28 March Thursday

നമ്മളീ സിനിമ കാണാൻ തുടങ്ങിയിട്ട്‌ എത്ര വർഷമായെന്നറിയാമോ?

മിഥുൻ കൃഷ്ണUpdated: Friday Aug 5, 2022

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണല്ലോ.
മറ്റൊരു സുപ്രധാന ഘട്ടത്തിന്റെ 125–-ാം വാർഷികം കൂടിയാണിത്. ഇന്ത്യയിൽ ആദ്യമായി സിനിമ ചിത്രീകരിച്ചതിന്റെ വാർഷികം. 1897ൽ കൊൽക്കത്തയിലാണ്‌ ആദ്യമായി സിനിമാ ചിത്രീകരണം തുടങ്ങിയത്‌.   ബ്രിട്ടീഷുകാരനായ ജയിംസ് ട്വീൻ ആയിരുന്നു  നിർമാതാവും സംവിധായകനും. ഇന്ത്യയിൽ സിനിമക്കായുള്ള ശ്രമം തുടങ്ങുന്നത്‌ ഇവിടെ നിന്നാണെന്ന്‌ നിസ്സംശയം പറയാം. ജയിംസ്‌ ട്വീൻ തുടങ്ങിവച്ചെങ്കിലും ആ സിനിമ പ്രദർശിപ്പിച്ചില്ല.  

ഇതിനും ഒന്നര വർഷം മുൻപാണ്‌ ലോകത്തിൽ ആദ്യമായി സിനിമയുടെ പൊതുപ്രദർശനവുമായി ലൂമിയർ സഹോദരന്മാർ  എത്തിയത്‌.
1895ൽ പാരിസിലായിരുന്നു ആ പ്രദർശനം.  10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദർശിപ്പിച്ചത്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിൻെറ ദൃശ്യം സ്‌ക്രീനിൽ കണ്ടപ്പോൾ കാണികൾ പരിഭ്രാന്തരായി. ട്രെയിൻ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് കരുതിയ അവർ ചിതറിയോടി.

എന്നാൽ ഇതേ സിനിമകളുമായി ലൂമിയർ സഹോദരങ്ങൾ ഇന്ത്യയിലുമെത്തി. 1896ൽ ബോംബെയിലെ വാട്‌സൺ ഹോട്ടലിലായിരുന്നു പ്രദർശനം. ഒരു രൂപയായിരുന്നു ടിക്കറ്റ്‌ നിരക്ക്‌.  ആ നൂറ്റാണ്ടിന്റെ തന്നെ മഹാത്‌ഭുതമായ ചലിക്കുന്ന ചിത്രം  ഇന്ത്യയിലെ മധ്യവർഗത്തെ ഭയപ്പെടുത്തിയില്ല. ട്രെയിൻ വരുന്നത്‌ കണ്ട്‌ അവരാരും ഇരിപ്പിടം വിട്ടു ഓടിയില്ല. അവർ വിസ്‌മയിച്ചു.

സിനിമ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എച്ച് എസ് ഭതാവ്‌ദേക്കർ ആണ്‌. 1899-ൽ മുംബൈയിലെ ഹാങിങ്‌ ഗാർഡൻസിൽ നടന്ന ഗുസ്തി മത്സരമാണ്‌ അദ്ദേഹം ചിത്രീകരിച്ചതും സിനിമയാക്കിയതും.   'ദ റെസ്‌ലേഴ്‌സ്' എന്നായിരുന്നു ആ സിനിമയുടെ പേര്‌. ഇന്ത്യയിലെ ആദ്യത്തെ ഡോക്യുമെന്ററി  എന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ  1912ൽ ദാദാസാഹേബ് തോർണെ എന്ന രാമചന്ദ്ര ഗോപാൽ തോർനെ സംവിധാനംചെയ്ത നിശബ്ദ മറാത്തി ചിത്രമായ ശ്രീ പുണ്ഡലിക് ആണ് ഇന്ത്യയിൽ റിലീസായ ആദ്യ ഫീച്ചർ ചിത്രം.  അവിടെ മുതലാണ്‌ സിനിമയെന്ന മാസ്‌മരിക ലോകത്തിലേക്ക്‌ ഇന്ത്യ കണ്ണുതുറക്കുന്നത്‌. എന്നാൽ തുടക്കകാലത്ത്‌ സാധാരണക്കാർ സിനിമയെ പേടിച്ചു. വെള്ളത്തുണിയിൽ പിശാചുകളെ സന്നിവേശിപ്പിക്കുന്നവർ എന്നുവരെ പറഞ്ഞ്‌ മാറ്റിനിർത്തി. പിന്നീട്‌ കണ്ടത്‌  സിനിമയെ ചേർത്തുപിടിക്കുന്ന ഒരു ജനതയെ ആണ്‌.

