക എന്നുള്ളത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മോഹൻ സംവിധാനം ചെയ്ത ഇടവേളയായിരുന്നു അടുത്തത്. അതിന്റെ സ്ക്രിപ്റ്റ് പത്മരാജനായിരുന്നു. അതിലേക്കുള്ള അവസരവും പത്മരാജൻ വഴി തന്നെ.

അതിൽ ആദ്യമെന്നോട് പറഞ്ഞ കഥാപാത്രമായിരുന്നില്ല പിന്നീട് ചെയ്തത്. ആദ്യം പറഞ്ഞതൊരു ചെറിയ വേഷമായിരുന്നു. എന്നാൽ അവിടെച്ചെന്നപ്പോൾ പിന്നെയും ഭാഗ്യമെന്നെ തുണച്ചു.

യവനികയിൽ അശോകൻ

യവനികയിൽ അശോകൻ

ഒന്നുരണ്ടുദിവസം മറ്റൊരാൾ ചെയ്ത കഥാപാത്രം സംവിധായകന്റെ അസംതൃപ്തി കൊണ്ട് മാറ്റി. ഇടവേളയിലെ എന്റെ കഥാപാത്രത്തിന് ഏറെ ശ്രദ്ധ കിട്ടി. 1986 മുതലാണ് ഞാൻ തിരക്കുള്ള ഒരു സിനിമാനടനായി മാറുന്നത്.

? മലയാള സിനിമയ്ക്ക് ലോകസിനിമാഭൂപടത്തിൽ മേൽവിലാസമുണ്ടാക്കിയ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലും താങ്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഒരേസമയം വിമർശനവും പരിഗണനയുമേറ്റുവാങ്ങിയ അദ്ദേഹത്തിന്റെ  ‘മുഖാമുഖം ' എന്ന സിനിമയാണ് ആദ്യം ചെയ്തതെന്നാണോർമ.

= അഭിനയിച്ചത് മുഖാമുഖത്തിലാണെങ്കിലും അതിനുമുമ്പേതന്നെ അദ്ദേഹത്തിന്റെ എലിപ്പത്തായം എന്ന സിനിമയുടെ ഭാഗമായിരുന്നു ഞാൻ. അടൂർ ആദ്യമായി എന്നെ വിളിച്ചത് ആ സിനിമയിൽ ഡബ്ബ് ചെയ്യാൻ വേണ്ടിയിട്ടാണ്. അത് അധികമാർക്കും അറിയില്ല.

എലിപ്പത്തായത്തിൽ കരമന ജനാർദ്ദനൻ നായർ ചെയ്ത കഥാപാത്രത്തിന്റെ അനന്തിരവൻ പയ്യന്റെ ശബ്ദം എന്റേതായിരുന്നു. എന്നാൽ മുഖാമുഖം എന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്റെ ശബ്ദമല്ല അദ്ദേഹം ഉപയോഗിച്ചതെന്നതാണ്  മറ്റൊരു രസം! സത്യം പറഞ്ഞാൽ സിനിമ പുറത്തിറങ്ങിയപ്പോൾ ആ ശബ്ദം എനിക്ക് ഇഷ്ടമായില്ല. എന്നാൽ വേറൊരാൾക്ക് അങ്ങനെ തോന്നണമെന്നില്ല.

മുഖാമുഖം എന്ന സിനിമയിൽ നേതാവിനോട് ആത്മാർഥത പുലർത്തുന്ന സുധാകരൻ എന്ന അണിയായിട്ടായിരുന്നു എന്റെ വേഷം. ശാസ്താംകോട്ടയിൽ വച്ചായിരുന്നു മുഖാമുഖത്തിന്റെ ആദ്യ ഷോട്ടെടുത്തത്.

ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ എന്നെ പൊരിവെയിലത്ത് അങ്ങോട്ടുമിങ്ങോട്ടുമോടിക്കുകയും മുഖം കരുവാളിക്കുന്നതുവരെ സൂര്യനഭിമുഖമായി നിർത്തുകയും ചെയ്തു. കുറെ സമയം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു 'ഇപ്പോൾ എന്റെ കഥാപാത്രമായി’ എന്ന്! അതാണ് അടൂർ.

ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ എന്നെ പൊരിവെയിലത്ത് അങ്ങോട്ടുമിങ്ങോട്ടുമോടിക്കുകയും മുഖം കരുവാളിക്കുന്നതുവരെ സൂര്യനഭിമുഖമായി നിർത്തുകയും ചെയ്തു. കുറെ സമയം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു 'ഇപ്പോൾ എന്റെ കഥാപാത്രമായി’ എന്ന്! അതാണ് അടൂർ. അതിന്റെ ഗുണം ആ സിനിമ വന്നപ്പോൾ എനിക്ക് കാണാനായി.

? കഥാകഥനത്തിന്റെ സാമ്പ്രദായിക ശൈലികള്‍ ഉടച്ചുവാര്‍ത്ത എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിലൊന്നായിരുന്നു അടൂരിന്റെതന്നെ  ‘അനന്തരം '. സങ്കീർണ വ്യക്തിത്വത്തിനുടമയായ അജയൻ എന്ന മനുഷ്യന്റെ കഥ പറഞ്ഞ ഈ സിനിമ അശോകനിലെ നടന് എക്കാലവും ആഹ്ലാദിക്കാവുന്ന സിനിമ കൂടിയാണ്.

അനന്തരത്തിൽ  അശോകൻ

അനന്തരത്തിൽ അശോകൻ

= തീർച്ചയായും. അനന്തരം എന്ന സിനിമയിലഭിനയിച്ചത് ഇത്തിരി കഷ്ടപ്പാടോടുകൂടിയായിരുന്നു. അനന്തരത്തിൽ വിളിച്ചപ്പോൾ അദ്ദേഹം ആദ്യമെന്നോട് പറഞ്ഞത് ഈ കാണുന്ന രൂപമല്ല എനിയ്‌ക്കുവേണ്ടത് എന്നാണ്. നന്നായി ക്ഷീണിച്ചിരിക്കണം എന്നാണ്. ഞാനാണെങ്കിൽ ആ സമയം മെലിഞ്ഞ ഒരു രൂപത്തിൽനിന്ന് കഷ്ടപ്പെട്ട് ആരോഗ്യം നന്നാക്കിയെടുക്കുന്ന കാലമായിരുന്നു.

പിന്നീട് ഒരു ഡോക്ടറെപ്പോലെ അദ്ദേഹം എനിക്കായുള്ള ഭക്ഷണം നിർദ്ദേശിച്ചു. ചോറും മറ്റു ഭക്ഷണപദാർഥങ്ങളും ഉപേക്ഷിച്ച് തൂക്കം കുറച്ചാൽ മാത്രമേ കഥാപാത്രം വഴങ്ങുകയുള്ളൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. അതൊക്കെ കേട്ടപ്പോൾ എനിക്ക് വലിയ ആശങ്കയായി. കാരണം അക്കാലത്ത് ഞാനൊരു ആഹാരപ്രിയനാണ്.

ഒടുവിൽ കഥാപാത്രത്തിനു വേണ്ടി ദിനചര്യകൾ മാറ്റി. ദിവസങ്ങളോളം ഇറച്ചിയും മീനും ചോറുമൊന്നും കഴിക്കാതെ ഞാനാകെ ക്ഷീണിച്ചുവന്നു. ആ സമയം ഞാൻ പ്രണാമം എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു.ഇതറിഞ്ഞ് അതിന്റെ സംവിധായകൻ ഭരതനും ക്യാമറമാൻ വേണുവുമൊക്കെ സെറ്റിൽവെച്ച് എന്നെ കളിയാക്കുമായിരുന്നു.

? സിനിമകളുടെ കാര്യത്തിൽ വലിയ ഭാഗ്യങ്ങളിലൂടെയുള്ള സഞ്ചാരവും പരിഗണനയുടെ കാര്യത്തിൽ നിർഭാഗ്യത്തിന്റെ വഴിയിലുമായിരുന്നു അശോകൻ എന്ന നടൻ. പെരുവഴിയമ്പലം പോലെ ‘അനന്തര’ത്തിലെ കഥാപാത്രത്തെയും ഒരു ജൂറിയും കണ്ടില്ല!

