26 April Friday

ഓർമ്മകളുടെ തമ്പിൽ ഒരിക്കൽകൂടി...വി കെ ശ്രീരാമൻ സംസാരിക്കുന്നു

കെ വി സുമംഗലUpdated: Thursday Nov 25, 2021

വി കെ ശ്രീരാമൻ ഫോട്ടോ: മനൂപ്‌ ചന്ദ്രൻ

എനിക്ക് അഭിനയിക്കാൻ പറ്റും എന്ന തോന്നലുണ്ടായത് വളരെ യാദൃച്ഛികമായിട്ടാണ്. 1975 ലാണ് അത് സംഭവിക്കുന്നത്. വേറെ ഒരാൾ എന്നോട് പറയുകയാണ്, തനിക്ക് അഭിനയിക്കാൻ പറ്റുമെന്നും ഞാനൊരു സിനിമ എടുക്കുന്നുണ്ട്, അതിലെ പ്രധാനവേഷം തന്നെക്കൊണ്ട് ചെയ്യിക്കാമെന്നും. അയാൾക്ക് എന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി. അങ്ങനെയൊരു തീരുമാനം എന്നെ അറിയിച്ച ആൾ അരവിന്ദൻ ആയിരുന്നു...

‘ഋശ്യശൃംഗാ...’  എന്ന് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് മുഴങ്ങിയ വിളിക്കൊപ്പം മലയാള സിനിമയിൽ ഉറച്ചുപോയ ചിത്രമാണ് ഭരതന്റെ എവർഗ്രീൻ ചിത്രമായ വൈശാലിയിലെ വിഭാണ്ഡകന്റേത്. കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്നചിത്രത്തിൽ അതിനുമുമ്പെ വില്ലൻ വേഷത്തിൽ വി കെ ശ്രീരാമൻ അഭിനയമികവ് അറിയിച്ചിരുന്നു. ഒരു കാലത്ത് ഈ നടനുവേണ്ടി മലയാള സിനിമയിലെ എല്ലാ മുസലിയാർ വേഷങ്ങളും മാറ്റിവെച്ചിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ പലരും സുഹൃത്തുക്കളായിരുന്നതുകൊണ്ട് തനിക്ക് സിനിമാഭിനയം അറിയാമെന്ന് പല സംവിധായകരും ധരിച്ചുവെച്ചിരുന്നതായി ശ്രീരാമൻ പറയുന്നുണ്ട്. ഇതൊരു സെല്ലിങ്‌ പോയിന്റാണ്. എന്നാൽ അതുപയോഗിച്ച് മോക്ഷം കാണാനോ കച്ചവടം നടത്താനോ ശ്രീരാമൻ തയ്യാറായില്ല. ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സ്വഭാവനടനെന്ന പദവി സ്ഥാപിച്ചെടുക്കാമായിരുന്നു.

ഉത്തരായണത്തിന്റെയും തമ്പിന്റെയും കാലത്തെ അതേ നിലപാടുകളിൽ തന്റെ തുടർച്ചകൾ കണ്ടെത്തിക്കൊണ്ട് ‘വേറിട്ട കാഴ്ചകൾ’ പോലെയുള്ള മാധ്യമവഴികളിലൂടെ മനുഷ്യമനസ്സിന്റെ ജാലകങ്ങൾ തുറന്ന് അവർക്കൊപ്പം സ്വയം തിരിച്ചറിയുന്ന മനുഷ്യനായി ജീവിക്കാനാണ് ശ്രീരാമൻ ശ്രമിച്ചത്. കലാശീലങ്ങളിലും ജീവിതശീലങ്ങളിലും തനിക്കൊപ്പമുള്ളവരെ അദ്ദേഹം ആഴത്തിൽ ചേർത്തുപിടിച്ചു. കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂമികയിൽ വെറും നടനായി ചുരുങ്ങിപ്പോകാതിരുന്ന ആത്മചരിതത്തെ രേഖപ്പെടുത്തുകയാണ് വി കെ ശ്രീരാമന്റെ ഈ സംഭാഷണം...

വി കെ ശ്രീരാമൻ    ഫോട്ടോ: ഇമ ബാബു

വി കെ ശ്രീരാമൻ ഫോട്ടോ: ഇമ ബാബു

? വ്യത്യസ്തമായ രണ്ട് ദൃശ്യഭാഷാരീതികളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഒന്ന് ഒരു മേക്കപ്‌മാന്റെ മുറിയിൽ നിന്ന് ഇറങ്ങിവന്ന് സൃഷ്ടിക്കുന്നത്. മറ്റത് ഒരു കെട്ടിവയ്ക്കലും ഇല്ലാത്ത സാധാരണ മനുഷ്യരുടെ നേർക്കാഴ്ചകൾ  പകർത്തിയെടുക്കുന്നത്. ഇവ രണ്ടും  താരതമ്യം ചെയ്യാമോ...

= ഇവ രണ്ടും ഒരു ബന്ധവുമില്ലാത്ത വിധം വ്യത്യസ്തങ്ങളാണ്. വേറെ ഒരാൾ നിർദേശിക്കുന്ന കാര്യങ്ങൾ ആവുന്നവിധം ചെയ്യുന്നതാണ് അഭിനയം. അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര അറിയുന്നതോ ഇഷ്ടപ്പെട്ടതോ ആയ പണിയല്ല. സിനിമയിലെ അഭിനയമാകട്ടെ പ്രത്യേകതരമാണ്. അത് കഥകളിയോ കൂടിയാട്ടമോ നാടകമോ പോലെ അല്ല. കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി ആരും സിനിമയിൽ വരാൻ സാധ്യതയില്ല. സിനിമയോട് അനുബന്ധമായ മറ്റു ചില കാര്യങ്ങൾ ആണ് സിനിമാഭിനയത്തോട് പലരെയും ആകൃഷ്ടരാക്കുന്നത്. അതിൽ പ്രധാനം മറ്റ് രംഗകലകൾക്കൊന്നുമില്ലാത്ത  ജനപ്രീതിയും സ്വീകാര്യതയുമാണ്. പല ചെറുപ്പക്കാരും നാടകപ്രവർത്തകരുമൊക്കെ സിനിമയിൽ വരാൻ ആഗ്രഹിക്കുമ്പോൾ  അതൊന്നും അങ്ങനെ മോഹിച്ചിട്ട് കാര്യമില്ല എന്ന മട്ടായിരുന്നു അമ്പതോ അറുപതോ വർഷങ്ങൾക്കു മുമ്പ്. അതിന് പ്രധാന കാരണം, സിനിമാസംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും അന്ന് കേരളത്തിന് പുറത്താണ്  നടന്നിരുന്നത് എന്നതാണ്.

ചെമ്മീൻ, മുറപ്പെണ്ണ് തുടങ്ങിയ സിനിമകൾക്കുശേഷമാണ് സിനിമാചിത്രീകരണം കേരളത്തിൽ എത്തിത്തു ടങ്ങിയത്. അപ്പോഴും പോസ്റ്റ് ഷൂട്ടിങ്‌ വർക്കുകളൊക്കെ മദ്രാസിൽതന്നെയായിരുന്നു. മാത്രമല്ല, ഒരു ശുപാർശക്കത്തുകൊണ്ടോ കഠിന പ്രയത്നം കൊണ്ടോ സിനിമാനടനാകാൻ കഴിഞ്ഞിരുന്നില്ല. അതിന് വലിയ കുറെ കടമ്പകൾ കടക്കണമായിരുന്നു. ഇന്നാകട്ടെ കാര്യങ്ങൾ വേറെവിധമാണ്. സാങ്കേതിക വശങ്ങൾ ലളിതമായി. കേരളത്തിനു പുറത്തുപോകാതെതന്നെ മുൻനിശ്ചയിച്ച ഒരു ഷെഡ്യൂളിൽ ആർക്കും സിനിമയെടുക്കാം. ആർക്കുവേണമെങ്കിലും സിനിമാനടനാകാം.
എന്നാൽ മുൻധാരണകളൊന്നുമില്ലാത്ത ദൃശ്യരീതിയാണ് ടെലിവിഷനെ മുൻനിർത്തി ഞാനെടുത്ത ‘വേറിട്ട കാഴ്ചകൾ’(ൈകരളി ടിവി) എന്ന പരമ്പരയുടേത്. ആരും ആരോടും കൃത്യമായി നിർദേശങ്ങൾ നൽകാതെ ജീവിതം തന്നെ കഥയും, ജീവിക്കുക എന്നത് അഭിനയവുമാകുന്ന ആവിഷ്കാര രീതി. നടനെന്ന നിലയിൽ നിന്ന് അതിലേക്ക് ഞാൻ സഞ്ചരിച്ച ദൂരവും വലുതാണ്.

അരവിന്ദൻ

അരവിന്ദൻ

   ?എങ്കിൽ നടനിൽ നിന്നുതന്നെ തുടങ്ങാം. സിനിമാനടനാവുക എന്നത് ഒരു സാധാരണക്കാരന് അപ്രാപ്യമായിരുന്ന കാലത്ത് എങ്ങനെയാണ് അരവിന്ദനെപ്പോലെ ഒരു സംവിധായകന്റെ ശ്രദ്ധയിലെത്തുന്നത്. നടനാകാൻ കഴിയും എന്ന ആത്മവിശ്വാസം അന്നുണ്ടായിരുന്നോ...

= എനിക്ക് അഭിനയിക്കാൻ പറ്റും എന്ന തോന്നലുണ്ടായത് വളരെ യാദൃച്ഛികമായിട്ടാണ്. 1975 ലാണ് അത് സംഭവിക്കുന്നത്. വേറെ ഒരാൾ എന്നോട് പറയുകയാണ്, തനിക്ക് അഭിനയിക്കാൻ പറ്റുമെന്നും ഞാനൊരു സിനിമ എടുക്കുന്നുണ്ട്, അതിലെ പ്രധാന വേഷം തന്നെക്കൊണ്ട് ചെയ്യിക്കാമെന്നും. അയാൾക്ക് എന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി. താരപരിവേഷങ്ങളിൽ സിനിമ നിലനിൽക്കുന്ന ഒരു കാലത്ത് ഏതെങ്കിലും ഒരു നടൻ മതി തന്റെ സിനിമ ചിത്രീകരിക്കാൻ എന്ന തീരുമാനം വിപ്ലവാത്മകമായിരുന്നു. അങ്ങനെയൊരു തീരുമാനം എന്നെ അറിയിച്ച ആൾ അരവിന്ദൻ ആയിരുന്നു...

?എങ്ങനെയായിരുന്നു അരവിന്ദനുമായുള്ള കണ്ടുമുട്ടൽ...

 = അക്കാലത്ത് ഞാനും ബന്ധുവായ കഥാകൃത്ത് സി വി ശ്രീരാമനും കൂടി ചെലവൂർ വേണു നടത്തിയിരുന്ന അശ്വിനി ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ട് എത്തിയതായിരുന്നു. ആദ്യമായാണ് ഞാൻ ഫിലിം ഫെസ്റ്റിവൽ എന്ന് കേൾക്കുന്നതും നാട്ടിലെ തിയറ്ററുകളിലേത് അല്ലാത്ത രീതിയിലുളള സിനിമാപ്രദർശനം കാണുന്നതും. അതുവരെ കേട്ടിട്ടില്ലാത്ത ബർഗ്മാൻ, സത്യജിത് റേ, ഗിരീഷ് കാസറവള്ളി എന്നൊക്കെയുള്ള പേരുകൾ കേൾക്കുന്നത് അവിടെ വെച്ചാണ്. ലോകത്തിന്റെ പല ഭാഗത്തും നവസിനിമകൾ ഉണ്ടാവുകയും അവ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഫിലിം സൊസൈറ്റികൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്ന കാലമാണത്.

സി വി ശ്രീരാമൻ

സി വി ശ്രീരാമൻ

സിനിമാസ്നേഹികളായ മലയാളികളിൽ  പലരും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി സിനിമ പഠിക്കാൻ തുടങ്ങിയിരുന്നു. അതൊന്നും അന്ന്‌ എനിക്കറിയില്ലായിരുന്നു. സി വി ശ്രീരാമന്റെ ബന്ധുവായതുകൊണ്ടും അതിലേറെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നതുകൊണ്ടും എന്നെ കൂടെ കൊണ്ടുപോയതായിരുന്നു അന്ന്.

അന്ന് ഞാൻ കണ്ട സിനിമ ചോമന തുഡിയായിരുന്നു. അതിറങ്ങിയ കാലത്തുതന്നെയായിരുന്നു കോഴിക്കോട്ടെ ആ പ്രദർശനം. അതുവരെ ഞാൻ കണ്ട സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ സിനിമ. ശിവരാമ കാരന്തിന്റേതായിരുന്നു ചോമന തുഡിയുടെ കഥയും തിരക്കഥയും. ബി വി കാരന്തായിരുന്നു സംവിധാനം. ഭാഷയും മറ്റു കാര്യങ്ങളും ഒന്നുമറിയില്ലെങ്കിലും അതുവരെയുണ്ടായിരുന്ന സിനിമ കാണലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു സമ്പ്രദായം ആ സിനിമക്കുണ്ടായിരുന്നു. മാത്രമല്ല അതുവരെ ലഭിക്കാത്ത സംവേദനാത്മകത ആ സിനിമയിലൂടെ അനുഭവിക്കാനായി. അതൊരു പുതിയ അനുഭൂതിയായിരുന്നു. ജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ യഥാർഥ  മനുഷ്യന്റെ രൂപവും പെരുമാറ്റവും പ്രശ്നങ്ങളുമെല്ലാം വിനിമയം ചെയ്യുന്ന രീതി. പാട്ട്, നൃത്തം, സ്റ്റണ്ട് എന്നിവയൊന്നും അതിലുണ്ടായിരുന്നില്ല. അതിഷ്ടമായി. ആ സിനിമ കാണാൻ അരവിന്ദനും വന്നിരുന്നു. അന്ന് കോഴിക്കോട് റബ്ബർ ബോർഡിൽ ജോലി ചെയ്യുകയായിരുന്നു അരവിന്ദൻ. അരവിന്ദൻ കൂടിയുള്ള ഒരു സംഘത്തിന്റേതായിരുന്നിരിക്കണം ചെലവൂർ വേണുവിന്റെ അശ്വിനി ഫിലിം സൊസൈറ്റി. സി വിയുടെ കൂടെ അരവിന്ദന്റെ വീട്ടിലും അന്ന് പോയിരുന്നു.

വി കെ ശ്രീരാമൻ മൊബൈൽ ഫോണിൽ വരച്ച സി വി ശ്രീരാമന്റെ കാരിക്കേച്ചർ

വി കെ ശ്രീരാമൻ മൊബൈൽ ഫോണിൽ വരച്ച സി വി ശ്രീരാമന്റെ കാരിക്കേച്ചർ

? അരവിന്ദന്റെ ഉത്തരായണത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട ശ്രീരാമേട്ടൻ അതിൽ അഭിനയിക്കാതെ പോയതെങ്ങനെ...

= ചോമന തുഡി ഇറങ്ങി അധികം വൈകാതെയാണ് അരവിന്ദൻ ഉത്തരായണം സംവിധാനം ചെയ്യുന്നത്. വീട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്തിയിരുന്നതുകൊണ്ട് വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാർട്ടൂണിലൂടെ അരവിന്ദനെ ചെറിയ പരിചയം ഉണ്ടായിരുന്നു. ഇത്രവണ്ണം  ഇല്ലായിരുന്നെങ്കിലും നല്ല ഉയരമുള്ള ആളായിരുന്നു അന്നു ഞാൻ. ഇരുപത്തിരണ്ട് വയസ്സ് പ്രായം. അന്നത്തെ പരിഷ്കാരങ്ങളൊക്കെ ബാധിച്ചിരുന്ന യുവാവ്. മുടി നീട്ടി വളർത്തുക, വീതുളി കൃതാവ് വെയ്ക്കുക എന്നതൊക്കെയായിരുന്നു ചെറുപ്പക്കാരുടെ അക്കാലത്തെ ഹരങ്ങൾ. ഇന്നത്തെ പോലെയല്ല, അതൊക്കെ നാട്ടിലും വീട്ടിലുമെല്ലാം വലിയ ചർച്ചാവിഷയങ്ങളാകും. ഇത്തരം പരിഷ്കാരങ്ങൾ പിന്തുടരുന്നവരെ നിഷേധികളുടെ കൂട്ടത്തിലാണ് അന്നത്തെ കാരണവന്മാർ പെടുത്തുക. അതൊക്കെ ചെയ്യാൻ ധൈര്യം കാട്ടുന്നത് സാഹസികതയായി ചെറുപ്പക്കാരും കണക്കാക്കും. അങ്ങനെ നീട്ടിയ മുടിയും നീണ്ട് ഉയർന്ന ആകാരവുമുള്ള ചെറുപ്പക്കാരനെ അരവിന്ദൻ മനസ്സിൽ പിടിച്ചിട്ടു.