ഇന്ത്യൻ സിനിമയുടെ ഗതിമാറ്റിയത്‌ ദാദാ സാഹിബ്‌ ഫാൽക്കേയാണ്‌. 1910ൽ ബോംബെയിൽ ക്രിസ്‌തുവിന്റെ ചരിത്രം എന്ന സിനിമ കണ്ടപ്പോൾ സിനിമാക്കാരനാകണമെന്ന മോഹം അദ്ദേഹത്തിനുണ്ടായി. നേരെ പോയത്‌ ജർമനിയിലേക്കാണ്‌. സിനിമ പഠിക്കണമെന്ന മോഹവുമായി അവിടെയുള്ള ചലച്ചിത്ര പ്രവർത്തകരുമായി കൂടിക്കാഴ്‌ചകൾ നടത്തി. ഒരു മൂവിക്യാമറയും വാങ്ങി തിരിച്ചെത്തി.  സിനിമ നിർമിക്കാനാവശ്യമായ പണമായി പിന്നെ പ്രശ്‌നം.  ഫാൽക്കെയുടെ മാനസിക പ്രയാസം മനസിലാക്കിയ ഭാര്യ തന്റെ ആഭരണങ്ങൾ വിറ്റ്‌ സിനിമ നിർമിക്കാൻ ഫാൽക്കെയോട്‌ ആവശ്യപ്പെട്ടു. രാജഹരിശ്‌ചന്ദ്ര എന്ന  നിശബ്‌ദ സിനിമയുടെ ജനനം അങ്ങനെയാണ്‌. അഭിനയിക്കാൻ ആളെ കിട്ടാത്തതും വലിയ പ്രതിസന്ധിയായി. അവസാനം ഹരിശ്‌ചന്ദ്രയുടെ ഭാര്യയുടെ വേഷം ചെയ്‌തത്‌ ഒരു യുവാവ്‌ തന്നെയാണ്‌. 1912ൽ തുടങ്ങിയ ചിത്രീകരണം അവസാനിച്ചത്‌ 1913ലാണ്‌. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള നിശബ്‌ദ ചിത്രത്തിന്റെ പിറവി ഇങ്ങനെയായിരുന്നു. ശ്രീകൃഷ്ണ ജന്മ, ഭസ്മാസുര മോഹിനി, സാവിത്രി, സേതുബന്ധൻ തുടങ്ങിയ സിനിമകളും ഇന്ത്യൻ സിനിമയുടെ പിതാവായ ദാദ സാഹിബ്‌ ഫാൽക്കെ ഒരുക്കി.   അദ്ദേഹ ബഹുമാനാർഥം 1969ൽ കേന്ദ്രസർക്കാർ ദാദാസാഹേബ് ഫാൽകെ അവാർഡ് ഏർപ്പെടുത്തി. 2009ൽ പുറത്തിറങ്ങിയ ഹരിശ്‌ചന്ദ്രാചി ഫാക്‌ടറി എന്ന മറാഠി ചിത്രത്തിൽ ദാദാസാഹെബ്‌ ഫാൽക്കെയുടെ എല്ലാ ആശങ്കകളും പ്രതിസന്ധികളും പ്രതിഫലിപ്പിക്കുന്നുണ്ട്‌.

ആദ്യ സിനിമയെടുത്തത്‌ ദാദാ ഫാൽക്കെ തോർണെ  ആയിരുന്നെങ്കിലും ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കുന്നത്‌ ദാദാ സാഹെബ്‌ ഫാൽക്കെയെയാണ്‌. തോർണെ തന്റെ സിനിമ പ്രോസസ്സിംഗിനായി വിദേശത്തേക്ക് അയച്ചു. ഫാൽക്കെ പ്രൊസസിങ്‌ അടക്കം ഇന്ത്യയിൽനടത്തി.
ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര 44 മിനുട്ട്‌ സിനിമയായിരുന്നു. ടോണിന്റെ   ശ്രീപുണ്ഡലി 22 മിനിട്ട്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  