= തീർച്ചയായും. പെരുവഴിയമ്പലത്തിന് ദേശീയ അവാർഡ് നഷ്ടപ്പെട്ടെങ്കിൽ അനന്തരത്തിന് സംസ്ഥാന അവാർഡായിരുന്നു നഷ്ടപ്പെട്ടത്. ആ വർഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡിന് അനന്തരമുൾപ്പെടെ എന്റെ മൂന്നു പടങ്ങൾ പരിഗണിച്ചതാണ്. അനന്തരം, ജാലകം പൊന്ന്. അവാർഡ് പ്രഖ്യാപനത്തിന്റെ അവസാനനിമിഷം വരെ എന്റെ പേരായിരുന്നു മുന്നിൽ.

അനന്തരത്തിൽ മൂമ്മൂട്ടി,ബഹദൂർ,അശോകൻ എന്നിവർ

അനന്തരത്തിൽ മൂമ്മൂട്ടി,ബഹദൂർ,അശോകൻ എന്നിവർ

മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരാൾ എനിക്കാണ് അവാർഡ് എന്ന് വൈകുന്നേരം വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ രാത്രിയാകുമ്പോഴത്തേക്കും വാർത്ത മാറി. അത് മാറിയതല്ല. എന്നെ ഒരാൾ മാറ്റിയതാണ്. അതും എനിക്ക് അടുത്തു പരിചയമുള്ള ഒരു ജൂറി അംഗം.

? അവാർഡുകൾ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ സ്റ്റേറ്റിന്റെ ചരിത്രരേഖയിൽ ഉണ്ടാവുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്.

= തീർച്ചയായും. അന്നൊന്നും എനിക്ക് ഇതിനെക്കുറിച്ച് വലിയ വിഷമം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്രയും കാലം സിനിമയിൽ പ്രവർത്തിച്ചിട്ടും എനിക്ക് പേരിനെങ്കിലും അവാർഡോ അംഗീകാരമോ ലഭിച്ചിട്ടില്ലെന്നത് ഇപ്പോൾ സങ്കടം തോന്നുന്ന ഒരു കാര്യമാണ്.

? നല്ല സിനിമകളെന്ന് ലേബൽ ചെയ്യപ്പെട്ടതായിരുന്നു അശോകൻ അഭിനയിച്ച മിക്കവാറും സിനിമകൾ. അതേസമയം പിൽക്കാലത്ത് കമേഴ്സ്യൽ സിനിമകളിൽ ചില തട്ടുപൊളിപ്പൻ കഥാപാത്രങ്ങളായും പകർന്നാടിയിട്ടുണ്ട് താങ്കൾ. കമേഴ്സ്യൽ സിനിമയ്ക്കുകൂടി താൻ ആവശ്യമാണെന്ന് മറ്റുള്ളവർക്ക് തോന്നിയത് എപ്പോഴാണ്

= എന്നെപ്പോലൊരാളെ സിനിമയിൽ അഭിനയിപ്പിക്കുക എന്നതിന് ചങ്കൂറ്റം കാണിച്ച ഒരാളാണ് പത്മരാജൻ.

മൂന്നാംപക്കത്തിന്റെ ഷൂട്ടിംഗ്‌ വേളയിൽ അശോകൻ,റഹ്മാൻ തുടങ്ങിയവർ

മൂന്നാംപക്കത്തിന്റെ ഷൂട്ടിംഗ്‌ വേളയിൽ അശോകൻ,റഹ്മാൻ തുടങ്ങിയവർ

അതൊരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ഇത് കണ്ടിട്ട് തന്നെയാണ് കമേഴ്സ്യൽ സിനിമക്കാരും എന്നെ വിളിച്ച് തുടങ്ങിയത്. ജീവിക്കാൻ നമുക്ക് കമേഴ്സ്യൽ സിനിമ തന്നെ വേണം. എന്നാൽ അതിലൊക്കെ ചെയ്തതിൽ പലതും എനിക്കഭിനയമായി തോന്നിയിട്ടില്ല.

നല്ല സിനിമകൾ തന്നെയാണ്  ചരിത്രത്തിലുണ്ടാവുക എന്നുറപ്പാണ്. നല്ല സിനിമകളിലേക്കുള്ള എന്റെ വഴികൾ മുഴുവൻ   പത്മരാജൻ സിനിമകളിൽ ഞാൻ അഭിനയിച്ചു എന്ന കാരണം തന്നെയാണ്. അതുകൊണ്ട് പത്മരാജൻ എന്ന സംവിധായകന്റെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് എന്നെത്തന്നെയാണ്.

? അവശേഷിച്ചവരുടെ ആത്മാവിലും അടുത്ത തലമുറകളുടെ അനുഭൂതികളിലും പത്മരാജനുണ്ട്. അങ്ങനെയുള്ള അപൂർവ്വം എഴുത്തുകാരും സിനിമാക്കാരുമേ ലോകത്തിലുണ്ടായിട്ടുള്ളൂ.  ജീവിതം ഹ്രസ്വകാലമായിരുന്നെങ്കിലും സമ്പന്നമായ സർഗാത്മക ജീവിതം അദ്ദേഹം ജീവിച്ചു തീർത്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും അദ്ദേഹം മരണഭയം എപ്പോഴും കൂടെക്കൊണ്ടുനടന്നിരുന്നു  എന്ന് കേട്ടിട്ടുണ്ട്.

= ശരിയാണ്. പെരുവഴിയമ്പലം ചെയ്യുന്ന സമയത്തോ മറ്റോ ഞങ്ങളൊരിക്കൽ കാറിൽ പോകുമ്പോൾ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതോർമയുണ്ട്. ഒപ്പം ചില കുടുംബ കാര്യങ്ങളും. അദ്ദേഹത്തിന്റെ രണ്ട് ജ്യേഷ്ഠന്മാരും അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയതാണെന്നും അടുത്തത് തന്റെ മരണമായിരിക്കാമെന്നും അതെപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതെന്നോടു മാത്രമല്ല പലരോടും പറഞ്ഞിരുന്നു. ഉള്ളിൽ മരണഭീതി ഉണ്ടായിരുന്ന ഒരാളാണ് അദ്ദേഹമെന്ന് എനിക്കും തോന്നിയിരുന്നു.

? സ്വകാര്യസംഭാഷണത്തിൽ എഴുത്തിനെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ചർച്ച ചെയ്യാറുണ്ടായിരുന്നോ?

= അങ്ങനെയൊരു പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറ്റു പലരെയും പോലെ സ്വയം വെളിപ്പെടുത്തുന്ന ഒരാളായിരുന്നില്ല അദ്ദേഹം. തകര എന്ന സിനിമയുടെ എഴുത്തിനെക്കുറിച്ച് പറഞ്ഞതോർമയുണ്ട്. ഏറ്റവും ചെറിയ സമയമെടുത്ത്, രണ്ടോ മൂന്നോ ദിവസം എടുത്ത്‌ എഴുതിയ സിനിമയാണ് അതെന്ന് പറഞ്ഞിരുന്നു. ഞാനൊരു വലിയ വായനക്കാരനല്ലാത്തതുകൊണ്ടുതന്നെ സാഹിത്യം ഞങ്ങൾക്കിടയിൽ ഒരു വിഷയമായിരുന്നില്ല.

ഒരിക്കൽ എം ടി വാസുദേവൻ നായർ പത്മരാജന്റെ ഒരു സിനിമയൊഴിച്ച് മറ്റെല്ലാ സിനിമകളും കണ്ടതിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഒപ്പം പത്മരാജന്റെ എഴുത്തിനെക്കുറിച്ചും. ഈ കാര്യം ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോൾ വളരെ ആകാംക്ഷയോടുകൂടി പത്മരാജൻ എന്റെ മുന്നിൽ ഇരുന്ന് ആ വാക്യങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതിന്റെ ഓർമയുണ്ട്.

? സാഹിത്യത്തിലും സിനിമയിലും ഒരേ നിലയിലുള്ള ഉയരങ്ങൾ സാധ്യമാക്കിയ രണ്ടുപേരാണ് എം ടിയും പത്മരാജനും. മലയാളസിനിമയുടെ ഭാവുകത്വപരിണാമത്തിന് ഗതിവേഗം കൂട്ടിയ എം ടിയുടെ സിനിമകളിലും താങ്കൾക്ക് അവസരം കിട്ടിയിരുന്നു. എം ടിയിലേക്ക് നോക്കുമ്പോൾ?

= എം ടി സാറിന്റെ രണ്ടു സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിയ്‌ക്കുണ്ടായി.

എം ടി

എം ടി

വൈശാലിയും അഭയം തേടിയും. മലയാള സിനിമയിലെ ഇതിഹാസം തന്നെയാണ് എം ടി. മറ്റുള്ളവർ ബഹുമാനത്തോടെ എങ്ങനെയാണോ അദ്ദേഹത്തെക്കണ്ടത് അതുപോലെതന്നെയാണ് ഞാനും.

