17 May Tuesday

നിഴലിലൂടെ വെള്ളിവെളിച്ചത്തിലേക്ക്

ഡി കെ അഭിജിത്‌ abhijithdkumar51@gmail.comUpdated: Sunday Jan 23, 2022

നയൻതാരയ്‌ക്കും കുഞ്ചാക്കോ ബോബനുമൊപ്പം നിഴൽ എന്ന സിനിമയിൽ അഭിനയിച്ച ആദ്യ പ്രസാദ്‌ ഇൻവെസ്റ്റിഗേറ്റീവ്‌ ത്രില്ലർ ‘കർണൻ നെപ്പോളിയൻ ഭഗത്‌സിംഗി’ൽ നായികയായി അരങ്ങേറുകയാണ്‌

നയൻതാരയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായ "നിഴൽ' എന്ന ചിത്രത്തിലൂടെയാണ്‌ ആദ്യ പ്രസാദ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നിതിൻ എന്ന കുട്ടിയുടെ ഒപ്പമുള്ള മേഘ എന്ന കഥാപാത്രമായാണ് ആദ്യ പ്രസാദ് പ്രേക്ഷകരിലേക്കെത്തിയത്. പരസ്യചിത്രങ്ങളിലൂടെയും, മ്യൂസിക്ക് വീഡിയോകളിലൂടേയും തിളങ്ങിയ ആദ്യ നായികയായ ‘കർണൻ നെപ്പോളിയൻ ഭഗത്‌ സിംഗ്‌' ജനുവരി 28ന് തീയറ്ററുകളിലെത്തുകയാണ്‌. കായംകുളം സ്വദേശിനിയായ ആദ്യ സിനിമയുടെ പ്രതീക്ഷകൾ പങ്കുവയ്‌ക്കുന്നു.

വഴിതുറന്നത്‌ പരസ്യം


കേരള മാട്രിമോണിയുടെ പരസ്യചിത്രത്തിൽനിന്നാണ്‌ "കർണൻ നെപ്പോളിയൻ ഭഗത്‌ സിംഗ്" എന്ന സിനിമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. സംവിധായകനായ ശരത്‌ ജി മോഹൻ കഥാപാത്രത്തെക്കുറിച്ച്‌ വിവരിച്ചപ്പോൾത്തന്നെ ഇഷ്‌ടപ്പെട്ടു. അഭിനയിച്ച നിഴലും മറ്റൊരു തമിഴ്‌ സിനിമയും പുറത്തിറങ്ങിയെങ്കിലും ആദ്യം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്‌. കോവിഡ്‌ കാരണം റിലീസ്‌ നീണ്ടുപോകുകയായിരുന്നു.

പ്രാധാന്യമുള്ള നായിക

വെറുതെ ഒരു നായികയായിട്ടല്ല സംവിധായകൻ സിനിമയിലേക്ക്‌ വിളിച്ചത്‌. നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ്‌. ആദ്യമായി നായികയാകുന്ന സിനിമയിൽ നല്ലൊരു റോൾ കിട്ടുന്നത്‌ സ്വപ്‌നതുല്യമാണ്‌. നിഴൽ ആണ്‌ ശ്രദ്ധ നേടിത്തന്ന ചിത്രമെങ്കിലും ഇതുവരെ ചെയ്‌തതിൽ ഏറ്റവും കാത്തിരിക്കുന്നത്‌   "കർണൻ നെപ്പോളിയൻ ഭഗത് സിംഗ്"  പുറത്തിറങ്ങുന്നതിനായാണ്‌. ആളുകളുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നറിയാൻ താൽപര്യമുണ്ട്‌.

ത്രില്ലർ സിനിമ

വ്യത്യസ്‌തമായ ഒരു ഇൻവെസ്‌റ്റിഗേറ്റീവ്‌ ത്രില്ലർ സിനിമയാണ്‌ ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച ‘കർണൻ നെപ്പോളിയൻ ഭഗത്‌ സിംഗ്'. കൽക്കി ഫെയിം ധീരജ്‌ ഡെന്നി നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ് രാജ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്‌മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ടൊവിനോയുടെ നായികയായി


ടൊവിനോ തോമസ് നായകനാവുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രമാണ്‌ അടുത്തത്‌. അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. 'മുത്തുമണി' എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നിഴലിലെ അഭിനയം കണ്ടാണ്‌ സംവിധായകൻ വിളിക്കുന്നത്‌. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തെരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ  എക്‌സൈറ്റഡ്‌ ആണ്‌. മറ്റൊരു തമിഴ് സിനിമയും പുറത്തിറങ്ങാനുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top