ലോക സിനിമ കൗമാരദശയിലേക്ക്‌ കടന്ന സമയത്താണ്‌ ഇന്ത്യൻ സിനിമ പിച്ചവയ്ക്കുന്നത്‌. എന്നാൽ മലയാള സിനിമ ജനിക്കാൻ വീണ്ടും കാത്തിരുന്നു. 1907ൽ കാട്ടൂകാരൻ വാറുണ്ണി ജോസഫ് ആദ്യമായി കേരളത്തിൽ സിനിമ ഹാൾ തുറന്നു. തൃശൂരിലായിരുന്നു ആ താത്കാലിക തിയേറ്റർ. മാന്വൽ പ്രോജെക്ടർ ആയിരുന്നു  ഉപയോഗിച്ചത്‌.   പിന്നീട് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രോജെക്ടർ കൊണ്ടുള്ള  രണ്ടു സ്ഥിരം തിയറ്റർ നിർമിച്ചു.  തമിഴ്,ഹിന്ദി, ഇംഗ്ലീഷ്‌ സിനിമകൾ ആയിരുന്നു  പ്രദർശിപ്പിച്ചത്‌. പിന്നീട്‌ 21 വർഷം കാത്തിരിക്കേണ്ടിവന്നു ഒരു മലയാളസിനിമ ആ തിയറ്ററിൽപ്രദർശിപ്പിക്കാൻ. മലയാളത്തിലെ ആദ്യ നിശബ്‌ദ ചിത്രമായ വിഗതകുമാരൻ. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയൽ ആയിരുന്ന ആ ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ക്യാമറാമാനും. ആ സിനിമാ നിർമാണത്തിനായി ജെ സി ഡാനിയിൽ സഹിച്ച യാതനകൾ  സിനിമാ കഥയെ വെല്ലുന്നതാണ്‌. 2013ൽ സെല്ലുലോയ്‌ഡ്‌ എന്ന പേരിൽ ഈ ചിത്രം മലയാളത്തിൽ സിനിമയുമായി. കമൽ സംവിധാനംചെയ്‌ത ചിത്രത്തിൽ പൃഥ്വിരാജ്‌ ആയിരുന്നു നായകൻ.

സിനിമ യുവാക്കളെ വിസ്‌മയിപ്പിക്കാൻ തുടങ്ങിയ കാലത്താണ്‌ ജെ സിയും സിനിമാക്കാരനാകണമെന്ന്‌ ആഗ്രഹിച്ചുതുടങ്ങിയത്‌. ദാദാ ഫാൽക്കെയെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നിശബ്‌ദ ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്‌. തനിക്കും സിനിമയെടുക്കണം. ജെസി നേരെ മദ്രാസിലേക്ക്‌ പോയി. പക്ഷേ ആരും സഹായിച്ചില്ല.

എന്നാൽ പിൻമാറാൻ ജെസി തയ്യാറുമായിരുന്നില്ല. അടുത്ത ലക്ഷ്യം ബോംബെയായിരുന്നു. അവിടെ സിനിമാ പ്രവർത്തകരുമായി സൗഹൃദത്തിലായി. സിനിമയെക്കുറിച്ച്‌ പഠിച്ചു. മൂവി ക്യാമറയും മറ്റ്‌ അനുബന്ധ സാമഗ്രികളും വാങ്ങി. കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ദി ട്രാവൻകൂർ നാഷണൽ പിക്ചേർസ് സ്ഥാപിച്ച ജെസിക്കു മുന്നിൽ നിർമാണത്തിനാവശ്യമായ പണം വിലങ്ങുതടിയായി. തന്റെ പേരിലുള്ള സ്ഥലം വിറ്റ്‌ 1928ൽ വിഗതകുമാരൻ എന്ന സിനിമയെടുത്തു.

നിർമാതാവും, നായകനും, സംവിധായകനും, കഥാകാരനും ജെ സി ഡാനിയൽ തന്നെയായിരുന്നു. നായിക റോസിയായിരുന്നു.
തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം. അയിത്തവും അനാചാരവും നിലനിന്നിരുന്ന കാലമായിരുന്നു. താഴ്‌ന്ന ജാതിയിൽപ്പെട്ട സ്‌ത്രീയെ നായികയാക്കിയെന്ന്‌ ആരോപിച്ച്‌ മതജാതി  ഭ്രാന്തർ സിനിമക്കെതിരെ വന്നു. സവർണ പ്രേക്ഷകർ  സ്ക്രീനിനു നേരെ കല്ലെറിഞ്ഞു. സ്‌ക്രീൻ കീറിപ്പൊളിച്ചു.   ആദ്യ പ്രദർശനം  അങ്ങനെ അലങ്കോലമായി.

കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.  ഒടുക്കം  ജെസി ഡാനിയലിന്‌  തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു.

അങ്ങനെ കൊൽക്കത്തയിൽ തുടങ്ങിയ സിനിമാ ചിത്രീകരണം ഇന്ന്‌  ആർക്കും സിനിമയെടുക്കാമെന്ന ഘട്ടത്തിലെത്തി. ദാദ സാഹിബ്‌ ഫാൽക്കെയുടെയും ജെസി ഡാനിയലിന്റെയും കണ്ണീരും വിയർപ്പും പതിഞ്ഞ ഇന്ത്യൻ സിനിമ ഇന്ന്‌ ലോക സിനിമകൾക്ക്‌ വെല്ലുവിളിയാകുന്ന കാഴ്‌ചയാണ്. ബാഹുബലിയും ആർആർആർ ഉം കെജിഎഫ്‌ ടുവും വിക്രമവുമെല്ലാം അതിർവരമ്പുകൾ മായ്ച്ച്‌  ഹോളിവുഡിനെപൊലും വിറപ്പിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top