ബഹുമാനം കൊണ്ട് അടുക്കാൻ കഴിയാത്ത പ്രകൃതമാണ്. മാത്രമല്ല അദ്ദേഹം അധികം സംസാരിക്കുന്ന ആളുമല്ല. അഭയംതേടി എന്ന സിനിമയിൽ അഭിനയിക്കാൻ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ ഞാൻ ഹോട്ടലിൽച്ചെന്ന് എം ടിയെക്കണ്ടിരുന്നു. അദ്ദേഹവും ഹരിഹരനും ഇരിക്കുന്ന മുറിയിൽ ഞാൻ ചെന്നു. അപ്പോഴവിടെ സോഫയിൽ ബീഡി വലിച്ചിരിക്കുകയായിരുന്നു എം ടി. എന്നെ ഒന്നു നോക്കി ചിരിച്ചു. അത്രമാത്രം. ഒന്നും പറഞ്ഞില്ല.

ഇറങ്ങാൻ നേരം 'ഞാൻ സാർ തിരക്കഥയെഴുതിയ സിനിമയിൽ അഭിനയിക്കാനായി കോഴിക്കോട്ടേക്ക് പോവുകയാണ്. നാളെ ഷൂട്ടിങ്‌ തുടങ്ങും’ എന്നു പറഞ്ഞു. അപ്പോൾ ഒന്ന് മൂളുക മാത്രമാണ് അന്നദ്ദേഹം ചെയ്തത്. പിന്നെക്കണ്ടത് വൈശാലിയുടെ സെറ്റിൽ വച്ചാണ്. വൈശാലി ഷൂട്ട് ചെയ്തത് മൈസൂരിനടുത്തു വച്ചുള്ള ഒരു സ്ഥലത്തായിരുന്നു.

പത്മരാജൻ

പത്മരാജൻ

ആ സിനിമയുടെ കൂടെ പൂർണസമയവും അദ്ദേഹവും ഉണ്ടായിരുന്നു. അതിൽ അഭിനയിക്കുമ്പോൾ ഒരിടത്ത് വച്ച് ഡയലോഗ് പ്രസന്റേഷനെക്കുറിച്ച് ചില നിർദേശങ്ങൾ അദ്ദേഹം എനിക്കും തന്നിരുന്നു. അതെനിക്ക് വലിയ സന്തോഷം നൽകിയ അനുഭവമായിരുന്നു. എം ടി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മലയാളത്തിലെ ഒരു തിരക്കഥാകൃത്ത് പത്മരാജൻ ആണെന്ന് തോന്നിയിട്ടുണ്ട്. 

എം ടിയും എൻ പി മുഹമ്മദും ചേർന്നെഴുതിയ അറബിപ്പൊന്ന് ഹരിഹരനും പത്മരാജനും ചേർന്ന് സിനിമയാക്കാൻ ശ്രമിച്ചിരുന്നു. പപ്പേട്ടന്റെ മരണത്തോടെ അങ്ങനെയൊരു നല്ല സിനിമ മലയാളത്തിന് നഷ്ടപ്പെട്ടു.

? വലിയ റൈറ്റേഴ്സിന്റെ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയ ആളാണ് താങ്കൾ. ഉള്ളിൽ വലിയൊരു വായനക്കാരനുണ്ടെങ്കിൽ അയാളെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന അനുഭവം കൂടിയാകും അത്. അല്ലേ.

= എം ടി, ബഷീർ, തകഴി, എസ് കെ പൊറ്റെക്കാട്ട്‌, ഉറൂബ്, പത്മരാജൻ തുടങ്ങിയവരുടെയൊക്കെ കഥകളും നോവലുകളുമൊക്കെ സിനിമയാക്കിയപ്പോൾ അതിന്റെയൊക്കെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു. ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. വായിച്ചില്ലെങ്കിലും ഇവരുടെയൊക്കെ കൃതികളെക്കുറിച്ചൊക്കെ പറഞ്ഞുകേട്ടും മറ്റും നല്ല പരിചയമുണ്ടായിരുന്നു.

അടൂർ

അടൂർ

എനിക്ക് വായന പൊതുവേ കുറവാണ്. അതെന്റെ ഒരു ശീലത്തിൽപ്പെട്ടതല്ല. എന്നാൽ എഴുത്തുകാരെ ഞാൻ എന്നും ബഹുമാനിച്ചിരുന്നു. ‘ശശിനാസ് ' എന്ന സിനിമയിൽ ബഷീറായി ഞാൻ അഭിനയിക്കുന്നതിനുമുമ്പ് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിനെ ബേപ്പൂരിൽ പോയി നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിച്ചിരുന്നു.

? ‘ശശിനാസ് ' എന്ന സിനിമയിൽ ബഷീറായി അഭിനയിച്ചിട്ടുണ്ടെങ്കിലും  സിനിമയിലെ ബഷീറിനെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും അശോകൻ ചെയ്ത ആ കഥാപാത്രത്തെ ചരിത്രം പരിഗണിക്കാറില്ല.

ശരിയാണ്. അതിന് പല കാരണങ്ങളുണ്ടാകാം. ഒന്ന് അതിന്റെ സംവിധായകൻ തേജസ് പെരുമണ്ണ ഒരു പോപ്പുലർ സംവിധായകനല്ല. പിന്നെ അടൂർ ഗോപാലകൃഷ്ണനെപ്പോലെയൊരാളുടെ സിനിമ എന്നു പറയുമ്പോൾ അതിനു കിട്ടുന്ന വലിയ പരിഗണനയുണ്ട്. നടൻ മാമുക്കോയയാണ്  ബഷീറായി എന്നെ ആ സിനിമയിൽ സജസ്റ്റ് ചെയ്തത്. 

ബഷീറിനോട് നീതി പുലർത്തിക്കൊണ്ടുതന്നെ ആ കഥാപാത്രത്തെ നന്നായി ആവിഷ്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഫീഡ്ബാക്ക് നെഗറ്റീവായിരുന്നു. അതൊരു കാരിക്കേച്ചർ

അമരത്തിലെ രംഗം

അമരത്തിലെ രംഗം

പോലെ ആയിപ്പോയി എന്ന് പലരും പറഞ്ഞിരുന്നു. പിന്നെ ആ സിനിമയ്ക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ചെറിയ ബഡ്ജറ്റിനകത്തുനിന്നാണ് ആ സിനിമ ചെയ്തത്. ആ സിനിമയുടെ പരാജയത്തിൽ ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എനിക്കുകൂടി പങ്കാളിത്തമുള്ള സിനിമയാണല്ലോ അത്.

? അതേസമയം അമരം പോലൊരു സിനിമയിലെ രാഘവൻ എന്ന കഥാപാത്രത്തിന് അശോകന്  പകരക്കാരനായി മറ്റൊരാളെ സങ്കൽപ്പിക്കാൻകൂടി കഴിയില്ല. താങ്കളിൽ ആ കഥാപാത്രം ഭദ്രമായിരുന്നു.

= നേരത്തെ പറഞ്ഞതുപോലെ അമരത്തിലും ഞാൻ പകരക്കാരനായി വന്നതാണ്. അതിൽ ഞാൻ ചെയ്ത കഥാപാത്രം ആദ്യം തീരുമാനിച്ചിരുന്നത് വൈശാലിയിലെ സഞ്ജയ് മിത്രയെക്കൊണ്ട് ചെയ്യിക്കാനായിരുന്നു. അയാൾക്ക് എന്തോ അസുഖം വന്നതു കാരണം കേരളത്തിലേക്കു വരാൻ കഴിയില്ലെന്ന് അറിയിച്ചു. അങ്ങനെ സംവിധായകനായ ഭരതൻ ധർമസങ്കടത്തിലായ സമയത്താണ് ആ കഥാപാത്രം ചെയ്യാൻ എന്റെ പേര് പൊങ്ങിവരുന്നത്.

ഉർവശീശാപം ഉപകാരമായ പോലെ. അന്ന് ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ആദ്യം ഭരതേട്ടൻ കഥ പറഞ്ഞുതന്നു. രാഘവൻ വളരെ കോംപ്ലിക്കേറ്റഡായ കഥാപാത്രമാണെന്നും ആ കഥാപാത്രം മികച്ചുനിന്നില്ലെങ്കിൽ സിനിമയെ മുഴുവൻ ബാധിക്കുമെന്നും അദ്ദേഹമെന്നെ ഓർമിപ്പിച്ചു.