അതുകൂടാതെ സി വി ശ്രീരാമന്റെ എന്തെങ്കിലും പങ്ക് ഇതിലുണ്ടോ എന്നുമറിയില്ല. ഫോൺ വിളികൾ പ്രചാരത്തിൽ ഇല്ലാതിരുന്നതുകൊണ്ട് അന്ന് സി വി യും അരവിന്ദനും ഇൻലന്റിൽ കത്തിടപാടുകൾ നടത്തിയിരുന്നു. അരവിന്ദന്റെ കത്തു വന്നശേഷം അഭിനയിക്കാൻ വിളിക്കുന്നു, പ്രധാനപ്പെട്ട റോൾ ആണ് എന്നൊക്കെ സി വി വന്നു പറഞ്ഞപ്പോൾ അതത്ര വലിയ സംഗതിയായി എടുത്തില്ല എന്നതാണ് വാസ്തവം. ഒരു നടനാകണം എന്നതിനെക്കുറിച്ച് ചിന്തകളോ ആഗ്രഹങ്ങളോ വെച്ചുപുലർത്താത്തതുകൊണ്ടാകാം അത് എന്നെ അത്രമാത്രമൊന്നും ആഹ്ലാദിപ്പിക്കാതിരുന്നത്. കാർട്ടൂൺ വരയ്ക്കുന്ന ഇയാൾ സിനിമയെടുത്താൽ എങ്ങനെയിരിക്കും എന്നൊരു വിശ്വാസ്യതക്കുറവും അന്നെനിക്കുണ്ടായിരുന്നു. കത്ത് വന്നുവെന്ന് കേട്ടതല്ലാതെ ഞാനതിനെപ്പറ്റി അന്വേഷിക്കാനും പോയില്ല.

? എന്നിട്ടും ഉത്തരായണത്തിലെ നായകനാവാതെ പോയത് എന്തുകൊണ്ടാണ്...

= അക്കാലത്ത് നാട്ടിലെ കൂട്ടുകാർക്കിടയിൽ തല മൊട്ടയടിക്കുന്ന ഒരു ഫാഷൻ വന്നു. എല്ലാ കുരുത്തക്കേടുകളിലും പങ്കാളിയാവുന്നവൻ എന്ന പേരെടുത്തതുകൊണ്ട് ഞാനും അതിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. അങ്ങനെ ഞാനും കൂട്ടുകാരുമൊക്കെ തല മൊട്ടയടിച്ച് നാട്ടിൽ വലിയ പുള്ളികളായി നടക്കുന്ന സമയത്താണ് അരവിന്ദന്റെ കത്തുപ്രകാരം വേഗം കോഴിക്കോട്ടേക്ക് ചെല്ലാൻ സി വി ശ്രീരാമൻ വന്ന് പറയുന്നത്. ഉത്തരായണത്തിലെ നടനാകുന്നതിനുള്ള ഇന്റർവ്യൂവിനുവേണ്ടി ഞാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ജോലി സംബന്ധമായ  അസൗകര്യം കാരണം സി വി ശ്രീരാമന് കൂടെ വരാനായില്ല. അന്ന് വെസ്റ്റേൺ ടൂറിസ്റ്റ് ഹോം എന്നറിയപ്പെടുന്ന ഇന്നത്തെ മഹാറാണി ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അവിടെ അരവിന്ദനെ കൂടാതെ ചിത്രം വരക്കുന്ന നമ്പൂതിരിയും തിക്കോടിയനും ബാങ്ക് രവിയെന്നു വിളിക്കുന്ന രവിയും ചമയം രാമു എന്നു വിളിക്കുന്ന മേക്കപ്മാനുമെല്ലാം ഉണ്ടായിരുന്നു. അവരെല്ലാം എന്നെ കാണുന്നു, മുഖത്തേക്കു നോക്കി അടക്കം പറയുന്നു, ചിലർ അടുത്തു വന്നു പരിശോധിക്കുന്നു, അങ്ങനെ പലതും നടന്നു. വിവരം പിന്നീട് അറിയിക്കാം എന്ന് പറഞ്ഞുകൊണ്ട് അവർ എന്നെ മടക്കി അയച്ചു.

പണിയില്ലാത്ത അഭ്യസ്തവിദ്യരുടെ തരംഗം അവസാനിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. നിരാശാബോധവും അസ്തിത്വ ദുഃഖവുമുള്ള വിദ്യാഭ്യാസമ്പന്നരായ ചെറുപ്പക്കാർ നോവലിലും സിനിമയിലുമൊക്കെ പ്രധാന കഥാപാത്രങ്ങളാകുന്ന കാലം. അരവിന്ദന്റെ ചില കാർട്ടൂണുകളിലും ഇത്തരം കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരുപക്ഷേ, അരവിന്ദന്റെ മനസ്സിലുണ്ടായിരുന്നത് അന്നത്തെ രീതിയനുസരിച്ച് മുടിയൊക്കെ വളർത്തി ഒരു സഞ്ചി തോളിലിട്ട് നടക്കുന്ന അഭ്യസ്തവിദ്യനായ ആ ചെറുപ്പക്കാരനായിരിക്കണം. എന്റെ ആകാരം അതിനു പറ്റുമെങ്കിലും മുടിയില്ലാതെ പോയത് യാഥാർഥ്യത നഷ്ടപ്പെടുത്തുമെന്ന് സിനിമോട്ടോഗ്രാഫറായ മങ്കട രവിവർമ്മയൊക്കെ അഭിപ്രായപ്പെട്ടതായി പിന്നീട് അറിയാൻ കഴിഞ്ഞു.

അരവിന്ദൻ വി കെ ശ്രീരാമന്റെ വരയിൽ

അരവിന്ദൻ വി കെ ശ്രീരാമന്റെ വരയിൽ

വിഗ്ഗുകളും വെപ്പുമുടികളുമൊന്നും അന്ന് ഇന്നത്തേതു പോലെ അത്ര പൂർണതയിൽ ആയിരുന്നില്ല. തൊപ്പിവെച്ച പ്രതീതിയാണ് മുടിയിളകാത്ത അത്തരം വിഗ്ഗുകൾ തോന്നിപ്പിച്ചിരുന്നത്. ചില ക്ലോസ് ഷോട്ടുകളിൽ മുഖത്തിനു മുകളിൽ അത് അരോചകമായിപ്പോകും എന്ന നിലപാടിൽ എന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി. തുടർന്ന് ഡോ. മോഹൻദാസ് എന്ന നടനാണ് ഉത്തരായണത്തിൽ പ്രധാന നടനായി വേഷമിട്ടത്.

? നിരാശ തോന്നിയില്ലേ അന്ന്.

= വലിയ ആശ വെയ്ക്കാത്തതിനാൽ നിരാശയൊന്നും തോന്നിയില്ല. ഒരു സിനിമാനടനാകുക എന്നത് അർഹിക്കാത്തതും ആഗ്രഹിക്കാത്തതുമായിരുന്നു. മാത്രമല്ല, അതിൽ അഭിനയിക്കുകയായിരുന്നെങ്കിൽ ആ നായക കഥാപാത്രത്തോടെ എന്റെ സിനിമാജീവിതം അവസാനിക്കുമായിരുന്നു. അതിനപ്പുറം പോകുവാൻ കഴിയുമായിരുന്നില്ല. കാരണം അതൊരു നായക പ്രാധാന്യമുള്ള കഥാപാത്രമായതിനാൽ സ്വാഭാവികമായും അത്തരം കഥാപാത്രങ്ങളാകും തുടർന്ന് എന്നെ തേടി വരുമായിരുന്നത്. ഡോ. മോഹൻദാസ് പിന്നീട് സ്വപ്നാടനം എന്ന സിനിമയിലെ നായകനാവുകയുണ്ടായി. അങ്ങനെ നായകനടന്റെ സ്ഥാനം നിലനിർത്തണമെങ്കിൽ അതനുസരിച്ചുള്ള സംഗതികളും ചെയ്യാൻ പറ്റണം. നൃത്തം, അഭ്യാസം, ഫൈറ്റ് എന്നിവയൊക്കെ സ്വായത്തമാക്കണം. അതിനൊന്നും എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല. ബുദ്ധിമുട്ടാൻ മടിയുമാണ്. അതുകൊണ്ട് ആ അവസരം നഷ്ടപ്പെട്ടത് വലിയൊരു സംഭവമായി കൊണ്ടുനടന്നില്ല.

  ? ഉത്തരായണം എന്ന സിനിമ ഇപ്പോഴും ഓർക്കപ്പെടുന്നു. അരവിന്ദന്റെ നായകനടൻ എന്നോർക്കപ്പെടുന്നത് ചെറിയ കാര്യമല്ലല്ലോ. ഇപ്പോൾ ആ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് എന്തു തോന്നുന്നു.

 = ഈ സിനിമയുടെ ഖ്യാതി പിന്നീട് വന്നത് മോഹൻദാസ് എന്ന നടന്റെ അഭിനയമികവ് എന്ന നിലയിലായിരുന്നില്ല. അതിനാൽ പിൽക്കാലത്ത് ആ സ്ഥാനം നഷ്ടപ്പെട്ടതിൽ ചെറിയ നിരാശ ചിലപ്പോൾ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്.

  ? ഉത്തരായണത്തിനുശേഷം തമ്പിലെത്തിയത് എങ്ങനെയാണ്.

 = അതിനുശേഷം സിനിമയ്‌ക്ക് പിന്നാലെ പോകുകയോ അഭിനയിക്കാൻ അവസരം തേടി നടക്കുകയോ ചെയ്തിരുന്നില്ല. അരവിന്ദനാണ് വീണ്ടും എന്നെ വിടാതെ പിന്തുടർന്നത്. ചിലപ്പോൾ സി വി ശ്രീരാമന് എന്നോടുള്ള താല്പര്യവും അരവിന്ദനോടുള്ള അടുപ്പവും അതിന് കാരണമായിരുന്നിരിക്കാം.

ജീവിതം മുന്നിൽ കിടക്കുന്നതുകൊണ്ട് ഗൾഫിൽ പോകാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അതിന് ചില കൈത്തൊഴിലൊക്കെ കയ്യിൽ വേണം എന്ന അറിവിൽ ‘അക്കരെ’ സിനിമയിലേതു പോലെ ചിലതൊക്കെ പഠിക്കാനുള്ള ശ്രമവും തുടങ്ങി. സ്കൂളിൽ നിന്ന് ഡ്രോപ് ഔട്ട് ആയ ഞാൻ പത്താം ക്ലാസ്‌ പാസ്സായിരുന്നില്ല. അതിനാൽ ടൈപ്‌ റൈറ്റിങ്‌,  ഷോർട്‌ ഹാൻഡ്, റെഫ്രിജറേഷൻ കോഴ്സ് എന്നിവയൊക്കെയാണ് എനിക്ക് പഠിക്കാനായി പലരും പറഞ്ഞുതന്നത്. അതനുസരിച്ച് അന്ന് കോയമ്പത്തൂരിലുണ്ടായിരുന്ന അച്ഛന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു. അപ്പോഴാണ് അരവിന്ദൻ പുതിയ സിനിമ എടുക്കാൻ പോകുന്നു, നീയതിൽ അഭിനയിക്കുന്നു എന്നൊക്കെയുള്ള വിശേഷങ്ങളുമായി സി വി ശ്രീരാമന്റെ കത്തുവരുന്നത്. എനിക്ക് അതുവരെ അറിയാൻ കഴിഞ്ഞിട്ടില്ലാത്ത എന്തോ ഒന്ന് അരവിന്ദനെ എന്നെ വീണ്ടും ഓർത്തെടുത്ത് ചേർത്തുനിർത്തുന്നതിന് ഇടയാക്കിയിരിക്കാം. അങ്ങനെ വീണ്ടും സിനിമാലോകത്തെത്തി. അതാണ് തമ്പ്.

? തമ്പിനെ  ഒന്ന് ഓർത്തെടുക്കാമോ...

= 1977‐ ന്റെ അവസാനം, 1978‐ ന്റെ ആരംഭം. അതായിരുന്നു തമ്പിന്റെ കാലം. ഘനമില്ലാത്ത കാലാവസ്ഥ. നിർലോഭമായ നിലാവും മഞ്ഞും കാറ്റും. അതിലൂടെ ഒഴുകുന്ന തെളിഞ്ഞ ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായിരുന്നു തമ്പ്. തമ്പിന്റെ ആളരങ്ങ്. ഒന്നും കാര്യമായി മനസ്സിലാവാതെ ഞാനുമതിൽ ചേർന്നു.
കലാകാരന്മാരുടെ ഒരു കൂട്ടായ്മയായിരുന്നു അത്. കൊടിയേറ്റം ഗോപി, എൻ എൽ ബാലകൃഷ്ണൻ, കുട്ടൻ, പപ്പൻ അങ്ങനെ നിരവധി പേർ. വാസ്തവത്തിൽ എനിക്ക് ഒന്നോ രണ്ടോ ദിവസത്തെ ഷൂട്ടിങ്‌  മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവർക്കെല്ലാമൊപ്പം ഞാനും കൂടി. അരവിന്ദൻ എന്നോട് പോകാനൊന്നും പറഞ്ഞില്ല. അഭ്യാസികളുടെ കൂടാരമായ തമ്പ് എന്നതിനെക്കാൾ കലാകാരന്മാരുടെ കൂടാരമായ തമ്പിൽ അതുവരെയില്ലാത്ത നിരവധി അനുഭവങ്ങളിലൂടെ ഞാൻ അലഞ്ഞു നടന്നു.

 ഒരുപാട് പുതിയ സുഹൃദ്ബന്ധങ്ങൾ തുറന്നുതന്ന കൂടാരമായിരുന്നു തമ്പ്. വാസ്തവത്തിൽ അത് മറ്റൊരു ലോകത്തേക്കുള്ള പ്രവേശനമായിരുന്നു. ഇപ്പോൾ ആലോചിച്ചുനോക്കുമ്പോൾ ഞാനങ്ങനെ അത്ഭുതത്തോടെ മിഴിച്ച് നോക്കിയിരിക്കണം. അതുകൊണ്ടാണ് തമ്പ് ഇപ്പോഴും മനസ്സിന്റെ കണ്ണിൽ മായാതെ കിടക്കുന്നത്. ഓരോ ദിവസത്തെ ചിത്രവും ആ കാഴ്ചയിലുണ്ട്.

‘തന്പി’ന്റെ ചിത്രീകരണത്തിനിടെ നെടുമുടി വേണു, ഞെരളത്ത്‌ രാമപ്പൊതുവാൾ, അരവിന്ദൻ

‘തന്പി’ന്റെ ചിത്രീകരണത്തിനിടെ നെടുമുടി വേണു, ഞെരളത്ത്‌ രാമപ്പൊതുവാൾ, അരവിന്ദൻ

എപ്പോഴും പാടി നടക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിനെ തലയ്ക്കു സുഖമില്ലാത്ത ഒരാളായിട്ടാണ് ആദ്യമെനിക്ക് തോന്നിയത്. രാവിലെ ഭാരതപ്പുഴയിൽ കുളിക്കാൻ പോകുമ്പോഴും ഈറൻ തുണികൾ ഉണങ്ങാനായി വിരിച്ചിടുമ്പോഴും ഭക്ഷണം കഴിക്കുന്നതിനിടയിലും കഴിച്ച് കൈ കഴുകുമ്പോഴും മണൽപ്പരപ്പിലൂടെ നടന്നുനീങ്ങുമ്പോഴും  കിടക്കുമ്പോഴും ഉറങ്ങുന്നതിനിടയിൽ പോലും അദ്ദേഹം ചൊല്ലിക്കൊണ്ടിരിക്കും. നെടുമുടി വേണുവൊക്കെ അതാസ്വദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നുണ്ടാകും. ചിലപ്പോൾ അദ്ദേഹത്തിന്റെ പാട്ടുശീലത്തെ മിമിക്രി കാണിക്കുകയും ചെയ്യും വേണു. പിന്നീടാണ് അദ്ദേഹം പാടുന്നത് സോപാന സംഗീതമാണെന്നും അതിൽ അഗ്രഗണ്യനാണ് അദ്ദേഹമെന്നും ഞാനറിയുന്നത്.

