18 April Thursday

കശ്‌മീര്‍ ഫയല്‍സ്‌ അശ്ലീലം: ജൂറി ചെയര്‍മാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

പനാജി> ഇന്ത്യയുടെ 53–-ാ--മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാ​ഗത്തില്‍ "കശ്‌മീര്‍ ഫയല്‍സ്' ഉള്‍പ്പെടുത്തിയതിനെ മേളയുടെ സമാപന ചടങ്ങില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്  ജൂറി തലവൻ. ഇസ്രയേലി എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദവ് ലാപിഡാണ്‌ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കുർ അടക്കമുള്ള വേദിയിൽ തുറന്നടിച്ചത്‌.

"ഇത്രയും വിഖ്യാതമായ മേളയുടെ മത്സരവിഭാ​ഗത്തില്‍ ഇങ്ങനൊരു സിനിമ വന്നത്‌  അശ്ലീലമാണ്‌. പ്രചാരണ സ്വഭാവമുള്ള ചിത്രം കലാപരമായ ചിത്രങ്ങള്‍ മത്സരിക്കുന്ന വിഭാ​ഗത്തില്‍ എത്തപ്പെട്ടതില്‍ ജൂറി അം​ഗങ്ങള്‍ക്ക് നടുക്കവും രോഷവും ഉണ്ടായി. മത്സരിക്കാനെത്തിയ  15 സിനിമയില്‍ മറ്റെല്ലാം മികച്ച നിലവാരമുള്ള സിനിമകളായിരുന്നു.- മേളകള്‍ കലാപരമായ വിയോജിപ്പുകളുടെ കൂടി ഇടമാണ്. അതിനാല്‍ ഇക്കാര്യം വേദിയില്‍ തുറന്നുപറയുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയുക എന്നതാണ് ജീവിതത്തിന്റെയും കലയുടെയും അടിസ്ഥാന'മെന്നും നദവ് ലാപിഡ് പറഞ്ഞു.

കശ്‌മീരിലെ സംഭവവികാസങ്ങള്‍ സംഘപരിവാര്‍ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ചിത്രം ബിജെപി സഹയാത്രികനായ വിവേക് അ​ഗ്നിഹോത്രിയാണ് സംവിധാനം ചെയ്തത്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളില്‍ നികുതി ഇളവോടെയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കടുത്ത മുസ്ലിം വിരുദ്ധത കുത്തിനിറച്ച ചിത്രം മേളയില്‍ മത്സരവിഭാ​ഗത്തില്‍ ഇടംനേടിയതില്‍ നേരത്തെ വിമര്‍ശം ഉയര്‍ന്നിരുന്നു.  സിംഗപ്പുർ മേളയിൽനിന്ന്‌ ചിത്രം ഒഴിവാക്കപ്പെട്ടിരുന്നു. ലോകശ്രദ്ധനേടിയ മേളയുടെ സമാപന ചടങ്ങളി‍ല്‍ ജൂറി അധ്യക്ഷന്റെ പരാമര്‍ശം കേന്ദ്രസര്‍ക്കാരിനുള്ള വന്‍ തിരിച്ചടിയായി.

അമേരിക്കൻ നിർമാതാവ് ജിങ്കോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റർ പാസ്കേൽ ചാവൻസ്, ഫ്രഞ്ച് ഡോക്യുമെന്ററി ചലച്ചിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനുമായ ഹാവിയർ അംഗുലോ ബാർതുറൻ, ഇന്ത്യൻ  സംവിധായകൻ സുദീപ്തോ സെൻ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top