ശേഷം മുഖത്തുനോക്കി ചോദിച്ചു 'നിനക്ക് കോൺഫിഡൻസ് ഉണ്ടോ’ എന്ന്. ആ നിമിഷം ഞാനാകെ സ്തംഭിച്ചുപോയി.

അധികമാലോചിക്കാതെ ഓകെ പറഞ്ഞെങ്കിലും  പേടിയോടെയാണ് പിന്നീട് അമരത്തിന്റെ സെറ്റിലേക്ക് പോയത്. കാരണം അത്രയും ഹെവിയായിരുന്നു ആ കഥാപാത്രം.

അധികമാലോചിക്കാതെ ഓകെ പറഞ്ഞെങ്കിലും  പേടിയോടെയാണ് പിന്നീട് അമരത്തിന്റെ സെറ്റിലേക്ക് പോയത്. കാരണം അത്രയും ഹെവിയായിരുന്നു ആ കഥാപാത്രം.

ചെയ്തു തുടങ്ങിയപ്പോൾ ആദ്യദിവസം സെറ്റിൽ നിന്ന് ഒളിച്ചോടിപ്പോയാലോ എന്നുവരെ ഞാൻ ആലോചിച്ചു. എന്നാൽ ഒരു നടൻ എന്ന നിലയിൽ നമ്മുടെ തൊഴിലിനെ അത് ബാധിക്കുമെന്നും ആ തീരുമാനം ശരിയല്ലെന്നും ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി. പിന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. രസകരമായ അനുഭവങ്ങൾ കൂടിയായിരുന്നു അമരം. ഗംഭീര ഫീഡ്ബാക്കായിരുന്നു ആ സിനിമയിൽ എനിക്ക് കിട്ടിയത്.

ഭരതൻ

ഭരതൻ

? ആ കഥാപാത്രത്തിന്റെ മാനറിസം ആരാണ് ഡിസൈൻ ചെയ്തത്.

= ആത്യന്തികമായി സംവിധായകന്റേതുതന്നെയാണ് സിനിമകളിലെ കഥാപാത്രങ്ങൾ. ഭരതേട്ടൻ പപ്പേട്ടനെപ്പോലെ അഭിനയിച്ചൊന്നും കാണിച്ചു തരാറില്ല. അതിൽ കാണുന്ന മാനറിസം ഞാൻ തന്നെ ഡെവലപ്പു ചെയ്തെടുത്തതാണ്.

? യാദൃച്ഛികതയിൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ മറ്റെന്തെങ്കിലും വിശ്വസിക്കുന്നത് അതിലും ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്. യാദൃച്ഛികമായി കൈവന്ന കഥാപാത്രങ്ങളെപ്പോലെ തന്നെ നഷ്ടപ്പെട്ട പ്രധാന കഥാപാത്രങ്ങളും ഉണ്ടാകില്ലേ

= പലതും ഉണ്ട്. എന്നാൽ എം ടിയുടെ തിരക്കഥയിൽ അജയൻ സംവിധാനം ചെയ്ത പെരുന്തച്ചനിലെ കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടത് ആ സമയത്ത് ഞാൻ അമരം  ചെയ്യുന്നതുകൊണ്ടായിരുന്നു. അതിൽ മനോജ് കെ ജയൻ ചെയ്ത നീലകണ്ഠൻ എന്ന കഥാപാത്രം ഞാൻ ചെയ്യേണ്ടതായിരുന്നു. എനിക്ക് വലിയ ആഗ്രഹമുള്ള സിനിമയായിരുന്നു അത്. ഇന്നും അതിൽ വലിയ വിഷമമുണ്ട്.

? ഒരു ചെറിയ നിമിഷമാണ് വന്നു പോകുന്നതെങ്കിൽപ്പോലും ഒരു നടന്റെ ജോലി തന്റെ കഥാപാത്രത്തോട്  അടുക്കുകയും സംവേദനങ്ങളുടെ ഒരു പാത്രമായി മാറുകയും ചെയ്യുക എന്നതാണ്. ഒപ്പം തന്നെയും പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ആ നിമിഷങ്ങൾക്ക് കഴിയണം.സിനിമകളിലെ താങ്കളുടെ ഗസ്റ്റ് അപ്പിയറൻസെല്ലാം അങ്ങനെയുള്ളതായിരുന്നു. ഉദാഹരണത്തിന് സ്ഫടികം എന്ന സിനിമയിൽ ആടുതോമയുടെ അടികാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരുടെ പ്രതിനിധിയായിത്തന്നെയാണ് താങ്കൾ പ്രത്യക്ഷപ്പെട്ടത്.

= നിങ്ങൾ ഒരു നടൻ ആണെങ്കിൽ, നിങ്ങളിലെ നടനോട് ഇഷ്ടമുണ്ടെങ്കിൽ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ബാധ്യസ്ഥനാണ്. കഥാപാത്രം ചെറുതാണെന്ന കാരണംകൊണ്ട് ഉപേക്ഷിക്കുന്നതിൽ അർഥമില്ല. എനിക്കങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ട്.

സ്ഫടികത്തിലൊക്കെ ചെറിയ വേഷമാണെങ്കിലും ആ കഥാപാത്രത്തിന് വലിയ കൈയടി കിട്ടിയിരുന്നു. അതുപോലെ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ‘ഹലോ' എന്ന സിനിമയ്ക്ക് ഒരു ദിവസത്തെ ഷൂട്ടിങ്‌ എന്നും പറഞ്ഞ് വിളിച്ചപ്പോൾ ആദ്യം ഞാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. പിന്നെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ബോധ്യപ്പെടുത്തിയപ്പോൾ ചെയ്തു.

പക്ഷെ പടം വന്നപ്പോൾ അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം എന്റേതായിരുന്നു. സത്യൻ അന്തിക്കാടിന്റെ ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമയിൽ റഹ്മാന്റെ സുഹൃത്തായി ഗസ്റ്റായാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്. ആ സിനിമയിലെ തോമാച്ചൻ എന്ന കഥാപാത്രത്തിന് അക്കാലത്ത് വലിയ മൈലേജ് കിട്ടിയിരുന്നു.

ചെറിയ റോളുകൾ ചിലപ്പോൾ ഒരു നടനെ സംബന്ധിച്ച് വലിയ ഗുണം ചെയ്തെന്നുവരും. അതുകൊണ്ട് ഉപേക്ഷിക്കുന്നതിൽ കാര്യമില്ല.   പക്ഷേ ഉത്തരവാദിത്വത്തോട് കൂടി ചെയ്താൽ രണ്ടും ശ്രദ്ധിക്കപ്പെടും എന്ന വിശ്വാസക്കാരനാണ് ഞാൻ.

? ഒരിക്കൽ മയക്കുമരുന്ന് കേസിൽ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഖത്തർ പൊലീസ് താങ്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി കേട്ടിരുന്നു. അതും താങ്കൾ ഗംഭീരമായി ചെയ്ത ഒരു കഥാപാത്രത്തിന്റെ പേരിൽ.

= അതെ. അതിന് കാരണം കഥാപാത്രമാണ്. ഒരു സുഹൃത്തിനെ സന്ദർശിക്കാനാണ് ഞാൻ അന്ന് ഖത്തറിൽ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം രാത്രി ഞാനും എന്റെ മറ്റൊരു സുഹൃത്തും കൂടി ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടൽ മുറിയിൽ കയറാൻ വേണ്ടി താക്കോലിട്ട് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ പൂട്ട് തുറന്നില്ല. അപ്പോൾ ഞങ്ങളെ സഹായിക്കാൻ മൂന്ന് നാല് അറബികൾ അവിടേക്കു വന്നു.

അവർ പൂട്ടു തുറക്കുകയും അകത്തു കയറുകയും ഉടൻ തന്നെ വാതിൽ കുറ്റിയിടുകയും ചെയ്തു. ഞങ്ങൾ വല്ലാതെ ഭയന്നുപോയി. ശേഷം അവർ മുറിമുഴുവൻ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവർ ഡിറ്റക്ടീവുകളായിരുന്നെന്ന്.

ആ രാത്രി അവർ ഞങ്ങളെ  ഖത്തറിലെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും  മേലുദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. അവർ പരസ്പരം എന്തൊക്കെയോ അറബിയിൽ പറയുന്നത് കേട്ടു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിക്കൊണ്ടുപോയി. അയാൾ തിരിച്ചെത്തിയപ്പോൾ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവർ അടിച്ചുവെന്നാണ് പറഞ്ഞത്.