ഓരോരുത്തരും അവരവരുടേതായ താല്പര്യങ്ങളിൽ  വ്യാപൃതരായി മുഴുകി നടക്കുന്നവരായിരുന്നു. ആരും ആർക്കും തടസ്സമായിരുന്നില്ല. ചിലർ മിണ്ടാതെയിരുന്നു. ഒരാൾ എപ്പോഴും ചിത്രം വരച്ചുകൊണ്ടേയിരുന്നു. കസ്റ്റംസ് ഓഫീസറായ വിജയരാഘവനായിരുന്നു അത്. തലശ്ശേരിക്കാരനായ അദ്ദേഹം അന്ന് കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നത്. നാടൻപാട്ടുകൾ മാത്രം പാടിനടന്നിരുന്ന ആളുകളുണ്ടായിരുന്നു. പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിൽ കമ്പക്കാരായ ചിലരുണ്ടായിരുന്നു. ഉച്ചസ്ഥായിയിൽ കവിത ചൊല്ലുകയായിരുന്നു മറ്റു ചിലർ ചെയ്തത്.

‘തമ്പി’ൽ നെടുമുടി വേണു

‘തമ്പി’ൽ നെടുമുടി വേണു

നെടുമുടി വേണു എല്ലാവരുടെയും ആളായി എല്ലായിടത്തും ഓടിനടന്നു. എന്നെപ്പോലെ നെടുമുടിയുടെയും ആദ്യത്തെ സിനിമയായിരുന്നു അത്. അധികം ദിവസങ്ങളൊന്നും ഷൂട്ടിങ്‌ ഇല്ലായിരുന്നുവെങ്കിലും തമ്പിന്റെ ഷൂട്ടിങ്‌ നടന്ന മുപ്പതോളം ദിവസവും നെടുമുടി അവിടെയുണ്ടായിരുന്നു.

കൊടിയേറ്റം ഗോപിയുടെ രണ്ടാമത്തെ പടമായിരുന്നു. ഗോപിയും ഷൂട്ടിങ്ങിന്റെ മുഴുവൻ ദിവസങ്ങളും സംഘത്തിലുണ്ടായിരുന്നു. കാവാലം നാരായണപ്പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ  ചെറിയ പയ്യനായിരുന്നു. അയാൾ നന്നായി പാട്ടുകൾ പാടി. പല നാടൻപാട്ടുകളും ആദ്യമായി കേട്ടത് ഈ അരങ്ങിൽ നിന്നായിരുന്നു. തിരുവനന്തപുരത്തുനിന്ന് കുറെ നാടക്കാരും ക്യാമ്പിലുണ്ടായിരുന്നു. എല്ലാവരും അരവിന്ദന്റെ ചങ്ങാതിമാർ. ആർക്കും പ്രത്യേക മുറിയോ സംവിധാനങ്ങളോ ഇല്ല. പൊതുഅടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ച് എല്ലാവരും ഒന്നു പോലെ അവിടെ കൂടി.

എന്നാൽ കലാകാരന്മാരുടെ ഈ ബാഹുല്യത്തിനിടയിലും മദ്യപാനം എന്ന സംഗതി വളരെ നിയന്ത്രിക്കപ്പെട്ടിരുന്നു. കാരണം തമ്പിന്റെ പ്രൊഡക്ഷൻ മാനേജർ ശങ്കരേട്ടനായിരുന്നു. പ്രൊഡ്യൂസറായ ജനറൽ പിക്ചേഴ്സ് രവിയുടെ ഭാര്യയായ ഉഷാരവിയുടെ സഹോദരനായിരുന്നു ശങ്കരേട്ടൻ. പ്രൊഡ്യൂസർ അവിടേക്ക് വരുമായിരുന്നില്ല. പക്ഷേ, ശങ്കരേട്ടന്റെ കണ്ണ് എല്ലായിടത്തും എത്തുമായിരുന്നു. മദ്യപാനം ലൊക്കേഷനിൽ പാടില്ല എന്നത് ശങ്കരേട്ടന്റെ കർശനമായ നിഷ്കർഷയായിരുന്നു. അതിനാൽ മദ്യപാനം മഴുവൻ ഒളിച്ചും പതുങ്ങിയുമായിരുന്നു.

  ? മദ്യപാനം ഒളിച്ചുകടത്തിയ കലയായിത്തീർന്നതെങ്ങനെ.

= കലാകാരന്മാരുടെ ക്യാമ്പിനടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങിനുള്ള സർക്കസ്‌ കൂടാരത്തിന്റെ തമ്പും ഒരുക്കിയിരുന്നത്. അത് വളരെ വലുതായിരുന്നു. അതിന്റെ പിന്നിൽക്കൂടിയുള്ള മണൽപ്പരപ്പ് കടന്നാൽ പുഴയാണ്. ചെറു ചെടികളും കുറ്റിക്കാടുകളും നിറഞ്ഞ പുഴയോരം  മറ്റൊരു സങ്കേതമായി മാറി. രാത്രിയായാൽ അവിടെ പാട്ടും മേളവും നൃത്തവുമൊക്കെ അരങ്ങേറും. അതിനിടയിൽ മറ്റൊരു കലാപരിപാടിയായി മദ്യപാനവും മറ്റും മുന്നേറും. ശങ്കരേട്ടൻ വരുന്നുണ്ടോ എന്നു നോക്കാൻ ആളെ നിർത്തിയിട്ടാകും ഇതൊക്കെ നടക്കുക.

പാട്ടും മേളവും നൃത്തവുമൊന്നും ഇല്ലായിരുന്നുവെങ്കിലും ഞാനവിടെ എല്ലാവർക്കും സ്വീകാര്യനായിരുന്നു. അതിന് മറ്റു ചില കാരണങ്ങളാണ് ഉണ്ടായിരുന്നത്. കലയും പ്രകടനങ്ങളും വേണ്ടുവോളം ഉണ്ടായിരുന്നെങ്കിലും അവിടെയുള്ള ആരുടെയും കയ്യിൽ പണമൊന്നുമില്ലായിരുന്നു. ഒരു കൂട്ടുസംരംഭം പോലെയുള്ള പൊതു അടുക്കളയിൽ നിന്ന് എല്ലാവർക്കും ഭക്ഷണം കിട്ടും എന്നതൊഴിച്ചാൽ മറ്റൊന്നിനും വേറെ വഴികളില്ലായിരുന്നു. എനിക്കാണെങ്കിൽ നാട്ടിലും വീട്ടിലുമൊക്കെയായി പൈസ സംഘടിപ്പിക്കാൻ ചില സാധ്യതകൾ ഉണ്ടായിരുന്നു. അത്യാവശ്യം പോക്കറ്റ് മണിയൊക്കെ അധ്യാപികയായിരുന്ന അമ്മയിൽനിന്ന് ലഭിച്ചിരുന്നു. കുറച്ച് അമ്മ അറിയാതെ മോഷ്ടിച്ചും നാട്ടിലെ കൂട്ടുകാരിൽനിന്ന് ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്തും പണം സംഘടിപ്പിക്കാനുള്ള വഴികൾ വേറെയുമുണ്ടായിരുന്നു. അക്കാലത്ത് കുന്നംകുളത്ത് നല്ല വിദേശമദ്യം ലഭിക്കുമായിരുന്നു. ഇടയ്ക്ക് കുന്നംകുളത്തേക്ക് ബസ്‌ കയറുന്ന ഞാൻ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തിയായിരിക്കും മടങ്ങുക. അങ്ങനെ കുറ്റിപ്പുറം വഴി ക്യാമ്പിലേക്ക് തിരിച്ചെത്തുന്ന എനിക്കുവേണ്ടി അവരെല്ലാം അക്ഷമരായി കാത്തിരിക്കുന്നുണ്ടാവും. ശ്രീരാമാൻ എത്തി എന്ന സന്ദേശം രഹസ്യമായി പലരും കൈമാറും. വലിയ ആദരവോടെയുള്ള സ്വീകരണമായിരിക്കും അവിടെയെത്തുമ്പോൾ എനിക്ക് കിട്ടിയിരുന്നത്.

  ? തമ്പിൽ ശ്രീരാമേട്ടന്റെ വേഷം എന്തായിരുന്നു. സിനിമയിലെ ആദ്യാഭിനയത്തിന്റെ ഓർമ്മകൾ എന്താണ്.

= തമ്പിന്റെ ലൊക്കേഷനിൽ സിനിമാഭിനയം എന്നത് രണ്ടാം കാര്യമായിരുന്നു. ആ സിനിമയിലേക്ക് എത്തപ്പെട്ട മറ്റ് മനുഷ്യരെയും അവരുണ്ടാക്കുന്ന ആരവങ്ങളെയും കുറിച്ചായിരുന്നു എന്റെ താല്പര്യവും ഭ്രമവുമെല്ലാം. അങ്ങനെ എല്ലാവരും കൂടി പാടിയും ആടിയും ജീവിക്കുന്നതിനിടയിൽ ആണ് ജലജ എന്ന പെൺകുട്ടി വരുന്നത്. ഇതാണ് ശ്രീരാമന്റെ കാമുകി എന്ന് പലരും അപ്പോൾ എന്നോട് പറഞ്ഞു. ജലജയുടെയും ആദ്യത്തെ സിനിമയായിരുന്നു. ഇതുവരെ കണ്ട സിനിമകളിലെ പല കാമുകിമാരെയും ഓർത്ത് നോക്കിയപ്പോൾ ആകെ ഒരു അങ്കലാപ്പ് ഉണ്ടായി. എങ്ങനെ ഒരു കാമുകനായി അഭിനയിക്കേണ്ടിവരും എന്നോർത്ത് സഭാകമ്പവും.

അരവിന്ദന്റെ ‘തമ്പി’ൽ വി കെ ശ്രീരാമനും ജലജയും

അരവിന്ദന്റെ ‘തമ്പി’ൽ വി കെ ശ്രീരാമനും ജലജയും

സിനിമ കാണാൻ പോകുന്ന ഒരു ചെറുപ്പക്കാരനായിട്ടായിരുന്നു എന്റെ കഥാപാത്രം. അയാൾ ഒരു പമ്പ് ഹൗസ് ഓപ്പറേറ്ററാണ്. ആ പമ്പ് ഹൗസിന്റെ എതിർവശത്തായിരുന്നു കാമുകിയായ ജലജയുടെ വീട്. രണ്ടുപേരും ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കും. അവൾ മുണ്ട് തോരാനിടുമ്പോൾ പമ്പ് ഹൗസിലേക്ക് നോക്കും. തിരിച്ച് അയാളും. അങ്ങനെ പോകുന്ന പ്രണയം. അവളെയും അവളുടെ അനിയനെയും കൂട്ടി സനിമ കാണാൻ പോകുന്നതായിരുന്നു കഥയിലെ സന്ദർഭം. ഡയലോഗ് ഒന്നുമില്ല. വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണുന്ന പ്രണയം. അതുവരെ കണ്ടിട്ടുള്ള മറ്റു സിനിമകളിലെ കാമുകീകാമുകന്മാരുടെ ചേഷ്ടകളൊന്നും ഇല്ലാത്ത മൗനപ്രണയം. വളരെ ഡിറ്റാച്ച്ഡ് ആയ ഒരു രീതിയായിരുന്നു ആ പ്രണയത്തിന്റെ  സമീപനത്തിൽ അരവിന്ദൻ സ്വീകരിച്ചത്.

പ്രണയത്തിൽ മാത്രമല്ല, ഏതെങ്കിലും രംഗങ്ങൾ  സെന്റിമെന്റലാക്കുന്നതിനോ ഉദ്വേഗജനനമാക്കുന്നതിനോ ഉള്ള ശ്രമങ്ങളൊന്നും ആ സിനിമയിൽ അരവിന്ദൻ നടത്തിയിട്ടില്ല. വളരെ അകന്നുനോക്കുന്ന കാഴ്ചപ്പാടിലൂടെയാണ് സംവിധായകൻ സിനിമയെ നയിച്ചെടുക്കുന്നത്. കണ്ടുകഴിഞ്ഞാൽ വലിയ ഫീൽ പോയിട്ട് എന്താണ് നടക്കുന്നതെന്ന് ആളുകൾക്ക് വേണ്ടത്ര മനസ്സിലാവുകപോലുമില്ലാത്ത വിധത്തിലായിരുന്നു അത്. അകന്നുനിന്നുകൊണ്ട് കാണികളിലേക്ക് കാര്യങ്ങളെത്തിക്കുന്ന ഒരു ഡോക്യുമെന്റേഷൻ രീതി. അടുത്തകാലത്ത് ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ശവം’ എന്ന ബ്ലാക്ക്‌ ആന്റ്‌ വൈറ്റ് സിനിമ കണ്ടപ്പോൾ ഞാൻ ആദ്യം അഭിനയിച്ച തമ്പ് എന്ന സിനിമ ഓർമ വന്നു. ശവത്തിലും ഡോൺ ഇങ്ങനെ അകന്നുനിന്നുകൊണ്ട് കാര്യങ്ങൾ പറഞ്ഞുപോകുകയാണ്. ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

എന്തായാലും സിനിമയെക്കാൾ തമ്പ് എന്നിൽ നിറഞ്ഞുനിൽക്കുന്നത് കലാകാരന്മാരും നാട്ടുകാരും ഒക്കെക്കൂടി ഉണ്ടാക്കിയ ആ സംരംഭത്തിന്റെ ഇളക്കങ്ങളാണ്. പെട്ടെന്നൊരു ദിവസം സിനിമ കഴിയുന്നു. ഭാരതപ്പുഴയിൽ വെള്ളം ഒലിച്ചുപോകുന്നതുപോലെ അത് തീർന്നുപോകുന്നു. ഒഴിയാത്തത് അതുണ്ടാക്കിത്തന്ന കൂട്ടായ്മയുടെ ആവേശവും സൗഹൃദങ്ങളുടെ തിരകളും മാത്രം.

? തമ്പിലൂടെ ശ്രീരാമേട്ടനിൽ സംഭവിച്ചത് എന്താണ്...

= അതുവരെ ഞാൻ പരിചയിച്ചതിനപ്പുറം എനിക്ക് സ്വീകാര്യമായ ചില ഇടങ്ങളെ തമ്പ് പരിചയപ്പെടുത്തിത്തന്നു. അഭിനയിക്കാനും സിനിമാനടനാകാനുമുള്ള ആഗ്രഹങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും തമ്പോടുകൂടി വേറെ ഒരു ലോകം എനിക്ക് കൂടുതൽ പരിചിതമായി. സാധാരണതയിൽ നിന്ന് വ്യത്യസ്തരായ ആളുകളോടുള്ള കൗതുകം അതെന്നിൽ ഉണർത്തിയെടുത്തു. ഒപ്പം നല്ല സിനിമകളും നല്ല സിനിമയെ സ്നേഹിക്കുന്ന കുറെ മനുഷ്യരും എന്റെ കാഴ്ചയിലെത്തി. ഗുരുവായൂരും തൃശൂരും കോഴിക്കോടുമുള്ള പല സിനിമാപ്രവർത്തകരും സുഹൃത്തുക്കളായി.

പി ടി  കുഞ്ഞുമുഹമ്മദ്‌

പി ടി കുഞ്ഞുമുഹമ്മദ്‌

പി ടി കുഞ്ഞുമുഹമ്മദ് നിർമ്മിച്ച് കെ  ആർ മോഹൻ സംവിധാനം ചെയ്ത അശ്വത്ഥാമാവ് എന്ന സിനിമയുടെ പ്രിവ്യു കാണാൻ തൃശൂരിൽ ചെന്നപ്പോഴാണ് പവിത്രനെ പരിചയപ്പെടുന്നത്.

ചലച്ചിത്ര വികസന കോർപ്പറേഷനിൽ നിന്ന് ലോണെടുത്താണ് പി ടി കുഞ്ഞുമുഹമ്മദ് അശ്വത്ഥാമാവ് ചെയ്തത്. ആ ലോൺ അടച്ചുതീർത്തുകഴിഞ്ഞാൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചുവന്ന മറ്റൊരു കൂട്ടുകാരനായ കെ എൻ ശശിധരനെക്കൊണ്ട് അടുത്ത സിനിമ സംവിധാനം ചെയ്യിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുഞ്ഞുമുഹമ്മദ്. ഇത്തരം ആവേശകരമായ കാര്യങ്ങളിലും ചർച്ചകളിലും ഞാനും പങ്കാളിയായി. ആ പുതിയ പടത്തിന്റെ ക്യാമറമാനാകാൻ തീരുമാനിക്കപ്പെട്ട മധു അമ്പാട്ടിനെ കാണാൻ എല്ലാർക്കുമൊപ്പം ഞാനും ആലപ്പുഴയിലേക്ക് യാത്ര പുറപ്പെട്ടു. മധു അന്ന് ആലപ്പുഴയിൽ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമക്കുവേണ്ടി ക്യാമറ ചലിപ്പിക്കുകയായിരുന്നു. വളരെയേറെ പ്രതിഭാധനനായ ആളാണ് കെ എൻ ശശിധരൻ. പക്ഷേ, അന്ന് പ്ലാൻ ചെയ്ത ആ സിനിമ നടക്കുകയുണ്ടായില്ല. എങ്കിലും രസകരമായിരുന്നു ആലപ്പുഴയിലേക്കുള്ള ആ യാത്ര. പവിത്രനുമായി കൂടുതൽ അടുക്കുന്നത് ആ യാത്രയിലാണ്.

