ന്യൂഡൽഹി> ഗോവൻ മേളയുടെ മത്സരവിഭാഗത്തിൽ "കശ്‌മീർ ഫയൽസ്’ പ്രദർശിപ്പിച്ചത് അശ്ലീലമാണെന്ന ജൂറി തലവൻ നദവ് ലാപിഡിന്റെ നിലപാടിന് പിന്തുണയുമായി ജൂറി അംഗങ്ങളും രംഗത്ത്. ജൂറിയിലെ ഏക ഇന്ത്യക്കാരനായ സുദീപ്‌തോ സെൻ ഒഴികെയുള്ള എല്ലാ ഐഎഫ്എഫ്ഐ ജൂറി അംഗങ്ങളും ഇസ്രായേൽ ഡയറക്‌ടർ നദവ് ലാപിഡിനെ പിന്തുണച്ച് പ്രസ്‌താവനയിറക്കി.
ഞങ്ങൾ സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല, മറിച്ച് കലാപരമായ പ്രസ്താവനയാണ് നടത്തിയത്- ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നീ ജൂറി അംഗങ്ങൾ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. അഞ്ചംഗ സമിതിയിലെ ഏക ഇന്ത്യൻ അംഗം സുദീപ്‌തോ സെൻ ലാപിഡിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് പ്രതികരിച്ചതിനുപിന്നാലെയാണ് മറ്റ് അംഗങ്ങൾ നിലപാട് പരസ്യമാക്കിയത്. മുസ്ലീങ്ങളെ ഒന്നടങ്കം രാക്ഷസന്മാരായി അവതരിപ്പിക്കുന്നതാണ് ചിത്രമെന്ന് പാസ്കേൽ ചാവൻസ് ചൂണ്ടിക്കാട്ടി. ജൂറിയുടെ ഭൂരിപക്ഷ അഭിപ്രായമാണ് ലാപിഡ് പ്രകടിപ്പിച്ചതെന്ന് ഹാവിയർ അംഗുലോ ബാർട്ടൂറൻ വ്യക്തമാക്കി.
മേളയുടെ സമാപനവേദിയിൽ സിനിമയെക്കുറിച്ചുള്ള ജൂറിയുടെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ ഉയരുന്ന വിമർശത്തെ കാര്യമാക്കുന്നില്ലെന്നും സിനിമാവേഷമണിഞ്ഞ് എത്തുന്ന പ്രചാരണങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നന്നായി അറിയാമെന്നും നദവ് ലാപിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോശം സിനിമകൾ നിർമിക്കുന്നത് കുറ്റമല്ല. എന്നാൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ അപരിഷ്കൃതവും കൃത്രിമവും അക്രമാസക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവ വിവാദമായതോടെ ഇസ്രായേൽ സ്ഥാനപതി അടക്കമുള്ളവർ നദവ് ലാപിഡിനെതിരെ രംഗത്തെിയിരുന്നു. ഇതിന് പിന്നാലെയാണ് ലാപിഡിന് പിന്തുണയുമായി ജൂറി അംഗങ്ങളുടെ പ്രസ്താവന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..