അതിനുശേഷം ഒരു ജയിലിൽ കൊണ്ടുപോയി ഞങ്ങളെ വെവ്വേറെ സെല്ലിൻ പൂട്ടിയിട്ടു. എനിക്കൊപ്പം രണ്ട് പാകിസ്ഥാനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാൻ കരഞ്ഞ നിമിഷങ്ങൾ.  ഒപ്പമുണ്ടായിരുന്ന തടവുകാർ എന്നെ ആശ്വസിപ്പിച്ചെങ്കിലും ഇനി പുറംലോകം കാണില്ലെന്ന് ഞാൻ വിചാരിച്ചു.  യഥാർഥത്തിൽ പ്രണാമം എന്ന സിനിമയുടെ പേരിൽ ഖത്തറിലെ പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരുന്നു.

മയക്കുമരുന്നിന് അടിമയായ ദാമു എന്ന വിദ്യാർഥിയെയാണ് ഭരതൻ സംവിധാനം ചെയ്ത ആ സിനിമയിൽ ഞാൻ അവതരിപ്പിച്ചിരുന്നത്. ആ സിനിമയിലെ സ്റ്റിൽഫോട്ടോ ഗ്രാഫുകളാണ് എനിക്കെതിരെ ഉപയോഗിക്കപ്പെട്ടത്. സ്റ്റേഷനിൽ അന്ന് ഫുഡ് സപ്ലൈ ചെയ്തിരുന്നത് ഒറ്റപ്പാലത്തുള്ള അസീസ് എന്ന ഒരു മലയാളിയായിരുന്നു. അസീസ് എന്നെക്കണ്ടതും ഞെട്ടി. കാര്യമറിഞ്ഞപ്പോൾ അയാൾ പെട്ടെന്നു തന്നെ ഇടപെട്ടു. ആ സമയത്ത് അനന്തരം എന്ന സിനിമ പല വിദേശ ഫെസ്റ്റിവലുകളിലും കളിക്കുന്ന സമയമാണ്.

അശോകൻ -  ഫോട്ടോ: തുളസി ഷൊർണ്ണൂർ

അശോകൻ - ഫോട്ടോ: തുളസി ഷൊർണ്ണൂർ

അതിനെക്കുറിച്ചുള്ള വാർത്തകൾ ഇംഗ്ലീഷ് പത്രങ്ങളിലും ഗൾഫ് ന്യൂസുകളിലുമൊക്കെ വന്നിരുന്നു. ഒടുവിൽ എന്നെക്കൊണ്ടുപോയ സ്പോൺസർമാർ ഈ പത്രവാർത്തയുമായി സ്റ്റേഷനിൽ വരികയും സത്യം വെളിപ്പെടുത്തുകയും ചെയ്തു. പൊലീസുകാർ തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്നറിഞ്ഞതോടെ ഞങ്ങളോട് മാപ്പ് പറഞ്ഞ് വിട്ടയക്കുകയും ചെയ്തു. ഒരു കഥാപാത്രത്തിന്റെ പേരിൽ ജീവിതത്തിലുണ്ടായ വിചിത്രവും ഭീകരവുമായ അനുഭവങ്ങളിലൊന്നായിരുന്നു അത്.

? ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്തു വരുമ്പോഴാണ് ഇൻ ഹരിഹർ നഗറിലെ കോമഡി കഥാപാത്രങ്ങളും ചെയ്തത്. ആ സിനിമയിൽ സംവിധായകരായ സിദ്ധിഖ്ലാൽ അശോകനെ സെലക്ട് ചെയ്തപ്പോൾ ഈ കൂട്ടത്തിൽ എങ്ങനെ അശോകൻ പെട്ടു എന്ന് സംവിധായകൻ കമൽ അന്ന് അഭിപ്രായം പറഞ്ഞിരുന്നു.

= അതെ. ഒരുപക്ഷെ അന്നത് കമലിന്റെ മാത്രം കാഴ്ചപ്പാടായിരിക്കില്ല. ഞാൻ അതുവരെ ചെയ്ത കഥാപാത്രങ്ങൾ കാരണമാകാം അങ്ങനെ ഒരഭിപ്രായം വന്നത്. അതിനുമുമ്പ് ഗായത്രി ദേവി എന്റെ അമ്മയിൽ ഞാൻ ഹ്യൂമർ ചെയ്തിരുന്നു. പക്ഷെ ആ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതുകൊണ്ട് കമലുൾപ്പെടെ പലരും അത് കണ്ടില്ലെന്നു മാത്രം. ഇൻ ഹരിഹർ നഗർ പുറത്തിറങ്ങിയപ്പോൾ ആ അഭിപ്രായം മാറിയിട്ടുണ്ടാവാം.

? പിന്നെയും ഒരുപാട് കഥാപാത്രങ്ങൾ. അശോകന്റെ മാറ്റത്തോടൊപ്പം മലയാള സിനിമയും പലതരം മാറ്റങ്ങളെ അഭിമുഖീകരിച്ച കാലം.ഒരിക്കൽ മദ്രാസിലായിരുന്ന മലയാളസിനിമ സമ്പൂർണമായി മലയാളത്തിലാകുന്നു. ആർട്ടിസ്റ്റുകൾ പലരും ചെന്നൈവിട്ട് കേരളത്തിലേക്ക് വരുന്നു. പക്ഷേ അശോകൻ കേരളം വിട്ട് ചെന്നൈയിലേക്ക് പോകുന്നതാണ് ഞങ്ങൾ കണ്ടത്. അതെന്തുകൊണ്ടായിരുന്നു ?

അതെ. പതിയെപ്പതിയെ ഇവിടെ എനിക്കുള്ള സിനിമ  കുറഞ്ഞു വന്നപ്പോൾ ഞാൻ ഒരു തമിഴ് മെഗാസീരിയലുമായി കരാർ ചെയ്തു.  
അതൊരു നല്ല സീരിയലായിരുന്നു. ഭാരതീ രാജയുടെ അസിസ്റ്റന്റ്‌ ഡയറക്ടർ ആണ് അത് ചെയ്തത്.
അതിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എപ്പോഴും ചെന്നെയിൽത്തന്നെ നിൽക്കേണ്ടിവന്നു.

ഇടയ്ക്കിടയ്ക്ക് ഇവിടെ വരാൻ പറ്റാതായതോടെ ഞാനും ഭാര്യയും മകളും അവിടെത്തന്നെ സ്ഥിരതാമസമാക്കി. ആ സമയത്ത് ഏകദേശം പത്തുവർഷം മലയാള സിനിമയിൽ എനിക്കായി ഒരു നല്ല കഥാപാത്രവും എഴുതപ്പെട്ടില്ല. എം എ നിഷാദിന്റെ നഗരം എന്ന സിനിമയിലായിരുന്നു പിന്നെ ഒരു നല്ല കഥാപാത്രം കിട്ടിയത്.ഡൊമിനിക് പ്രസന്റേഷൻ എന്ന സിനിമയ്ക്കു ശേഷം ടു ഹരിഹർ നഗർ എന്ന സിനിമയോടു കൂടിയാണ് ഞാനിവിടെ വീണ്ടും സജീവമായത്.

? അത് വലിയ ടെൻഷനുണ്ടാക്കിയിട്ടുണ്ടാവില്ലേ  ?

= തീർച്ചയായും. കുറേക്കാലം ഞാൻ നാട്ടിലുണ്ടായിട്ടും ഒരു സിനിമാക്കാരും എന്നെ വിളിച്ചിരുന്നില്ല. പിന്നെ കുറച്ചുകാലം ബിസിനസൊക്കെയായി നടന്നു. ഗാർമെന്റിന്റെ ബിസിനസ്. സിനിമക്കാര് വിട്ടതോടെ ഞാൻ പിന്നെ മലയാളം സീരിയലിലും അഭിനയിക്കാൻ തുടങ്ങി. അക്കാലത്ത് നല്ല നല്ല ടെലിവിഷൻ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്.

? ആ പത്തുവർഷക്കാലം സിനിമാക്കാരുമായി ബന്ധമുണ്ടായിരുന്നില്ലേ?

= ഇല്ലെന്നു തന്നെ പറയാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ സിനിമ അങ്ങനെ ഒരു ഇടമല്ല.

? മറ്റ് ആർടിസ്റ്റുകളെപ്പോലെ സിനിമാ സംഘടനയിലും താങ്കളെ സജീവമായി കാണാറില്ല. ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല!