? പവിത്രന്റെ പല അവസരോചിതമായ വാചകങ്ങളും ശ്രീരാമേട്ടൻ ഇപ്പോഴും ഓർത്തെടുത്ത് പറയാറുണ്ട്. ആ ആത്മബന്ധത്തെ ഒന്ന് ഓർമപ്പെടുത്താമോ.

 = ആലപ്പുഴയിലേക്കുള്ള യാത്രക്കിടയിൽ പവിത്രന്റെ സംസാരരീതിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. പവിത്രന്റെ ചിന്തകളും അവ വളരെ നിരുപദ്രവകരമായി രസകരമായ സംഭവങ്ങളാക്കി അവതരിപ്പിക്കുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമായി. മറ്റാരെക്കാളും ഇഷ്ടമായി എന്നുകൂടി പറയാം. അതയാളെ കൂടുതൽ എന്നിലേക്കടുപ്പിച്ചു. പിന്നെയുള്ള കാലം പവിത്രൻ എന്നെ വളരെ സ്വാധീനിക്കുന്നുണ്ട്. അയാൾ ചെറുവത്താനിയിലെ എന്റെ വീട്ടിലേക്കും ഞാൻ കണ്ടാണിശ്ശേരിയിലുള്ള പവിത്രന്റെ വീട്ടിലേക്കും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. അമ്മയും ഞാനും മാത്രമുണ്ടായിരുന്ന വീട്ടിൽ പലപ്പോഴും പവിത്രൻ താമസിച്ചു. അക്കാലത്ത് യാരോ ഒരാൾ എന്ന സിനിമയുടെ ഷൂട്ടിങ്‌ കഴിഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയൊരു സിനിമ ആരും വിതരണത്തിന് എടുക്കാത്തതിനാൽ കേരളത്തിലെ ഓരോ കേന്ദ്രങ്ങളിലും പോയി ആ സിനിമ പ്രദർശിപ്പിക്കുകയായിരുന്നു.

ആ സംഘത്തിനൊപ്പം ഞാനുമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ള സിനിമ പവിത്രന്റെ യാരോ ഒരാൾ ആണ്. പൂർവാപര ബന്ധങ്ങളോ തുടർച്ചകളോ ഒന്നുമില്ലാത്ത സിനിമയാണത്. മരിച്ച ആളൊക്കെ വീണ്ടും വരുന്നുണ്ട്. പക്ഷേ, ആ സിനിമ പ്രേക്ഷകരോട് സംവദിച്ചിരുന്നു. നല്ല രസമുള്ള സിനിമയാണത്. അതിന്റെ പ്രിന്റ് പോലും ഇപ്പോൾ ഇല്ല എന്നു തോന്നുന്നു. അതിനുമുമ്പ് പി എ ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറായിരുന്നു പവിത്രൻ. അടിയന്തരാവസ്ഥ കാലത്താണ് ആ ചിത്രമിറങ്ങിയത്. അന്നതിന് കുറെ അവാർഡുകളൊക്കെ ലഭിച്ചിട്ടുണ്ട്.

ഒരർഥത്തിൽ പറഞ്ഞാൽ അരവിന്ദന്റെ സ്കൂൾ വിട്ട് പവിത്രന്റെ സ്കൂളിൽ ചേരുന്നുണ്ട് ഞാനപ്പോൾ. ജോൺ എബ്രഹാമിനെ പരിചയപ്പെടുന്നത് ആ സമയത്താണ്.

ജോൺ എബ്രഹാം

ജോൺ എബ്രഹാം

ജോൺ എബ്രഹാം എന്നെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് തമ്പിൽ അഭിനയിച്ചിട്ടുണ്ട് അല്ലേ എന്നാണ്. ഉണ്ട് എന്നു പറഞ്ഞപ്പോൾ അടുത്ത കമന്റ് വന്നു. ഞാൻ കണ്ടിട്ടുണ്ട്, മഹാ ബോറായിരുന്നു അഭിനയം. അഭിനയം നന്നായില്ല എന്ന തോന്നൽ എനിക്കുതന്നെയുള്ളതു കാരണം അതു കേട്ടപ്പോൾ അത്ഭുമൊന്നും തോന്നിയില്ല. അങ്ങനെ ജോണും എന്റെ സ്നേഹിതനാകുന്നുണ്ട്.  കോഴിക്കോട് ചെലവൂർ വേണുവിന്റെ സൈക്കോ മാസികയുടെ ഓഫീസിൽ വെച്ച് ഇങ്ങനെയുള്ള ആളുകളെല്ലാം കൂടിച്ചേരും. സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ചർച്ചാവിഷയങ്ങളാകും. അടിയന്തരാവസ്ഥ കഴിയുന്ന കാലമായിരുന്നു അത്. ഇതൊക്കെ എന്റെ ജീവിതത്തിന്റെ ഒരു ജങ്ഷൻ ആയിരുന്നു. ജീവിതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ചിന്തകളുടെ ഒക്കെ മാറ്റങ്ങളുടെ കാലം. അതുവരെ കുന്നംകുളത്തെ കൂട്ടുകാരും അങ്ങാടിപ്പോക്കുകളും ബന്ധുക്കളും അടിയന്തിരങ്ങളും വിവാഹങ്ങളും മാത്രമായിരുന്ന ജീവിത്തിൽനിന്ന് നൂതനമായ അറിവുകളുടെയും അനുഭവങ്ങളുടെയും വിതാനങ്ങളിലേക്കള്ള മാറ്റം.

  ? അക്കാലത്തൊക്കെ ശ്രീരാമേട്ടന് നാട്ടിൽ സിനിമാനടൻ എന്ന ഇമേജ് ഉണ്ടായിരുന്നോ.

= ആർക്കും ഇത്തരം സിനിമകളെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലാതിരുന്നതുകൊണ്ട് അങ്ങനെയുള്ള ബാധ്യതകളൊന്നുമില്ലായിരുന്നു. മാത്രമല്ല, അക്കാലത്താണ് എന്നെ ആർഎസ്എസ്സുകാർ തല്ലുന്നത്. അത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടൊന്നുമല്ല. നാട്ടിലെ എന്തെങ്കിലും കൊച്ചു കൊച്ചു പ്രശ്നങ്ങളും വഴക്കുകളുമൊക്കെയാകാം കാരണം. എവിടെ നിന്നോ കുറെ ആളുകൾ ഓടിവരുന്നു, തല്ലുന്നു.

ഞാനുൾപ്പെടെയുള്ള കുറെ ആളുകൾ അത് നേരിടുന്നു. അതൊക്കെ ചില ആവേശത്തിന്റെ പുറത്ത് സംഭവിക്കുന്നതാണ്. പിന്നെ കുറെ ആളുകൾ സംഘടിച്ചുവന്ന് എന്നെ തല്ലുന്നു. രാത്രി ഉത്സവപ്പറമ്പിൽവെച്ചാണ് ആ തല്ല് നടക്കുന്നത്.

ചെലവൂർ വേണു

ചെലവൂർ വേണു

നാട്ടിലെ ഇത്തരം ചെറുവൃത്തങ്ങളിലെ അലങ്കോലങ്ങളിൽനിന്നാണ് മറ്റൊരു ലോകത്തേക്ക് കടക്കുന്നത്. ആ സമയത്താണ് കുറെ പുതിയ പുസ്തകങ്ങൾ വായിക്കുന്നത്. അയൽപക്കത്തുള്ള സത്യദേവൻ എന്ന സത്യേട്ടനാണ് ആദ്യം വായനാലോകം പരിചയപ്പെടുത്തിത്തന്നത്. ത്രീ മസ്കറ്റിയേഴ്സ് ആണ് അങ്ങനെ വായിച്ച ആദ്യ ഇംഗ്ലീഷ് പുസ്തകം. പിന്നീട് പവിത്രന്റെയും സി വി ശ്രീരാമന്റെയുമൊക്കെ സംഘംചേരലുകൾ വായനയെ അനിവാര്യതയാക്കി.

  ? പുതിയ സുഹൃത്തുക്കൾ നൽകിയ ജീവിത ചിന്തകൾ എന്തെല്ലാമായിരുന്നു.

= അവരെല്ലാം പറയുന്ന വിഷയങ്ങളെക്കുറിച്ച് അധികം വായനയൊന്നുമില്ലാത്തതു കൊണ്ട് നിശ്ശബ്ദനായിരിക്കുകയായിരുന്നു പതിവ്. അങ്ങനെ അവരുടെ സംസാരത്തിൽ ചേരാനാണ് വായന ആവശ്യമായി വരുന്നത്. വിദ്യാഭ്യാസമോ ഭാഷാപരിജ്ഞാനമോ ഇല്ലാത്തതുകൊണ്ട് വളരെ കഷ്ടപ്പെട്ട് ഡിക്‌ഷനറിയൊക്കെ വെച്ചാണ് ഞാൻ അവർ അന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ഗർബ്രിയേൽ ഗാർഷ്യ മാർക്വസിന്റെ വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് വായിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം പിന്നെയാണ് വായിക്കുന്നത്. അതിനുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ വരുന്നത് കണ്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രത്യേകതയെക്കുറിച്ചൊന്നും അറിയാത്തതുകൊണ്ടും ആരും പറഞ്ഞു തരാത്തതുകൊണ്ടും അത്ര ശ്രദ്ധിച്ചിട്ടില്ലായിരുന്നു. പിന്നീട് സൈക്കോയിലും മറ്റും നടന്നിരുന്ന സംഘം ചേരലുകൾക്കിടയ്ക്കാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ  പ്രാധാന്യം മനസ്സിലാക്കി അത് വായിക്കുന്നത്.

ഒരിക്കൽ കണ്ടാണിശ്ശേരിയിലെ പവിത്രന്റെ വീട്ടിൽ വെച്ച് ഈ പുസ്തകം ചർച്ചയ്ക്കുവന്നത് ഒച്ചയുയർന്ന വാഗ്വാദമായി മാറി. സി വി ശ്രീരാമൻ, അനന്തകൃഷ്ണൻ, കെ എൻ ശശിധരൻ, പവിത്രൻ എന്നിവർ രണ്ടു ചേരികളിലായി തിരിഞ്ഞ് നടത്തിയ തർക്കം അർധരാത്രിയും പിന്നിട്ടു. രാത്രി രണ്ടു മണി കഴിഞ്ഞിട്ടും ചർച്ച തുടർന്നുകൊണ്ടിരുന്നു. സി വി ശ്രീരാമനും അനന്തകൃഷ്ണനും ആ നോവലിനും അത് മുന്നോട്ടുവെയ്ക്കുന്ന നായകസങ്കല്പത്തിനും എതിരായിരുന്നു. ഒരു നോവൽ മുന്നോട്ടുവയ്ക്കുന്ന ചിന്തകളും ആശയങ്ങളും സമൂഹ നന്മയ്ക്കും വിപ്ലവാത്മകവും പുരോഗമനാത്മകവുമായ സാമൂഹിക പരിവർത്തനങ്ങൾക്കും കാരണമാകണമെന്നും നോവലിന്റെ അച്ചുതണ്ടായ നായകൻ അതിനെ പ്രതിനിധീകരിക്കുന്ന ആളാകണമെന്നുമായിരുന്നു അവർ രണ്ടുപേരുടെയും പക്ഷം. ഖസാക്കിലെ നായകനായ രവിയാകട്ടെ ആത്മഹത്യ ചെയ്യുന്നു. ജീവിതത്തിന്റെ മുന്നിൽ സ്വയം അടിയറവു വെയ്ക്കുന്നു.

കെ ആർ മോഹനൻ, അനന്തകൃഷ്‌ണൻ, വി കെ ശ്രീരാമൻ

കെ ആർ മോഹനൻ, അനന്തകൃഷ്‌ണൻ, വി കെ ശ്രീരാമൻ

അവിടെയുള്ള വിപ്ലവകാരികളെ പരിഹസിക്കുന്നു. കള്ളുകുടി, വ്യഭിചാരം എന്നിവയെ ഉയർത്തിക്കാണിക്കുന്നു. യാതൊരുവിധത്തിലുള്ള പരിവർത്തന ചിന്തകളുമില്ലാതെ പാട്ടമളക്കാൻ വരുന്ന പെണ്ണുങ്ങൾ കുപ്പായമിടാതെ വരുന്നത് നല്ലതല്ലേ എന്നു കൂടി ചോദിക്കുന്നു.

പാർടിവിശ്വാസികളായ സി വി ശ്രീരാമനും അനന്തകൃഷ്ണനും ഖസാക്കിനെതിരെയുള്ള നിലപാടിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. അസാധ്യമായ വായനയായിരുന്നു അനന്തകൃഷ്ണന്റേത്. ലോകത്തെ അത്യപൂർവ പുസ്തകങ്ങളെല്ലാം എവിടെനിന്നോ എത്തിപ്പിടിച്ച് വായിക്കുന്ന ആൾ. സൽവദോർ ദാലി എന്ന ചിത്രകാരന്റെ എഴുത്തിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അനന്തകൃഷ്ണനിൽ നിന്നാണ്. വായിക്കാത്ത പുസ്തകങ്ങൾ അപൂർവമാണെന്ന് ഒരാളെപ്പറ്റി പറയാവുന്ന ഒരാൾ. എന്നിട്ടും ഖസാക്കിനെതിരെ ഈ നിലപാടെടുത്തത് അന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

  ? ചർച്ചകളിൽ ശ്രീരാമേട്ടനും പങ്കാളിയായിരുന്നോ. ഏതു പക്ഷത്തായിരുന്നു.

 = ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള അറിവോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത കാരണം എല്ലാം ഉറക്കമിളച്ച് കേട്ടിരിക്കുകയണ് പതിവ്. എപ്പോഴോ ഞാനതിൽ പങ്കെടുത്ത് സംസാരിക്കാൻ ശ്രമിച്ചപ്പോൾ വഴക്ക് കേൾക്കുകയും ചെയ്തു. നീയൊന്നും ഇതിൽ പങ്കെടുക്കാറായിട്ടില്ല എന്നു പറഞ്ഞ് എന്നോട് മിണ്ടാതിരിക്കാൻ ആരോ പറഞ്ഞു. അനന്തകൃഷ്ണനോടും സി വി ശ്രീരാമനോടും സ്നേഹമുണ്ടായിരുന്നെങ്കിലും പവിത്രന്റെ പക്ഷത്തായിരുന്നു ഞാനന്ന്. കാരണം നിലനിൽക്കുന്ന സാമൂഹ്യക്രമങ്ങൾക്ക് പുറത്തുള്ള പവിത്രന്റെ ചിന്തകളും പ്രവൃത്തികളുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

പവിത്രൻ

പവിത്രൻ

മറ്റുള്ളവരൊക്കെ അവരുടെ ചിട്ടവട്ടങ്ങളിൽ അച്ചടക്കവും കൃത്യതയും കുറെയൊക്കെ പാലിച്ചുകൊണ്ട് ജീവിതം സുരക്ഷിതമാക്കുന്നവരായിരുന്നു. അനന്തകൃഷ്ണൻ ഇലക്ട്രിസിറ്റി ഓഫീസിലെ ജോലിയും സി വി ശ്രീരാമൻ വക്കീൽ പണിയും കൃത്യമായി ചെയ്തിരുന്നു. അതിനുള്ള കൂലിയും യഥാവിധി കൈപ്പറ്റിയിരുന്നു. പാർടിയുടെ മീറ്റിങ്ങുകൾക്ക് പോകുകയും പാർടിയുടെ അച്ചടക്കത്തെ ബഹുമാനിക്കുകയും ചെയ്തിരുന്നു.

  ? ശ്രീരാമേട്ടൻ ചെറുപ്പം മുതലേ സമൂഹം പറയുന്ന അച്ചടക്കത്തിനെതിരെ നിന്നിരുന്നുവല്ലേ. ഇത്തിരി കുതറിമാറിച്ചവിട്ടൽ അന്നേ ഇഷ്ടപ്പെട്ടിരുന്നു...

