28 March Thursday

ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ഫഹദിന് ഫിയോക്കിന്റെ താക്കീത്

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

കൊച്ചി > ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്‌ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടി റിലീസിനെത്തിയത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍.

ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ്‌ ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്‌ത സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായാണ്‌ ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന്‌ ഫിയോക്‌ വിശദീകരിക്കുന്നു. രണ്ട് ചിത്രങ്ങളും ലോക്‌ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്‌തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top