= എന്റെ ഒരു അടിസ്ഥാന സ്വഭാവമാണത്. അമ്മയുടെ പരിപാടികളിലൊക്കെ ഞാനും പങ്കെടുക്കാറുണ്ട്. സംഘടനയുടെ പ്രധാനപ്പെട്ട പദ്ധതികളിൽ വരുക എന്നൊക്കെ പറയുന്നത് വലിയ ഉത്തരവാദിത്വം ഉണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ നിൽക്കുമ്പോൾ മറ്റാളുകൾക്ക് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളൊക്കെ സംസാരിക്കേണ്ടിവരും. ഇല്ലെങ്കിൽ നിഷ്പക്ഷനാവേണ്ടി വരും. അതൊക്കെ മനസ്സിൽ സംഘർഷങ്ങൾ ഉണ്ടാക്കും. കലാകാരൻമാർ പൊതുവേ സെൻസിറ്റീവായ മനുഷ്യരാണല്ലോ.

? ഏകദേശം ഇരുനൂറിനടുത്ത് സിനിമകളിൽ താങ്കൾ അഭിനയിച്ചിട്ടുണ്ട്. അതിൽത്തന്നെ പ്രശസ്തരായ സംവിധായകരുടെ സിനിമകളിലെ സാന്നിധ്യം പോലെ മറ്റ് ചിലരുടെ സിനിമകളിലെ അസാന്നിധ്യവും ശ്രദ്ധയിലുണ്ട്. അതെന്തു കൊണ്ടാണ്.

= അതറിയില്ല. ഹരിഹരൻ, സിബി മലയിൽ, ജയരാജ്, പ്രിയദർശൻ, രഞ്ജിത്ത്, ലാൽ ജോസ് തുടങ്ങി മലയാളത്തിലെ പ്രധാനപ്പെട്ട സംവിധായകരുടെ സിനിമകളിലൊന്നും ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല.

? സിനിമ എപ്പോഴും സാധാരണക്കാരനായ ഒരു മനുഷ്യനെ അസാധാരണമായ ജീവിതത്തിന് നിർബന്ധിക്കുന്നുണ്ട്. നിങ്ങൾക്കങ്ങനെ തോന്നിയിട്ടുണ്ടോ?

= എല്ലാനിലയിലും ഞാനൊരു സാധാരണക്കാരൻ തന്നെയാണ്. സിനിമയിലഭിനയിച്ചതുകൊണ്ട് അസാധാരണമായ എന്തെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല. സിനിമ തരുന്ന സുഖസൗകര്യങ്ങളുണ്ട് എന്നതൊഴിച്ചാൽ മാനസികമായും അല്ലാതെയുമൊക്കെ ഒരു സാധാരണക്കാരന്റെ ജീവിതമാണ് എന്റേതും. സിനിമാനടനായതുകൊണ്ടുള്ള അധിക ആഹ്ളാദം പറ്റി വേറിട്ട് ജീവിക്കുന്ന ഒരാളല്ല ഞാൻ. മറ്റുള്ളവരെപ്പോലെ എനിക്കും എന്റേതായ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്.

പുറത്തുനിന്നുള്ള ഒരാൾ നോക്കുമ്പോൾ പ്രശസ്തിയും അംഗീകാരവും എല്ലാമുണ്ട്. ഞാനും ചെറുപ്പത്തിൽ അങ്ങനെ തന്നെയാണ് ഇതിലുള്ളവരെ നോക്കിക്കണ്ടത്. യഥാർഥത്തിൽ ഒരു റോസാപ്പൂ മുള്ളിൻമുകളിൽ നിൽക്കുന്നതുപോലെയാണ് ഈ ജീവിതം. പല കാര്യങ്ങളും തൃപ്തി തരുമെങ്കിലും ഇതൊരു മത്സരം നടക്കുന്ന കളിക്കളം ആയതുകൊണ്ടുതന്നെ ടെൻഷൻ അധികമാണ്.

കഥാപാത്രങ്ങൾ തമ്മിലുള്ള സ്നേഹബന്ധം സിനിമയിലില്ലെന്നു പറയാം. ഇതൊരു കച്ചവടമാണ്. കച്ചവടത്തിന് വേണ്ടിയുള്ള സൗഹൃദങ്ങളും ബന്ധങ്ങളും തന്നെയാണ് ഇവിടെയുള്ളത്. കച്ചവട സമയത്ത് എല്ലാവരും ചിരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നവർ സിനിമാക്കാരാണ് എന്നാണ്. കാരണം അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ചലഞ്ചിങ് ആണ്. കഴിഞ്ഞ നാൽപ്പത്തഞ്ചുവർഷത്തെ സിനിമാജീവിതാനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്.

? ലോകസിനിമയിൽ മലയാളത്തിന്റെ സമീപകാല മേൽവിലാസമാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ ഒരു റേഷൻ കടക്കാരനായി ആദ്യവസാനം താങ്കളുമുണ്ടായിരുന്നു. ലിജോയുടെ സിനിമാ സങ്കൽപ്പത്തെപ്പറ്റി എന്തു തോന്നി ?

= കോവിഡിന് മുമ്പ് ബുൾഡോസർ എന്ന പേരിൽ ലിജോ എന്നെ നായകനാക്കി ഒരു സിനിമ ആലോചിച്ചിരുന്നു. അതിന്റെ സ്ക്രിപ്റ്റ് ആദ്യവസാനം ഞാൻ വായിച്ചതാണ്. ഇടയ്ക്ക് ആ സിനിമ വരുന്നതിന്റെ ഒരു ത്രില്ലിലായിരുന്നു ഞാൻ. നിർഭാഗ്യവശാൽ ആ പടം നടന്നില്ല. പിന്നീടാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ എന്നെ വിളിക്കുന്നത്.

‘നൻപകൽ നേരത്ത്‌ മയക്ക’ത്തിൽ മമ്മൂട്ടിയോടൊപ്പം

‘നൻപകൽ നേരത്ത്‌ മയക്ക’ത്തിൽ മമ്മൂട്ടിയോടൊപ്പം

നല്ല സിനിമയുടെ വഴിയാണ് ലിജോയുടെ വഴി. അദ്ദേഹം പത്മരാജന്റെയുംകെ ജി ജോർജിന്റെയുമൊക്കെ ആരാധകനാണ്. ആ തുടർച്ചയിൽ ഇങ്ങേയറ്റത്തെ ആളാണ് ലിജോ.

?  iffk യിൽ വലിയ സ്വീകാര്യത കിട്ടിയ സിനിമയായിരുന്നു അത്. ഒരു സൂപ്പർസ്റ്റാറിന് കിട്ടുന്ന സ്വീകരണമാണ് ലിജോയ്ക്ക് അവിടെക്കിട്ടിയത്. എന്നാൽ ലോകസിനിമ പ്രദർശിപ്പിക്കുന്ന ഇത്തരം ഫെസ്റ്റിവലുകളിൽ താങ്കളെപ്പോലുള്ള അഭിനേതാക്കളെയൊന്നും  കാണാറില്ല. എന്തുകൊണ്ടാണത്.

= പ്രത്യേകിച്ച് കാരണമൊന്നുമില്ല. അതിനുവേണ്ടി മാത്രമായി ഞാൻ പോകാറില്ലെന്നു മാത്രം. തൊണ്ണൂറുകൾവരെ എന്റെ പല സിനിമകളും ലോകത്തിലെ പല ഫെസ്റ്റിവലുകളിലും പോയതാണ്. അതിന്റെ ഭാഗമായി ചിലയിടത്ത് ഞാനും പോയിട്ടുണ്ട്

? സിനിമയുമായി ബന്ധപ്പെട്ട എഴുത്തുകളൊക്കെ വലിയ രീതിയിൽ സിനിമയെയും ബാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന നിരൂപണമൊക്കെ സിനിമയെ ഇല്ലാതാക്കിക്കളയുന്നു എന്ന വിമർശനമുണ്ട്.

= സോഷ്യൽ മീഡിയ പറയുന്ന എല്ലാ കാര്യങ്ങളും നമുക്ക് വിശ്വസിക്കാൻ കഴിയണമെന്നില്ല. അതിനത്ത് ഫെയ്‌ക്കായ ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. സോഷ്യൽ മീഡിയ കാരണമാണ് ഒരു സിനിമ നന്നായി കളക്ട് ചെയ്യുന്നത് എന്ന് എനിക്ക് അഭിപ്രായം ഇല്ല.