 = അങ്ങനെയല്ല. പല വിഷയങ്ങളും ചെറുപ്പത്തിൽ പഠിക്കാനിഷ്ടപ്പെട്ടിരുന്നില്ല. പ്രത്യേകിച്ച് കണക്കും ഹിന്ദിയും. അച്ഛനാണെങ്കിൽ പഠിക്കുന്ന കാര്യത്തിൽ വലിയ നിഷ്കർഷയും സങ്കല്പങ്ങളുമായിരുന്നു. അമ്മ കണിശക്കാരിയായ അധ്യാപികയും. അതിനാൽ രണ്ടു മക്കളിൽ ജ്യേഷ്ഠനെ ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ ഹോസ്റ്റലിലാക്കി. കുറെ അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു അന്ന്. ശ്രീലങ്കയിലായിരുന്ന അച്ഛൻ അയക്കുന്ന വരുമാനം കൊണ്ട് രണ്ടു പേരെയും ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കാനുള്ള കഴിവില്ലാതിരുന്നതു കൊണ്ട് ഞാൻ വീട്ടിൽത്തന്നെ തുടർന്നു. സ്കൂളിൽ പോകുന്നതിനും പഠിക്കുന്നതിനുമുള്ള താല്പര്യക്കുറവുമായി ഞാൻ പലയിടത്തും കറങ്ങി നടന്നു.

 ഡിസിപ്ലിൻഡ് ആയി ഒന്നും ചെയ്യാനുള്ള കഴിവില്ലായ്മയാണ് അന്നും ഇന്നും ജീവിതത്തിൽ മറ്റുളളവർ കണക്കാക്കുന്ന ഉന്നതിയിലെത്താതിരിക്കുന്നതിനുളള കാരണം. ഏകദേശം അഞ്ഞൂറിന് താഴെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഞ്ചു ലക്ഷമോ പത്തു ലക്ഷമോ ഒന്നും എന്റെ ബാങ്ക് അക്കൗണ്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അന്നായാലും ഇന്നായാലും എങ്ങനെയെങ്കിലും കഴിഞ്ഞുപോകുന്നു എന്നതാണ് ജീവിതത്തിന്റെ സാമ്പത്തിക വശം. അഭിനയിച്ചിരുന്ന കാലത്ത് കയ്യിൽ കിട്ടുന്നതൊന്നും കരുതിവെയ്ക്കുന്ന ശീലമില്ലായിരുന്നു. ഇപ്പോൾ കുന്നംകുളത്ത് ഫേസസ്, റീഡേഴ്സ് ഫോറം, ഫിലിം സൊസൈറ്റി, കഥകളി ക്ലബ് എന്നിങ്ങനെയുള്ള എല്ലാ സംഘടനകളുടെയും ചെയർമാനോ പ്രസിഡണ്ടോ ഒക്കെയാണ്‌ ഞാൻ. പക്ഷേ, ആശയങ്ങൾ കൈമാറാനല്ലാതെ സെക്രട്ടറിയോ ട്രഷററോ ആയി കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനൊന്നും എനിക്ക് കഴിയില്ല. അത്തരമൊരു കൃത്യതയുള്ള അച്ചടക്കം ഒരു കാര്യത്തിലും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു സംഘടനയുടേയോ രാഷ്ട്രീയത്തിന്റെയോ ഭാഗമായി ജീവിക്കാനും സാധിച്ചിട്ടില്ല. ഇത്തരമൊരു മനോനിലയിൽ തന്നെയുള്ള ആളെന്ന നിലയിലാണ് പവിത്രനെ കൂടുതൽ അറിയുന്നതും അംഗീകരിക്കുന്നതും.

   ? ഗൾഫിലേക്ക് ജോലിതേടി പോകാനിടയായത് ഏത് സാഹചര്യത്തിലാണ്. ആ അനുഭവങ്ങൾ എങ്ങനെയാണ്.

വി കെ ശ്രീരാമനും ഭാര്യ ഗീതയും     ഫോട്ടോ: ജി ബി കിരൺ

വി കെ ശ്രീരാമനും ഭാര്യ ഗീതയും ഫോട്ടോ: ജി ബി കിരൺ

= 1980‐ൽ വിവാഹം കഴിഞ്ഞ ശേഷം 1981‐ൽ കുഞ്ഞു ജനിച്ചു. കുട്ടിയും കുടുംബവുമൊക്കെ ആയപ്പോഴാണ് അന്ന് ഗൾഫിലുണ്ടായിരുന്ന ചേട്ടന്റെ കെയറോഫിൽ ഗൾഫിലേക്ക് പോകുന്നത്. 1983‐ ലാണ് അത്. സി വി ശ്രീരാമനും പവിത്രനും കൂടിയാണ് എന്നെ അന്ന് ഗൾഫിലേക്ക് യാത്രയാക്കാൻ കൊണ്ടുപോകുന്നത്. ഒരു കമ്പനിയുടെ പ്രൊഡക്ഷൻ യൂനിറ്റിൽ ടൈം കീപ്പറായി അവിടെ ജോലി ലഭിച്ചു. ഒരു വർഷത്തോളം ജോലി നോക്കി. വർക്ക് സൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ചുമതലയായിരുന്നു എനിക്കുണ്ടായിരുന്നത്.

ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നൊക്കെയുള്ള തൊഴിലാളികളായിരുന്നു അവരിലധികവും. പൊരിവെയിലിൽ പണിയെടുത്ത് തളർന്നുവീഴുമ്പോൾ അവർക്ക് ഉപ്പുബിസ്ക്കറ്റ് കൊടുക്കുന്നത് എന്റെ ജോലിയായിരുന്നു. വളരെയധികം മനോവ്യഥകൾ ഉണ്ടാക്കിയ തൊഴിൽ കാലമായിരുന്നു അത്. ആ അനുഭവങ്ങളെപ്പറ്റി പുണർതം ഞാറ്റുവേല എന്ന പേരിൽ മാതൃഭൂമിയിൽ ഒരു ലേഖനം പിന്നീട് എഴുതിയിട്ടുണ്ട്. നാട്ടിൽ വേനൽ കഴിഞ്ഞ് ഭൂമി മഴയെ പുൽകി തണുത്തുതിമിർത്ത് നിൽക്കുമ്പോഴാണ് ഗൾഫിൽ കത്തുന്ന വെയിലിൽ വെള്ളം വറ്റിയ മനുഷ്യർ മൃതപ്രായരായി കുഴഞ്ഞുവീഴുന്നത്. ഫോർമാന്മാരും എഞ്ചിനീയർമാരും അവരെ ക്രൂരമായി ശാസിക്കും. രാത്രികളിൽ ടിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ക്യാമ്പുകളിലാണ് അവർ അന്തിയുറങ്ങുക. പകൽ അതിനുള്ളിൽ ഇരിക്കാൻ പറ്റാത്തത്ര ചൂടാണ്. രാത്രി ഷീറ്റിൽ നിന്ന് ചൂടിറങ്ങിവരും. നരകജീവിതമായിരുന്നു അത്.

സഹജീവികളുടെ ഈ നിസ്സഹായത എന്നെ തെല്ലൊന്നുമല്ല ബാധിച്ചത്. ഇതിനെതിരെ മേനേജർക്കു മുന്നിൽ പൊട്ടിത്തെറിച്ച് ഞാൻ ലീവ് ലെറ്റർ എഴുതിക്കൊടുത്തു. ഈ വ്യഥകളുടെ കാഠിന്യം സഹിക്കാൻ പറ്റാതെ മാനസികമായി സമനില തെറ്റിയ എന്നെ അവിടെ മാനസിക രോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ആദ്യമൊക്കെ വല്ലാതെ പൊട്ടിത്തെറിച്ച് ആക്രോശിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തിരുന്ന ഞാൻ പതുക്കെ നോർമലായി. നാലു ദിവസം കഴിഞ്ഞ് ആശുപത്രി വിട്ടെങ്കിലും തുടർന്ന് അവിടെ ജോലി ചെയ്യാതെ വിശ്രമിക്കണമെന്ന ഉപദേശമാണ് ഡോക്ടർ നൽകിയത്. അങ്ങനെ നാട്ടിലേക്ക് തിരിച്ചുപോന്നു.

  ?കുറെക്കാലം ആധ്യാത്മികതയുടെ ലോകത്തായിരുന്നുവല്ലോ. അതെങ്ങനെ സംഭവിച്ചു.

= ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ പഴയ നാടും ജീവിതവുമൊന്നുമല്ല എന്റെ മുന്നിലുണ്ടായിരുന്നത്. പണ്ടൊക്കെ നാടൻ രാഷ്ട്രീയത്തിൽ ഇടപെട്ടും നാട്ടുകാര്യങ്ങളിൽ മധ്യസ്ഥത വഹിച്ചും നടന്നിരുന്ന അന്തരീക്ഷത്തിന് മാറ്റം വന്ന പോലെ തോന്നി. ഗൾഫിൽ നിന്ന് തിരിച്ചുപോന്ന എന്നെ ബോംബെയിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തുന്നത് കൂട്ടുകാരനായ സത്യേട്ടനാണ്‌. നല്ല വായക്കാരനായ സത്യേട്ടന്റെ കയ്യിൽ അപ്പോൾ ജ്ഞാനവാസിഷ്ഠം എന്ന പുസ്തകമുണ്ടായിരുന്നു. കൗമാരക്കാരനായ ശ്രീരാമന് ജീവിതവിരക്തിയും നിരാശയും ബാധിച്ചപ്പോൾ വസിഷ്ഠ മഹർഷി ജ്ഞാനം ഉപദേശിക്കുന്നതാണ് ജ്ഞാനവാസിഷ്ഠത്തിന്റെ പ്രതിപാദ്യം. വിശ്വാമിത്രനാണ് വസിഷ്ഠനോട് ജ്ഞാനോപദേശം നൽകാൻ പറയുന്നത്. ആ പുസ്തകം ഞാൻ വായിച്ച് ഹൃദ്യസ്ഥമാക്കുന്നുണ്ട് അന്ന്. അതിന്റെ നോട്ടുകൾ കുറിച്ചുവെച്ചു. ആ സമയത്ത് ആത്മീയത എന്നെ കൂടുതൽ ആകർഷിച്ചു.

അത്തരം അന്വേഷണത്തിന്റെ ഭാഗമായി നിരവധി ആത്മീയ പുസ്തകങ്ങൾ വായിച്ച് അതിന്റെയൊക്കെ കാതലായ സംക്ഷിപ്തങ്ങൾ കുറിച്ചുവെയ്ക്കാൻ തുടങ്ങി. ഇന്നും എന്റെ കയ്യിലുണ്ട് ആ നോട്ടുപുസ്തകങ്ങൾ. അക്കാലത്ത് പല ഗുരുക്കന്മാരുടെയും അടുത്ത് ഞാൻ പോകുന്നുണ്ട്. മാതാ അമൃതാനന്ദമയി അടക്കം പലരും അക്കൂട്ടത്തിലുണ്ട്. പക്ഷേ, ഒരിടത്തും എനിക്ക് ജ്ഞാനമാർഗത്തിന്റെ സുതാര്യമായ ക്രയവിക്രയം സാധ്യമാക്കുന്ന സാന്നിധ്യം അനുഭവപ്പെടാനായില്ല. ഞാൻ പോയ അത്തരം സ്ഥലങ്ങളിലെല്ലാം യഥാർഥമായ ആത്മീയവിനിമയം സാധ്യമാക്കാത്ത എന്തൊക്കെയോ നിഗൂഢമായ അസ്വസ്ഥതകൾ നിറഞ്ഞുനിന്നിരുന്നതു പോലെ തോന്നി. ഒരു ആശ്രമവും ഞാൻ ആഗ്രഹിച്ച ശാന്തി നൽകുന്നതായി അനുഭവപ്പെട്ടില്ല. അതിനെക്കാൾ നല്ലത് സ്വന്തം വീട്ടിലിരുന്ന് വായനയിലൂടെ സ്വയം ഗുരവായിത്തീരുകയാണെന്ന് തോന്നി.

എന്റേതുപോലുള്ള അശാന്തമായ ചിന്തകൾ മുമ്പും പലർക്കും ഉണ്ടായിട്ടുള്ളതായി വായനയിൽ നിന്ന് മനസ്സിലായി. സാധാരണ മനുഷ്യർക്കൊന്നും ശാന്തമായ മനസ്സ് ഇല്ലെന്നുകൂടിയുള്ള അറിവായിരുന്നു അത്. സദാസമയവും ദുഃഖവും അസ്വസ്ഥതകളും ആധിയും നിറഞ്ഞ മനസ്സുമായിട്ടാണ് ഏതാണ്ട് എല്ലാ മനുഷ്യരും ജീവിക്കുന്നതെന്ന അറിവാണ് അന്നത്തെ വായനയും അനുഭവങ്ങളും പകർന്നു തന്നത്.

ഫോട്ടോ: ജി ബി കിരൺ

ഫോട്ടോ: ജി ബി കിരൺ

തുടർന്ന് പല സമയത്തും മാനസിക രോഗത്തിനുള്ള ചികിത്സ തേടി ഞാൻ ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ട്. അരവിന്ദന്റെ തമ്പ് കാലത്തുണ്ടായിരുന്ന മനോരോഗ വിദഗ്ധനായ ഡോ. എസ് പി രമേശ് ആണ് ഏറെ സഹായിച്ചിട്ടുള്ളത്. രമേശനുമായി പല കാര്യങ്ങളെപ്പറ്റിയും സംശയങ്ങളുന്നയിച്ച് തർക്കിച്ചിരുന്നു. സംശയങ്ങൾക്കൊന്നും സമാശ്വസിപ്പിക്കുന്ന മറുപടികൾ രമേശന്റെ കയ്യിലില്ലായിരുന്നു. പകരം ഗുളികകൾ തരും. ഈ ഗുളികകൾ കഴിച്ചാൽ മതി, എല്ലാം മാറും എന്ന നിലപാടായിരുന്നു രമേശന്റേത്.

  ? ഗൾഫിൽ നിന്നുള്ള മടക്കത്തിനുശേഷം വീണ്ടും സിനിമയിൽ സജീവമാകുന്നതെപ്പോഴാണ്.

= പവിത്രന്റെ ഉപ്പ് എന്ന സിനിമയോടെയാണ് വീണ്ടും സിനിമയിൽ സജീവമാകുന്നത്. കുന്നംകുളത്തുകാരനായ റഹിം വക്കീലിന്റേതാണ് ഉപ്പിന്റെ കഥ. പ്രൊഡ്യൂസറും അദ്ദേഹമാണ്. സിനിമാമോഹവുമായി നടന്നിരുന്ന റഹിം വക്കീലിനെയും പവിത്രനെയും അന്ന് ഒന്നിപ്പിക്കുന്നത് ഞാനാണ്.

റഹിം വക്കീൽ പറഞ്ഞ ഈ കഥ സിനിമയുണ്ടാക്കാനായി ആദ്യം പവിത്രനോട് പറഞ്ഞപ്പോൾ ഗുണമില്ലാത്ത കഥയാണ്, ഇതുകൊണ്ടൊന്നും സിനിമയുണ്ടാക്കാൻ പറ്റില്ല എന്നായിരുന്നു പവിത്രന്റെ  പ്രതികരണം. പിന്നീട് റഹിം വക്കീൽ തന്നെ നേരിട്ട് പവിത്രന് മുന്നിൽ വെച്ച് കഥ പറയുകയുണ്ടായി. ആരെയും മുഷിപ്പിക്കാെത നല്ല രീതിയിൽ മാത്രം സംസാരിക്കുന്ന പവിത്രൻ വക്കീലിനെ സന്തോഷിപ്പിക്കാനായി അയാളുടെ മുന്നിൽ വെച്ച് കഥയെ പുകഴ്ത്തിപ്പറഞ്ഞു. ഇത്രയും നല്ല ഒരു കഥ ഞാനിതുവരെ കേട്ടിട്ടില്ല എന്ന പവിത്രന്റെ തമാശയൊക്കെ റഹിം വക്കീൽ വിശ്വസിച്ച് കാര്യമായിട്ടെടുത്തു. അതിനെപ്പറ്റി കണ്ടാണിശ്ശേരിയിലെ പാരിസ് റോഡ് എന്ന പേരിൽ ഞാൻ പിന്നീട് ഒരു കഥയെഴുതിയിട്ടുണ്ട്. റഹിം വക്കീലിന്റെ പ്രതീക്ഷകൾ ഉച്ചസ്ഥായിയിലായപ്പോൾ അത് സിനിമയാക്കാതെ വയ്യ എന്നായി. അങ്ങനെയാണ് ഉപ്പ് എന്ന സിനിമയുണ്ടാവുന്നത്.

