26 April Friday

ഐഎഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന്; ടോറി ആൻഡ്‌ ലോകിത ഉദ്ഘാടനചിത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

തിരുവനന്തപുരം > ദാര്‍ശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് 27ാമത് ഐഎഫ്എഫ്കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മാനുഷിക പ്രശ്‌നങ്ങളെ ദാര്‍ശനികമായി സമീപിച്ചുകൊണ്ട് സവിശേഷമായ ആഖ്യാനശൈലിയിലൂടെ അവതരിപ്പിക്കുന്ന ബേലാ താറിന്റെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ 'കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍'എന്ന പുസ്‌തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐഎഫ്എഫ്കെയില്‍  70 രാജ്യങ്ങളില്‍നിന്നുള്ള 184 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.

ദാര്‍ദന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഇത്. കഴിഞ്ഞ മെയില്‍ നടന്ന കാന്‍ ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍ 75ാം വാര്‍ഷിക പുരസ്‌കാരം നേടുകയും ചെയ്‌ത ഈ ചിത്രം, ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നു.

അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യനെന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വബഹുമതിക്ക് ഉടമയായ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്‌തുറിക്ക, ജര്‍മ്മന്‍ സംവിധായകന്‍ എഫ്‌ഡബ്‌ള്യു മുര്‍നോ എന്നിവരുടെ വിഖ്യാത ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാവും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് സമകാലിക സെര്‍ബിയന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്‌ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ആയ ജോണി ബെസ്റ്റ് ആണ് നിശ്ശബ്‌ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തല്‍സമയം പശ്ചാത്തല സംഗീതം പകരുന്നത്.

പുനരുദ്ധരിച്ച ക്‌ളാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി.അരവിന്ദന്റെ 'തമ്പ്' പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച 'സ്വയംവര'ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേകപ്രദര്‍ശനവും മേളയില്‍ ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണനെ ചടങ്ങില്‍ ആദരിക്കും.

ക്യാമറയെ സമരായുധമാക്കി അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്ക് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറില്‍ രണ്ട് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മാങ്ങാട് രത്‌നാകരന്‍ ക്യറേറ്റ് ചെയ്‌ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളുടെ പ്രദര്‍ശനമായ 'അനര്‍ഘ നിമിഷം', അനശ്വരനടന്‍ സത്യന്റെ 110ാം ജന്മവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍നിന്നുള്ള 110 മിഴിവാര്‍ന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍ ഗോപാലകൃഷ്‌ണന്‍ തയാറാക്കിയ 'സത്യന്‍ സ്‌മൃതി' എന്നീ പ്രദര്‍ശനങ്ങളാണ് സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്‌ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്‌മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top