സിനിമ ഒരുപാട് പേരുടെ അധ്വാനമാണ്. ഒരു സിനിമ കൊള്ളില്ല എന്ന് സോഷ്യൽ മീഡിയയും ചാനലും ആദ്യദിവസം തന്നെ വിളിച്ചു പറഞ്ഞാൽ ആ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും എത്രമാത്രം വേദന ഉണ്ടാകും. അത് നമ്മൾ കാണാതെ പോകരുത്. അത് ശരിയല്ല. നിങ്ങളുടെ ഒരു അഭിപ്രായം ലോകം മുഴുവൻ കാണുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനം സിനിമയെ ഒരുപാട് നെഗറ്റീവ് ആയി ബാധിക്കുന്നുണ്ട്.

? ലിജോ ജോസിനെപ്പോലെ ഒരു സംവിധായകൻ ഈ രീതിയിലാഘോഷിക്കപ്പെടുന്നതിന്റെ കാരണം സോഷ്യൽ മീഡിയയാണ്. അത് ഗുണപരമായ ഒരു കാര്യമാണല്ലോ.

ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരി

= ശരിയാണത്. ഡയറക്ടർ ഓറിയന്റഡായി കാര്യങ്ങൾ മനസ്സിലാക്കുന്ന പുതിയ തലമുറ വന്നിട്ടുണ്ട്. നൻ പകൽ നേരത്ത് മയക്കം കണ്ടപ്പോൾത്തന്നെ അതിന്റെ ഫ്രെയിമിനെക്കുറിച്ചും സ്റ്റാറ്റിക് ഷോട്ടിനെക്കുറിച്ചൊക്കെ പ്രേക്ഷകരുടെ ഭാഗത്തു നിന്നു തന്നെ ആദ്യം അഭിപ്രായം വന്നു.  പുതിയ ഓഡിയൻസ് സിനിമയെ മനസ്സിലാക്കി സംസാരിച്ചു തുടങ്ങി. പണ്ട് ഇങ്ങനെയായിരുന്നില്ല.

ലോകത്തിലെ പല ഭാഷകളിലുള്ള നല്ല സിനിമകൾ മൊബൈലിലൂടെ കാണാൻ അവസരം കിട്ടുന്നതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മുന്നിൽ പഴയപോലെ എന്തെങ്കിലും തരത്തിലുള്ള സിനിമകളെടുത്ത് വിജയിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു പടത്തിൽ വ്യത്യസ്തമായ എന്തെങ്കിലും കണ്ടന്റ് വേണം. ഒന്നുമില്ലായ്മയൊന്നും വിറ്റ് കാശാക്കാൻ പറ്റുന്ന ഒരു കാലമല്ല ഇത്. സിനിമയെക്കുറിച്ച് ഞങ്ങളേക്കാൾ വലിയ സാക്ഷരരാണവർ.

? കടുവ എന്ന സിനിമയിലെ ഒരു വാക്കിന്റെ പേരിൽ സംവിധായകനും നടനും നിർമാതാവിനുമൊക്കെ പത്രസമ്മേളനം വിളിക്കേണ്ടി വന്നിട്ടുണ്ട്.

=  ശരിയാണ്. ഒന്ന് വാ തുറന്ന് എന്തെങ്കിലും പറഞ്ഞാൽ അതിനകത്ത് പൊളിറ്റിക്കലായി ശരിയല്ലാത്തതെന്തുണ്ട് എന്ന് അന്വേഷിക്കുന്ന ഒരു തലമുറ ഉണ്ടായിക്കഴിഞ്ഞു.

? മമ്മൂട്ടി എന്ന നടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. താൻ ഓരോ കഥാപാത്രവും ചെയ്യുമ്പോൾ തന്നെ ആ കഥാപാത്രവുമായി ഉരച്ചു നോക്കുകയാണ്. അതിലൂടെ തന്റെ ഉള്ളിലുള്ള മറ്റൊരാളെ കണ്ടെത്തുകയാണ് എന്ന്. അശോകൻ ഒരു നടൻ എന്ന നിലയിൽ സ്വയം എങ്ങനെയാണ്  വിലയിരുത്തുന്നത്?

പെരുവഴിയമ്പലം എന്ന സിനിമ ചെയ്യുമ്പോൾ മറ്റൊരു കഥാപാത്രം ഇനി എനിക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഒരിടത്തൊരു ഫയൽവാനൊക്കെ ചെയ്യുമ്പോൾ ഞാൻ ശരിയാകുന്നുണ്ടോ എന്ന കൺഫ്യൂഷൻ തന്നെയായിരുന്നു.

പെരുവഴിയമ്പലം എന്ന സിനിമ ചെയ്യുമ്പോൾ മറ്റൊരു കഥാപാത്രം ഇനി എനിക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഒരിടത്തൊരു ഫയൽവാനൊക്കെ ചെയ്യുമ്പോൾ ഞാൻ ശരിയാകുന്നുണ്ടോ എന്ന കൺഫ്യൂഷൻ തന്നെയായിരുന്നു. പിന്നീട് വലിയ കഥാപാത്രങ്ങൾ ചെയ്തപ്പോഴും ആദ്യം ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഈശ്വരാനുഗ്രഹത്താൽ ആ കഥാപാത്രങ്ങളൊക്കെ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു പോയിട്ടുണ്ട്. പല പടങ്ങളും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നലും ബാക്കിയാക്കിയിരുന്നു. ഇന്നിപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ പത്മരാജൻ മുതൽ ലിജോ ജോസ് പല്ലിശ്ശേരി വരെയുള്ളവർക്കൊപ്പമുള്ള യാത്രയിൽ ഒരു നടൻ എന്ന നിലയിൽ ഞാൻ വലിയ സന്തോഷവാനാണ്.

‘പെരുവഴിയമ്പല’ത്തിൽ നിന്ന്‌

‘പെരുവഴിയമ്പല’ത്തിൽ നിന്ന്‌

? യവനിക മുതൽ നൻപകൽനേരത്തെ മയക്കം വരെയുള്ള സിനിമകളിലെ മമ്മൂട്ടി എന്ന അഭിനേതാവിനെ അടുത്തുനിന്നു കണ്ട ആളാണ് താങ്കൾ. മോഹൻലാൽ എന്ന നടനൊപ്പവും രണ്ടുകാലത്തും താങ്കളുണ്ടായിട്ടുണ്ട്.

= രണ്ടുപേരും പ്രതിഭയും അധ്വാനവുംകൊണ്ട് ഉയരങ്ങളിൽ എത്തിയവരാണ്. ഇതിൽ മമ്മൂട്ടി വളരെ ഡിഫറന്റായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു കാണാം. അദ്ദേഹം ഒരുപാട് സിനിമകൾ കാണുന്ന ഒരാളാണ്. എപ്പോഴും സിനിമയെക്കുറിച്ചാലോചിച്ച് ജീവിക്കുന്ന മനുഷ്യൻ.

മോഹൻലാൽ അതിൽനിന്ന് വ്യത്യസ്തനാണ്. അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽനിന്ന് പെരുമാറുമ്പോൾ  അഭിനയിക്കുകയാണെന്ന് ആർക്കും തോന്നുകയില്ല. എന്നാൽ അതിന്റെ ഔട്ട്പുട്ട് വരുമ്പോഴാണ് നാം അത്ഭുതപ്പെടുന്നത്.

? നിങ്ങൾക്കഭിനയിക്കാൻ അതിശയകരമായ കഥാപാത്രങ്ങളുണ്ടെങ്കിൽ, അത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഒരു നടൻ എന്ന നിലയിൽ മനുഷ്യന്റെ സാധ്യതകളുടെ വ്യാപ്തിയും സ്വന്തം സാധ്യതകളുടെ ആഴവും തിരിച്ചറിയാനുള്ള അവസരമാണ് ഓരോ കഥാപാത്രവും.അല്ലാത്തപക്ഷം, അഭിനേതാവിന് തന്നെ സ്വയം വിരസമായിത്തോന്നി പിൻവാങ്ങണമെന്നു തോന്നാം. അങ്ങനെയുണ്ടായിട്ടുണ്ടോ ?

അശോകൻ ( അഡ്വ. ലക്ഷ്‌മൺ ലേഡീസ്‌ ഒൺലി)

അശോകൻ ( അഡ്വ. ലക്ഷ്‌മൺ ലേഡീസ്‌ ഒൺലി)

= എല്ലാ മേഖലയിലും എന്നപോലെ സിനിമയിലും മടുപ്പൊക്കെ ഉണ്ടാകും. എന്നാൽ അത് സിനിമയിലായിരിക്കുമ്പോഴല്ല. ഒരു അഭിനേതാവിന് പൂർണസംതൃപ്തിയുള്ള കഥാപാത്രങ്ങൾ കിട്ടിക്കൊണ്ടിരുന്നാൽ സിനിമ ഒരിക്കലും അയാളെ മടുപ്പിക്കുകയില്ല.