  ? കൊമേഴ്സ്യൽ സിനിമയിലേക്കുള്ള പ്രവേശനം എങ്ങനെയണ്.

= ഉപ്പ് ഉണ്ടായിക്കഴിഞ്ഞ ശേഷവും അതൊരു മോശം സിനിമയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ, അതിലെന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതെന്നെ വീണ്ടും അഭിനയലോകത്തെത്തിച്ചു. മദ്രാസിൽ വെച്ച് ഉപ്പിന്റെ പ്രിവ്യൂ നടന്നപ്പോൾ എന്റെ മുസലിയാരുടെ വേഷം കണ്ട് ഫാസിൽ അഭിനന്ദിച്ചിരുന്നു. പിന്നീടാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ഫാസിലിന്റെ പുതിയ സിനിമയിൽ എനിക്കൊരു വില്ലൻ വേഷം ലഭിക്കുന്നത്.

കമൽ സംവിധാനം ചെയ്ത ആ സിനിമയുടെ നിർമ്മാതാവായിരുന്നു ഫാസിൽ. ശ്രീരാമനൊന്നും ഈ സിനിമക്ക് പറ്റില്ല എന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം. അയാൾ കവിയൊക്കയല്ലേ, അയാളെക്കൊണ്ടെങ്ങനെ കുട്ടികളെ പിടിക്കുന്ന വില്ലൻ റോൾ ചെയ്യാനാവും എന്നാണത്രെ കമൽ ഫാസിലിനോട് ചോദിച്ചത്. അഭിനയ ജീവിതത്തിലെ കൊമേഴ്സിൽ ബ്രേക്ക് എന്നു പറയാവുന്ന ഒരു സിനിമയായി പിന്നെയത് മാറുകയായിരുന്നു. അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ ക്യാരക്ടറിനെ സംബന്ധിച്ചിടത്തോളം ഞാനല്ല ആരു ചെയ്താലും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു അത്. അത്ര ഇഫക്ടുള്ള ഒരു കഥാപാത്രം. കണ്ണുകളൊക്കെ ചുവപ്പിച്ച് വികൃതമാക്കിയ മുഖഭാവവുമായി എത്തുമ്പോൾതന്നെ ഒറ്റനോട്ടത്തിൽ വില്ലനായിരുന്നു. എന്റെ അഭിനയത്തികവുകൊണ്ട് ആ കഥാപാത്രത്തെ ഉജ്വലമാക്കി എന്നൊന്നും പറയാനാവില്ല.

‘വൈശാലി’ എന്ന ചിത്രത്തിൽ  വി കെ ശ്രീരാമൻ

‘വൈശാലി’ എന്ന ചിത്രത്തിൽ വി കെ ശ്രീരാമൻ

എന്തായാലും അതിനുശേഷം ഭരതന്റെ വൈശാലി എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു റോളിൽ അഭിനയിക്കാനായി. അങ്ങനെയാണ് കൊമേഴ്സ്യൽ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

  ? അപ്പോഴൊക്കെ ഒരു നടൻ എന്ന അവസ്ഥ ആസ്വദിച്ചിരുന്നോ. അഭിനയം തന്റെ വഴിയല്ല എന്ന് കരുതിയിരുന്ന ആൾ ഇൻഡസ്ട്രിയിൽ എങ്ങനെ പിടിച്ചുനിന്നു.

= അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയുടെ വരുമാനത്തിൽ മാത്രം ഭാര്യയെയും രണ്ടു മക്കളെയും പുലർത്താനാവില്ല എന്ന് തോന്നിത്തുടങ്ങിയ അവസരത്തിലാണ് അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുതുടങ്ങിയത്. ഗൾഫിൽ പോയി ജോലി ചെയ്തിരുന്നപ്പോൾ മാസം ആയിരം രൂപയാണ് വീട്ടിലേക്ക് അയക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചാൽ മാസം പതിനായിരം രൂപ കിട്ടുകയും അതേസമയം തന്നെ മറ്റൊരു സിനിമയിൽകൂടി അഭിനയിച്ച് പ്രതിഫലം വാങ്ങാൻ കഴിയുകയും ചെയ്യുന്ന സ്ഥിതി വന്നപ്പോൾ അത് നല്ലൊരു വരുമാന മാർഗമായി തോന്നി.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച കുറെ സിനിമാപ്രവർത്തകരുടെ സുഹൃത്തായതുകൊണ്ട് എനിക്ക് അഭിനയത്തെപ്പറ്റി നല്ല ധാരണയുണ്ടെന്നാണ് ചില സംവിധായകർ ധരിച്ചിരുന്നത്. എന്റെ റോളുകൾ അവർ വിചാരിച്ചിരുന്നതുപോലെ അതിഗംഭീരമായൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോൾ അവർ നിരാശരായിപ്പോയിട്ടുണ്ടാകും. എന്നാൽ ആവുന്ന വിധം എല്ലാം ഭംഗിയാക്കാൻ ശ്രമിച്ചുവെന്നുമാത്രം. കൂടുതൽ ഉജ്വ ലമായ കഥാപാത്രങ്ങൾ അഭിനയിക്കണമെന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. അഭിനയിച്ച ഓരോ സിനിമ കാണുമ്പോഴും ഇതിനെക്കാൾ നന്നാവുമായിരുന്നു മറ്റാരെങ്കിലും ചെയ്താൽ എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഞാനഭിനയിച്ച സിനിമ കാണാൻ പോകുമ്പോൾ ഒരുതരം ചമ്മൽ എപ്പോഴും തോന്നാറുണ്ട്.
  ? ഈ കാലത്തല്ലേ സൂപ്പർ നടനായ മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറുന്നത്... 

മമ്മൂട്ടി എന്നെ സുഹൃത്താക്കാനുള്ള കാരണം എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷേ, വായനയും ചെറിയ എഴുത്തുമൊക്കെ ഉള്ള ഒരാളെന്ന നിലയിൽ കുറച്ച് വ്യത്യസ്തത തോന്നിയതുകൊണ്ടാകാം.

 

മമ്മൂട്ടിയും വി കെ ശ്രീരാമനും

മമ്മൂട്ടിയും വി കെ ശ്രീരാമനും

= മമ്മൂട്ടി എന്നെ സുഹൃത്താക്കാനുള്ള കാരണം എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷേ, വായനയും ചെറിയ എഴുത്തുമൊക്കെ ഉള്ള ഒരാളെന്ന നിലയിൽ കുറച്ച് വ്യത്യസ്തത തോന്നിയതുകൊണ്ടാകാം. പിന്നെ നാടകക്കാർ, ചിത്രകാരന്മാർ, എഴുത്തുകാർ, രാഷ്ട്രീയക്കാർ എന്നിവരൊക്കെ സുഹൃത്തുക്കളായുള്ള ഒരാളോട് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാമെന്നും കരുതിക്കാണും. എന്തായാലും എന്റെ സാന്നിധ്യത്തിൽ അദ്ദേഹം വളരെ കംഫർട്ടബിൾ ആയിരുന്നു. ചിലപ്പോൾ അക്കാലത്ത് സിനിമയുടെ പ്രാരംഭ ചർച്ചകളിൽ ചില വേഷങ്ങൾ എനിക്ക് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടാകാം.

സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാനായി അവർ ചിലപ്പോഴെങ്കിലും എന്നെ അഭിനയിപ്പിച്ചിട്ടുണ്ടാകാം. എന്തായാലും നല്ലൊരു സൗഹൃദം അക്കാലത്ത് മമ്മൂട്ടിയുമായി രൂപപ്പെട്ടിരുന്നു. ഇടയ്ക്ക് വീട്ടിലും വരുമായിരുന്നു. ആ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് പൊന്തൻമാടക്കുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ഞാൻ ടി വി ചന്ദ്രന് വാങ്ങിക്കൊടുക്കുന്നത്. വേറെ ആർക്കും വേണ്ടിയും ഞാനങ്ങനെ ചെയ്തിട്ടുമില്ല. ആദ്യം ആ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് ഒരു താല്പര്യവുമുണ്ടായിരുന്നില്ല.

ടി വി ചന്ദ്രനുമായുള്ള അടുപ്പം പവിത്രന്റെ അടുത്ത സുഹൃത്തെന്ന നിലയിൽ മുമ്പുതന്നെ ഉണ്ടായിരുന്നു. പവിത്രന്റെ ‘കബനീനദി ചുവന്നപ്പോളി’ലെ നായകനായിരുന്നു ടി വി ചന്ദ്രൻ. ‘യാരോ ഒരാളി’ന്റെ തിരക്കഥ അവർ രണ്ടുപേരും കൂടിയായിരുന്നു. അതിനുശേഷം പവിത്രൻ സംവിധാനം ചെയ്ത് തമിഴിൽ ഒരു സിനിമയെടുക്കാനുള്ള ശ്രമവും അവർ തുടങ്ങിയിരുന്നു. വെള്ളൈക്കുയിൽ എന്നായിരുന്നു അതിന്റെ പേർ. ആ സിനിമയുടെ പാട്ടുകൾ റെക്കോഡ് ചെയ്തുകഴിഞ്ഞിരുന്നു.

? എന്തുകൊണ്ടാണ് ആ പ്രൊജക്റ്റ് പൂർത്തിയാക്കാതെ പോയത്.

= സിനിമ എന്നത് അരാജകവാദികൾക്ക് പറഞ്ഞിട്ടുള്ളതല്ല. സിനിമയ്‌ക്ക് അതിന്റേതായ ഒരു എഞ്ചിനീയറിങ്‌ ഉണ്ട്. അതിന് ആദ്യം വ്യക്തമായ ഒരു ബ്ലൂ പ്രിന്റ് തയ്യാറാക്കണം. വേണ്ട മെറ്റീരിയൽസ് ശേഖരിക്കണം. പിന്നെയത് പ്രായോഗികതലത്തിലെത്തിക്കണം. അതിനുള്ള ക്ഷമയും ഡിസിപ്ലിനുമൊന്നും പവിത്രനില്ലായിരുന്നു. അതിനുവേണ്ടി നിരന്തരം കഠിനപ്രയത്നം ചെയ്യാനും പവിത്രന് കഴിയുമായിരുന്നില്ല. അതായിരുന്നു ഞാനും പവിത്രനും തമ്മിലുള്ള ഏറ്റവും വലിയ സാമ്യവും. ഒരു പുസ്തകം ഒറ്റയിരുപ്പിൽ ഇരുന്ന് വായിക്കാനോ അങ്ങനെ എന്തെങ്കിലും എഴുതി പൂർത്തീകരിക്കാനോ എനിക്കും കഴിയുകയില്ല.

അതിനിടയിൽ പലതവണ എഴുന്നേറ്റുപോകണം, വേറെ എന്തെങ്കിലുമൊക്കെ ചെയ്യണം. ചെറുപ്പത്തിൽ ക്ലാസ്സിൽ പോയി ഇരിക്കാനോ ഒരു വിഷയം ഇരുന്ന് പഠിക്കാനോ ഒന്നും പറ്റിയിരുന്നില്ല. അപ്പോഴേക്കും തല ചൂടാകും. പവിത്രനും ഇതിന്റെ ഉസ്താദ് ആണ്. ഒരു ലേഖനമോ തിരക്കഥയോ ഒന്നും അങ്ങനെ ധ്യാനിച്ചിരുന്ന് എഴുതാൻ പറ്റില്ല. നല്ല കയ്യക്ഷരം പോലുമില്ലാത്ത തനിക്ക് ഒരിക്കലും നല്ല വിദ്യാർഥിയാകാൻ കഴിഞ്ഞിട്ടില്ലെന്ന് പവിത്രൻ എപ്പോഴും പറയുമായിരുന്നു. ക്ലാസ്സിലെ ഏറ്റവും മോശപ്പെട്ട നോട്ടുപുസ്തകവും റെക്കോഡുമെല്ലാം തന്റേതായിരുന്നുവെന്ന് പറയുമായിരുന്നു. ആ ശീലം തുടരുന്ന ഒരാൾക്ക് സിനിമ എടുക്കുക എന്നത് എളുപ്പമായിരുന്നില്ല. ഉപ്പിന്റെ തിരക്കഥ പവിത്രനും ബെന്നി സാരഥിയും കൂടി ഒരു വർഷത്തോളം എഴുതിയിട്ടും എവിടെയുമെത്തിയിരുന്നില്ല. ഒടുവിൽ സിനിമ കൈവിട്ടുപോകുമെന്നായപ്പോൾ കെ ആർ മോഹനനോട് ‘മോഹനേട്ടൻ എഴുതിത്തന്നില്ലെങ്കിൽ പവിത്രന് സിനിമ നഷ്ടപ്പെടും’ എന്നൊക്കെ പറഞ്ഞ് തിരക്കഥ എഴുതിക്കുകയായിരുന്നു.

കെ ആർ  മോഹനൻ

കെ ആർ മോഹനൻ

അന്ന് തൃശൂരിൽ അമല ആശുപത്രിക്ക് മുന്നിലുള്ള പി ടി കുഞ്ഞുമുഹമ്മദിന്റെ പ്രജാപുരി ഹോട്ടലിൽ വെച്ച് അദ്ദേഹം ജോലി ചെയ്തിരുന്ന കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ നിന്ന് ഇരുപതു ദിവസത്തെ ലീവെടുത്താണ് മോഹനേട്ടൻ തിരക്കഥയെഴുതിയത്. അന്ന് മോഹനേട്ടൻ എഴുതിത്തന്ന തിരക്കഥയാണ് ഇന്ന് കാണുന്ന ഉപ്പിന്റേത്. തന്റെ പേര് വയ്ക്കരുതെന്ന മോഹനേട്ടന്റെ നിർദേശ പ്രകാരം തിരക്കഥയ്ക്ക് റഹിം വക്കീലിന്റെ പേരുതന്നെയാണ് സിനമയുടെ ടൈറ്റിലിൽ കൊടുത്തതെന്നുമാത്രം.  

  ? സിനിമാലോകത്തുനിന്ന് വിട്ടുനിൽക്കുകയാണല്ലോ ഇപ്പോൾ.

= മറ്റു പല സിനിമകളിലേക്ക് പോകുകയും തുള്ളിത്തുള്ളി നിൽക്കാൻ പറ്റാതാകുകയും ചെയ്തപ്പോൾ പതുക്കെ എന്റെ റേറ്റിങ്‌ കുറയുന്നതും സിനിമ മറ്റൊരു രീതിയിലേക്ക് വഴിമാറിപ്പോകുന്നതും ഞാനറിയുന്നുണ്ടായിരുന്നു. സിനിമയ്‌ക്കുവേണ്ടി ചാൻസ് അന്വേഷിച്ച് നടക്കുന്നതൊന്നും എന്റെ രീതിയല്ലായിരുന്നു. പിന്നെ ഇതിൽ നിന്ന് എങ്ങനെയെങ്കിലും പുറത്തുപോയാൽ മതി എന്നായി. ജീവിതം എനിക്ക് വളരെ പ്രധാനമായിരുന്നു. അപ്പോഴേക്കും  വേറിട്ട കാഴ്ചകൾ  എന്ന ടെലിവിഷൻ പ്രോഗ്രാം ചെയ്തുതുടങ്ങിയിരുന്നു. സുഹൃത്തായ കള്ളിക്കാട് രാമചന്ദ്രന്റെ നിർദേശപ്രകാരം അത് കലാകൗമുദിയിൽ എഴുതുന്നതും അക്കാലത്തായിരുന്നു.  
  ? ദൃശ്യമാധ്യമ സംസ്കാരം തുടങ്ങുന്ന കാലത്താണ് ശ്രീരാമേട്ടന്റെ ഈ രംഗത്തേക്കുള്ള വരവ്. ആ ഇടപെടലുകളെ വിലയിരുത്താമോ.

= ഏഷ്യാനെറ്റിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ നാട്ടരങ്ങ് ആണ്  ദൃശ്യമാധ്യമത്തിൽ  ഞാനാദ്യം ചെയ്യുന്ന പ്രോഗ്രാം. അതുവരെ ടെലിവിഷനിൽ വിഷയവിദഗ്ധർ നടത്തുന്ന ചർച്ചകൾ കേൾക്കുന്നതിനപ്പുറം ജനങ്ങൾക്ക് അതിൽ പങ്കാളിത്തമൊന്നും ഇല്ലായിരുന്നു. സക്കറിയ ഏഷ്യാനെറ്റിലുള്ള കാലമായിരുന്നു അത്. ജനങ്ങൾക്ക് താല്പര്യം ജനിപ്പിക്കുന്ന തരത്തിൽ പൊതുവിഷയങ്ങൾക്ക് പ്രാധാന്യമുള്ള ഒരു പരിപാടി അവതരിപ്പിക്കണം എന്ന ആശയം എനിക്കു മുന്നിൽ വെച്ചപ്പോഴാണ് പ്രസംഗിക്കുന്നതുകേട്ട് ഒന്നും മിണ്ടാതെ പോകുന്ന ജനങ്ങൾക്കുകൂടി പ്രസംഗിക്കാനുള്ള അവസരം നൽകുന്ന പ്രോഗ്രാം എന്ന ആശയം ഞാൻ മുന്നോട്ടു വെച്ചത്. ഓരോ വിഷയത്തെയും അക്കാദമിക് ആക്കി അവതരിപ്പിക്കുമ്പോൾ സാധാരണ മനുഷ്യർക്ക് പറയാനുള്ളത് ആരും അറിയാതെ പോകുന്നു. അതിന് അവസരം നൽകുന്ന രീതിയിൽ ദൃശ്യമാധ്യമത്തെ പുറത്തേക്ക് ആനയിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രോഗ്രാമായിരുന്നു നാട്ടരങ്ങ്. കുന്നംകുളത്തുവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ആവശ്യകതയെക്കുറിച്ചായിരുന്നു ആദ്യത്തെ പ്രോഗ്രാം.

ജനാധിപത്യ പ്രക്രിയയുടെ ഒരു ഭാഗമെന്ന നിലയ്ക്ക് മാധ്യമങ്ങളെ കാണുമ്പോൾ ശബ്ദമില്ലാത്തവരുടെ ശബ്ദം മലയാളത്തിൽ ആദ്യമായി ദൃശ്യമാധ്യമത്തിലെത്തിച്ച പ്രോഗ്രാമായിരുന്നു നാട്ടരങ്ങ്. അതിനു ശേഷമാണ് കൈരളി ചാനലിൽ ‘വേറിട്ട കാഴ്ചകൾ’ അവതരിപ്പിക്കുന്നത്. എനിക്കുള്ളിലെ വ്യക്തിയെ സംശുദ്ധീകരിച്ചെടുത്ത ഒന്നായി മാറി വേറിട്ട കാഴ്ചകൾ.

‘വേറിട്ട കാഴ്‌ചകളു’ടെ ചിത്രീകരണത്തിനിടെ     ഫോട്ടോ: ഇമ ബാബു

‘വേറിട്ട കാഴ്‌ചകളു’ടെ ചിത്രീകരണത്തിനിടെ ഫോട്ടോ: ഇമ ബാബു

? വേറിട്ട കാഴ്ചകൾക്ക് മുമ്പുള്ള ശ്രീരാമനും വേറിട്ട കാഴ്ചകൾക്ക് ശേഷമുള്ള ശ്രീരാമനും എന്ന് പറയാനാവുമോ...

 = ഏറ്റവും അടിസ്ഥാനവർഗത്തിലുള്ളവരുടെ ജീവിതത്തിന് പ്രാധാന്യമുണ്ടെന്ന് പറയുന്ന ഒരു പരമ്പരയായിരുന്നു വേറിട്ട കാഴ്ചകൾ. അത്തരം കുറെ വ്യക്തികളുടെ ദുഃഖങ്ങളിലേക്കും ദുരന്തങ്ങളിലേക്കും ഒന്ന് കൺപാർക്കാൻ അവസരം നൽകുന്ന രീതിയിൽ അവരുടെ കഥകൾ ലളിതമായി അവതരിപ്പിക്കുകയായിരുന്നു വേറിട്ട കാഴ്ചകൾ ചെയ്തത്. അന്ന് കേട്ട കഥകളും അറിഞ്ഞ ജീവിതങ്ങളും തിരമാലകൾ കണക്കെ എന്നെ പൊതിയുകയായിരുന്നു. എന്നാൽ അവരുടെ പ്രശ്നങ്ങൾ വൈകാരികമായ മൂർധന്യതയോ ഉദ്വേഗജനകമായ മുഹൂർത്തങ്ങളോ പശ്ചാത്തലപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കാതെ സൗമ്യമായ തുറന്നുപറച്ചിലുകളിലൂടെയായിരുന്നു ചിത്രീകരിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വലിയ സംഘർഷങ്ങൾ അനുഭവിച്ചരുന്ന കാലം കൂടിയായിരുന്നു അത്. തൃശൂരിൽ ഒരു സ്റ്റുഡിയോ തുടങ്ങി പരാജയപ്പെട്ട് ഒന്നര കോടിയുടെ കടബാധ്യത വീട്ടുവാതിലിൽ ജപ്തി നോട്ടിസായി എത്തിയ കാലം. ഞാൻ അന്ന് അവതരിപ്പിച്ച ഓരോ മനുഷ്യരിലും അവരുടെ ജീവിതങ്ങളിലും ഞാൻ തന്നെയായിരുന്നു ജീവിച്ചടങ്ങിയത്.

 ആദ്യമൊക്കെ ഒരു അവതാരകൻ എന്ന നിലയിലാണ് അവരുടെ അടുത്ത് എത്തിയിരുന്നത്. സിനിമാനടൻ എന്ന

വി കെ ശ്രീരാമൻ. പഴയകാല ചിത്രം

വി കെ ശ്രീരാമൻ. പഴയകാല ചിത്രം

പരിചിതത്വം എന്നെ സഹായിച്ചിട്ടുള്ളത് ഇവിടെയാണ്. അധികം മുഖവുരയില്ലാതെ ഒരുതരം സ്വീകാര്യത എവിടെ ചെല്ലുമ്പോഴും അത് നൽകി. ഞാൻ അവരിൽ പെട്ടവരല്ല അവരെക്കാൾ മുകളിലാണ് എന്ന തോന്നലിലായിരുന്നു തുടക്കക്കാലത്ത് ഓരോ കഥാപാത്രങ്ങളെയും കണ്ടിരുന്നത്.

രൂക്ഷമായ ജീവിതസാഹചര്യങ്ങൾ ചിത്തഭ്രമത്തോളം എത്തിച്ച മനുഷ്യരും അതിൽ ഉണ്ടായിരുന്നു. അവരിലൂടയും അവരുടെ മനോവ്യഥകളിലൂടെയും കടന്നുപോയിക്കൊണ്ട് പിന്നീട് അവരിലൊരാൾ മാത്രമാണ് എന്ന തിരിച്ചറിവിലാണ് ഞാനെത്തിയത്. അതെന്നിലെ അഹംബോധത്തിന്റെ അടർത്തിമാറ്റലുകളായി മാറി. വ്യാധികളും ആധികളും അബോധമനസ്സിൽ പടർത്തിവെച്ച പല മാറാലകളും തുടച്ചുമാറ്റുന്ന പ്രക്രിയ ആയിരുന്നു അത്.

അവരിൽ പലരെയും പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞിട്ടും നിരന്തരം ഞാൻ സന്ദർശിച്ചുകൊണ്ടിരുന്നു. ദി വോക്കറിലെ ദിവാകരനും കൂടല്ലൂർപുഴയിലെ കുഞ്ഞാണ്ടിയുമൊക്കെ അത്തരം മനുഷ്യരാണ്. ഒറ്റയ്‌ക്ക് വിശാലായ ഒരു പാടത്തിന്റെ കരയിൽ കഴിഞ്ഞിരുന്ന എം ടി വാസുദേവൻ നായരുടെ കളയിലെ യശോധരയെ കാണാൻ അവർ മരിക്കുന്നതുവരെ ഇടയ്ക്കെല്ലാം പോകാറുണ്ടായിരുന്നു. ‘എന്റെ അടുത്തിരുന്ന് സ്നേഹത്തോടെ ഇങ്ങനെ സംസാരിക്കാൻ കുട്ടി മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒരേക്കർ പറമ്പുണ്ട്, ഈ വീടും പറമ്പും ഞാൻ കുട്ടിയുടെ പേരിൽ എഴുതിത്തരട്ടെ’ എന്നുവരെ മരിക്കുന്നതിനുമുമ്പ് അവർ ചോദിക്കുകയുണ്ടായി.

ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചതുപോലെയാണ് അവരുടെ മരണം എന്നെ ഉലച്ചത്. ഇവർക്കെല്ലാമൊപ്പം ജീവിക്കുമ്പോൾ ഞാൻ എന്റേതെന്ന് കരുതിയ ഓരോ വേവലാതിയും അലിഞ്ഞില്ലാതാകുന്നത് ഞാനറിയുന്നുണ്ടായിരുന്നു. കുറെക്കൂടി മെച്ചപ്പെട്ട മനുഷ്യനായി മാറാൻ എനിക്കൊരുക്കിത്തന്ന അവസരങ്ങളായിരുന്നു ഇത്തരം പച്ചയായ മനുഷ്യരുടെ സാമീപ്യങ്ങൾ. എന്നിലെ ചിത്തഭ്രമങ്ങളെ ശാസിച്ചടക്കാൻ വഴി തന്ന ഉള്ളോളം പൊള്ളിപ്പിച്ച നേരറിവുകളായിരുന്നു അവരുടെയൊക്കെ ജീവിത സാക്ഷ്യങ്ങൾ.

  ? ശ്രീരാമേട്ടന്റെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒരു പരിചയത്തെ ഒരിക്കലും മറക്കാതെ മനസ്സിൽ സ്നേഹത്തോടെ പേറിനടക്കുന്നയാൾ. കൂട്ടംകൂടലുകൾ നൽകുന്ന സന്തോഷങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതെങ്ങനെ.

ഒ വി വിജയൻ, വി കെ ശ്രീരാമൻ, മാടമ്പ്‌ കുഞ്ഞുക്കുട്ടൻ

ഒ വി വിജയൻ, വി കെ ശ്രീരാമൻ, മാടമ്പ്‌ കുഞ്ഞുക്കുട്ടൻ

= സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ വീട്ടിൽവെച്ച് സുഹൃത്തക്കളുടെ കൂടിച്ചേരലുകൾ നടത്താറുണ്ടായിരുന്നു. അന്യോന്യം എന്ന പേരിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദസംഗമമായിരുന്നു അത്. കവിത ചൊല്ലിയും കഥ പറഞ്ഞും വർത്തമാനം പറഞ്ഞും എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ മുതിർന്നവർക്കിയടിൽനിന്ന് മാറി മാവിൻചുവട്ടിലും മറ്റുമായി കുട്ടികൾ കൂട്ടംകൂടി കളിക്കുമായിരുന്നു.  സി എഫ്  ജോർജ്‌ മാഷും പി ടി കുഞ്ഞുമുഹമ്മദും ആർ വി മജീദ് മാഷുമൊെക്കയായി ഗുരുവായൂരും ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാകാറുണ്ടായിരുന്നു. സി  എൻ കരുണാകരൻ, കെ എൻ പണിക്കർ, സക്കറിയ തുടങ്ങിയവരൊക്കെ അങ്ങനെ വന്നിട്ടുണ്ട്.

സംവാദവേദി എന്ന ആ ഒത്തുചേരലിൽ ഒ വി വിജയൻ, പി എ വാസുദേവൻ, സി അച്യുതമേനോൻ എന്നിവരൊക്കെ എത്തിയിരുന്നു. വെറുതെ വർത്തമാനം പറഞ്ഞിരിക്കുക എന്നത് വളരെ രസകരമായ അനുഭവമായിരുന്നു. ചിലപ്പോഴത് ചൂടുപിടിച്ച ചർച്ചയുമായി മാറും. കുന്നംകുളത്ത് സൗഹൃദ സംഘങ്ങൾ ഉണ്ടാകുന്നത് 2006‐ൽ ആണ്‌. കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച റഫീക്ക്‌ അഹമ്മദ്  2007‐ൽ ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡിനും അർഹനായിരുന്നു.  അദ്ദേഹത്തെ അഭിനന്ദിക്കാനായി എല്ലാവരും അന്ന് ഒന്നിച്ച് കൂടിയിരുന്നു. റഫീക്ക്‌ അഹമ്മദ് ഗാനരചയിതാവായി അറിയപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ കവിതകളോടുള്ള താല്പര്യം എന്നെ ബാധിച്ചിരുന്നു.

കവി റഫീഖ്‌ അഹമ്മദിനും ഉമ്മ പരേതയായ തിത്തായിക്കുട്ടിക്കുമൊപ്പം     ഫോട്ടോ: ഇമ ബാബു

കവി റഫീഖ്‌ അഹമ്മദിനും ഉമ്മ പരേതയായ തിത്തായിക്കുട്ടിക്കുമൊപ്പം ഫോട്ടോ: ഇമ ബാബു

അങ്ങനെയാണ് സുഹൃത്തുക്കളൊെക്ക കൂടി അഞ്ഞൂറും ആയിരവുമൊക്ക എടുത്ത് കെ ജി ശങ്കരപ്പിള്ളയുടെ മുഖവുരയോടെ സ്വപ്നവാങ്മൂലം എന്ന ആദ്യസമാഹാരമിറക്കുന്നത്.

കുഞ്ഞുണ്ണിമാഷാണ് റഫീക്കെ്‌ പഠിച്ച അക്കിക്കാവ് സ്കൂളിൽ വെച്ച് അന്യോന്യമെന്ന കൂടിച്ചേരലിൽ പുസ്തകം പ്രകാശനം ചെയ്തത്. കവിത പുസ്തകമായി പ്രസിദ്ധീകരിക്കാൻ മാത്രം താൻ വളർന്നിട്ടില്ലെന്ന് കരുതുന്ന ഒരു കവിയായിരുന്നു അന്ന് റഫീക്ക്‌ അഹമ്മദ്. പിന്നീടാണ് റഫീക്കിന്റെ ഒരു കവിത സിനിമാഗാനമായി രമേഷ് നാരായണൻ ചിട്ടപ്പെടുത്തി പി ടി കുഞ്ഞുമുഹമ്മദിന്റെ ഗർഷോമിലൂടെ പുറത്തു വരുന്നത്.

? രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹം ഒരു കാലത്ത് കേട്ടിരുന്നു.

= ഒരു പ്രസ്ഥാനത്തിലോ സംഘടനയിലോ ഒന്നും പ്രവർത്തിക്കാനുള്ള ആർജവമില്ലാത്ത, അച്ചടക്കമില്ലാത്ത വ്യക്തിയാണ്‌ ഞാൻ. സ്കൂൾ കാലം തൊട്ടേ എനിക്കതറിയാമായിരുന്നു. ബെല്ലടിച്ചാൽ ക്ലാസ്സിൽ പോകുക, ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുക എന്നതൊക്കെ എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത പണിയാണ്. ആരുടെയും അടിമത്തം എനിക്ക് സഹിക്കാനാവുന്നതല്ല.

എനിക്കു നേരെയായാലും മറ്റൊരാളുടെ നേരെയായാലും അതിനെ അംഗീകരിക്കാൻ ആവില്ല. ഇത്തരമൊരാൾക്ക് ചേർന്നതല്ലല്ലോ രാഷ്ട്രീയം. മാത്രമല്ല, നിലവിൽ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്ന ശീലങ്ങളെ തെറ്റിക്കാനും തകിടം മറിക്കാനും എനിക്ക് ചില പ്രവണതകളുണ്ട്. പറയാൻ പാടില്ലാത്ത പലതും ഞാൻ ചിലപ്പോൾ ഉറക്കെ പറയാറുണ്ട്. നിശ്ചിതമായ ഒരു ചിന്താപദ്ധതിയുടെ പുറകിൽ നിൽക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ.

  ? ഇത്തരമൊരു താന്തോന്നിത്തരം ശ്രീരാമേട്ടന്റേതായിട്ടുണ്ട്.

= അത് ചെറുപ്പം മുതലേ ഉള്ളതാണ്. വീട്ടിൽ എല്ലാവരും കുരുത്തം കെട്ടവൻ, അവനെന്താണ് പറയുകയെന്നും ചെയ്യുകയെന്നും പറയാൻ പറ്റില്ല എന്നൊക്കെ എന്നെപ്പറ്റി പറയുമായിരുന്നു. ഇപ്പോഴും അതൊന്നും മുഴുവനായി വിട്ടുമാറിയിട്ടില്ല. പ്രായമായതിന്റെ ചില മാറ്റങ്ങളൊക്കെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടെങ്കിലും എനിക്കത് ചിലപ്പോൾ പൊന്തിവരും.

?നിലനിൽക്കുന്ന ഒന്നിനെ പൊളിച്ചടുക്കാൻ ഒട്ടും വൈമനസ്യം തോന്നാത്തതുകൊണ്ടല്ലേ അത്...