മാത്രമല്ല സിനിമയിൽ പെൻഷൻ പ്രായമില്ല. സിനിമയിൽ ഏതു പ്രായത്തിലും ഒരാൾ വിരമിച്ചേക്കാം. ചിലപ്പോൾ ചെറിയ പ്രായത്തിൽത്തന്നെ. അത് ഇരുപത്തഞ്ച് വയസ്സിലാകാം. ചിലപ്പോൾ അമ്പതിലാകാം.  പെൻഷനാകാതെ മരണത്തിലേക്ക് പിൻവാങ്ങുന്ന സമയംവരെ സിനിമയുടെ ഭാഗമായി നിൽക്കുന്നവരുമുണ്ട്.

ഞാൻ തന്നെ ഒരു ഘട്ടത്തിൽ താൽക്കാലികമായി പെൻഷനായിപ്പോയി പിന്നെയും തിരിച്ചുവന്ന ആളാണ്. അത് ഭാഗ്യമാണ്. ഒരിക്കൽ നടൻ എന്ന പേരിലറിയപ്പെട്ട്  പിൽക്കാലം ഒരവസരവും കിട്ടാത്ത ഒരാളെ സംബന്ധിച്ചിടത്തോളം സിനിമാക്കാരൻ എന്ന ഐഡന്റിറ്റി വലിയ സംഘർഷമുണ്ടാക്കും. പത്തുവർഷത്തിനടുത്ത് സിനിമയില്ലാത്ത കാലത്ത് ഞാനത് നന്നായി അനുഭവിച്ചിട്ടുണ്ട്.

? തിരിഞ്ഞു നോക്കുമ്പോൾ മറ്റൊരുവിധമായിരുന്നെങ്കിൽ എന്നാലോചിക്കാനുള്ള കല ഉള്ളിലുള്ള ആളായിരുന്നു.തുടക്കത്തിൽ സൂചിപ്പിച്ച ആ പാട്ടുകാരനെയും കൂടി വളർത്തിയെടുത്ത് ഇതേ ചലച്ചിത്രവഴിയിൽ കൈയടി നേടേണ്ട ആളായിരുന്നു.

എന്റെ മനസ്സിൽ ഇപ്പോഴും കിടക്കുന്നത് ആ പാട്ടുകാരൻ തന്നെയാണ്. അത് ഞാൻ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന കാര്യത്തിൽ എനിക്കിപ്പോൾ വലിയ സങ്കടമുണ്ട്.

= എന്റെ മനസ്സിൽ ഇപ്പോഴും കിടക്കുന്നത് ആ പാട്ടുകാരൻ തന്നെയാണ്. അത് ഞാൻ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന കാര്യത്തിൽ എനിക്കിപ്പോൾ വലിയ സങ്കടമുണ്ട്. ഒരിക്കൽ തിരുവനന്തപുരത്ത് വയലാർ അനുസ്മരണം നടക്കുമ്പോൾ യേശുദാസ് ഉൾപ്പെടെയുള്ള മിക്ക ഗായകരും ആ വേദിയിൽ ഉണ്ടായിരുന്നു.

ദേവരാജൻ മാഷായിരുന്നു ആ പരിപാടി കണ്ടക്ട് ചെയ്തത്. ടെലിവിഷനിൽ എന്റെ പാട്ടുകേട്ട് ദേവരാജൻ മാഷ് തന്നെയാണ് എന്നെ ആ പരിപാടിക്ക് വിളിച്ചത്. അന്ന് അദ്ദേഹം എന്നെ വിളിച്ചതുതന്നെ എനിക്ക് വലിയ അഭിമാനമായി തോന്നിയിരുന്നു. 'സ്വർഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം’ എന്ന ഗാനമാണ് ഞാൻ അവിടെ പാടിയത്. അന്ന്

യേശുദാസ് എന്റെ അടുത്തു വന്നിട്ട്  നീ എന്താണ് സിനിമയിൽ പാടാത്തത് എന്ന് ചോദിച്ചു. തുടർന്ന്  ഇയാൾ ഒരു പാട്ടുകാരൻ ആകാതെ പോയത് കഷ്ടമായിപ്പോയി എന്ന് ദേവരാജൻ മാഷും പറഞ്ഞു.

യേശുദാസ് എന്റെ അടുത്തു വന്നിട്ട്  നീ എന്താണ് സിനിമയിൽ പാടാത്തത് എന്ന് ചോദിച്ചു. തുടർന്ന്  ഇയാൾ ഒരു പാട്ടുകാരൻ ആകാതെ പോയത് കഷ്ടമായിപ്പോയി എന്ന് ദേവരാജൻ മാഷും പറഞ്ഞു. അപ്പോൾ വലിയ സങ്കടമായെങ്കിലും പിന്നീടത് വലിയ അംഗീകാരമായിത്തോന്നി. അഭിനയത്തിലേക്ക് വന്നതോടെ പാട്ടുവഴി വിട്ടുപോയി. ആ വഴി പോകാൻ എനിക്ക് സമയം കിട്ടിയില്ല. രണ്ടു പടത്തിൽ ഞാൻ പാടിയിരുന്നു. കെ ജി രാജശേഖരൻ സംവിധാനം ചെയ്ത തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന സിനിമയിലായിരുന്നു ആദ്യപാട്ട്.

അർജുനൻ മാസ്റ്ററായിരുന്നു സംഗീത സംവിധാനം. സിനിമയിൽ പക്ഷെ, എന്റെ പേര് ഉപയോഗിച്ചിരുന്നില്ല. രണ്ടാമത്തെ ചിത്രം തേജസ് പെരുമണ്ണ സംവിധാനം ചെയ്ത പൂനിലാവ്. ആ സിനിമയിലെ ആകാശപ്പറവകൾ എന്ന ടൈറ്റിൽ സോങ്ങ് പാടിയത് ഞാനായിരുന്നു. ഇപ്പോൾ മനസ്സ് എന്ന സിനിമയ്ക്കുവേണ്ടി സംഗീത സംവിധാനം നിർവഹിക്കാനുള്ള ഭാഗ്യമുണ്ടായി. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ പി  ജയചന്ദ്രനാണ് പാടിയത്. അതൊരു ഭാഗ്യമായിക്കാണുന്നു.

? ആർക്കും ഉപയോഗിക്കാനാകുന്നതിൽ കൂടുതൽ കഴിവുകൾ ഓരോ അഭിനേതാവിലും പിന്നെയും പിന്നെയും ബാക്കിയുണ്ടാകും. ആ അഭിനേതാവിലേക്കുള്ള സഞ്ചാരത്തിന് അശോകൻ എന്ന നടനും മനുഷ്യനും ഇനിയുമവസരമുണ്ടാകട്ടെ എന്നാഗ്രഹിച്ചുകൊണ്ട് ഈ സംഭാഷണമവസാനിപ്പിക്കാം.

= വലിയ സന്തോഷം. ഇനിയുമൊരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന്  ആഗ്രഹമുണ്ട്. പെരുവഴിയമ്പലം എന്ന സിനിമയുടെ ശീർഷകംപോലെ അപ്രതീക്ഷിതമായി ഈ വഴിയമ്പലത്തിലെത്തിപ്പെട്ട ഒരാളാണ് ഞാൻ. ഒപ്പം ഒരുപാടവസരങ്ങൾ കിട്ടി. ഇനിയും  പ്രതീക്ഷകളുണ്ട്  . ജീവിതം ഒരു യാത്രയാണ്. ഈ യാത്രയിൽ പല പല മനുഷ്യരെ ഞാൻ കണ്ടെത്തി.

പല പല കഥാപാത്രങ്ങൾ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദമുണ്ടാക്കിയ കാര്യം ഞാൻ ജീവിച്ച കാലത്തെ ലെജന്റുകളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. ഇനിയും അത്തരം അനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ഈ യാത്ര തുടരട്ടെ.

പല പല കഥാപാത്രങ്ങൾ ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദമുണ്ടാക്കിയ കാര്യം ഞാൻ ജീവിച്ച കാലത്തെ ലെജന്റുകളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. ഇനിയും അത്തരം അനുഭവങ്ങൾ എന്നെ കാത്തിരിക്കുന്നുണ്ടാവാം. ഈ യാത്ര തുടരട്ടെ.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top