= അതുകൊണ്ടല്ല. ഡിസിപ്ലിൻ ഉള്ള ആളുകൾക്കേ നിലനിൽപ്പും ഉയർച്ചയും ഉണ്ടാകുകയുള്ളൂ. അവർക്കുമാത്രമെ കെട്ടിപ്പടുത്ത സംഭവങ്ങൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. അതില്ലാത്തതുകൊണ്ട് അവിടെ നിലനിൽക്കുന്ന ഒന്നിനെ പൊന്തിച്ചെടുക്കേണ്ട ആവശ്യമേ എനിക്കുള്ളു. അത് പൊളിച്ചടുക്കലല്ല.

 കുന്നംകുളത്തെതന്നെ എട്ടോ പത്തോ സംഘടനകളുടെ തലപ്പത്തിരിക്കുമ്പോഴും അതൊക്കെ നിലനിൽക്കുന്നത് മറ്റുള്ളവർ കാരണമാണ്. പലപ്പോഴും അതൊക്കെ പിരിച്ചുവിടാനാണ് ഞാൻ ആലോചിക്കാറ്. എപ്പോഴും ഇറങ്ങിപ്പോകാനുള്ള പ്രവണതയുള്ള ആളാണ് ഞാൻ. ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോകാനായിരുന്നു പഠിക്കുന്ന കാലത്തെ തോന്നൽ. ഒരു കല്യാണനിശ്ചയത്തിന് പോയാൽ അവിടത്തെ ചില ചിട്ടകളും സംസാരങ്ങളുമൊക്കെ കാണുമ്പോൾ ഇടയ്ക്കുവെച്ച് ഞാൻ ഇറങ്ങിപ്പോരാറുണ്ട്. ക്രമപ്പെടുത്തുന്ന രീതികളൊക്കെ അസഹനീയമായതുകൊണ്ട് ജീവിതത്തിൽ ഉയർച്ചകളും കുറവാണ്.

‘ആലീസിന്റെ അന്വേഷണങ്ങൾ’ എന്ന ചിത്രത്തിൽ

‘ആലീസിന്റെ അന്വേഷണങ്ങൾ’ എന്ന ചിത്രത്തിൽ

  ? ഇതിലൊക്കെ എന്നെങ്കിലും പശ്ചാത്താപമോ നഷ്ടബോധമോ തോന്നിയിട്ടുണ്ടോ.

= അങ്ങനെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇങ്ങനെയായത് നന്നായി എന്നാണ് ഇപ്പോഴും തോന്നുന്നത്. അല്ലെങ്കിൽ ഞാൻ ജീർണിച്ച് മസ്തിഷ്കത്തിൽ കൂണുകൾ മുളച്ച പോലെ ആയിത്തീരുമായിരുന്നു. ഇപ്പോഴും ചില കാര്യങ്ങളൊക്കെ ചിന്തിക്കുന്നതിനും ഉറക്കെ പറയുന്നതിനുമുള്ള ധൈര്യമുണ്ടെന്ന തോന്നലാണ് എന്നെ ഞാനാക്കുന്നത്, അത് മനസ്സിലാക്കുന്ന ചില സുഹൃത്തുക്കളെല്ലാം ചുറ്റുമുണ്ട് എന്നതിലാണ് കാര്യം. അത്ര മതി. പല ആളുകൾക്കും ഞാനൊരു കൊള്ളരുതാത്തവനാണെങ്കിലും എനിക്ക് എന്നെക്കുറിച്ച് മതിപ്പ് കുറവില്ല. വലിയ ആളെന്ന നിലയ്ക്കല്ല. എങ്കിലും ഇങ്ങനെത്തന്നെയാണ് ജീവിക്കേണ്ടത് എന്നതിൽ ഇപ്പോഴും സംശയമില്ല.

തല്ലുകിട്ടിയിട്ടുണ്ട്. മദ്യപാനി ആയിട്ടുണ്ട്. വ്യഭിചരിച്ചിട്ടുണ്ട്. അല്ലെങ്കിൽ സമൂഹത്തിന്റെ അളവുകോലുകൾക്ക് യോജിക്കാത്ത വിധത്തിലുള്ള നിരവധി പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ട്. അതൊക്കെ തെറ്റായിരുന്നു, പാടില്ലായിരുന്നു, അല്ലെങ്കിൽ അങ്ങനെയൊക്കെ ആയിരുന്നില്ലെങ്കിൽ കുറെക്കൂടി നല്ല മനുഷ്യനാവുമായിരുന്നു എന്നൊരിക്കലും തോന്നിയിട്ടില്ല. ചിലത് അബദ്ധങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, അതയാൾക്ക് വിഷമമായിട്ടുണ്ടാകും എന്നൊക്കെ സാധാരണ മനുഷ്യരെപ്പോലെ ചിലപ്പോൾ ചിന്തിച്ചിട്ടുണ്ട്. ആ നിമിഷത്തിൽ അത്തരത്തിൽ പറയാനും പ്രതികരിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിനപ്പുറം ഈ ജീവിതം തിരിച്ചെത്തിയാൽ മറ്റൊരു രീതിയീൽ ജീവിക്കാമെന്ന് ഈ അറുപത്തിയെട്ടാമത്തെ വയസ്സിൽ തോന്നുന്നില്ല. എം ഗോവിന്ദന്റെയും പവിത്രന്റെയും ജോൺ എബ്രഹാമിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായതുപോലെ തന്നെ എന്റെ മുറ്റത്തുകൂടെ മീൻ വാങ്ങാൻ പോകുന്ന അയൽപക്കത്തെ ആളുകളോടും ഉമ്മറത്ത് കളിക്കാൻ വരുന്ന കുട്ടികളോടും കൂട്ടുകൂടാനും അവരെ സ്നേഹിക്കാനും കഴിയുന്നിടത്തോളം എന്റെ ജീവിതത്തിന് വിരസതകളില്ല. അതൊക്കെ മതി എനിക്ക് ജീവിക്കാൻ എന്നു തോന്നുന്നു. 

വി കെ ശ്രീരാമന്റെ വരയിൽ പവിത്രൻ

വി കെ ശ്രീരാമന്റെ വരയിൽ പവിത്രൻ

  ? നല്ല ചിത്രങ്ങൾ വരക്കുന്ന ആർട്ടിസ്റ്റ് കൂടിയാണ് ശ്രീരാമേട്ടൻ. ചിത്രരചന കുറെയൊക്കെ പഠിച്ചിട്ടുമുണ്ട്. എന്നിട്ടും വരയെ ഗൗരവമായി എടുക്കാതിരുന്നത് എന്തുകൊണ്ടാണ്...

= ചിത്രം വര, എഴുത്ത് തുടങ്ങിയ കലകളൊക്കെ കൊണ്ടുനടക്കണമെങ്കിൽ ആസനസിദ്ധി വേണം. അതായത് ഒരിടത്തിരുന്ന് ധ്യാനിച്ച് ആ കലയെ പൂർണമാക്കിയെടുക്കാൻ കഴിയണം. ചിതറിപ്പോകുന്ന മനസ്സാണ് എന്റേത്. നിരന്തരമായ ഒരു സാധന എന്നെക്കൊണ്ട് കഴിയില്ല. അതുകൊണ്ട് ഒരു ആർട്ടിസ്റ്റ് ആയി ഉയർന്നുവരേണ്ടതിന്റെ ലക്ഷണമൊന്നും എനിക്ക്  ഉണ്ടായില്ല.
എഴുത്തിന്റെയും കാര്യം അങ്ങനെത്തന്നെയാണ്. ടെലിവിഷൻ പരമ്പരയുടെ അടിസ്ഥാനത്തിൽ കലാകൗമുദിക്കുവേണ്ടി എഴുതിയതാണ് വേറിട്ട കാഴ്ചകൾ. ഒരു എപ്പിസോഡ് എഴുതി അയച്ചുകഴ്ഞ്ഞാൽ പത്രാധിപരുടെ അടുത്തതിനു വേണ്ടിയുള്ള വിളി വരുന്നതുവരെ ഞാൻ ആ കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ കൂട്ടാക്കാറില്ലായിരുന്നു. വേറിട്ട കാഴ്ചകൾക്കു പുറമെ ഇതര വാഴ്വുകൾ, മാട്ട് എന്നിവ പുസ്തകങ്ങളായി വന്നിട്ടുണ്ട്.

? ഒരു മനുഷ്യനെന്ന നിലയിൽ ആളുകളെ പഠിക്കുകയും മറ്റാരും ഇഴപിരിച്ചെടുക്കാത്ത അവരുടെ സ്വഭാവ വൈചിത്ര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യാനുള്ള കൗതുകമാണ്  താങ്കളെ വേറിട്ടുനിർത്തുന്നത് എന്ന് പറഞ്ഞാൽ...

= ഒരു പുസ്തക പ്രകാശനത്തിനായി ഒരിക്കൽ ചെന്നപ്പോൾ ഒരു ജേർണലിസം വിദ്യാർഥി എന്റെ വേറിട്ട കാഴ്ചകൾ എന്ന പുസ്തകം അവരുടെ സിലബസിലുണ്ട് എന്ന് പറഞ്ഞത്  എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഒരാളെ കാണുമ്പോൾ അയാളെ പഠിക്കേണ്ടതെങ്ങനെ എന്നത് ഉദാഹരിക്കാനാണത്രെ അത് പഠനവിഷയമാക്കുന്നത്. സത്യത്തിൽ മനുഷ്യരെ പഠിക്കാനുള്ള എന്റെ കൗതുകം പുറത്തെടുത്തുതന്നത് ആ ടെലിവിഷൻ പരമ്പരയാണ്. വേറിട്ട കാഴ്ചകൾക്കുവേണ്ടിയാണ് ഞാൻ ആളുകളെ കണ്ട് ഇന്റർവ്യു ചെയ്യാൻ തുടങ്ങിയത്. ആദ്യം ഒരു ജോലി എന്ന നിലയ്ക്ക് ഞൻ അതിന് നിർബന്ധിതനാവുകയായിരുന്നു. പിൽക്കാലത്ത് എനിക്കത് വളരെ ഇഷ്ടമായി. ജീവിച്ചുതീർത്ത ജീവിതത്തെപ്പറ്റി സ്വന്തം കഥകൾ രസകരമായി നറേറ്റ് ചെയ്യുന്ന നിരവധി ആളുകളെ അങ്ങനെ കണ്ടുമുട്ടാൻ കഴിഞ്ഞു.

എം ടിയ്‌ക്കൊപ്പം

എം ടിയ്‌ക്കൊപ്പം

എം ടി വാസുദേവൻ നായരുടെ ഒരു കഥാപാത്രമായ യശോധര തന്റെ കഥ പറഞ്ഞപ്പോൾ എംടി അവരെപ്പറ്റി കഥയിലെഴുതിയ പല സൂക്ഷ്മാംശങ്ങളെയും അവർ തിരുത്തുന്നുണ്ട്. നേര്യേതിന്റെ കര വയലറ്റ് നിറമല്ല, നീലനിറമായിരുന്നു, മുടിയിൽ ചൂടിയത് മന്ദാരപ്പൂവല്ല, നന്ത്യാർവട്ടമായിരുന്നു എന്നിങ്ങനെയുള്ള ഓരോ വിശദാംശങ്ങളും അവർ വിടാെത പറഞ്ഞുതന്നു.  അങ്ങനെ അവരുടെ ലോകത്തേക്കുപോയി അവരുടെ ജീവിതം വായിക്കുമ്പോൾ അവരോടു തോന്നുന്ന സ്നേഹം എന്നെ സ്വാധീനിച്ചു. ഞാൻ ഇന്റർവ്യൂ ചെയ്ത പലരും എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയതേയില്ല. വീണ്ടും വീണ്ടും ഞാനവരെ ചെന്നു കണ്ടുകൊണ്ടിരുന്നു. ചെറിയൊരു ജാലകം തുറക്കാൻ തയ്യാറായാൽ ഏതൊരു മനുഷ്യനെയും ഇങ്ങനെ രസകരമായി വായിച്ചു പോകാം എന്നതാണ് എന്റെ അനുഭവം. അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്ന പരിഹാരം ചെയ്യാനും കഴിയും. അതിനുവേണ്ടി സർവകലാശാലകളിൽ പോയി ഗവേഷണം ചെയ്ത് തീസിസുകൾ സമർപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഇങ്ങനെ മുഷ്യരെ അറിയാനും പഠിക്കാനും സ്നേഹിക്കാനും കഴിയുന്ന കാഴ്ചകളാണ് സിനിമയുടെ ലോകത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത്.

? എഴുത്തിൽ ആരുടെയെങ്കിലും സ്വാധ്വീനമുണ്ടോ.

അഭിമുഖത്തിനിടെ വി കെ ശ്രീരാമനും കെ വി സുമംഗലയും  ഫോട്ടോ: ജി ബി കിരൺ

അഭിമുഖത്തിനിടെ വി കെ ശ്രീരാമനും കെ വി സുമംഗലയും ഫോട്ടോ: ജി ബി കിരൺ

=കാര്യമായ പഠിപ്പൊന്നും ഇല്ലാത്ത കാരണം വളരെ അസംസ്കൃതമായി എഴുതാൻ കഴിയാറുണ്ട്. എഴുതുമ്പോൾ ഈ സന്ദർഭം എം ടി എഴുതിയാൽ അല്ലെങ്കിൽ കോവിലനോ ഒ വി വിജയനോ എഴുതിയാൽ എങ്ങനെയിരിക്കും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയൊരു അർഥത്തിൽ വായിച്ച എല്ലാവരുടെയും സ്വാധീനം എന്റെ എഴുത്തിലുണ്ടെന്ന് പറയാം. അല്ലെങ്കിൽ അവരൊക്കെയാണ് എന്നെ മുന്നോട്ടു കൊണ്ടുപോയത്. അല്ലാതെ ഞാൻ കണ്ടുപിടിച്ച സാഹിത്യരീതിയൊന്നുമല്ല എന്റേത്.

എഴുത്തിന്റെ കാര്യത്തിൽ ഒട്ടും സ്വാധീനിക്കാത്ത എഴുത്തുകാരൻ ആനന്ദാണ്. ആനന്ദിന്റെ രചനകൾ ഇഷ്ടമാണ്. പക്ഷേ, എഴുതുമ്പോൾ ആനന്ദിന്റെ രീതികൾ എനിക്ക് അനുവർത്തിക്കാൻ കഴിയാത്ത ഒന്നാണ്. ചെറിയവരും വലിയവരുമായ മനുഷ്യർക്കിടയിൽ ജീവിക്കുന്നത് മാത്രമാണ് എന്റെ എല്ലാ സർഗാത്മകതയുടെയും അടിസ്ഥാന ഹേതു. അവർ ഏതു തരക്കാരുമാകാം.

  ? ഇത്തരം തുറന്നു പറച്ചിലുകളിൽ നഷ്ടപ്പെടാത്ത സ്വന്തം ആത്മവത്തയെക്കുറിച്ചുള്ള ധൈര്യം എങ്ങനെ ഉണ്ടായതാണ്.

= ആദ്യം പവിത്രനാണ് എന്നെ തുറന്നുപറച്ചിലിൽ അത്ഭുതപ്പെടുത്തിയത്. അപ്പോഴെല്ലാം ഇങ്ങനെയൊക്കെ പറയാമോ, മറ്റുള്ളവർ എന്തു ധരിക്കും എന്ന് ആശങ്കപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ, മനുഷ്യരുമായി ഇടപെട്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ, പല സാധാരണ മനുഷ്യരും അവരുടെ ചൊറിപ്പാടുകളും മുറിപ്പാടുകളും ഭയാശങ്കകളില്ലാതെ തുറന്നുപറയുന്നത് കേൾക്കാനിടയായപ്പോൾ അവരുടെ വലിപ്പത്തിൽ ഞാനതിശയിച്ചുപോയി.

ഒളിമുഖങ്ങളിൽ നിന്ന് പുറത്തുവരേണ്ട അനിവാര്യത എനിക്ക് കൂടുതൽ ബോധ്യപ്പെട്ടുകൊണ്ടിരുന്നു. ദ്വന്ദ്വമുഖങ്ങൾ തീരെയില്ലാത്ത ആളൊന്നുമല്ല ഞാൻ. പക്ഷേ, ഞാൻ എന്നിൽ നിലനിൽക്കുന്നത് ഒരു പോരായ്മയായി തോന്നാത്ത വിധത്തിലുള്ള ആത്മവിശ്വാസം എന്നിൽ വളർന്നുറച്ചത് ചെറുതും വലുതുമായ മനുഷ്യർക്കിടയിൽ അവരെ അറിഞ്ഞ്, അവരെ സ്നേഹിച്ച്  ജീവിക്കുന്നതുകൊണ്ടു മാത്രമാണ്. 

(ദേശാഭിമാനി വാരികയിൽ നിന്ന്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top